» »പരിചയമുണ്ടോ ജൂനാപൂരിലെ ഈ സ്മാരകങ്ങളെ?

പരിചയമുണ്ടോ ജൂനാപൂരിലെ ഈ സ്മാരകങ്ങളെ?

Written By: Elizabath Joseph

ഭാരതത്തിലെ ചരിത്രവുമായും പുരാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സംസസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസത്തിന്റെ അടയാളങ്ങളുള്ള വാരണാസി മുതല്‍ താജിന്റെ നഗരവും ഒക്കെ ഉള്‍പ്പെടുന്ന ഇടങ്ങള്‍ സമ്പന്നമായ ഭൂതകാലവും വര്‍ത്തമാനകാലവും അടയാളപ്പെടുത്തുവാന്‍ പോന്ന ഇടങ്ങളാണ്. കോട്ടകളും ക്ഷേത്രങ്ങളും ശവകുടീരങ്ങളും ഒക്കെ ഇതിന്റെ ശേഷിപ്പുകളാണ്.
ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതുകൊണ്ടുതന്നെ അത്ര പെട്ടന്നൊന്നും ഒഴിവാക്കാന്‍ പറ്റുന്ന ഇടമല്ല ജുനാപൂര്‍. പതിനാലാം നൂറ്റാണ്ടില്‍ ഡെല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലക്ക് സ്ഥാപിച്ച ഈ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട പൗരാണിക സ്ഥലങ്ങളില്‍ അലഹാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഏക നഗരം കൂടിയാണിത്.
സഞ്ചാരികളുടെ ലിസ്റ്റില്‍ എല്ലായ്‌പ്പോഴും വിട്ടുപോകുന്ന ജുനാപ്പൂരിലെ വിശേഷങ്ങള്‍ അറിയാം...

 ഷാഹി ക്വില

ഷാഹി ക്വില

ജുനാപ്പൂരില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ഷാഹി ക്വില. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട ഷാഹി പാലത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ രാജാവായിരുന്ന കനൗജ് തന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നും ശേഖരിച്ച കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.
ഷാഹി ക്വില എന്നു മാത്രമല്ല, ജുനാപൂര്‍ കോട്ട എന്നും ഇതിനു പേരുണ്ട്. ഒട്ടേറെ യുദ്ധങ്ങള്‍ക്കും അട്ടിമറികള്‍ക്കും നാശങ്ങള്‍ക്കുമൊക്കെ സാക്ഷിയായ ഈ കോട്ട പഴയ കാല പ്രതാപത്തോടെ ഇന്നും തലയുയര്‍ത്തിയാണ് നില്‍ക്കുന്നത്. തുഗ്ലക്, ലോദി, മുഗള്‍ തുടങ്ങിയ രാജവംശങ്ങള്‍ക്കു കീഴിലൂടെ കടന്നുപോയ ചരിത്രവും ഈ കോട്ടയ്ക്കുണ്ട്.

PC: Amanbisauri

അടാലാ മസ്ജിദ്

അടാലാ മസ്ജിദ്

മനോഹരവും ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചതുമായ ഒട്ടേറെ മോസ്‌കുകളാണ് ജുനാപൂരിന്റെ മറ്റൊരു പ്രത്യേകത. പ്രദേശവാസികളും വിനോദ സഞ്ചാരികളും അടക്കം നൂറു കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ധാരാളം മോസ്‌കുകള്‍ ഇവിടെ കാണാന്‍ സാധിക്കും.
അത്തരത്തില്‍ ജുനാപൂരില ഏറ്റവും പ്രശസ്തമായ മോസ്‌കുകളില്‍ ഒന്നാണ് അടാലാ മസ്ജിദ്. സുല്‍ത്താന്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ മസ്ജിദ് ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.

PC: Varun Shiv Kapur

ജമാ മസ്ജിദ്

ജമാ മസ്ജിദ്

മതപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള മറ്റൊരു നിര്‍മ്മിതിയാണ് ഇവിടുത്തെ ജമാ മസ്ജിദ്. അതിമനോഹരമായി നിര്‍മ്മിച്ചിട്ടുള്ള മകുടങ്ങളും താഴികക്കുടങ്ങളും ആണ് ഇതിന്റെ ആകര്‍ഷണങ്ങള്‍. ഇസ്ലാമിക് വാസ്തുവിദ്യ ജുനാപൂര്‍ വാസ്തുവിദ്യയുമായി ചേര്‍ത്ത് നിര്‍മ്മിച്ച ഇത് കണ്ടിരിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല.

PC: Varun Shiv Kapur

ഷാഹി ബ്രിഡ്ജ്

ഷാഹി ബ്രിഡ്ജ്

അക്ബാരി ബ്രിഡ്ജ് എന്നും മുഗള്‍ ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന ഷാഹി ബ്രിഡ്ജ് പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് നിര്‍മ്മിക്കുന്നത്. ജുനാപൂരില്‍ കാണപ്പെടുന്ന അപൂര്‍വ്വമായ മുഗള്‍ വാസ്തുവിദ്യയുടെ ഇന്നും ശേഷിക്കുന്ന അടയാളം കൂടിയാണിത്. പ്രദേശവാസികള്‍ക്കിടയിലും സഞ്ചാരികള്‍ക്കിടയിലും ഇന്ന് ജുനാപൂര്‍ അറിയപ്പെടുന്നത് ഷാഹി ബ്രിഡ്ജിന്റെ നാട് എന്ന പേരിലാണ്. 1934 ലെ ഭൂമികുലുക്കത്തില്‍ ഇത് പകുതിയിലധികം നശിച്ചുവെങ്കിലും ഇത് ഇന്നും ഉപയോഗിക്കുന്നുണ്ട്.

PC: Sayed Mohammad

ലാല്‍ ദര്‍വാസാ മസ്ജിദ്

ലാല്‍ ദര്‍വാസാ മസ്ജിദ്

മോസ്‌കിന്റെ രൂപത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു വാസ്തുവിദ്യാ വിസ്മയമാണ് ലാല്‍ ദര്‍വാസാ മസ്ജിദ്. 15-ാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മഹ്മൂദ് ശര്‍ക്വിയുടെ ഭാര്യയായിരുന്ന രാജ്യേ ബിബിയാണ് ഇത് നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുത്തത്. ആയിരക്കണക്കിന് സഞ്ചാരികള്‍ കാണനെത്തുന്ന ഈ മസ്ജിദ് ജുനാപൂരിന്റെ ചരിത്രാകര്‍ഷണങ്ങളില്‍ ഒന്നാണ്.
സയ്യിദ് അലി ദാവൂദ് കുത്തബ്ബുദ്ദീന്‍ എന്നു പേരായ ഒരു സന്യാസിയുടെ പേരിലാണ് ഈ മസ്ജിദ് സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യേ ബിബിയുടെ മരണം വരെ ഇതൊരു സ്വകാര്യ ദേവാലയം മാത്രമായിരുന്നു. പിന്നീട് അവരുടെ മരണശേഷമാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

PC: Magnus

Read more about: uttar pradesh monuments forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...