മഞ്ഞുപൊഴിയുന്ന രാവും പകലും... തണുത്തുറഞ്ഞു നിൽക്കുന്ന ഭൂമി.. പുറത്തിറങ്ങുന്നതു പോയിട്ട് ഉറക്കമെണീക്കുവാൻ പോലും തോന്നിപ്പിക്കാത്ത കാലാവസ്ഥ. യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ അതിമനോഹരമായ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാഴ്ചകൾ..അതിസാഹസികർക്കു മാത്രം അതിജീവിക്കുവാൻ സാധിക്കുന്ന ഇവിടെ ഒരു വിന്‍റർ ഫെസ്റ്റിവൽ നടത്തുകയാണെങ്കിലോ?? അടിപൊളി എന്നല്ലേ! അതേ.. എന്നാൽ സന്‍സ്കാർ ഇതാ ഒരുങ്ങിക്കഴിഞ്ഞു.
തണുത്തുറഞ്ഞ മഞ്ഞിന്‍റെ താഴ്വാരമായ സൻസ്കാർ അതിന്റെ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവലിന്റെ ഏറ്റവും പുതിയ ആഘോഷങ്ങളുടെ തയ്യാറെടുപ്പിന്‍റെ അവസാന ഘട്ടത്തിലാണ്. ഈ വർഷത്തെ ആഘോഷങ്ങളിൽ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നറിയേണ്ടെ?!

സൻസ്കാർ
മഞ്ഞുകാലത്തെ വിസ്മയഭൂമിയാണ് സൻസ്കാർ. സമുദ്രനിരപ്പിൽ നിന്നും 19,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന,5,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ നാട് ശരിക്കും വേറൊരു ലോകം തന്നെയാണ്. ഇതുവരെ കണ്ട ഇന്ത്യയൊന്നുമല്ല ഇന്ത്യയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ നാടാണിത്. നിങ്ങളുടെ കഴിവും സാഹസികതകളും അളക്കുവാൻ സൻസ്കാറോളം പറ്റിയ മറ്റൊരിടമില്ല . വർഷത്തിൽ എട്ടുമാസത്തോളം സമയം പുറംലോകത്തു നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ഭൂമിയാണിത്.
PC:hamon jp

സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ
ലോകം സൻസ്കാറിനെ തേടിയെത്തുന്ന ദിവസങ്ങളാണ് യഥാർത്ഥത്തിൽ സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ.പ്രാദേശിക ജനസംഖ്യയെ പിന്തുണയ്ക്കുന്നതിനും, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആയി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് വരുന്നത്. ദുര്‍ഘട സാഹചര്യങ്ങൾ താണ്ടി വന്നെത്തുന്നവർക്ക് തങ്ങളുടെ യാത്രയുടെയും കഷ്ടപ്പാടിന്റെയും മൂല്യം ഇവിടുത്തെ കാഴ്ചകളായും അനുഭവങ്ങളായും ലഭിക്കുമെന്നത് സന്‍സ്കാർ ഫെസ്റ്റിവൽ ഉറപ്പുവരുത്തും.

ഈ വർഷത്തെ ആഘോഷം
2023 ലെ സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ ജനുവരി 28 മുതൽ ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കും. കേന്ദ്ര യുവജനകാര്യ, കായിക, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ആണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നത്. വിന്‍റർ ടൂറിസത്തിന് ഏറെ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫെസ്റ്റിവൽ ആണിത്.
PC:Sebastian Staines/Unsplah

മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം...
മഞ്ഞിന്റെ നാട് ആയതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ ആഘോഷങ്ങൾക്കും മഞ്ഞ് ഒരു ഘടകം തന്നെയാണ്. സ്കീയിംഗ്, ഐസ് ക്ലൈംബിംഗ്, ഐസ് ഹോക്കി, ഐസ് സ്കേറ്റിംഗ്, സ്നോ സ്‌കൽപ്പിംഗ്, അമ്പെയ്ത്ത്, സ്നോ-യാക്ക് റൈഡിംഗ്, സ്‌നോ സ്‌കൂട്ടർ റൈഡിംഗ്, മഞ്ഞിലെ യോഗ എന്നിങ്ങനെ കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്ന ഇഷ്ടംപോലെ പരിപാടികൾ ഇവിടെ സന്ദര്‍ശകർക്കായി കാത്തിരിക്കുന്നു. ഇവിടെ വരെ വന്നിട്ട് ഈ നാടിന്റെ രുചി പരിചയപ്പെടാതെ മടങ്ങുവാൻ ഇവര് അനുവദിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇവിടുത്തെ രുചികൾ അറിയുവാൻ സാധിക്കുന്ന ഫുഡ് ഫെസ്റ്റിവലിലും പങ്കെടുക്കാം.
PC:lucas Favre/Unsplah

ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍
സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ ഇവിടെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. തീര്‍ത്തും ദുർബലമായ പരിസ്ഥിതിക്ക് കോട്ടങ്ങളൊന്നും വരുത്താതെ, പരമാവധി ആഘാതം കുറച്ച്, അതേസമയം പ്രദേശവാസികൾക്ക് വരുമാനം ഉണ്ടാക്കുന്ന തരത്തിലാണ് ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
PC:ANDRALI DUTTA/Unsplash
ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!
പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!