നഗരമധ്യത്തിൽ പടിഞ്ഞാറ് ദിശയിൽ കായലിലേക്ക് ദർശനമായി നില്‌ക്കുന്ന ഒരു ക്ഷേത്രം. എറണാകുഴം ശിവക്ഷേത്രമെന്ന എറണാകുളത്തപ്പൻ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആവോളമുണ്ട് ഈ ശിവക്ഷേത്രത്തിന്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായി കാലം വിലയിരുത്തിയ ഇവിടെ അത്യുഗ്രമൂർത്തിയായ ശിവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് ദർശനമുള്ള അപൂർവ്വ ക്ഷേത്രമെന്ന പ്രത്യേകത മാത്രമല്ല ഈ ക്ഷേത്രത്തിനുള്ളത്. മറിച്ച്, ഇവിടുത്തെ പ്രതിഷ്ഠ മുതല്‍ ദർശനവും ഐതിഹ്യങ്ങളുമെല്ലാം വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. എറണാകുളത്തപ്പൻ ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

എറണാകുളത്തപ്പൻ ക്ഷേത്രം
എറണാകുളംകാരുടെ വിശ്വാസങ്ങളിൽ പണ്ടുമുതലേയുള്ള സാന്നിധ്യമാണ് എറണാകുളം ശിവക്ഷേത്രം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ തന്നെ എന്നും കാണുന്ന ക്ഷേത്രം എന്ന തരത്തിലുള്ള പരിചയവും വിശ്വാസികൾക്കുണ്ട്, പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളിൽ ഒന്നായ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രം, പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

ചരിത്രത്തിലൂടെ
സമ്പന്നമായ ചരിത്രവും വിശ്വാസങ്ങളുമാണ് എറണാകുളത്തപ്പന് ക്ഷേത്രത്തിനുള്ളത്. പാർവ്വതി സമേതനായം കിരാത മൂര്‍ത്തിയായും ശിവനെ ആരാധിക്കുന്നുണ്ടെങ്കിലും പടിഞ്ഞാറ് ദർശനമുള്ള അപൂർവ്വ ക്ഷേത്രം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ചേരാനെല്ലൂർ കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരുമാണ് ക്ഷേത്രത്തെ കാലാകാലങ്ങളിൽ പരിപാലിച്ചുപോന്നിരുന്നത് എന്നാണ് ചരിത്രം പറയുന്നത്. കൊച്ചി മഹാരാജാവിന്റെ 7 രാജകീയ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നും ചരിത്രം പറയുന്നു. കൊച്ചി നഗരത്തിന്റെ ചരിത്രവും വളർച്ചയുമായും ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നാഗത്തിന്‍റെ ശിരസ്സുള്ള ദേവലനും എറണാകുളം ക്ഷേത്രവും
എറണാകുളത്തപ്പൻ ക്ഷേത്രത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകളും വിശ്വാസങ്ങളും പ്രദേശത്ത് പ്രചാരത്തിലുണ്ട്. അതിലേറ്റവും പ്രസിദ്ധം നാഗത്തിന്‍റെ ശിരസ്സുള്ള ദേവലനുമായി ബന്ധപ്പെട്ടതാണ്. ഈ കഥയുടെ പഴക്കം ദ്വാപരയുഗത്തോളമുണ്ട്. കുലമുനി എന്നു പേരായ മഹര്‍ഷിയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചു പോന്നിരുന്നു. അദ്ദേഹത്തിന്‍റെ ഒരു ശിഷ്യനായിരുന്നു ദേവലൻ. ഒരിക്കൽ ദേവലൻ കൂട്ടുകാരുമൊത്ത് വനത്തിൽ പോയപ്പോൾ ഒരു സർപ്പത്തെ കണ്ടു. എല്ലാവരും പേടിച്ചുപിൻവാങ്ങിയെങ്കിലും ദേവലന് കാട്ടുവള്ളിവെച്ച് കുടുക്കുണ്ടാക്കി ആ നാഗത്തെ പിടിക്കുകയും കൊന്നുകളയുകയും ചെയ്തു. ഇതറിയുവാനിടയായ മഹർഷി ദേവലനെ പാമ്പിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയായി മാറട്ടെ എന്ന് ശപിച്ചു. ദേവലൻ ശാപമോക്ഷത്തിനേക്ഷിച്ചപ്പോൾ ശാപമോക്ഷത്തിന് ഒരു വഴി പറഞ്ഞു നല്കുകയും ചെയ്തു. എന്തായാലും ശാപം ലഭിച്ച ദേവലൻ ഒരു വിചിത്രരൂപിയായ നാഗർഷി ആയി മാറി മാറുകയും കയ്യിൽ കരുതിയിരുന്ന ശിവലിംഗവുമായി അവിടുന്ന പോവുകയും ചെയ്തു. അങ്ങനെ ശാപമോക്ഷത്തിനായി അലഞ്ഞ ദേവലൻ എറണാകുളത്തെത്തിയത്രെ. ഇവിടെ കണ്ട വൃക്ഷത്തണലിൽ വിഗ്രഹംവെച്ച് കുളിക്കുവാനിറങ്ങുകയും തുടര്‌ന്ന് പൂജ നടത്തുകയും ചെയ്തു.എന്നാൽ കുളത്തിൽ ഒരു ഭീകരജീവിയെ കണ്ട് പേടിച്ച ഇവിടുള്ളവർ സംഘടിച്ച് നാഗർഷിയെ ഉപദ്രവിക്കുവാൻ തുടങ്ങി. അങ്ങനെ വിഗ്രഹവുമായി രക്ഷപെടുവാൻ നോക്കുമ്പോൾ വിഗ്രഹം ഉറച്ചിരിക്കുന്നതായി മനസ്സിലാക്കുകയും അങ്ങനെ അതിന് അവിടെ പൂജ ചെയ്തപ്പോൾ ശാപമോക്ഷം വരികയും ചെയ്തു. അങ്ങനെ ഇവിടെ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം എന്നാണ് വിശ്വാസം.

സ്വയം പടിഞ്ഞാറേയ്ക്കു മാറിയ ഭഗവൻ
കൊച്ചി കായലിനു അഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയുള്ളത്. രണ്ടരയടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത്. ഇവിടെ പടിഞ്ഞാറ് ദർശനം വന്നതിനെപ്പറ്റി രണ്ട് കഥകളാണ് പ്രചാരത്തിലുള്ളത്. അതിലൊന്ന് ഉഗ്രമൂർത്തിയായ ശിവന്റെ കോപം മൂലം കിഴക്ക് ദിശയിലുണ്ടായിരുന്ന ചേർത്തറ പോലുള്ള പ്രദേശങ്ങൾ അഗ്നിയ്ക്കിരയായത്രെ. അപ്പോൾ വില്വമംഗലം സ്വാമിയാർ പറഞ്ഞതനുസരിച്ച് ശിവൻ പടിഞ്ഞാറോട്ട് സ്വയം മാറിയത്രെ. മറ്റൊന്ന്, കൊച്ചി പഴയന്നൂർ ക്ഷേത്രത്തിലെ ഭഗവതിയ്ക്ക് ദർശനം നൽകുവാനാണ് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞതെന്നും വിശ്വാസമുണ്ട്.

ശത്രുക്കളുടെ മേൽ വിജയം നേടാം
നേരത്തെ പറഞ്ഞതുപോലെ കിരാതമൂർത്തിയായി ആണ് ഇവിടുത്തെ പ്രതിഷ്ഠയുടെ ഒരു ഭാവമുള്ളത്. അർജുനന് പാശുപതാസ്തരം നല്കിയ ഭാവമാണിതെന്നാണല്ലോ വിശ്വാസം. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ ശത്രുക്കളെ എതിരിടുവാനുള്ള കഴിവും അവരെ വിജയിക്കുവാനുള്ള കഴിവും ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ കൃത്യമായി വഴിപാടും പ്രാർത്ഥനകളും നടത്തിയാൽ വിവാഹം മംഗളകരമായി നടക്കുകയും രോഗങ്ങൾ ഭേദമാവുകയും ചെയ്യുമത്രെ!

പൂജാ സമയവും വഴിപാടുകളും
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഒരു മഹാക്ഷേത്രത്തിലേതിനു തുല്യമായ വിധത്തിലുള്ള പൂജകളും പ്രാർത്ഥനകളുമാണ് നടന്നുവരുന്നത്. പുലർച്ചെ മൂന്നു മണിക്ക് ഇവിടെ നട തുറക്കും. അതിനുശേഷമുള്ള ഒരു മണിക്കൂറാണ് നിർമ്മാല്യദർശനം. അഭിഷേകം, ഉഷഃപൂജ, എതിരേറ്റുപൂജ,എതിരേറ്റു ശീവോലി, ജലധാരയും നവകാഭിഷേകവും, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചശീവേലി എന്നിവ നടത്തി 12 മണിക്ക് നട അടയ്ക്കും. അതിനു ശേഷം വൈകുന്നേരെ 4 മുതൽ 7.30 വരെ നട തുറന്നിരിക്കും,

ആയിരത്തൊന്നുകുടം ജലധാരയും എള്ള്കൊണ്ടുള്ള തുലാഭാരവും
ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് ആയിരത്തൊന്നുകുടം ജലധാരയാണ്. ശിവന്‍റെ കോപം തണുപ്പിക്കുവാനായി എല്ലാ ദിവസവും ഇത് നടത്താറുണ്ട്. ശിവന്റെ തൃക്കണ്ണിന് ലോക്തെ മുഴുവൻ നശിപ്പിക്കുവാനുള്ള കഴിവുണ്ടെന്നും അതിനാൽ ശിവനെ ശാന്തനായി നിർത്തുവാനുമാണ് ഓരോ തുള്ളിയായി ശിവലിംഗത്തിൽ വെള്ളമൊഴിച്ചുകൊണ്ടിരിയ്ക്കുന്നത് എന്നാണ് വിശ്വാസം. മറ്റൊന്ന്, എള്ളുകൊണ്ട് തുലാഭാരം നടത്തിയാൽ മൂത്രരോഗവിമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

മൂന്നു ക്ഷേത്രങ്ങള്‍
എറണാകുളത്തപ്പൻ എന്നാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ മൂന്ന് വലിയ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. എറണാകുളം ക്ഷേത്രം, കന്നഡശൈലിയിലുള്ള ഹനുമാൻ ക്ഷേത്രം, തമിഴ് ശൈലിയിലുള്ള സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണവ. ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്തായാണ് ഇതുള്ളത്. പ്രത്യക്ഷത്തിൽ എറണാകുളത്തപ്പൻ ക്ഷേത്രവുമായി ഇതിന് ബന്ധമില്ലെങ്കിലും ഇവിടെയും ദർശനം നടത്തിയേ വിശ്വാസികൾ മടങ്ങാറുള്ളൂ. ഇവിടുത്തെ തമിഴ് ബ്രാഹ്മണ സമൂഹത്തിനായി കൊച്ചി ദിവാൻ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം നിർമ്മിക്കുവാന് മുൻകൈ എടുത്തത്. വള്ളീ-ദേവയാനീസമേതനായ സുബ്രഹ്മണ്യസ്വാമിയാണ് ഇതിലെ പ്രതിഷ്ഠ.

ഹനുമാൻ സ്വാമി ക്ഷേത്രം
കന്നഡശൈലിയിലുള്ള ഹനുമാൻ ക്ഷേത്രം, കിഴക്കേ ഗോപുരത്തിനു പുറത്തായാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ തുളു മാധ്വബ്രാഹ്മണർക്കായി കൊച്ചി ദിവാൻ വെങ്കടറാവു ആണ് ഇതിന്റെ നിര്‍മ്മാണത്തിനു മേൽനോട്ടം വഹിച്ചത്. കന്നഡ മധ്വസമ്പ്രദായമനുസരിച്ചാണ് ഇവിടുത്തെ പൂജകളും മറ്റും നടക്കുന്നത്. എറണാകുളത്തപ്പൻ ക്ഷേത്രവും ഈ ക്ഷേത്രവും തമ്മിൽ അങ്ങനെ പ്രത്യേക ബന്ധങ്ങളൊന്നുമില്ല.
ചിത്രങ്ങൾക്കു കടപ്പാട്:Ernakulam Shiva Temple Wikipdia
ഗുരുവായൂർ ഏകാദശി രണ്ട് ദിവസങ്ങളിൽ, ദർശന സമയം 80 മണിക്കൂർ.. ഏകാദശി ദർശനഫലങ്ങളിങ്ങനെ
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ