» »കോട്ടകള്‍ കഥപറയുന്ന കന്നഡനാട്

കോട്ടകള്‍ കഥപറയുന്ന കന്നഡനാട്

Written By: Elizabath

പൈതൃകത്തിന്റെ കാര്യത്തില്‍ പകരംവെയ്ക്കാനില്ലാത്ത നാടാണ് കര്‍ണ്ണാടക. ഇവിടം ഭരിച്ചിരുന്ന ചാലൂക്യന്‍മാരും മൗര്യന്‍മാരും ഹൊയ്‌സാല രാജവംശവും വിജയനഗര രാജാക്കന്‍മാരും അവശേഷിപ്പിച്ചിരിക്കുന്ന ശേഷിപ്പുകള്‍ മാത്രം നോക്കിയാല്‍ മതി അക്കാലത്തെ കര്‍ണ്ണാടകയുടെ മഹത്വവും ഗാംഭീര്യവും തിരിച്ചറിയാന്‍. വിവിധ രാജവംശങ്ങള്‍ സ്ഥാപിച്ച ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇവിടെ നിലനിന്നിരുന്ന പ്രൗഡപാരമ്പര്യത്തെ തന്നെയാണ്.
നിലനില്‍ക്കുന്ന സ്മാരകങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് ഇവിടെ അങ്ങോളമിങ്ങോളം തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടകള്‍.
കര്‍ണ്ണാടകയിലെ പ്രശസ്തമായ കോട്ടകളെ പരിചയപ്പെടാം.

ചിത്രദുര്‍ഗ കോട്ട

ചിത്രദുര്‍ഗ കോട്ട

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചിത്രദുര്‍ഗ കോട്ടയാണ് ഇവിടുത്തെ കോട്ടകളില്‍ ഏറെ പ്രശസ്തം.
17-18 നൂറ്റാണ്ടുകളിലായി നിര്‍മ്മിക്കപ്പെട്ടുവെന്നു കരുതുന്ന കോട്ടയുടെ നിര്‍മ്മാണത്തിലും മാറ്റംവരുത്തലുകളിലും ഇവിടം ഭരിച്ചിരുന്ന മിക്ക രാജവംശങ്ങളും പങ്കാളികളായിട്ടുണ്ട്.
കോട്ടയ്ക്കു ചുറ്റുമായി വൃത്താകൃതിയിലുള്ള ഏഴു ചുവരുകളാണുള്ളത്. അതില്‍ മൂന്നെണ്ണം കോട്ടയുടെ താഴ്ഭാഗത്തും ബാക്കി നാലെണ്ണം കുന്നിന്റെ മുകളിലുമായാണ് സ്ഥിതി ചെയ്യുന്നത്.
കോട്ടക്കുള്ളിലായി ഉപകോട്ടകളും ധാരാളം ക്ഷേത്രങ്ങളും സംഭരണ ശാലകളും കൂടാതെ ഹൈദരലിയുടെ കാലത്ത് പണിതീര്‍ത്ത ഒരു മസ്ജിദും കാണാന്‍ സാധിക്കും.

PC: veeresh.dandur

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും 407 കിലോമീറ്റര്‍ ദൂരമാണ് ചിത്രദുര്‍ഗ കോട്ടയിലേക്കുള്ളത്. ബെംഗളുരുവില്‍ നിന്ന് 200 കിലോമീറ്ററും ഹംപിയില്‍ നിന്ന് 120 കിലോമീറ്ററുമാണ് ദൂരം.

വാതാപി കോട്ട

വാതാപി കോട്ട

വാതാപി-ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വാതാപി ഗുഹാക്ഷേത്രങ്ങള്‍ക്കും കോട്ടയ്ക്കും ഏറെ പ്രശസ്തമാണ്.
ചുവന്ന പാറക്കെട്ടുള്ള ഇവിടുത്തെ കുന്നുകള്‍ക്കു മുകളിലായാണ് വാതാപി കോട്ട സ്ഥിതി ചെയ്യുന്നത്. ഇവിടെ ധാരാളം പീരങ്കികള്‍ സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ കോട്ടയില്‍ കാണാന്‍ സാധിക്കും.
കോട്ടയുടെ ചുമരുകള്‍ക്കുള്ളില്‍ നീരീക്ഷണ ഗോപുരങ്ങളും ക്ഷേത്രങ്ങളും കാണാന്‍ കഴിയും.

PC: Ajay Panachickal

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും മംഗലാപുരം വഴി യാത്രചെയ്യുകയാണെങ്കില്‍ വാതാപിയിലെത്താന്‍ 606 കിലോമീറ്റര്‍ ദൂരമാണുള്ളത്.

മിര്‍ജാന്‍ കോട്ട

മിര്‍ജാന്‍ കോട്ട

പതിനാറം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മിര്‍ജാന്‍ കോട്ട കര്‍ണ്ണാടകയുടെ തീരപ്രദേശമായ കുംടയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കുംടയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണിത്. കോട്ടയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഒന്നും വ്യക്തമല്ല.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പുരാവസ്തു ഖനനരംഗത്ത് വളരെ പ്രാധാന്യം നല്കുന്ന ഒരിടമാണ് മിര്‍ജാന്‍ ഗുഹകള്‍. ഇവിടെ നടത്തിയ ഖനനത്തില്‍ നിന്നും ചൈനീസ് പിഞ്ഞാണങ്ങളും ഇസ്ലാമിക ശിലാലിഖിതങ്ങളും സ്വര്‍ണ്ണ നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ചെങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ടയ്ക്ക് നാലു പ്രവേശന കവാടങ്ങളാണുള്ളത്. രണ്ടുനിര ചുവരുകളുള്ളതാണ് ഈ കോട്ട.

PC: Ramnath Bhat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും മുരുടേശ്വര്‍ വഴി 351 കിലോമീറ്റര്‍ അകലെയാണ് മിര്‍ജാന്‍ കോട്ട.
ബെംഗളുരുവില്‍ നിന്നും ദേവ്‌നാഗരെ വഴി 552 കിലോമീറ്റര്‍ വേണം ഇവിടെയെത്താന്‍.

ബെംഗളുരു ഫോര്‍ട്ട്

ബെംഗളുരു ഫോര്‍ട്ട്

ബെംഗളുരു നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരു കോട്ടയോ എന്നോര്‍ത്ത് അത്ഭുതപ്പെടേണ്ട. കാര്യം ശരിയാണ്. കെ.ആര്‍. മാര്‍ക്കറ്റിന്റെ സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കെംപഗൗഡ ഒന്നാമന്റെ കാലത്ത് മണ്ണുകൊണ്ട് നിര്‍മ്മിച്ചതായിരുന്നു ഈ കോട്ട. ഹൈദരലിയാണ് കോട്ട കല്ലുപയോഗിച്ച് മാറ്റി നിര്‍മ്മിച്ചത്. പിന്നീട് കോട്ട ടിപ്പു സുല്‍ത്താന്റെയും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെയും കൈകളിലെത്തി.
ടിപ്പു സുല്‍ത്താന്റ വേനല്‍ക്കാല വസതി ഈ കോട്ടയ്ക്കുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. തേക്കിന്‍തടിമാത്രമാണ് ഈ വസതിയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 2005 മുതല്‍ ഈ കോട്ട പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

PC: Indrajit Roy

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കെ.എസ്.ആര്‍.ടി.സി.യുടെ ബെംഗളുരു സാറ്റ്‌ലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളു ബെംഗളുരു ഫോര്‍ട്ടിലെത്താന്‍.

 ബെല്ലാരി കോട്ട

ബെല്ലാരി കോട്ട

ബെല്ലാരി സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ബെല്ലാരികോട്ട ബെല്ലാരി കുന്നുകള്‍ക്കു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്ക് പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. ഇതില്‍ വിജയനഗര സാമ്രാജ്യത്തിലെ ഹനുമാനപ്പ നായക മുകള്‍ഭാഗവും ഹൈദരലി താഴെഭാഗവും നിര്‍മ്മിച്ചു.

PC: Ravibhalli

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും ബെല്ലാരിയിലെത്താന്‍ പതിനൊന്ന് മണിക്കൂറോളം ദൂരമാണ് സഞ്ചരിക്കേണ്ടത്. കണ്ണൂരില്‍ നിന്നും മൈസൂര്‍ വഴി 514 കിലോമീറ്ററാണ് ഇവിടേക്ക്.

 ബിഡാര്‍ കോട്ട

ബിഡാര്‍ കോട്ട

ബോളിവുഡ്-കോളിവുഡ് സിനിമകളുടെ ഒരു പ്രധാന ലൊക്കേഷനാണ് ബിഡാര്‍ കോട്ട. ഒരു സ്മാരകമായി സംരക്ഷിക്കപ്പെടുന്ന ഈ കോട്ടയ്ക്കുള്ളിലായി മുപ്പതോളം സ്മാരകങ്ങള്‍ വേറെയുണ്ട്.
പ്രശസ്ത ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചര്‍ ഇവിടെയാണ് ചിത്രീകരിച്ചത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും മൈസൂര്‍-ബാംഗ്ലൂര്‍ വഴി ആയിരം കിലോമീറ്ററോളം അകലെയാണ് ബിഡാര്‍ കോട്ട സ്ഥിതി ചെയ്യുന്നത്.

 ബസവകല്യാണ്‍ കോട്ട

ബസവകല്യാണ്‍ കോട്ട

പത്താം നൂറ്റാണ്ടില്‍ കല്യാണി-ചാലൂക്യവംശത്തിലെ നളരാജന്‍ പണികഴിപ്പിച്ച ബസവകല്യാണ്‍ കോട്ട
മുന്‍കാലങ്ങളില്‍ കല്യാണി കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അധ്യാത്മിക പണ്ഡിതനായിരുന്ന ബസവേശ്വരന്റെ നാമത്തില്‍ 12-ാം നൂറ്റാണ്ടിലാണ് കോട്ടയ്ക്ക് ബസവകല്യാണ്‍ കോട്ട എന്ന പേരിട്ടത്.
കോട്ടയുടെ ഏഴു വാതിലുകളില്‍ അഞ്ചെണ്ണം ഇപ്പോഴും നല്ലരീതിയിലാണ്.
കുന്നിനു മുകളിലായി പരന്നു കിടക്കുന്ന രീതിയില്‍ പണിതിരിക്കുന്ന കോട്ട എളുപ്പം ശത്രുക്കളുടെ കണ്ണില്‍ പെടില്ല.
കോട്ടയ്ക്കുള്ളില്‍ ഇപ്പോഴും രാജാവിന്റെയും രാജ്ഞിയുടെയും കൊട്ടാരങ്ങളും ക്ഷേത്രവും കുളവും കാണാന്‍ സാധിക്കും.

PC: Manjunath Doddamani Gajendragad

Read more about: forts, karnataka, monuments