വായനയ്ക്കായി വ്യത്യസ്ത ഇടങ്ങള് തിരഞ്ഞെടുക്കുന്നവരാണ് നമ്മൾ. ഒഴിഞ്ഞ മുറിയും വീടിന്റെ ടെറസും എന്തിനധികം ഓടിക്കൊണ്ടിരിക്കുന്ന ബസിലും ട്രെയിനിലും വരെയിരുന്ന് വായിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഈ പറഞ്ഞുവരുന്നത് ഫോണിൽ വായനയുടെ സുഖം കണ്ടെത്തുന്ന ആളുകളെ കുറിച്ചല്ല...മറിച്ച് പുസ്തകങ്ങളിലൂടെ പുതിയ ലോകത്തെത്തുന്നവരെക്കുറിച്ചാണ്. എന്നാൽ വായനയുടെ ലോകം അതിലും ഒരുപടി കൂടി കടന്ന് പോയിരിക്കുകയാണ്. ഇവിടെയല്ല...അങ്ങ് ഷിംലയിൽ. സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയങ്ങളൊരുക്കിയ അതേ ഷിംല തന്നെ. വായനക്കാരും ഭക്ഷണപ്രിയരും ഒരുപോലെ തേടിയെത്തുന്ന ആ കഫെയ്ക്ക് മറ്റൊരിടത്തും കാണുവാൻ കഴിയാത്ത ധാരാളം പ്രത്യേകതകളുണ്ട്. ഷിംലയിലെ ബുക്ക് കഫെയുടെ വിശേഷങ്ങളിലേക്ക്...

എല്ലാത്തിനെയും പൊളിച്ചെഴുതിയ ബുക്ക് കഫെ
ബുക്ക് കഫെയെക്കുറിച്ച് പറയുവാൻ തുടങ്ങിയാൽ എല്ലാത്തിനെയും പൊളിച്ചെഴുതിയ ഒരു സങ്കല്പം എന്നു തന്നെ പറയേണ്ടി വരും. പുസ്തകങ്ങളോടും രുചികളോടും മുൻപൊരിക്കലും പ്രത്യേക സ്നേഹം കാണിക്കാത്ത കുറച്ചാശുകളാണ് ഇതിന്‍റെ നടത്തിപ്പുകാർ എന്നു കേൾക്കുമ്പോളെ അറിയാം ഇതിനുപിന്നിലൊരു കഥയുണ്ടെന്ന്...

ഇത് തടവുകാരുടെ ചായക്കട
ഷിംലയിൽ മീനാ ബസാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബുക്ക് കഫെയുടെ നടത്തിപ്പുകാർ പ്രധാനമായും നാലാളുകളാണ്.
ജയ്ചന്ദ്ര്, രാംലാൽ, രാജ് കുമാർ, യോഗ് രാജ് എന്നിവരാണ് ഈ നാലുപേർ. ഈ നാലുപേരെയും ഒന്നിപ്പിച്ചു നിർത്തുന്ന ഒരൊറ്റ കാര്യമേയുള്ളു. അവർ നാലുപേരും ഷിംലയിലെ കൈത്തു ജയിലിൽ നിന്നുള്ള തടവുകാരാണ്. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടിരിക്കുന്ന തടവുകാരാണ് ഇവർ നാലുപേരും

പുസ്തകത്തോടൊപ്പം രുചികളും
വെറും ചായക്കട എന്നു പറഞ്ഞ് ഇതിനെ തള്ളിക്കളയാൻ പറ്റില്ല. വ്യത്യസ്ത രുചികളോടൊപ്പം പുസ്തകങ്ങളും ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം. പ്രസിദ്ധരായ ഗ്രന്ഥകാരൻമാരുടെ കൃതികളും മാഗസിനുകളും ഒക്കെ ഇവിടെ യഥേഷ്ടം ലഭ്യമാണ്. ഭക്ഷണം കഴിച്ച് വായനയുടെ ലോകത്തേയ്ക്ക് കടക്കുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. ഒരു കഫേ-കം-ലൈബ്രറിയായാണ് ഇത് പ്രവർത്തിക്കുന്നത്.

പോലീസിന്റെ കാവലില്ലത്താത്ത തടവുകാർ
പുലർച്ചെ മുതൽ രാത്രി ഒൻപതു മണി വരെ ബുക്ക് കഫെയിലെ തടവുകാർ സ്വതന്ത്ര്യരാണ് എന്നു തന്നെ പറയാം. പോലിസിന്റെയോ മറ്റ് ആളുകളുടെയോ നിരീക്ഷണത്തിലല്ലാചെ സാധാരണക്കാരെപോലെയാണ് ഇവർ ഇവിടെ പ്രവർത്തിക്കുന്നത്. വെറുതെ ഭക്ഷണം മാത്രം വിളമ്പിയല്ല ഇവർ പ്രശസ്തരായിരിക്കുന്നത്. പുസ്തകളങ്ങൾ വായിച്ചും ഇലിടെ എത്തുന്നവരിൽ ആവശ്യക്കാർക്ക് നല്കിയും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങളെടുത്തും ഒക്കെ തീർത്തും പുതിയ ഒരു ജീവിതമാണ് ഇവർക്കുള്ളത്.

ജീവിതത്തിനൊരു മാറ്റം നല്കുവാൻ
ജയിലിന്റെ ഇരുമ്പഴിക്കുള്ളിൽ ജീവിതത്തിന്റെ വെളിച്ചങ്ങളൊന്നും കടന്നു ചെല്ലാതെ ജീവിക്കുന്ന തടവുകാർക്ക് പുതിയൊരു വെളിച്ചം നല്കുക എന്ന ഉദ്ദേശത്തിലാണ് ഈ കഫേ നിർമ്മിച്ചിരിക്കുന്നത്. കുറ്റങ്ങളിൽ നിന്നും മോചിതമായ പുതിയൊരു ജീവിതവും മികച്ച ആരോഗ്യവും തടവുകാർക്ക് നല്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഏകദേശം 20 ലക്ഷം രൂപ ചിലവിലാണ് ഇത് തുടങ്ങിയിരിക്കുന്നത്. പ്രൊഫഷണലായി പാചകവും വിളമ്പുന്ന രീതിയും ഒക്കെ പഠിച്ചതിനു ശേഷം മാത്രമാണ് ഇവർ ഇറങ്ങിയിരിക്കുന്നത്.

സഞ്ചാരികൾക്കും
കഴിഞ്ഞ വർഷം ആരംഭിച്ച കഫെയിൽ ധാരാളം ആളുകൾ എത്താറുണ്ട്. വായനയെ ഗൗരവമായി സമീപിക്കുന്നവർ ഇവിടെ മണിക്കൂറുകളോളം വന്നിരുന്ന് വായിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് സംഗതി എന്താണെന്ന് മനസ്സിലാക്കുവാനും ധാരാളം ആളുകൾ എത്താറുണ്ട്. അതിലേറെയും ഷിംല സന്ദർശിക്കുവാനെത്തുന്നവരാണ്. ചുറ്റും മഞ്ഞു പുതച്ച മലനിരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാൽ തന്നെ മറ്റൊരു ഫീലാണ്.

എത്തിച്ചേരുവാൻ
വിമാന മാർഗ്ഗം എത്തിച്ചേരുന്നവർക്ക് ഷിംലയാണ് സമീപത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും ബുക്ക് കഫെയിലേക്ക് 25 കിലോമീറ്ററാണ് ദൂരം. ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചാൽ കഫെയിലെത്താം.
ട്രെയിനിനു വരുന്നവർക്ക് ഏറ്റവും അടുത്തുള്ളത് ഷിംല റെയിൽവേ സ്റ്റേഷൻ തന്നെയാണ്. സ്റ്റേഷനിൽ നിന്നും എട്ടു കിലോമീറ്ററേ ഇവിടേക്ക് ദൂരമുള്ളൂ.
കുറ്റം ചെയ്തില്ലെങ്കിലും ഈ ജയിലുകളിൽ പോകാം..അല്പം കാശുമുടക്കണമെന്നു മാത്രം!
ജയിലിൽ പോകുമെന്ന പേടി വേണ്ട...രക്ഷിക്കാൻ നിയമം അറിയുന്ന ജഡ്ജിയമ്മാവന്‍ കോവിലുണ്ട്