Search
  • Follow NativePlanet
Share
» »ശിശുദിനം അടിപൊളിയാക്കാം... കുട്ടിപ്പട്ടാളത്തിനൊപ്പം യാത്ര ചെയ്യാം

ശിശുദിനം അടിപൊളിയാക്കാം... കുട്ടിപ്പട്ടാളത്തിനൊപ്പം യാത്ര ചെയ്യാം

കുഞ്ഞുങ്ങൾക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യമേതായിരിക്കും? കുറേയധികം ഉത്തരങ്ങൾ മനസ്സിലൂടെ കടന്നു പോകുമ്പോൾ അതിലൊന്ന് യാത്രയായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.

വീട്ടുകാരോടൊപ്പം ആഘോഷമായി പുതിയ പുതിയ ഇടങ്ങൾ കാണുവാനുള്ള യാത്ര കുട്ടികൾക്ക് നല്കുന്ന സന്തോഷം ചെറുതൊന്നുമല്ല. ഈ ശിശുദിനത്തിൽ അവർക്ക് നല്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമ്മാനവും ഒരു യാത്ര തന്നെയാണ്. ഇതാ നമ്മുടെ കേരളത്തിൽ കുട്ടികളുമൊത്ത് പോകുവാൻ പറ്റിയ പ്രശസ്തമായ ചില ഇടങ്ങൾ പരിചയപ്പെടാം...

കുട്ടികളോടൊത്ത് പോകുമ്പോൾ

കുട്ടികളോടൊത്ത് പോകുമ്പോൾ

കുട്ടികളുമൊത്താണ് യാത്രയെങ്കിൽ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കണം യാത്രയിൽ മുൻഗണന കൊടുക്കോണ്ടത്.

യാത്ര ചെയ്യുന്ന സമയം മുതൽ താമസിക്കുന്ന ഇടവും പോകുന്ന ഇടവും ഒക്കെ കുട്ടികളൊത്തുള്ള യാത്രയിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസർകോഡ് ജില്ലയിൽ കുട്ടികളുമൊത്ത് പോകുവാൻ പറ്റിയ ഇടങ്ങൾ ഏറെയുണ്ടങ്കിലും അതിൽ പ്രധാനം ബേക്കൽ കോട്ട തന്നെയാണ്. അറബിക്കടലിലേക്കിറങ്ങി കിടക്കുന്ന, 35 ഏക്കറേളം സ്ഥലത്തായി കിടക്കുന്ന ഈ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ട കൂടിയാണ്. കുട്ടികൾക്കു ഓടി നടന്നു കണ്ടു തീർക്കുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. കോട്ടയിൽ നിന്നും കടൽത്തീരത്തേയ്ക്ക് എളുപ്പത്തിലിറങ്ങുവാനും സാധിക്കും. ഇതിനു തൊട്ടടുത്തു തന്നെയായി ബേക്കൽ ബീച്ചും സ്ഥിതി ചെയ്യുന്നു. കാസർകോഡുകാർക്ക് ഒറ്റ ദിവസത്തെ യാത്രയ്ക്കായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ്. വൈകുന്നേരങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

കാഞ്ഞങ്ങാടു നിന്നും എട്ട് കിലോമീറ്റർ അകലെയാണ് കോട്ടയുള്ളത്.

PC:Vinayaraj

പാലക്കയം തട്ട്

പാലക്കയം തട്ട്

കോട്ടയും കൊട്ടാരവും വെള്ളച്ചാട്ടങ്ങളും കാടും ക്ഷേത്രങ്ങളും ഒക്കെയായി വ്യത്യസ്തമായ കാഴ്ചകളാണ് കണ്ണൂരിന്റെ പ്രത്യേകത. ആറളം ഫാമും പൈതൽ മലയും കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടവും ഒക്കെ കുട്ടികളുമായി പോകുവാൻ സാധിക്കുന്ന ഇടങ്ങളാണെങ്കിലും ഇത്തവണ നമുത്ത് പാലക്കയം തട്ട് തിരഞ്ഞെടുക്കാം. കണ്ണൂരിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഇവിടം അപൂർവ്വമായ കാഴ്ചകൾക്കും ജൈവ വൈവിധ്യത്തിനും പ്രസിദ്ധമാണ്. വീശിയെത്തുന്ന കാറ്റും കോടയും. അതിനെ വകഞ്ഞുമാറ്റി വേണം ഇവിടെ മുകളിലേക്ക് നടക്കാന്‍. കുറച്ചുകൂടി നടന്നാല്‍ കിടിലന്‍ വ്യൂ പോയിന്റാണ്. വിശാലമായ ഇവിടെ കണ്ണൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ച ദൃശ്യമാണ്. കുട്ടികൾക്കിഷ്ടപ്പെടുന്ന ഒട്ടേറെ ആക്ടിവിറ്റികളും ഇവിടെയുണ്ട്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻബീച്ച്

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻബീച്ച്

കുട്ടികൾക്കു മാത്രമല്ല, മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന യാത്രയാണ് നോക്കുന്നതെങ്കിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് തിരഞ്ഞെടുക്കാം. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ ഇവിടം കണ്ണൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കടല്‍ത്തീരത്തുകൂടി തീരത്തെയും തിരയെയും സാക്ഷിയാക്കി വണ്ടിഓടിച്ചു പോകുന്ന രസകരമായ അനുഭവമാണ് ഇവിടെ ലഭിക്കുക.

PC: Shagil Kannur

മിഠായിത്തെരുവ്

മിഠായിത്തെരുവ്

ഇഷ്ട ഭക്ഷണവും രുചികളും ആസ്വദിച്ച് ഒരു ദിവസം മുഴുവൻ ഷോപ്പിങ്ങും കാഴ്ചകളും ആഘോഷങ്ങളും ഒക്കെയായി കുട്ടികളെയും കൊണ്ട് അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയിലെ മിഠായിത്തെരുവ്.

ഒരു പരിധികളും നിയന്ത്രണങ്ങളുമില്ലാതെ കുഞ്ഞുങ്ങൾക്ക് നടക്കുവാൻ പറ്റിയ സ്ഥലമാണിത്. ഇതോടൊപ്പം കോഴിക്കോട്ടെ മറ്റിടങ്ങളും കാണാം. കോഴിക്കോട് ബീച്ചും മാനാഞ്ചിറയും ഒക്കെ ഈ യാത്രയിൽ ഉൾപ്പെടുത്തുകയും ചെയ്യാം.

തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം മൃഗശാല

കുട്ടികൾക്ക് കൗതുക കരമായ കാഴ്ചകളോട് എന്നുമൊരു താല്പര്യമുണ്ടായിരിക്കും. അതുകൊണ്ടു തന്നെയാണ് മൃഗശാലകൾ കുട്ടികളുമൊത്തുള്ള യാത്രയിൽ സ്ഥിരം ഇടമാകുന്നതും. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായ തിരുവനന്തപുരം മൃഗശാല 1857-ലാണ് പ്രവർത്തനമാരംഭിക്കുന്നത്. 50 ഏക്കർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടെ മൃഗങ്ങളെ അതിൻരെ സ്വാഭാവീക പരിസ്ഥിതിയിലാണ് പരിപാലിക്കുന്നത്. സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ് ഇവിടെ കാണുവാനുള്ളത്. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്.

PC:Signalarun

ഞാറക്കൽ അക്വാ ടൂറിസം

ഞാറക്കൽ അക്വാ ടൂറിസം

കുട്ടികൾക്ക് ചൂണ്ടയിടലും കൊട്ടവഞ്ചിയും അടിപൊളി നാടൻ ഭക്ഷണവും ഒക്കെയായി ഒരു ദിവസം മുഴുവൻ ആഹ്ളാദിക്കുവാനുള്ള കാഴ്ചകളാണ് ഞാറക്കൽ അക്വാടൂറിസം നല്കുന്നത്. ഒരു ദിവസം രാവിലെ എത്തി ഉച്ചയ്ക്ക് ഊണും കഴിച്ച് മീനും പിടിച്ച് കൊട്ടവഞ്ചിയിലൊന്ന കറങ്ങി പറ്റിയാൽ ഒരു കയാക്കിങ് ഒക്കെ നടത്തി അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലമാണിത്. ഉച്ചയ്ക്ക് മീൻകറിയും മീൻ വറുത്തതും ചെമ്മീന്‌ അച്ചാറും ഐസ്ക്രീമും പച്ചക്കറികളും കൂട്ടിയുള്ള രുചികരമായ സദ്യയാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ആകർഷണം.

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിൾ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് ഞാറയ്ക്കൽ

പ്രവേശന ഫീസ്, വെൽകം ഡ്രിങ്ക്, ഊണ്, പെഡല്‌ ബോട്ടിങ്ങ് എന്നിവയെല്ലാം അടക്കം വെറും 200 രൂപയാണ് ഇവിടുത്തെ ഫീസ്

PC:Sarath Kuchi

അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം

ഇതൊന്നുമല്ലെങ്കിൽ അതിരപ്പള്ളിയ്ക്ക് പോകാം. വെള്ളച്ചാട്ടത്തിന്‍റെ അതി മനോഹര കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടമാണ്. വനത്തിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ 24 മീറ്റർ ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്. കുറച്ച് കാലങ്ങളായി തൃശൂരിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണിത്.

PC: Subramonip

ബോട്ട് യാത്ര

ബോട്ട് യാത്ര

കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമാണ് യാത്രയിലൂടെ വേണ്ടതെങ്കിൽ ഒരു ബോട്ട് യാത്രയാവാം. ആലപ്പുഴയിലും കോട്ടയത്തും കൊല്ലത്തും ഒക്കെ സർക്കാരിന്റെ കീഴിൽ തന്നെ ഒട്ടേറെ ബോട്ട് സർവ്വീസുകളുണ്ട്. അതിൽ തിരഞ്ഞെടുക്കുവാൻ പറ്റി ഒന്നാണ് കായൽക്കാഴ്ചകളുടെ അതിമനോഹരമായ അനുഭവങ്ങളും കുട്ടനാടിന്റെയും കായൽജീവിതത്തിന്‍റെയും നേർക്കാഴ്ചകളും ഒക്കെയായി കൊല്ലം-ആലപ്പുഴ ബോട്ട് സർവ്വീസ്.

എല്ലാ ദിവസവും രാവിലെ കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും യാത്ര ആരംഭിക്കും. രാവിലെ 10. 30 നാണ് യാത്ര തുടങ്ങുന്നത്. എട്ടു മണിക്കൂറാണ് മുഴുവൻ യാത്രയുടെ ദൈർഘ്യം. അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു യാത്രയായതിനാൽ വിദേശികളും സ്വദേശികളും ഉൾപ്പെടെയുള്ളവർ ഈ യാത്രയുടെ ആരാധകരായുണ്ട്. ഒരു സൈഡ് യാത്രയ്ക്ക് 400 രൂപയാണ് ചാർജ് ആയി ഈടാക്കുന്നത്.

ജഡായുപ്പാറ

ജഡായുപ്പാറ

കുട്ടികളുടെ യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു ഇടമാണ് കൊല്ലം ജില്ലയിലെ ജഡായുപ്പാറ. കുട്ടികളെ അമ്പരപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ പക്ഷി ശില്പമാണ് ഇവിടുത്തേത്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രീതിയിലുള്ള ഒരു ശില്പമാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. പ്രതിമ മാത്രമല്ല ഇവിടുത്തെ കാഴ്ച. ലോകോത്തര സാഹസിക വിനോദങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അഡ്വഞ്ചർ സോൺ, ആയുർവ്വേദ റിസോർട്ട്, ഡിജിറ്റൽ മ്യൂസിയം, 6ഡി തിയേറ്റർ, താഴെ നിന്നും മലയുടെ മുകളിലേക്ക് സഞ്ചരിക്കാൻ കേബിൾ കാർ, നിർമ്മാണ സമയത്തുണ്ടായ ജലക്ഷാമത്തിൽ നിന്നും രക്ഷപെടാൻ നിർമ്മിച്ച ചെക്ക് ഡാം ഒക്കെ ഇവിടെയുണ്ട്. താഴ്വരകൾ, മലകൾ, കുന്നുകൾ, കല്ലുകൾ നിറഞ്ഞ സ്ഥലങ്ങൾ അങ്ങനെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയാണ് ഈ 40 ഏക്കർ സ്ഥലത്തിനുള്ളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ മതിൽ കെട്ടിനകത്താണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്.

PC: Official Site

മൂന്നു കായലുകൾ കടന്ന് 8 മണിക്കൂർ ബോട്ട് യാത്ര വെറും 400 രൂപയ്ക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X