പുട്ടും കടലയും പോലെ അല്ലെങ്കിൽ ബീഫും പൊറോട്ടയും പോലെ ഒരിക്കലും തകർക്കുവാന്‍ കഴിയാത്ത കോമ്പിനേഷനാണ് യാത്രയും ഫോട്ടോഗ്രഫിയും... ഒന്നില്ലാത്തെ മറ്റതിന് നിലനിൽപ്പില്ലാത്ത അവസ്ഥ... ഒരു ക്യാമറയും തൂക്കി ഫ്രെയിമുകളിൽ നിന്നും മികച്ച ഫ്രെയിമിലേക്കും അതിലും മികച്ച ഫ്രെയിമിലേക്കും നടത്തുന്ന യാത്രകളുടെ സുഖം ഒരിക്കലെങ്കിലും ഈ കോംബോ പരീക്ഷിച്ചവർക്കു മാത്രമേ അറിയൂ. യാത്രയുടെ സുഖം നോക്കാതെ ഫോട്ടോ എടുത്ത് പോകുവാൻ താല്പര്യമുള്ളവരുമുണ്ട്. അങ്ങനെ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട, അല്ലെങ്കിൽ തീർച്ചയായും അനുഭവിച്ചിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം....

മണിപ്പൂരിലെ ലോക്താക് തടാകം
നിശ്ചലമായി കിടക്കുന്ന തടാകത്തിലൂടെ ഒഴുകി നീങ്ങുന്ന കരകളുള്ള ലോക്താത് തടാകമാണ് ഫോട്ടോഗ്രഫിയും സഞ്ചാരവും ഒരുമിച്ച് ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒന്നാമത്തെ കാര്യം. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ ഇത് മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മാന്തികക്കരകൾ എന്നു പ്രദേശവാസികൾ വിളിക്കുന്ന, ഒഴുകി നടക്കുന്ന തീരങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 400ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഇത് ഈ പ്രദേശത്തുകാരുടെ ആരാധനയുടെ ഭാഗം കൂടിയാണ്. ഇതിനുള്ളിൽ തന്നെ കുടിലുകെട്ടി ജീവിക്കുന്ന ആളുകളും ഉണ്ട്. അവരുടെ ജീവിതോപാധിയും ഈ തടാകം തന്നെയാണ്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായി പാർക്ക് ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണ്.
ഇംഫാൽ വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ ദൂരത്തിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
PC:ch_15march

ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര
ഒരു ട്രാവൽ ഫോട്ടോഗ്രാഫർ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര. സ്വിറ്റ്സർലൻഡിലെ ആൽഫീൻ പുൽമേടുകൾ പോലെ കാണപ്പെടുന്ന ഈ പൂക്കളുടെ താഴ്വര ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നു കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 11800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഹിമാലയൻ കൊടുമുടിയിലെ മനോഹരമായ ഒരു ഭാഗമാണിത്. പുഷ്പങ്ങൾ കൊണ്ട് ഒരു കിടക്ക വിരിച്ചിരിക്കുന്നതുപോലെ മനോഹരമാണ് ഈ പ്രദേശം. എല്ലാ വർഷവും ജൂൺ മുതൽ സെപ്റ്റംബർ വരെ പൂക്കുന്ന ഈ താഴ്വരയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും.

കുംഭമേള
കാത്തിരുന്നാൽ മാത്രം കാണാൻ സാധിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമങ്ങളിലൊന്നാണ് കുംഭമേള. കൃത്യമായ വർഷങ്ങളുടെ ഇടവേളകളിൽ നാലിടങ്ങളിലായി നടക്കുന്ന കുംഭമേളകളെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കൂടിച്ചേരൽ എന്നും വിശേഷിപ്പിക്കാം. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. 12 വർഷത്തിലൊരിക്കലാണ് ഈ കുംഭമേളകള്‍ നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക.
2019 ജനുവരി 15 മുതൽ മാർച്ച് 4 വരെ വരെ 48 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇപ്പോൾ നടക്കുന്ന പ്രയാഗ് കുംഭമേള. ഈ അവസരത്തിൽ നഗ്ന സന്യാസിമാർ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തും. ഇവിടുത്തെ പ്രത്യേക ചടങ്ങുകളും ആചാരങ്ങളും കാണാനായി ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്
ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

റാൻ ഓഫ് കച്ച്
വെള്ള മരുഭൂമിയുടെ കാഴ്ചകളും കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന ഉപ്പുപാടങ്ങളും ഒക്കെയായി സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ഒക്കെ ഒരുപോലെ ആകർഷിക്കുന്ന ഇടമാണ് റാൻ ഓഫ് കച്ച്. ഉപ്പു പാടത്തിലേക്ക് സൂര്യൻ ഇറങ്ങി പോകുന്ന അസ്തമയ കാഴ്ചകള്‍ ഇല്ലാത്ത ഒരു ട്രാവൽ ഫോട്ടോഗ്രാഫറും കാണില്ല. അത്രയധികം പ്രശസ്തമാണ് പടമെടുപ്പുകാർക്കിടയിൽ ഈ നാട്. എല്ലാ വർഷവും ഡിസംബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന റാൻ ഓഫ് കച്ച് ഫെസ്റ്റിവലും ക്യാമൽ സഫാരിയും ഒക്കെയാണ് ഇവിടെ ആസ്വദിക്കേണ്ട കാര്യങ്ങൾ.

കാശ്മീരിലെ നിഷാദ് ബാഗ്
ഇന്റർനെറ്റിലും മറ്റും കറങ്ങി നടക്കുന്ന വാൾപേപ്പർ ചിത്രങ്ങൾ കംപ്യൂട്ടർ സൃഷ്ടികളാണെന്ന് കരുതുന്നവരാണ് മിക്കവരും. എന്നാൽ ഈ ചിത്രങ്ങളിൽ നമുക്ക് നേരിട്ട് പോയി കണ്ടു ബോധ്യപ്പെടുവാൻ പറ്റിയ ഒന്നുണ്ട്. കാശ്മീരിലെ നിഷാദ് ബാഗാണിത്.
PC:McKay Savage

ഗീർ ദേശീയോദ്യാനം
കാട്ടിലെ രാജാവിന്റെ കളികളും കാഴ്ചകളും പകർത്തുവാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഗുജറാതിതിലെ ഗീർ ദേശീയോദ്യാനം. ലോകത്തിൽ ആഫ്രിക്കയ്ക്ക് പുറമേ, സിംഹങ്ങളെ സ്വാഭാവീകമായി കാണുന്ന ഏക പ്രദേശം കൂടിയാണിത്. 259 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്കു പറ്റിയ ഇടം കൂടിയാണ്. സിംഹങ്ങളെ അതിന്റെ സ്വാഭാവീക പരിസ്ഥിതിതിയിൽ നിന്നും ചിത്രമായി പകർത്തുവാൻ സാധിക്കും എന്നതാണ് ഇവിടേക്ക് ഫോട്ടോഗ്രാഫർമാരെ ആകർഷിക്കുന്നത്.

ഹസ്രത്ബാൽ മോസ്ക്, കാശ്മീർ
കാശ്മീരിൽ ഏറ്റവും കൂടുതൽ തവണ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ള ഇടം ഏതാണ് എന്ന ചോദ്യത്തിന് സംശയംമില്ലാത്ത ഒരുത്തരമുണ്ട്. ഹസ്രത്ബാൽ മോസ്ക്. ശ്രീനഗറിന് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഈ മുസ്ലീം ദേവാലയം ഹിമാലയതാഴ്വരയോട് ചേർന്നാണ് നിലകൊള്ളുന്നത്. എത്ര എടുത്താലും മതിവരാത്ത ഭംഗിയുള്ള ഈ ദേവാലയം ഇസ്ലാം മതവിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഇടം കൂടിയാണ്. ലോകത്തെമ്പാടു നിന്നുമുള്ള വിശ്വാസികൾ ഇവിടെ എത്തുന്നു.
PC: Adeelyousuf00

ദ്വാകി
ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ഫോട്ടോഗ്രാഫർമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് മേഘാലയയിലെ ദ്വാകി. മുകളിൽ നിന്നും നോക്കിയാൽ താഴെ വരെ കാണുന്നയത്രയും തെളിഞ്ഞ, സുതാര്യമായ ജലമാണ് ഇതിൻരെ പ്രത്യേകത. മേഘാലയയിലെ വെസ്റ്റ് ജയ്ൻഷ്യ ഹിൽസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും ബംഗ്സാദേശും അതിർത്തി പങ്കിടുന്നതും ഇതിനു സമീപത്താണ്.
നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!!
യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം
ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്
PC:Sayan Nath