തീർത്ഥാടകർക്കും സ്ഥിരം യാത്രികർക്കും ആശ്വാസം നല്കുന്ന നടപടിയുമായി വീണ്ടും ഇന്ത്യൻ റെയില്‍വേ. സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്ന കൊല്ലം- തിരുപ്പതി, എറണാകുളം- വേളാങ്കണ്ണി ട്രെയിനുകൾ റെയില്‍വേ സ്ഥിരം സര്‍വീസുകളാക്കി മാറ്റി. ഇതുകൂടാതെ ട്രെയിനുകളുടെ സമയത്തിലും മാറ്റം വന്നു,
ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന്‍റെ സമയത്തിൽ ഞായറാഴ്ച മുതൽ മാറും. ഓഗസ്റ്റ് 20 ഞായറാഴ്ച മുതൽ ഉച്ചകഴിഞ്ഞ് 3.50 നായിരിക്കും ട്രെയിൻ ആലപ്പുഴയിൽ നിന്നും പുറപ്പെടുക. എറണാകുളം ജംങ്ഷൻ 5.50 pm, ഷൊർണ്ണൂർ 7.47pm എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം. നിലവിൽ ഉച്ചയ്ക്ക് 2.50 നാണ് ട്രെയിൻ ആലപ്പുഴയിൽ നിന്നെടുക്കുന്നത്.

ഇത് കൂടാതെ, രണ്ടു സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കുകയും ചെയ്തു. എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി എന്നീ സ്പെഷ്യൽ ട്രെയിനുകൾ ഇനി സ്ഥിരം സര്‍വീസ് നടത്തും. എറണാകുളത്തു നിന്നും ആഴ്ചയിൽ രണ്ടു ദിവസം വീതം-തിങ്കൾ, ശനി ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്ന എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ ഉച്ചയ്ക്ക് 12.35ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയിലെത്തും.
തിരികെ ചൊവ്വ, ഞായർ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ നിന്ന് യാത്രയാരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് എറണാകുളത്തെത്തും. 16361 എന്ന നമ്പറിലായിരിക്കും സർവീസ്. കോട്ടയം-കൊല്ലം-പുനലൂർ വഴിയാണ് വേങ്കാങ്കണ്ണി ട്രെയിൻ പോകുന്നത്.

കൊല്ലം-തിരുപ്പതി ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തു നിന്നു രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും. തിരുപ്പതിയിൽ നിന്നും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കൊല്ലത്തേയ്ക്കുള്ള സർവീസ്. ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും.
പുതിയ സർവീസുകൾ ആരംഭിക്കുന്ന തിയതിയും പുതുക്കിയ സമയക്രമവും റെയിൽവേ ഉടനെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും നിരവധി തീര്‍ത്ഥാടകർ ആശ്രയിക്കുന്ന ട്രെയിൻ സർവീസുകളാണ് രണ്ടും.
ഇത് കൂടാതെ പാലക്കാട്-തിരുനെൽവേലി എക്സ്പ്രസ് തൂത്തുക്കുടി വരെയും നീട്ടിയതായും റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ നീണ്ടകാലത്തെ ആശ്യമാണ് ഇതോടെ സഫലമായിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














