Search
  • Follow NativePlanet
Share
» »ചരിത്ര സ്മാരകങ്ങൾ കഥ പറയുന്ന രാജസ്ഥാൻ

ചരിത്ര സ്മാരകങ്ങൾ കഥ പറയുന്ന രാജസ്ഥാൻ

രാജസ്ഥാനിലെ പ്രസിദ്ധമായ ചരിത്രസ്മാരകങ്ങൾ പരിചയപ്പെടാം.

By Elizabath Joseph

രാജാക്കൻമാരുടെ നാടാണ് രാജസ്ഥാൻ. വ്യത്യസ്ത സംസ്കാരവും പൈതൃകവുമുള്ള രാജകുടുംബങ്ങൾ നൂറ്റാണ്ടുകളോളം ഭരിച്ചിരുന്ന ഇവിടം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒരിടമാണ്. അതുകൊണ്ടുതന്നെ ഇവിടം എന്നും സഞ്ചാരികൾക്ക് ഒരു ആകർഷണമാണ്, പ്രത്യേകിച്ചും ചരിത്രത്തെ സ്നേഹിക്കുന്നവർക്ക്. രാജസ്ഥാൻ എന്നു കേൾക്കുമ്പോൾ കണ്ണെത്താ ദൂരത്തോളം കിടക്കുന്ന മണല്ഡ‍കൂമ്പാരമാണ് ആദ്യം മനസ്സിലെത്തുന്നതെങ്കിലും ഇവിടെ കാണേണ്ടത് ഈ മണൽ മാത്രമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര സ്മാരകങ്ങൾ കൂടിയാണ്. രാജസ്ഥാനിലെ പ്രസിദ്ധമായ ചരിത്രസ്മാരകങ്ങൾ പരിചയപ്പെടാം.

 ആംബെർ കോട്ട

ആംബെർ കോട്ട

ഇന്ത്യയുടെ ഇന്നലകളുടെ മഹത്വം അറിയുവാൻ കാണേണ്ട ഇടങ്ങളിലൊന്നാണ് ജയ്പ്പൂരിൽ സ്ഥിതി ചെയ്യുന്ന അമേർ കോട്ട. രജപുത്ര-മുഗൾ വാസ്തുവിദ്യ ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന ഈ ചരിത്ര നിർമ്മിതി ജയ്പ്പൂരിൽ നിന്നും 11 കിലോമീറ്റർ അകലെയാണുള്ളത്. ഒരു കാലത്ത് ഇവിടുത്തെ ജയ്ഗഡ് കോട്ടയുടെ ഒരു ഭാഗം മാത്പമായിരുന്നു ആംബെർ കോട്ട. പിന്നീടാണ് ഇന്നുകാണുന്ന രീതിയിൽ ആംബെർ കോട്ടയെ പുനർനിർമ്മിക്കുന്നത്. കോട്ടയ്ക്കടുത്തു തന്നെയായി സ്ഥിതി ചെയ്യുന്ന മബഹോത തടാകവും മറ്റൊരാകർഷണമാണ്.

PC:Vssun

ജയ്ഗഢ് കോട്ട

ജയ്ഗഢ് കോട്ട

ജയ്പ്പൂരിൽ നിന്നും 11 കിലോമീറ്ററും ആംബെർ കോട്ടയ്ക്ക് തൊട്ടടുത്തുമായി സ്ഥിതി ചെയ്യുന്ന മറ്റൊരു കോട്ടയാണ് ജയ്ഗഡ് കോട്ട. ആംബെർ കോട്ടയും ജയ്ഗഡ് കോട്ടയും ഒരേ ചുറ്റുമതിലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട്. തികച്ചും സൈനിക ആവശ്യങ്ങൾക്കു മാത്രമായി നിർമ്മിക്കപ്പെട്ട കോട്ടയായതിനാൽ ആംബെർ കോട്ടയിലെ പോലുള്ള അലങ്കാരങ്ങളും മറ്റും ഇവിടെ കാണുവാൻ സാധിക്കില്ല. പീരങ്കി നിർമ്മിക്കുന്നതിനുള്ള സ്ഥലം, ആയുധങ്ങൾ സൂക്ഷിക്കുന്ന ഇടം, സൈനികർക്ക് പരേഡ് നടത്താനുള്ള മൈതാനം, മാളികകൾ തുടങ്ങിയവയാണ് ജയ്ഗഡ് കോട്ടയിലെ കാഴ്ചകൾ. ലക്ഷ്മി വിലാസ്, ലളിത് മന്ദിർ, തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങൾ.

PC:A.Savin

സിറ്റി പാലസ്

സിറ്റി പാലസ്

പതിനേഴാം നൂറ്റാണ്ടിൽ തുടങ്ങി 20-ാം നൂറ്റാണ്ട് വരെയുള്ള നിർമ്മാണ ചരിത്രം പറയുന്ന കൊട്ടാരമാണ് ജയ്പൂരിലെ സിറ്റി പാലസ്. നിർമ്മാണത്തിലെ വ്യത്യസ്തത കൊണ്ടാണ് ഇത് സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായിരിക്കുന്നത്.മുഗൾ രീതിയും ബ്രിട്ടീഷ് ശൈലിയും ഒരുപോലെ സമ്മേളിച്ചിട്ടുണ്ട് ഇതിന്റെ നിർമ്മാണത്തിൽ. മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിലാണ് ഇന്ന് കൊട്ടാരത്തിന്‍റെ ഒരുഭാഗം അറിയപ്പെടുന്നത്.
ദിവാൻ ഇ ഖാസ്,സഭാ നിവാസ് അഥവാ ദിവാൻ ഇ ആം,മുബാരക് മഹൽ,ചന്ദ്രമഹൽ,പീതം നിവാസ് ചൗക്ക് എന്നിവയാണ് ഈ കൊട്ടാരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ.

PC:A.Savin

 ജയ്സാൽമീർ കോട്ട

ജയ്സാൽമീർ കോട്ട

യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ജയ്സാൽമീർ കോട്ട രജ്പുത് രാജാകക്ൻമാരുടെ നിർമ്മാണ കലയിലെ പ്രാഗത്ഭ്യം വിളിച്ചോതുന്ന ഒന്നാണ്. മരുഭൂമിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ജയ്സാൽമീർ കോട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്. താർ മരുഭൂമിയിൽ ത്രികൂട എന്നു പേരായ കുന്നിന്റെ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കോട്ടയ്ക്ക് സുവർണ്ണ കോട്ട എന്നും പേരുണ്ട്.

PC:Shitha Valsan

ഹവാ മഹൽ

ഹവാ മഹൽ

കൊട്ടാരത്തിനുള്ളിൽ മാത്രം ജീവിതം ജീവിച്ച് തീർക്കുന്ന സ്ത്രീകൾക്ക് പുറംലോകം കാണിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിക്കപ്പെട്ട മാളികയാണ് ഹവാ മഹൽ. കാറ്റിന്റെ മാളിക എന്നറിയപ്പെടുന്ന ഇത് കുറേക്കാലം മുൻപേ വരെ സിറ്റി പാലസിന്ഡറെ ഒരു ഭാഗമായിരുന്നു. പിൻവശത്തുകൂടെ പ്രവേശിക്കാവുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിർമ്മിച്ചിരിക്കുന്നത്.

PC:Manudavb

 ലേക്ക് പാലസ്, ഉദയ്പൂർ

ലേക്ക് പാലസ്, ഉദയ്പൂർ

ജഗ്നിവാസ് എന്നറിയപ്പെട്ടിരുന്ന ലേക്ക് പാലസ് തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന അതിശയങ്ങളിലൊന്നാണ്. ഉദയ്പൂരിലെ മഹാറാണാ ജഗത്സിംഹ് രണ്ടാമന്റെ കാലത്ത് 1743 നും 1746 നും ഇടയിലാണ് ഇത് നിർമ്മിക്കുന്നത്. മധ്യവേനൽ കൊട്ടാരമായി ഉപയോഗിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത് നിർമ്മിച്ചത്. ഉദയ്പൂരിലെ പിചോളാ നദിയിലാണിതുള്ളത്. ഇന്നിപ്പോൾ താജിന്റെ കീഴിൽ ആഢംബര ഹോട്ടലായാണിത് പ്രവർത്തിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും റൊമാന്‍റിക്കായ ഹോട്ടലുകളിലൊന്നായും ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോട്ട് വഴി മാത്രമാണ് ഇവിടെ എത്താൻ സാധിക്കുക.

PC:Shiva Shenoy

നവഗഡ് കോട്ട

നവഗഡ് കോട്ട

ആരവല്ലി മലനിരകളിൽ സ്ഥിതി ചെയ്യുന്ന നവഗഡ് കോട്ട ജയ്പൂരിലാണുള്ളത്.ആംബെർ കോട്ടയ്ക്കും ജയ്ഗഡ് കോട്ടയ്ക്കുമൊപ്പം ജയ്പ്പൂരിന്റെ ചരിത്രത്തിൽ ഇടം നേടിയ കോട്ടയാണിത്. കടുവകൾ വസിക്കുന്ന ഇടം എന്നാണ് നവഗഡ് എന്നറിയപ്പെടുന്നത്. 1734 ലാണ് ഇത് നിർമ്മിക്കുന്നത്.

PC:Saksham Kumar

ചിത്തോർഗഢ് കോട്ട

ചിത്തോർഗഢ് കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായാണ് ചിത്തോർഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിരിക്കുന്ന ഈ കോട്ട ബീറാക് നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ചിറ്റൂർ കോട്ട എന്നും ഇതറിയപ്പെടുന്നു. 1303ൽ അലാവുദ്ദീൻ ഖിൽജി നടത്തിയ പടയോട്ടത്തിൽ റാണാ രത്തൻ സിങ്ങിന്റെ ഭാര്യ റാണി പത്മിനി ഇവിടെ വെച്ച് കൊല്ലപ്പെട്ടിരുന്നു.

PC:Ssjoshi111

മെഹ്റാൻഗഡ് കോട്ട

മെഹ്റാൻഗഡ് കോട്ട

ജോഥ്പൂരിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ചരിത്ര സ്മാരകമാണ് മെഹ്റാൻഗഡ് കോട്ട. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കോട്ടകളിലൊന്നായി കണക്കാക്കുന്ന ഈ കോട്ട 1460 ൽ ജോധ റാവുവാണ് നിർമ്മിച്ചത്.

PC:Knowledge Seeker

ഉമെയ്ദ് ഭവൻ പാലസ്

ഉമെയ്ദ് ഭവൻ പാലസ്

ലോകത്തിലെ ഏറ്റവും വലിയ വലിയ സ്വകാര്യ വസതി എന്നറിയപ്പെടുന്ന ഉമെയ്ദ് ഭവൻ പാലസ് ജോധ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കൊട്ടാരത്തിന്റെ ഒരു ഭാഗം താജിന്റെ കീഴില്‌ ഹോട്ടലായും മറ്റൊരു ഭാഗം മ്യൂസിയമായും ഒരിടം ഇപ്പോഴത്തെ ഉടമസ്ഥരുടെ താമസസ്ഥലവുമായാണ് പ്രവർത്തിക്കുന്നത്. ചിറ്റാർ ഹിൽ എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഹിറ്റാർ പാലസ് എന്നും ഇത് അറിയപ്പെട്ടിരുന്നു,

PC:Ss2107

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X