» »തമിഴ്നാട്ടിലെ 10 വിസ്മയ ഗോപുരങ്ങൾ

തമിഴ്നാട്ടിലെ 10 വിസ്മയ ഗോപുരങ്ങൾ

Posted By: Staff

ആരേയും വിസ്മയിപ്പിക്കുന്ന ഗോപുരങ്ങൾ തമിഴ്നാട്ടിലെ മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം പ്രത്യേകതയാണ്. ക്ഷേത്രങ്ങളിലേക്കുള്ള കവാടമായിട്ടാണ് ഗോപുരങ്ങൾ നിലകൊള്ളുന്നത്. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലിൽപോലും ഒരു ക്ഷേത്ര ഗോപുരത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്, ഗോപുരങ്ങൾക്ക് തമിഴ് ജനത നൽകുന്ന പ്രാധാന്യത്തിന് ഉദാഹരണമാണ്.

പല്ലവൻമാരുടെ കാലംമുതലാണ് ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇത്തരം ഗോപുരം പണിത് തുടങ്ങിയതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാക്കൻമാരുടെ ഭരണകാലത്തോടെ ക്ഷേത്രഗോപുരങ്ങൾക്ക് വൻ പ്രാധാന്യമാണ് നൽകിയിരുന്നത്. ഇന്ന് കാണുന്ന വിസ്മയ ഗോപുരങ്ങളിൽ പലതും ഇക്കാലത്ത് നിർമ്മിച്ചതാണ്.

ഒരു ക്ഷേത്രത്തിൽ ഒന്നിലധികം ഗോപുരങ്ങൾ കാണാം. താഴെ നിന്ന് മുകളിലേക്ക് ഉയരും തോറും ഗോപുരത്തിന്റെ വിസ്തീർണം കുറഞ്ഞ് വരും. ഇതിനാൽ കൊടുങ്കാറ്റിൽ പോലും ഗോപുരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറില്ല. നിരവധി ശില്പ വേലകൾ നിറഞ്ഞ ഗോപുരങ്ങൾ കാഴ്ചയ്ക്ക് മനോഹരങ്ങളായിരിക്കും.

ഉയരത്തിന്റെ കാര്യത്തിൽ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഗോപുരമാണ് ഇന്ത്യയിൽ തന്നെ ഏറ്റവും വലുത് 243 അടി ഉയരത്തിലാണ് ഈ ഗോപുരം സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ മുരുഡേശ്വര ക്ഷേത്രത്തിന്റെ ഗോപുരമാണ് ഉയരത്തിന്റെ കാര്യത്തിൽ രണ്ടാമത് 239 അടി ഉയരമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്.

ഉയരത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നതും ആശ്ചര്യം ജനിപ്പിക്കുന്ന കൊത്തുപണികൾ നടത്തിയിട്ടുള്ളതുമായ, തമിഴ്നാട്ടിലെ വിസ്മയകരമായ 10 ക്ഷേത്ര ഗോപുരങ്ങൾ നമുക്ക് കാണാം.

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിനേയാണ് ശ്രീരംഗനാഥനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദ്രാവീഡിയൻ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഇവിടുത്തെ ഗോപുരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരം. വിഷ്ണു ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

രാജഗോപുരം എന്നാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഗോപുരം അറിയപ്പെടുന്നത്. 237 അടിയാണ് ഇതിന്റെ ഉയരം. ഈ ക്ഷേത്ര സമുച്ഛയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ഛയങ്ങളിൽ ഒന്നാണ്. തിരുച്ചിറപ്പള്ളിയിൽ നിന്ന് എട്ട് കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

തിരുവണ്ണാമലയിലെ അരുണാചല ക്ഷേത്രം

തിരുവണ്ണാമലയിലെ അരുണാചല ക്ഷേത്രം

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഇത്. പഞ്ചഭൂതസ്ഥലങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. അരുണാചലേശ്വരനായിട്ടാണ് ശിവനെ ഇവിടെ ആരാധിച്ചുപോരുന്നത്. 10 ഹെക്ടർ സ്ഥലത്താണ് ഈ ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്നത്. 217 അടി ഉയരത്തിലാണ് ഇവിടുത്തെ ടവർ സ്ഥിതി ചെയ്യുന്നത്.

ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണകാലത്താണ് ഈ ക്ഷേത്രസമുച്ഛയം നിർമ്മിച്ചത്. പിന്നീട് വന്ന രാജവംശങ്ങളാണ് ഈ ക്ഷേത്രസമുച്ഛയം വിപുലീകരിച്ചത്. സേലത്ത് നിന്ന് 143 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ബാംഗ്ലൂരിൽ നിന്നും പാലക്കാട് നിന്നും വരുന്നവർക്ക് സേലം വഴി ഇവിടെ എത്തിച്ചേരാം.

ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രം

ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രം

വിഷ്ണുവുമായി ബന്ധപ്പെട്ട 108 ദിവ്യദേശങ്ങളിൽ ഉൾപ്പെട്ടതാണ് ശ്രീവില്ലിപുത്തൂർ. മധുരയിൽ നിന്ന് 74 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ഗോപുരത്തിന്റെ രൂപരേഖയാണ് തമിഴ്നാട് സർക്കാരിന്റെ സീലിൽ ഉപയോഗിച്ചിരിക്കുന്നത്. 59 മീറ്റർ ഉയരത്തിൽ 11 നിലകളായിട്ടാണ് ഈ ഗോപുരം നിർമ്മിച്ചിരിക്കുന്നത്.

ഉളകളന്ത പെരുമാൾ ക്ഷേത്രം

ഉളകളന്ത പെരുമാൾ ക്ഷേത്രം

192 അടി ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഗോപുരം നിലകൊള്ളുന്നത്. വിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനാണ് ഉളകളന്ത(ലോകം അളന്ന) പെരുമാളായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. രണ്ട് ദൈവങ്ങളുള്ള ഒരു പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ പ്രതിമയുടെ ഒരു വശത്ത് 16 കൈകളുള്ള വിഷ്ണുവും മറുവശത്ത് നരസിംഹരൂപവുമാണ് ഉള്ളത്.

മധുരയിൽ നിന്ന് 285 കിലോമീറ്റർ അകലെയുള്ള തിരുകോയിലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന് 196 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

ഏകാംബരേശ്വര ക്ഷേത്രം

ഏകാംബരേശ്വര ക്ഷേത്രം

കാഞ്ചിപുരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്ത് ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ഛയത്തിന്റെ പ്രധാന ഗോപുരത്തിന് 190 അടി ഉയരമുണ്ട്. വിജയനഗര രാജവംശത്തിന്റെ അഭിമാന സ്തംഭങ്ങളിൽ ഒന്നാണ് ഈ ഗോപുരം. ചെന്നൈയിൽ നിന്ന് 74 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

മധുരയിലെ അഴകാർ കോവിൽ

മധുരയിലെ അഴകാർ കോവിൽ

തമിഴ്നാട്ടിലെ പ്രശസ്തമായ വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാണ് അഴകാർ കോവിൽ. മധുരയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 187 അടി നീളമാണ് ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്.

മധുരയിലെ മീനാക്ഷി ക്ഷേത്രം

മധുരയിലെ മീനാക്ഷി ക്ഷേത്രം

തമിഴ്നാട്ടിലെ ക്ഷേത്ര വിസ്മയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്ന മധുര മീനാക്ഷി ക്ഷേത്രത്തിന് പതിനാലോളം ഗോപുരങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും നീളമുള്ള ഗോപുരത്തിന് 170 അടിയോളം ഉയരമുണ്ട്. ഏകദേശം 135 അടിമുതൽ 160 അടി ഉയരം വരുന്നവയാണ് മറ്റ് ഗോപുരങ്ങൾ.

പ്രാചീനകാലത്ത് നിർമ്മിച്ച ചിലഭാഗങ്ങൾ ക്ഷേത്രത്തിൽ ഉണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിലാണ് ഇന്ന് കാണുന്ന ക്ഷേത്രത്തിന്റെ ഏറിയ ഭാഗവും നിർമ്മിച്ചറിക്കുന്നത്. ഇതിന്റെ 4 പ്രധാന ഗോപുരങ്ങളിൽ കൊത്തിവച്ചിട്ടുള്ള ശില്പങ്ങൾ വളരെ ദൂരത്ത് നിന്ന് പോലും നമുക്ക് കാണാൻ സാധിക്കും.

കുംഭകോണത്തെ ശാരംഗപാണി ക്ഷേത്രം

കുംഭകോണത്തെ ശാരംഗപാണി ക്ഷേത്രം

പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോളരാജക്കൻമാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ട വിഷ്ണുവിന്റേതാണ്. തമിഴ്നാട്ടിലെ കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഉയരം 164 അടിയാണ്.

രാജഗോപാല സ്വാമി ക്ഷേത്രം

രാജഗോപാല സ്വാമി ക്ഷേത്രം

തമിഴ്നാട്ടിലെ മന്നാർഗുഡിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഗോപുരം പണികഴിപ്പിച്ചത് വിജയരാഘവ നായിക് എന്ന രാജാവാണ്. ഇതുകൂടാതെ ആയിരം തൂണുകളുള്ള ഒരു ഹാളും അദ്ദേഹം ക്ഷേത്രത്തിനോടനുബന്ധിച്ച് പണികഴിപ്പിച്ചിട്ടുണ്ട്.

തിരുച്ചിറപ്പള്ളിയിൽ നിന്ന് 94 കിലോമീറ്റർ അകലെയായിട്ടാണ് മന്നാർഗുഡി സ്ഥിതി ചെയ്യുന്നത്. 154 അടി ഉയരമുണ്ട് ഈ ക്ഷേത്രത്തിന്.

തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം

തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം

ചോള ഭാരണകാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്ര വിസ്മയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പൂർണമായും കരിങ്കല്ലുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഉയരം 216 അടിയാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...