Search
  • Follow NativePlanet
Share
» »ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര

ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര

ചരിത്രത്താളുകൾക്കിടയിൽ എപ്പോഴോ കേട്ടുമറന്ന ഒരിടമാണ് ധോളാവീര. ഹാരപ്പൻ സംസ്കാരം ഇന്നും അവശേഷിപ്പിക്കുന്ന ചില ഓർമ്മകളും അനുഭവങ്ങളുമാണ് ഇവിടെയുള്ളത്. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളിലൂടെ യാത്രകൾ നടത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കുവാൻ പറ്റാത്ത ധോളാവീരയിലൂടെ ഷക്കീർ മൊടക്കാലിൽ എന്ന സ‍ഞ്ചാരി നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ വായിക്കാം

 മോഹിപ്പിക്കുന്ന ധോളാവീര

മോഹിപ്പിക്കുന്ന ധോളാവീര

ധോളാവീര എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. സൈന്ധവ നാഗരികതയിലെ എണ്ണം പറഞ്ഞ അഞ്ചു പട്ടണങ്ങളിൽ ഒന്നാണ് ധോളാവീര. കച്ചിലെ കാദിർ ബെയിറ്റ് എന്ന ദ്വീപിലെ 4500 വർഷം പഴക്കമുള്ളൊരു നഗരം...

കാണാൻ പോകാൻ തയ്യാറുള്ളവർ ബൈക്കിന്റെ പിന്നിൽ കേറിക്കോളൂ..വടക്കൻ കച്ചും, അവിടത്തെ ജീവിതവും, ധോളാവീര എന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങളും കാണാം..

സാധാരണ യാത്രയിൽ കൂടെയുണ്ടാവാറുള്ള ലക്ഷ്മണൻ സാർ ഗാന്ധിനഗറിലേക്കു പോയതിനാൽ ഉത്തരാഖണ്ഡിൽ നിന്നുള്ള ഇംഗ്ലീഷ് അധ്യാപകൻ വിരേന്ദർ സാർ ആണ് കൂട്ട്.. പുള്ളി എങ്ങനെ എന്റെ കൂടെ പൊരുത്തപ്പെടും എന്ന് കണ്ടറിയണം.. കാരണം ആദ്യമായാണ് പുള്ളി ഇത്രയും ദൂരം ബൈക്കിൽ പോകുന്നതും ഞാൻ ഇത്ര ദൂരം ഒറ്റയ്ക്ക് ബൈക്ക് ഓടിക്കുന്നതും..

ജാംനഗറിൽ നിന്നും യാത്ര തുടങ്ങുന്നു

ജാംനഗറിൽ നിന്നും യാത്ര തുടങ്ങുന്നു

മൊത്തം ഒരു 650 km ഉണ്ട് പോയി വരാൻ. അതിനാൽ ഓരോ ദിവസവും 200-220 km വെച്ച് മൂന്ന് ദിവസം കൊണ്ട് പോയി വരുന്ന രീതിയിൽ ആണ് പ്ലാനിങ്.. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ഭക്ഷണവും കഴിച്ചു അഞ്ചു മണിയോടെ യാത്ര തുടങ്ങി..9-10 മണിയാവുമ്പോൾ രാപ്പാർ എന്ന പട്ടണത്തിൽ എത്തണം. രാത്രി അവിടെ തങ്ങാം... ദ്രോൾ കഴിഞ്ഞപ്പോൾ തന്നെ വഴിയിൽ ഇരുട്ട് വീഴാൻ തുടങ്ങി...

വണ്ടി ചതിക്കുമോ?!!

വണ്ടി ചതിക്കുമോ?!!

ദ്രോളിൽ നിന്നു മാലിയ വരെ കുറച്ചു മോശം റോഡ് ആണ്. കുണ്ടും കുഴിയും ഒക്കെയായി ഊരയുടെ നട്ടു വരെ ഇളക്കുന്ന റോഡ്‌..എങ്കിലും എനിക്ക് പരിചയമുള്ള റോഡ്‌ ആയതു കൊണ്ട് യാത്രക്ക് സേഫ് ആണ് എന്ന് തോന്നി. മാത്രമല്ല വഴിയിൽ ഇടയ്ക്കിടെ ഹോട്ടലുകളും പഞ്ചർ കടകളും ഉണ്ട്.. പഞ്ചറിന്റെ കാര്യം പറഞ്ഞോപ്പോളാണ് ഓർത്തത്‌. നമ്മുടെ വണ്ടി ആഴ്ചയിൽ ഒരിക്കൽ എങ്കിലും പഞ്ചർ ആവും.. എന്താണ് കാരണം എന്ന് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല.. ഭാഗ്യത്തിന് ഒരു പാട് പരുക്കൻ റോഡുകളിലൂടെയും, റോഡില്ലാത്ത സ്ഥലങ്ങളിലൂടെയും, രാത്രിയിലും പോയിട്ടും അവൻ ചതിച്ചില്ല... ട്രിപ്പ്‌ പോയി വന്നു പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ദേ വീണ്ടും പഞ്ചർ...

വഴിയിൽ കണ്ട്ല പോർട്ടിലേക്കു സാധനങ്ങൾ കയറ്റിയും വരുകയും ചെയ്യുന്ന ട്രക്കുകൾ ആണ് കൂടുതൽ... തണുത്ത കാറ്റും കൊണ്ട് അങ്ങനെ പോകാൻ നല്ല രസമുണ്ട്. നല്ല ഇരുട്ടുള്ള സ്ഥലങ്ങളിൽ വണ്ടി നിറുത്തി ആകാശം നോക്കി, നക്ഷത്രങ്ങളെ നോക്കി നിൽക്കുന്നത് വേറൊരു രസം... ഇടക്കൊന്നു ടയറിലെ കാറ്റു ചെക്ക് ചെയ്തു ഉറപ്പു വരുത്തി,പഞ്ചർ അല്ല എന്ന്... കുറച്ചു കഠിനമായ ദ്രോൾ -മാലിയ റൂട്ടിൽ നിന്നു ഗാന്ധിധാം ബുജ്ജ് ഒക്കെ പോവുന്ന ഹൈവേയിലേക്കു കയറി..

 ഹൈവേയിലൂടെ ഒരു ട്രക്കിൻറെ പിന്നാലെ!!

ഹൈവേയിലൂടെ ഒരു ട്രക്കിൻറെ പിന്നാലെ!!

ഹൈവേയിൽ വണ്ടികൾ തലങ്ങും വിലങ്ങും പായുകയാണ്. അതിനിടയിലൂടെ വേണം കാറ്റടിച്ചാൽ പറക്കുന്ന നമ്മുടെ ഹീറോ ഹോണ്ടയും കൊണ്ട്.. ഏറ്റവും സേഫ് ആയി തോന്നിയത് ഒരു മീഡിയം സ്പീഡിൽ പോകുന്ന ട്രാക്കിന്റെ പിന്നാലെ പിടിക്കുക എന്നതാണ്. ട്രക്കുകൾ വല്ലാതെ പരക്കം പായില്ല ഒരു നിശ്ചിത സ്പീഡിൽ അങ്ങനെ ഒരു പിടി പിടിക്കും.. ഓവർടേക്ക് ചെയ്തു വരുന്ന കാറുകളെ നോക്കിയാൽ മതി. സത്യത്തിൽ പിന്നിൽ നിന്നും വരുന്ന വണ്ടികളെ ആണ് പേടിക്കേണ്ടത്. കച്ച് ഉൾക്കടലിൽ നിന്നും വരുന്ന വെള്ളം കൊണ്ട് ഉപ്പുണ്ടാക്കുന്ന സ്ഥലങ്ങളാണ് ചുറ്റും. രാത്രിയായത് കൊണ്ട് ഒന്നും മനസ്സിലാവില്ല. സാരമില്ല തിരിച്ചു വരുമ്പോൾ കാണാം... രാത്രി ഭക്ഷണം ഒന്നും വേണ്ട എന്ന് പറഞ്ഞ വിരേന്ദർ സാർ വിശന്നു കരയാൻ തുടങ്ങി... നല്ല തണുത്ത കാറ്റാണ്. അത് കൊണ്ടാവാം നന്നായി വിശക്കാൻ തുടങ്ങിയിരിക്കുന്നു..

എന്‍റെ സാറേ!!!

എന്‍റെ സാറേ!!!

ഒരു രാജസ്ഥാനി ധാബയിൽ കയറി ഭക്ഷണത്തിനു ഓർഡർ കൊടുത്തു. ഇരിക്കുന്നതൊക്കെ കുറച്ചു വെറൈറ്റി ആണ്. കയറിന്റെ കട്ടിലിൽ മുഖമുഖം ചമ്രം പടിഞ്ഞു ഇരിക്കണം.. നടുവിൽ ഉള്ള പലകയിൽ ഭക്ഷണം വിളമ്പും.. കിടിലൻ റോട്ടിലയും ( ബജ്ര റൊട്ടിയും ) കറികളും ഉണ്ട്.. വെണ്ണയോഴിച്ചു കുളിപ്പിച്ച റോട്ട്ല തൈരും പച്ചക്കറിയും കൂട്ടി ഒരു പിടി പിടിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല...ഗുജറാത്തിൽ പല ഹോട്ടലുകളിലും ഭക്ഷണം അൺലിമിറ്റഡ് ആണ്... ഇവിടെയും അത് തന്നെ സ്ഥിതി. കഴിയുന്നത്ര തിന്നാം. ( 90 രൂപ ).. ഭക്ഷണം കഴിച്ചു കുറച്ചു കൂടി ഓടിയപ്പോൾ സങ്കിയാളി എത്തി... ഇനി കുറച്ചു റൂട്ട് മാറി പോകണം.. അവിടന്നങ്ങോട്ട് ഞാനും ആദ്യമായി പോവുകയാണ്...

ഗൂഗിളിനോട് ചോദിച്ച് ഇനി രാജസ്ഥാനിലേക്ക്

ഗൂഗിളിനോട് ചോദിച്ച് ഇനി രാജസ്ഥാനിലേക്ക്

ഇപ്പോൾ നമ്മൾ രാജസ്ഥാനിലേക്കുള്ള ഹൈവേയിൽ കേറിയിരിക്കുകയാണ്.. വലിയ തിരക്കൊന്നും ഇല്ല. ഒരു 25 കിലോമീറ്റർ ഹൈവേയിൽ കൂടി തന്നെ പോകണം. ചിത്രോട് വെച്ചാണ് ഇനി വഴി മാറേണ്ടത്.. ഇടയ്ക്കിടെ നിറുത്തി ഗൂഗിളിൽ നോക്കി ചിത്രോട് കഴിഞ്ഞില്ല എന്നു ഉറപ്പു വരുത്തി.. കുറച്ചു കഴിഞ്ഞപ്പോൾ ചിത്രോട്, ധോളാവീര പോകാൻ ഉള്ളവർ ഇടത്തോട്ട് തിരിയുക എന്ന് ബോർഡു കണ്ടു.. 11 മണി ആവാറായി.. ഇനിയും ഒരു 30 കിലോമീറ്റർ കൂടി പോകണം രാപ്പാർ എത്താൻ. സമയം ഇപ്പോഴേ വൈകിയിരിക്കുന്നു. എല്ലാ പ്ലാനിങ്ങും തെറ്റി നിൽക്കുകയാണ്. എപ്പോൾ എത്തുമെന്ന് ഒരു പിടുത്തവും ഇല്ല.. രാത്രിയായതിനാൽ അധികം സ്പീഡിൽ പോവാൻ പറ്റില്ല... പട്ടികൾ തേരാപാരാ റോഡ്‌ മുറിച്ചു ഓടുന്നത് ഇവിടെ പതിവാണ്.. അതിനാൽ ഒരു 40-50 സ്പീഡിനപ്പുറം പറ്റുകയില്ല

പഞ്ചറാകുന്ന വണ്ടിയും വഴിയിലെ പ്രേതവും!

പഞ്ചറാകുന്ന വണ്ടിയും വഴിയിലെ പ്രേതവും!

ചിത്രോട് മുതൽ രാപ്പാർ വരെ റോഡ്‌ ഏറെ കുറെ വിജനമാണ്.. ദൂരെ കാണുന്ന ചില വിളക്കുകൾ ആണ് ഇവിടെയൊക്കെ ആൾപാർപ്പു ഉണ്ടെന്നതിനു തെളിവു... റോഡ്‌ എന്തായാലും കുഴപ്പമില്ല. സുഖമായി പോവാം.. ഇടക്കൊരു കുറുക്കൻ വന്നു തലകാട്ടി പോയി... കയറ്റവും ഇറക്കവും വളവും തിരിവും ഒക്കെയായി അങ്ങനെ പോകുമ്പോൾ മനസ്സിൽ ചെറിയ പേടി വരാൻ തുടങ്ങി... നമ്മുടെ വണ്ടിക്കു ഏതു നിമിഷവും പഞ്ചർ ആകുന്ന സ്വഭാവമുണ്ടല്ലോ ... പോരാത്തതിന് വഴിയിലെങ്ങും ഒരു മനുഷ്യനെയും കാണുന്നില്ല... പേടി മാറാൻ ഒരു ഐഡിയ ഉണ്ട്. വിരേന്ദർ സാറിനെ പ്രേതകഥകൾ പറഞ്ഞു പേടിപ്പിക്കുക... അങ്ങനെ ഓരോരോ പ്രേത കഥകളായി ഞാൻ ഇറക്കാൻ തുടങ്ങി... പുള്ളിക്ക് ചെറുതായി സമനില തെറ്റുന്നുണ്ട്.. എന്റെ ഉറക്കെയുള്ള ചിരി കേട്ടു ഞാൻ ഇനി ഒരു പ്രേതം ആണോന്നു പുള്ളിക്ക് സംശയം തോന്നിത്തുടങ്ങി. ഇടക്ക് പോണ പോക്കിൽ വണ്ടിയുടെ ഹെഡ് ലൈറ്റ് ഒന്ന് ഓഫാക്കി.. ഇരുട്ട്.. കട്ട കുത്തിയ ഇരുട്ട്... അതോടെ പുള്ളിയുടെ പകുതി ജീവൻ പോയി... പിന്നെ കുറച്ചു നേരം മൊബൈലിൽ ഉറക്കെ പാട്ട് വെച്ചു... ഇടക്കൊരു ഹോട്ടൽ ആണെന്ന് തോന്നിയ സ്ഥലത്തു ഒന്ന് നിറുത്തി.. പറ്റിയാൽ അവിടെ ഉറങ്ങാം എന്നൊരു പ്ലാൻ ഉണ്ട്... പക്ഷെ അവിടെ ആരെയും കാണുന്നില്ല.. ഒരു മിനിറ്റ് കൊണ്ട് എവിടുന്നൊക്കെയോ കുറെ നായ്ക്കൾ ഓടിക്കൂടി . പിന്നെ ഞങ്ങൾ കണ്ടം വഴി ഓടി എന്ന് പറഞ്ഞാൽ മതിയല്ലോ..എനിക്കാണെങ്കിൽ ഈ നായ്ക്കളെ തീരെ ഇഷ്ടമല്ല. ചെറുപ്പം മുതൽ എന്നെ കടിക്കാൻ പലതവണ ഓടിച്ചിട്ടുണ്ട് അതിന്റെ ചൊരുക്കാവാം.. ഞാനാരാ മോൻ.. ഇത് വരെ കടിക്കാൻ കൊടുത്തിട്ടില്ല... ഏതായാലും 12. 30 ആയതോടെ രാപ്പാർ എത്തി..

രാപ്പാർ

രാപ്പാർ

രാപ്പാർ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ചെറിയ പട്ടണം ആണ്..ഞങ്ങൾ എത്തുമ്പോൾ പട്ടണം ഉറക്കച്ചടവിൽ ആണ്. കടാകളെല്ലാം അടഞ്ഞു കിടക്കുന്നു ...റോഡിൽ ആളുകളും ഇല്ല. അവസാനം ബസ്റ്റാന്റിൽ വെച്ചു കണ്ട പോലീസുകാർ ആണ് ഹോട്ടലിനെ കുറിച്ച് പറഞ്ഞു തന്നത്. പക്ഷെ അവർ പറഞ്ഞ വഴി പോയി നോക്കിയിട്ടും ഹോട്ടൽ കണ്ടു പിടിക്കാൻ പറ്റുന്നില്ല. പിന്നെ നമ്മുടെ സ്ഥിരം ശത്രുക്കൾ ആയ നായ്ക്കൾ അപരിചിതരായ ഞങ്ങളെ കാണുമ്പോൾ ഓടിച്ചു വിടുന്നു. 30 മിനിറ്റ് അന്തവും കുന്തവും ഇല്ലാതെ ചുറ്റി ഒരുവിധം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഹോട്ടൽ കണ്ടു പിടിച്ചു..

പുറത്തു കട്ടിലിട്ടു കിടക്കുന്ന ഒരു നേപ്പാളി ആണ് റിസെപ്ഷനിസ്റ്റ് .. പുള്ളി നല്ല വെള്ളത്തിൽ ആണ്... ( എവിടുന്നു കിട്ടിയോ ആവോ. ഗുജറാത്തിൽ സമ്പൂർണ നിരോധനം ആണ് ). 300 രൂപ ആണ് റൂമിനു പറയുന്നത്. 200 ആക്കാൻ വിരേന്ദർ സാർ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. അവർ ഹിന്ദിക്കാർ സംസാരിക്കട്ടെ എന്ന ലെവലിൽ ഞാൻ മാറി നിന്നു.. അവസാനം കുറേ പേശി പേശി 300 നു തന്നെ ഉറപ്പിച്ചു. ( വല്ലാതെ കുറഞ്ഞു പോയോ എന്നെ എനിക്ക് സംശയമുള്ളായിരുന്നു ). ചെറിയ റൂം ആണ് എന്നാലും രാപ്പറിൽ കിട്ടാവുന്നതിൽ നല്ല ഒരു ഹോട്ടൽ ആണത്രേ.. ( AC റൂം ഒക്കെ ഉണ്ട് ). ഉറങ്ങാൻ വൈകി അത് കൊണ്ട് നാളെ ഉണരാനും വൈകും.. നാളത്തെ ട്രിപ്പിന്റെ പ്ലാനിങ്ങുകൾ അവസാന മിനുക്കു പണി നടത്തി ഉറങ്ങി..

PC:Vinod Panicker

പകൽവെളിച്ചത്തിലെ രാപ്പാർ

പകൽവെളിച്ചത്തിലെ രാപ്പാർ

പതിവ് പോലെ അലാറം രാവിലെ 6 മണിക്കേ അടി തുടങ്ങിയിട്ടുണ്ട് ... പക്ഷെ എണീക്കാൻ തോന്നുന്നില്ല... മടിപിടിച്ചുള്ള കിടത്തം കഴിഞ്ഞപ്പോൾ സമയം 9 മണിയായി..300 രൂപയെ ഉള്ളൂ എങ്കിലും കുളിക്കാൻ ചൂട് വെള്ളം വരെ ഉള്ള ഹോട്ടൽ ആണ്.. ഒന്ന് നന്നായി കുളിച്ചപ്പോൾ ക്ഷീണം മാറി ഹോട്ടലിൽ നിന്ന് checkout ചെയ്തു 10 മണിയോടെ ഇറങ്ങി..

രാത്രി കണ്ടത് പോലെ അല്ല രാപ്പാർ. നിറയെ ആളും, വാഹനങ്ങളും, തട്ടുകടകളും ഉള്ള നഗരം നേരത്തെ ഉണർന്നു സജീവമായിരിക്കുന്നു... മുന്നിൽ കണ്ട തട്ടുകടയിൽ തന്നെ കയറി.. വീണ്ടും വിലക്കുറവ്! രണ്ടു വലിയ പൂരിയും ( ബട്ടൂര )കറിയും ഒക്കെ അടങ്ങിയ ബ്രേക്ഫാസ്റ്റിനു വെറും 20 രൂപ.. സ്കൂളിൽ പോകുന്ന പിള്ളേർ വരെ ഉണ്ട് ഫുഡ്‌ അടിക്കാൻ.. ഇഷ്ടമായത് കൊണ്ട് ഒരു പൊതി പാർസൽ ആയും വാങ്ങി. ഇനി എങ്ങാനും പോണ വഴിക്കു വിശന്നാലോ...

PC:Nizil Shah

ഇനി ഗൂഗിളിനു പോലും അറിയാത്ത സുർകോടാഡായിലേക്ക്

ഇനി ഗൂഗിളിനു പോലും അറിയാത്ത സുർകോടാഡായിലേക്ക്

ആദ്യം പോകാൻ ഉദ്ദേശിക്കുന്നത് സുർകോടാഡാ (surkotada) എന്ന ഹാരപ്പൻ സൈറ്റിലേക്കാണ്. ധോളാവീര കഴിഞ്ഞാൽ കച്ചിലെ ഏറ്റവും പ്രധാന പുരാവസ്തു കേന്ദ്രംആണ് സുർകോടാഡാ.. ചരിത്ര പുസ്തകങ്ങളിലും മാപ്പുകളിലും ഒക്കെ ഉണ്ടെങ്കിലും ഗൂഗിളിൽ കാര്യമായ വിവരങ്ങളൊ ഫോട്ടോയോ ഒന്നും ലഭ്യമല്ല. നാട്ടുകാർക്കും യാതൊരു ഐഡിയയും ഇല്ല... പക്ഷെ ഗൂഗിൾ മാപ്പിൽ അങ്ങനൊരു സ്ഥലം കാണിക്കുന്നത് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു... യാത്രകൾ ചിലതൊക്കെ അറിയാനും അറിയിക്കാനും വേണ്ടി കൂടി ആണല്ലോ..

രണ്ടു കുപ്പി വെള്ളവും വാങ്ങി സുർകോടാഡായിലേക്കു വെച്ചു പിടിച്ചു... കുറച്ചു ഓടിയപ്പോളാണ് പെട്രോളിന്റെ കാര്യം ഓർമ വന്നത്... രാപ്പാർ കഴിഞ്ഞാൽ പിന്നെ പെട്രോൾ കിട്ടില്ല എന്ന് ചില വിവരം കിട്ടിയത് കൊണ്ട് ഫുൾ ടാങ്ക് അടിച്ചു പോകുന്നതാണ് ബുദ്ധി... അന്വേഷിച്ചപ്പോൾ അടുത്ത ഗ്രാമത്തിൽ ഒരു പമ്പ് ഉണ്ട്. അവിടന്ന് പെട്രോളും അടിച്ചു മുന്നോട്ട്..

PC: Samina Rahman

നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക്

നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക്

ഹാമിർപാർ മോട്ടി എന്നൊരു ഗ്രാമത്തിനടുത്താണ് ഈ സുർകോടാഡാ... ഹൈവേയിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കടന്നതോടെ യാത്ര രസകരമായി... നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ. എവിടന്നു കുറ്റിയും പറിച്ചു വരുന്നെടാ എന്ന ഭാവത്തിൽ നോക്കുന്ന ആളുകൾ.. എങ്കിലും വഴി ചോദിച്ചവരൊക്കെ കൃത്യമായി ( ഭാഷ കുറച്ചു പ്രശ്നമാണെങ്കിലും) സഹായിക്കാൻ നോക്കുന്നുണ്ട്. ഇടയ്ക്കിടെ കടന്നു പോകുന്ന ചെറിയ ഗ്രാമങ്ങൾ ഒഴിച്ചാൽ ബാക്കിയൊക്കെ മരുപ്രദേശവും ചെറിയ കുന്നുകളും ഒക്കെയാണ്... ഇടക്കൊന്നു വഴി തെറ്റി പേരറിയാത്ത ഏതോ ഒരു ഗ്രാമത്തിൽ എത്തി...യുവാക്കളൊക്കെ ആധുനിക വേഷം ധരിക്കുന്നുണ്ടെങ്കിലും പ്രായമായവർ ഇപ്പോഴും പരമ്പരാഗത കച്ചി ഡ്രെസ്സിൽ തന്നെയാണ്. കളർഫുൾ ആയ ഡ്രസ്സ്‌ ധരിച്ച സ്ത്രീകൾ... ഫോട്ടോ എടുത്താൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ഒഴിവാക്കി...

PC:Arne Hückelheim

എങ്ങോട്ട് നോക്കിയാലും വഴികൾ...വഴികൾ മാത്രം!!

എങ്ങോട്ട് നോക്കിയാലും വഴികൾ...വഴികൾ മാത്രം!!

അങ്ങനെ മെയിൻ റോഡിൽ നിന്ന് സുർകോടാഡായിലേക്ക് ഗൂഗിൾ കാണിച്ച വഴിയെത്തി.. മുന്നിലുള്ളത് നല്ല റോഡല്ല. ഒരു ചെമ്മൺ പാത.. അതും കാൽ വെച്ചാൽ പൂഴ്ന്നു പോകുന്ന അത്ര പൊടിയുള്ള ഒരു റോഡ്‌.. ഒന്നോ രണ്ടോ കിലോമീറ്റർ ഇങ്ങനെ പോയാൽ എത്തും എന്ന പ്രതീക്ഷയിൽ വെച്ചു പിടിച്ചു. റോഡ്‌ കൂടുതൽ കൂടുതൽ ദുഷ്കരമാവുകയാണ്. ശരിക്കും ഓഫ്‌ റോഡ്‌ പോലെ.. അവിടവിടെ ചില ടെന്റുകളിൽ ആളുകൾ ഉണ്ട്.. എല്ലായിടത്തും മൈനിങ് നടക്കുകയാണ്. പാറയും മണ്ണും ആണെന്ന് തോന്നുന്നു, മാന്തി കൊണ്ട് പോകുന്ന ഒരു വലിയ മൈനിങ് ഏരിയയിൽ ആണ് എത്തിപ്പെട്ടിരിക്കുന്നതു. എങ്ങോട്ട് നോക്കിയാലും വഴികൾ. ഏതിലൂടെ പോകണമെന്ന് അറിയാതെ വട്ടം കറങ്ങി. ചിലരോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു സ്ഥലം ഇല്ലെന്നു മറുപടി... ഇതിനിടയിൽ എനിക്കിത്രയേ അറിയൂ എന്നും പറഞ്ഞു ഗൂഗിൾ മാപ്പും നമ്മളെ കൈ വിട്ടു... ഈ വിശാലമായ മൈനിങ് ഏരിയയിൽ ഞാൻ എവിടെ പോയി താപ്പാനാണ് എന്റെ സുർകോടാഡാ നിന്നെ? ..

PC:Nagarjun Kandukuru

പണി പാളിയോ?

പണി പാളിയോ?

മുട്ടോളം പൊടിയിൽ മുങ്ങി ഷൂവും ബൈക്കും പണിയാകുന്നുണ്ട്... ലോറികൾക്ക് മാത്രം പോകാൻ പറ്റിയ സ്ഥലമാണ്.. ഇതിനിടയിൽ വിരേന്ദർ സാർ മുറുമുറുക്കാൻ തുടങ്ങിയിട്ടുണ്ട്. പുള്ളിയെയും കുറ്റം പറയാൻ പറ്റില്ല അജ്ജാതി സ്ഥലത്തല്ലേ വഴി പോലും കണ്ടു പിടിക്കാൻ പറ്റാതെ ഞാൻ കൊണ്ടെത്തിച്ചിട്ടുള്ളത്. രണ്ടുദിവസം മുൻപ് ഇത് പോലെ രാംപാറ വന്യജീവി സങ്കേതം കാണിക്കാൻ ഞാൻ പുള്ളിയെ ഒന്ന് കൊണ്ട് പോയിരുന്നു. അവിടെ എത്തിയപ്പോൾ വന്യജീവി സങ്കേതം അടഞ്ഞു കിടക്കുന്നു. അത് കൊണ്ട് പുള്ളിക്ക് ഞാൻ മൊത്തത്തിൽ പറ്റിക്കൽ ആണോ എന്ന് സംശയം ഉണ്ട്. ധോളാവീരയും ഇനി ഒരു പറ്റിക്കൽ ആവുമോ എന്ന് പുള്ളിക്ക് ഒരു ശങ്ക.. എനിക്ക് ഇടക്കിങ്ങനെ പോയി ഒന്നും കണ്ടു പിടിക്കാൻ പറ്റാതെ വരൽ പതിവുള്ളതു കൊണ്ട് കുഴപ്പമില്ല... ഇനിയും സുർകോടാഡായുടെ പിന്നാലെ പോയാൽ ധോളാവീര കൈ വിട്ടു പോകും. കാരണം ഇവിടെ നിന്ന് ഇനിയും 100 km ഓടാനുണ്ട്. വൈകുന്നേരത്തിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ കടിച്ചതും പിടിച്ചതും ഇല്ലാതാകും... മൈനിങ് സ്ഥലത്തു വെച്ചു കണ്ട രണ്ടു പേർ അവസാനം ഉപദേശിച്ചു. മക്കളെ ഇവിടെ ചുറ്റിപ്പറ്റി നിന്നിട്ടു കാര്യമില്ല. ഇനി മുന്നോട്ടു പോയാലും കിലോമീറ്ററുകളോളം മൈനിങ് ഏരിയ തന്നെ ആണ് എന്ന്. ഇവിടെ അങ്ങനൊരു സ്ഥലം ഇല്ലെന്നും... കുറച്ചു വിഷമത്തോടെ ആണെങ്കിലും വണ്ടി തിരിച്ചു. വന്ന വഴി പിടുത്തം കിട്ടുന്നില്ല. ഒരു ഊഹം വെച്ചു അവസാനം എങ്ങനെയോ അവിടന്ന് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ....

പണി ആർക്കും കിട്ടാം

പണി ആർക്കും കിട്ടാം

സമയം 12 മണിയായി ഇനി ഒന്ന് ആഞ്ഞു പിടിച്ചാലേ 3 മണി ആവുമ്പോളെങ്കിലും ധോളാവീരയിൽ എത്താൻ പറ്റൂ. ഇതിനിടയിൽ ഒരു ഗ്രാമത്തിൽ കയറി.. അതോടെ റോഡ്‌ ഇല്ല എന്ന് തന്നെ പറയാവുന്ന അവസ്ഥയിൽ ആയി.... ആളുകൾ പറഞ്ഞതനുസരിച്ചു ഒരു ഊടു വഴിയിലൂടെ പോയപ്പോൾ ഗ്രാമത്തിന്റെ അപ്പുറത്ത് നിന്ന് നല്ലൊരു റോഡുണ്ട്.... തീരെ വാഹന സഞ്ചാരം കുറഞ്ഞ റോഡാണ്.. എതിരെ വാഹനങ്ങൾ വരുന്നത് വല്ലപ്പോഴും... ഇതിനിടയിൽ ഒരു ജീപ്പിൽ ഉള്ള ഗ്രാമീണർ ഞങ്ങളെ കൈ കാണിച്ചു നിറുത്തി... അവരും ഏതോ ക്ഷേത്രത്തിലേക്ക് വന്നിട്ട് വഴി പിടുത്തം കിട്ടാതെ നിൽക്കുകയാണ്.. ഗൂഗിളിൽ നോക്കിയിട്ട് അങ്ങനെ ഒരു ക്ഷേത്രം ആ പരിസരത്തൊന്നും എനിക്ക് കണ്ടു പിടിക്കാനായില്ല... കുറെ നേരമായി അവരും ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ വഴി ചോദിക്കാൻ നിൽക്കുന്നു...അതിനാൽ അവസാനം കിട്ടിയ ഞങ്ങളെ വിടുന്നില്ല.. പലതും പറഞ്ഞു ഒരു വിധം അവിടെ നിന്ന് തടി തപ്പി..

PC:chirayumistry

യാത്ര ഇനി രാപ്പാർ -ധോളാവീര റോഡിലൂടെ

യാത്ര ഇനി രാപ്പാർ -ധോളാവീര റോഡിലൂടെ

രാപ്പാർ -ധോളാവീര റോഡിൽ കയറിയതോടെ യാത്ര കുറച്ചു എളുപ്പമായി.. രാപ്പാർ നിന്ന് ധോളാവീര വരെ മികച്ച റോഡാണെന്നു പറയാം. ഇരുപതോ മുപ്പതോ കിലോമീറ്ററുകൾ കഴിയുമ്പോൾ ചെറിയ ഗ്രാമങ്ങളിൽ എത്തും.. ജനവാസം കുറഞ്ഞ മേഖലയാണ് കച്ചിലെ ഈ ഭാഗങ്ങൾ എല്ലാം.. ദേസൽപാർ, ബാൽസാർ ഒക്കെയാണ് കുറച്ചു വലിയ ഗ്രാമങ്ങൾ.ബൽസരിൽ പെട്രോൾ പമ്പും മറ്റു സൗകര്യങ്ങളും ഒക്കെയുണ്ട്.... ബാൽസാർ എത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു... ഇനി വല്ലതും കഴിച്ചാലേ മുന്നോട്ടു പോകാനാവൂ.. ഒരു ചെറിയ ചായക്കടയിൽ കയറി വെള്ളം കുടിച്ചു. കയ്യിലുള്ള പാർസൽ അവിടെ ഒരു സൈഡിൽ ഇരുന്നു തട്ടി . വിരേന്ദർ സാറാണെങ്കിൽ ഇതിനിടയിൽ നോമ്പും നോറ്റിട്ടുണ്ട് അതിനാൽ നല്ല ക്ഷീണത്തിൽ ആണ്.

ഫേസ് ബുക്കിൽ ഇടാനാണോ ചേട്ടാ ഈ ഫോട്ടോ?

ഫേസ് ബുക്കിൽ ഇടാനാണോ ചേട്ടാ ഈ ഫോട്ടോ?

അധിക സമയം ഇവിടെ നിന്നാൽ ശരിയാവില്ല. ഇനി കുറച്ചു കൂടി പോയാൽ റാൻ ഓഫ്‌ കച്ച്ന്റെ ഭാഗമായ വൈറ്റ് ഡെസേർട് ഗൂഗിളിൽ കാണിക്കുന്നുണ്ട്... നട്ടുച്ചയും കുറച്ചു ചൂടും ഉണ്ടെങ്കിലും മഴക്കാറുള്ളത് കൊണ്ട് വെയിലിന്റെ ശല്യം ഇല്ല. മാത്രവുമല്ല മഴക്കാലം കഴിഞ്ഞതിനാൽ എല്ലായിടത്തും കുറച്ചൊക്കെ പച്ചപ്പും ഉണ്ട്.. ഇടയ്ക്കിടെ റബാരികൾ എന്ന് വിളിക്കുന്ന ഇടയന്മാർ കടന്നു പോയി.. ആടിനെ മേക്കുന്നവരുണ്ട്, പശുവിനെ മേക്കുന്നവരുണ്ട്, പോത്തിനെ മേക്കുന്നവരുണ്ട്, ഒട്ടകത്തെ വരെ മേക്കുന്നവരുണ്ട്. അങ്ങനെ പലതരം ഇടയന്മാർ. നാടോടികളായ ചിലരെയും കണ്ടു. അതിൽ ഒരു സംഘം ദൂരെ നിന്ന് വരുന്നത് കണ്ടപ്പോഴേ ഞാൻ ക്യാമറ റെഡി ആക്കി. ഒരു സ്ത്രീകളുടെ സംഘം ആണ്.. കുട്ടികളും പട്ടിയും ഒക്കെ കൂടെയുണ്ട്. സാധനങ്ങൾ എല്ലാം രണ്ടു ഒട്ടകപ്പുറത്തായി വെച്ചിട്ടുള്ളത്. എല്ലാം എന്ന് വെച്ചാൽ കട്ടിലും കിടക്കയും പത്രങ്ങളും ടെന്റും എല്ലാം. ശരിക്കും ഇവരാണ് യഥാർത്ഥ സഞ്ചാരികൾ.... സ്ഥിരമായി വീടോ സ്ഥലമോ ഒന്നും ഇല്ല. വീണിടം വിഷ്‌ണുലോകം.. നല്ല കളർഫുൾ ആയി വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിട്ടുണ്ട് സ്ത്രീകൾ... എന്റെ ഫോട്ടോയെടുപ്പ് അവർക്കു ഇഷ്ടപ്പെട്ട പോലെയുള്ള ഭാവം. പക്ഷെ ഒറ്റ ചോദ്യം കൊണ്ട് അവർ എന്നെ ഞെട്ടിച്ചു.. മുന്നിൽ നടന്ന സ്ത്രീയാണ് ചോദിച്ചത്.. ഫേസ്ബുക്കിൽ ഇടാനാണോ എന്ന്... പകച്ചു പോയി ഞാൻ.. ഇവർക്കിതിനെ പറ്റി ഒന്നും അറിയില്ല എന്നാണ് ഞാൻ കരുതിയത്.... ചിലപ്പോൾ പലരും വന്നു ഇങ്ങനെ എടുക്കുന്നുണ്ടാവാം... എന്തായാലും നിങ്ങളെ കാണാൻ നല്ല രസമുണ്ട് എന്ന കമ്മന്റു കേട്ടപ്പോൾ അവർ സന്തോഷത്തോടെ കടന്നു പോയി..

യാത്രയ്ക്കിടയിലെ നീൽഗായി

യാത്രയ്ക്കിടയിലെ നീൽഗായി

കാര്യമായ കാഴ്ചകൾ ഒന്നും ഇല്ലെങ്കിലും ഇടയ്ക്കു വിരസതയകറ്റാൻ ചില കാഴ്ചകൾ കിട്ടും.. നീൽഗായി എന്ന് വിളിക്കുന്ന കറുത്ത മാൻ റോഡിനരികിൽ തന്നെ ഒരു മരച്ചുവട്ടിൽ കിടക്കുന്നു. നീൽഗായിയെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ അടുത്ത് കിട്ടുന്നത് ആദ്യമായാണ്. ഒരു ആട്ടിടയനെ കണ്ടപ്പോൾ കൗതുകം തോന്നി കുറച്ചു നേരം സംസാരിച്ചു. പുള്ളി തന്റെ സ്വതസിദ്ധമായ സ്റ്റൈലിൽ വടി തോളിൽ വെച്ചു ഫോട്ടോക്ക് പോസ് ചെയ്തും തന്നും കുശലം പറഞ്ഞും ഒക്കെ കുറച്ചു നേരം കൂടെ കൂടി.

ഉപ്പു തടാകത്തിനു നടുവിലൂടെ

ഉപ്പു തടാകത്തിനു നടുവിലൂടെ

ദൂരെ വെള്ള നിറത്തിൽ ഉപ്പു തടാകം കാണാൻ തുടങ്ങി.. ഈ ഉപ്പു തടാകത്തിനു നടുവിലൂടെ കുറേ ദൂരം സഞ്ചരിച്ചാൽ നമ്മൾ കാദെർ ബെയ്റ്റ് എന്ന ദ്വീപിൽ എത്തും... ഉപ്പു വെള്ളം വറ്റി ചുറ്റും വെളുത്ത മരുഭൂമി രൂപപ്പെട്ടിരിക്കുകയാണ് . തണുപ്പുകാലം ആവുന്നതോടെ മരുഭൂമി നന്നായി ഉറക്കും. ഇപ്പോൾ ചിലയിടത്തൊക്കെ വെള്ളം ഉണ്ട്.. കാദെർ ബെയ്റ്റ് കാണുമ്പോൾ അടുത്താണെന്ന് തോന്നുമെങ്കിലും 8-10km തടാകത്തിനു നടുവിലൂടെ ഓടിയാലേ എത്തൂ... തടാകം കഴിഞ്ഞതോടെ എത്താറായി എന്നൊരു തോന്നൽ.. എന്നാൽ ആ തോന്നൽ വെറുതെയാണ്. ഇനിയും ഒരു പത്തിരുപതു കിലോമീറ്റർ ഓടണം.. വിചാരിച്ച പോലെയല്ല അവിടവിടെയായി ആൾ താമസം ഉണ്ട് കാദെർ ബെയ്റ്റിൽ.വിരേന്ദർ സാർ നന്നായി തളർന്നിട്ടുണ്ട്. പുള്ളിയെ നിർബന്ധിച്ചു ഒരു കടയിൽ കയറ്റി വെള്ളവും ബിസ്കറ്റും കഴിപ്പിച്ചു. (ബിസ്കറ്റ് ഫ്രൂട്സ് വെള്ളം ഒക്കെ നോമ്പിനു കഴിക്കാം പക്ഷെ പുള്ളി കഴിക്കാതെ ഇരിക്കുകയാണ്) അല്ലെങ്കിൽ പുള്ളി നമ്മക്ക് പണിയാകും.

ലോകത്തിലെ ആദ്യ പട്ടണങ്ങളിലൊന്നിൻറെ മുന്നിൽ

ലോകത്തിലെ ആദ്യ പട്ടണങ്ങളിലൊന്നിൻറെ മുന്നിൽ

മൂന്നര മണിയോടെ ധോളാവീരയിൽ എത്തി.ലോകത്തിലെ ആദ്യ സംസ്കാരങ്ങളിൽ ഒന്നിന്റെ,ലോകത്തിലെ ആദ്യത്തെ പട്ടണങ്ങളിൽ ഒന്നിന്റെ മുൻപിൽ ആണ് ഞാനിപ്പോൾ നിൽക്കുന്നത്... ധോളാവീര ഉൾപ്പെടുന്ന സൈന്ധവ സംസ്കാരം ഒരു വെങ്കല യുഗ സംസ്കാരം ആയിരുന്നു ( copper + tin = BRONZE ).. ആദ്യമായി എഴുത്തു വിദ്യ തുടങ്ങിയതും വെങ്കല യുഗത്തിൽ ആയിരുന്നു. പക്ഷെ നിർഭാഗ്യം എന്ന് പറയാം നമുക്കിത് വരെ സൈന്ധവ ലിപി വായിച്ചെടുക്കാൻ സാധിച്ചിട്ടില്ല..

ആദ്യം കയറിയത് മ്യുസിയത്തിലേക്കാണ്.. ധോളാവീരയിൽ നിന്ന് ഉൽഖനനം ചെയ്തെടുത്ത വസ്തുക്കളാണ് മ്യുസിയത്തിൽ.. മൺപാത്രങ്ങളും സീലുകളും, കളിപ്പാട്ടങ്ങളും, ആഭരണങ്ങളും ആയുധങ്ങളും എല്ലാമുണ്ട്. അടുത്ത മുറിയിൽ സന്ദർശകർക്കായി ഒരു വീഡിയോ പ്രസന്റേഷൻ കൂടി ഉണ്ട്.. എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ധോളാവീരയെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടി..

ഏക്കർ പരന്നു കിടക്കുന്ന ഖനനഭൂമി

ഏക്കർ പരന്നു കിടക്കുന്ന ഖനനഭൂമി

സൈന്ധവ നാഗരികതയുടെ ഭാഗമായി ഇന്ത്യയിൽ ഉള്ള പട്ടണങ്ങളിൽ ഏറ്റവും പ്രധാനം ധോളാവീരയാണ്. മറ്റൊന്ന് ഗുജറാത്തിൽ തന്നെയുള്ള ലോതൽ.(ഹാരപ്പയും മൊൻജൊദാരോയും ഒക്കെ പാകിസ്ഥാനിൽ ആണ് ). 120 ഏക്കറോളം പ്രദേശത്തു പടർന്നു കിടക്കുന്ന പട്ടണ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത് ജെപി ജോഷി എന്ന പുരാവസ്തു ഗവേഷകനാണ്. ഗ്രാമീണർ ഈ പ്രദേശത്തെ കൊട്ടാടാ (large fort) എന്നാണ് വിളിച്ചിരുന്നത്. 1989 മുതൽ ആർ എസ് ബിഷ്ട് എന്ന ഗവേഷകന്റെ നേതൃത്വത്തിൽ ഉൽഖനനം സജീവമായി. വളരെ അടുത്ത കാലത്തു നടന്ന പര്യവേഷണം ആയതിനാൽ തന്നെ ഇതിൽ പങ്കെടുത്ത നിരവധി ഗ്രാമീണർ ഇപ്പോഴും ഇവിടെയുണ്ട്. അവരിൽ ചിലർ ടൂറിസ്റ്റുകൾക്ക് ഗൈഡ് ആയും പ്രവർത്തിക്കുന്നു..

ധോളാവീരയിലെ കാഴ്ചകൾ

ധോളാവീരയിലെ കാഴ്ചകൾ

മറ്റു സൈന്ധവ നഗരങ്ങളുടേതിന് സമാനമായ പലതും ധോളാവീരയിൽ ഉണ്ടെങ്കിലും ധോളാവീരക്കു ചില പ്രത്യേകതകൾ, വ്യത്യസ്തതകൾ ഉണ്ട്.. ധോളാവീരയിലെ നിർമാണ പ്രവർത്തനങ്ങൾ എല്ലാം പ്രാദേശികമായി ലഭ്യമായ കല്ലുകൾ കൊണ്ടാണ്. മറ്റു പട്ടണങ്ങളിൽ എല്ലാം ഇത് ചുട്ട ഇഷ്ടിക കൊണ്ടാണ്.. ധോളാവീര ഉൾക്കൊള്ളുന്ന കച്ച് പ്രദേശം വെള്ളത്തിനു ബുദ്ധിമുട്ടുള്ള സ്ഥലം ആയതു കൊണ്ട് തന്നെ വലിയ ജല സംഭരണികളും ജല ശുദ്ധീകരണ സംവിധാനങ്ങളും ഇവിടെ കാണാം.. അധികം നീണ്ടു നിലക്കാത്ത മൺസൂൺ കാലത്തു ലഭിക്കുന്ന വെള്ളം ഒരു വർഷം മുഴുവനുള്ള ആവശ്യത്തിനായി സംരക്ഷിച്ചു വെച്ചിരുന്നു... മറ്റു പട്ടണങ്ങളിൽ നാഗരാസൂത്രണത്തിന്റെ ഭാഗമായി പട്ടണത്തെ സിറ്റാഡൽ ( ഉയർന്ന ഭാഗം ) ലോവർ ടൗൺ എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളതെങ്കിൽ ധോളാവീരയിൽ പട്ടണത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. സിറ്റാഡൽ, മിഡിൽ ടൗൺ, ലോവർ ടൗൺ എന്നിങ്ങനെ.. മൊത്തം നഗരത്തെ ചുറ്റുമതിൽ കെട്ടിയും സംരക്ഷിച്ചിരുന്നു.

 ധോളാവീര സ്പെഷ്യൽ കാഴ്ചകൾ

ധോളാവീര സ്പെഷ്യൽ കാഴ്ചകൾ

പട്ടണത്തിലേക്കു കടക്കുന്നിടത്തു ഒരു കോട്ടവാതിലും അതിനു മുകളിൽ ഒരു സൈൻ ബോർഡും ഒക്കെ ധോളാവീരയുടെ പ്രത്യേകതകളാണ്. ഹാരപ്പൻ സംസ്കാരത്തിൽ നിന്ന് ലഭിച്ചുട്ടുള്ളതിൽ വെച്ചു ഏറ്റവും വലിയ എഴുത്തുകൾ ആണ് ഈ സൈൻ ബോർഡ്.. സാധാരണ സീലുകളിൽ ആണ് അവരുടെ എഴുത്തു വിദ്യകൾ കാണപ്പെടുന്നത്.. എഴുത്തുകളോ ചിഹ്നങ്ങളോ ഇല്ലാത്ത സീലുകളും ധോളാവീരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്....

മ്യുസിയത്തിൽ നിന്നിറങ്ങി ഉൽഖനനം നടത്തിയ സ്ഥലങ്ങൾ കാണാനായി പുറപ്പെട്ടു.. ആദ്യമേ തന്നെ അവരുടെ ജലസംഭരണികൾ കാണാം. അവിടെ നിന്ന് മുന്നോട്ടു പോയാൽ സിറ്റാഡലിലേക്കു കയറും. പഴയ കൽത്തൂണിന്റെ അവശിഷ്ടം ഇപ്പോഴും അവിടെയുണ്ട്... മുകളിലെത്തിയാൽ പട്ടണത്തിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ലോവർ ടൗണിന്റെയും മനോഹരം ദൃശ്യം.. അസംബ്ലി ഏരിയ മുതൽ ജലശുദ്ധീകരണ സംവിധാനങ്ങൾ വരെ ഉള്ള സൗകര്യങ്ങൾ . ചരിത്രത്തിൽ താല്പര്യമുള്ളവരെ അത്ഭുതപ്പെടുത്തുന്ന നാഗരാവശിഷ്ടം. അല്ലാത്തവർക്ക് ഇതൊക്കെ വെറും കല്ലുകൾ.. ഒരു മണിക്കൂറോളം അവിടെയൊക്കെ ഒന്ന് കറങ്ങി.. വിരേന്ദർ സാറിനു ഇപ്പോഴാണ് ഒന്ന് സമാധാനം ആയതു, ഞാൻ പറ്റിക്കൽ അല്ല എന്ന് മനസ്സിലായത്..

മടക്ക യാത്ര

മടക്ക യാത്ര

ധോളാവീരയിൽ നിന്ന് തിരിച്ചു വരുമ്പോൾ ഞാൻ ഓർത്തു ചരിത്രം പലപ്പോഴും മുന്നോട്ടു മാത്രമല്ല പിന്നോട്ടും സഞ്ചരിക്കും.. ഒരു കാലത്തു ലോകത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നിൽ ജീവിച്ചിരുന്ന ജനതയുടെ പിൻഗാമികൾ ഇപ്പോൾ ഈ ഗ്രാമങ്ങളിൽ..

ഇരുൾ പരക്കുന്നതിന് മുൻപ് കാദർ ബിറ്റ് കടക്കണം എന്ന് തോന്നിയത് കൊണ്ട് എത്രയും പെട്ടെന്ന് തിരിച്ചു... വരുന്ന വഴിക്കു ബാലസാറിൽ ഒരു ഹോട്ടലിൽ കയറി റോട്ടിലേയും കിച്ചടിയും കഴച്ചു വിശപ്പടക്കി.. വിരേന്ദർ സാറിനു ഇവിടെ എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നായിട്ടുണ്ട് ... വാഹനത്തിരക്കൊന്നും ഇല്ലാത്തതിനാൽ 10 മണിയോടെ രാപ്പറിൽ എത്തി. തലേന്ന് താമസിച്ച ഹോട്ടലിൽ തന്നെ താമസം..

തിരിച്ച് ജാംനഗറിലേക്ക്

തിരിച്ച് ജാംനഗറിലേക്ക്

രാവിലെ റാപ്പറില് നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചു തിരിച്ചു ജാംനഗറിലേക്കു.. ഉച്ചയോടു കൂടി മോർബിയിൽ എത്തി... മാലിയ- ദ്രോൾ റൂട്ട് മോശമായതിനാൽ ആണ് മോർബി- തങ്കാറ വഴി വരാൻ തീരുമാനിച്ചത്.. മോർബിയിൽ നോൺ വെജ് ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഉണ്ട്.. ഉച്ചയോടെ എത്തി ഒരു ഹോട്ടലിൽ കയറി ചെമ്മീൻ ഫ്രയും മീൻ കറിയും കൂട്ടി ചപ്പാത്തി കഴിച്ചപ്പോൾ ഒന്ന് രണ്ടു മാസം മീൻ കഴിക്കാൻ കിട്ടാത്തതിന്റെ അസ്വസ്ഥത മാറി കിട്ടി... ടങ്കാര കഴിഞ്ഞപ്പോൾ ചെറുതായി മഴ പൊടിയാൻ തുടങ്ങി.. വല്ലാത്ത ക്ഷീണവും. കുറച്ചു സമയം റോഡരികിൽ പുൽത്തകിടിയിൽ കിടന്നുറങ്ങിയപ്പോൾ ക്ഷീണം മാറി.. 5. 30 ഓടെ ധോളാവീര പര്യാടനം അവസാനിപ്പിച്ചു ജാംനഗറിലെത്തി..

ആശിച്ചതു മുഴുവനും കാണാൻ പറ്റാത്ത നിരാശ ഒരു വശത്ത് ഒരു പാട് കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം മറു വശത്തു... വ്യത്യസ്തമായ സംസ്കാരങ്ങളും ജീവിതങ്ങളും തേടിയുള്ള, ഭാരതത്തിന്റെ ആത്മാവ് തേടിയുള്ള എന്റെ യാത്രകൾ തുടരും.

റൂട്ട്

റൂട്ട്

#Jamnagar -#Dhrol-#Malia-#Samkhiali -#Chitrod -#Rapar -#Surkodada-#Dholavira-#Rapar #Morbi -#Jamnagar -625 km

ഭക്ഷണം പെട്രോൾ,താമസം എന്നിവ അടക്കം ചെലവ് - 1300 രൂപ.

ആദ്യമായി കണ്ടെത്തിയ സൈറ്റ് ഹാരപ്പ ആയതു കൊണ്ടാണ് ഹാരപ്പൻ സംസ്കാരം എന്ന് പറയുന്നതു. സിന്ധു നദിയുടെയും അതിന്റെ പോഷക നദികളുടെയും അടുത്താണ് പ്രധാന സൈറ്റുകൾ അതിനാൽ സിന്ധു നദീതട സംസ്കാരം എന്ന് വിളിക്കുന്നു. രണ്ടും ഒന്ന് തന്നെയാണ്.

 ധോളാവീര ട്രാവൽ ടിപ്സ്

ധോളാവീര ട്രാവൽ ടിപ്സ്

* മഴക്കാലത്തിനു ശേഷം വിന്റർ കഴിയുന്നതു വരെയുള്ള കാലമാണ് സന്ദർശനത്തിന് നല്ലത്.. മരുപ്രദേശം ആയതിനാൽ വേനൽ കാലത്തു യാത്ര കുറച്ചു കടുപ്പം ആവും.

* താമസിക്കാൻ രാപ്പാർ ആണ് നല്ലത് സുവിധ ഗസ്റ്റ് ഹൌസ് ( 9586656199)

* ധോളാവീരയിലും ഹോംസ്റ്റേയ്കളും ഗസ്റ്റ് ഹൗസും ഉണ്ട്.

* രാപ്പാർ നിന്ന് GSRTC പ്രൈവറ്റ് ബസ്സുകൾ ഒക്കെ ലഭ്യമാണ്.. ഉച്ചക്ക് ശേഷം രാപ്പാർ നിന്ന് ധോളാവീരയിലേക്കും രാവിലെ ധോളാവീരയിൽ നിന്ന് രാപാരിലേക്കും ആണ് ബസ്സുകൾ. അതിനാൽ രാത്രി ആയാൽ ധോളാവീരയിൽ നിന്ന് തിരിച്ചു ബസ്സു കിട്ടില്ല.

* ധാരാളം വെള്ളം കയ്യിൽ കരുതണം.

* ധോളാവീര മ്യുസിയം- 10 AM - 5PM വെള്ളിയാഴ്ച അവധി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X