കൊല്ലംകാരുടെ ജീവിതത്തിൽ ക്ഷേത്രങ്ങൾക്കും വിശ്വാസങ്ങൾക്കുമുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. ക്ഷേത്രത്തിൽ നിന്നു തുടങ്ങുന്ന ജീവിതമാണ് ഇവിടുത്തെ പല വിശ്വാസികൾക്കുമുള്ളത്. തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ഇവിടുത്തെ പല ക്ഷേത്രങ്ങളിലെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഒരു തമിഴ് പെരുമയും കാണുവാൻ സാധിക്കും. ഇവിടുത്തെ ക്ഷേത്രങ്ങളിലെത്തുന്ന വിശ്വാസികളിൽ അധിക പങ്കും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.
കേരളത്തിന്റെ സംരക്ഷണത്തിനായി പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം മുതൽ ഉറുമ്പിൻ പുറ്റിനുള്ളിൽ ദേവി വസിക്കുന്ന ക്ഷേത്രം വരെ ഇവിടുത്തെ ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളെ കാണിക്കുന്നവയാണ്. പുറംനാട്ടുകാർക്ക് അധികം പരിചയമില്ലാത്ത കൊല്ലത്തെ ക്ഷേത്രങ്ങളെ അറിയാം...

അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര
കേരളത്തിന്റെ മൊത്തത്തിലുള്ള സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമൻ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് സ്ഥിതി ചെയ്യുന്ന അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം. പൂജകളിലും ആചാരങ്ങളിലും വളരെയധികം വ്യത്യസ്തത പുലർത്തുന്ന ഊ ക്ഷേത്രത്തിൽ എത്തുന്നവർ കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. സർപ്പ വിഷമേറ്റവർക്ക് ഇവിടുത്തെ ശാസ്താവിന്റെ കൈയ്യിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം കൊണ്ട് ചികിത്സ നടത്തിയാൽ ഭേദമാകും എന്നൊരു വിശ്വാസമുണ്ട്. തെങ്കാശിയിൽ നിന്നാണ് ഇവിടെ കൂടുതലും വിശ്വാസികളെത്തുന്നത്.
PC:Fotokannan

ആര്യങ്കാവ് ശാസ്താ ക്ഷേത്രം
നാലമ്പലത്തിനുള്ളിൽ സ്ത്രീകൾക്കു പ്രവേശനമില്ലാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കൊല്ലം-തിരുമംഗലം ദേശീയ പാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് ശാസ്താ ക്ഷേത്രം. റോഡിൽ നിന്നും 35 അടിയോളം താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശപരാമന്റെ അഞ്ച് ധർമമ് ശാസ്താ ക്ഷേത്രങ്ങളിലൊന്നാണെന്നാണ് കരുതപ്പെടുന്നത്.
കേരളൃതമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളിലും ഈ മിശ്രണം കാണാം. ഇവിടെ നാലമ്പലത്തിനുള്ളിൽ മലയാള ആചാരങ്ങളും ഉത്സവ സമയത്ത് തമിഴ് ആചാരങ്ങളുമാണത്രെ പിന്തുടരുന്നത്.

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കൈകളിൽ വെണ്ണയുമായി നിൽക്കുന്ന നവനീത കൃഷ്ണനെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അഷ്ടമുടിക്കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തോട് ചേർന്ന് ഒരു അയ്യപ്പ ക്ഷേത്രം കൂടിയുണ്ട്. പതിനെട്ട് പടികളുമായി ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കൊല്ലം പൂരം വലിയ ആഘോഷമാണ്. ഇതിൽ കൊല്ലം ജില്ലയിലെ മിക്ക ക്ഷേത്രങ്ങളും പങ്കെടുക്കാറുണ്ട്.
PC:Pranav Mohan

കടക്കൽ ദേവീ ക്ഷേത്രം
പ്രത്യേകതകളേറെയുള്ള ക്ഷേത്രമാണ് കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട്ടിൽ സ്ഥിതി ചെയ്യുന്ന കടക്കൽ ദേവി ക്ഷേത്രം. പ്രത്യേകിച്ച് പ്രതിഷ്ഠകളോ മറ്റോ ഇല്ലങ്കിലും നാനാജാതി മതസ്ഥർ ഇവിടെ പ്രാർഥിക്കാനും അനുഗ്രഹത്തിനുമായി എത്താറുണ്ടത്രെ. ഭദ്രകാളിലെയാണ് കടയ്ക്കലമ്മ എന്ന പേരിൽ ഇവിടെ ആരാധിക്കുന്നത്. പതിറ്റാണ്ടുകൾക്കു മുൻപ് ദേവി ഇവിടെ സ്വയംഭൂവായപ്പോൾ ദേവിയുടെ ചൈതന്യം മുഴുവനായി കാണുവാൻ ഭാഗ്യം ലഭിച്ച നെട്ടൂർ കുറുപ്പിന്റെ തലമുറക്കാരാണ് ഇവിടുത്തെ പൂജാരികൾ. അതുകൊണ്ടുതന്നെ അബ്രാഹ്മണർ പൂജ ചെയ്യുന്ന ക്ഷേത്രം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം
കൊല്ലത്തെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം . കാര്യസാധ്യത്തിനായി പുരുഷൻമാർ വ്രതം നോറ്റ് സ്ത്രീകളുടം രൂപം കെട്ടി വിളക്കെടുക്കുന്ന അപൂർവ്വ ചടങ്ങുള്ള ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം. കേരളത്തിനു പുറത്തുള്ളവർക്കിടയിൽ പ്രശസ്തമായിരിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിലൊന്നാണിത്.

കോട്ടുക്കൽ ഗുഹാക്ഷേത്രം
ഒറ്റശിലയിൽ കൊത്തിയെടുത്ത അപൂർവ്വ ക്ഷേത്രമാണ് അഞ്ചലിനു സമീപം സ്ഥിതി ചെയ്യുന്ന കോട്ടുക്കൽ ഗുഹാക്ഷേത്രം. ക്ഷേത്രം ആരു ഇവിടെ നിർമ്മിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 7-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയില്ഡ ഇവിടെ ഈ ഗുഹാ ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്നാണ് വിശ്വാസം. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്ര്തിൽ കുംഭമാസത്തിലെ ശിവരാത്രി നാളിലാണ് ഉത്സവം നടക്കുന്നത്.

കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താ ക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം കുളത്തൂപുഴയിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപുഴ നദിയുടെ തീരത്തായാണ് ഈ ക്ഷേത്രമുള്ളത്. ചിതറിത്തെറിച്ച എട്ടു കല്ലുകളിൽ നിന്നും നിർമ്മിച്ച ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ത്വക്ക് രോഗങ്ങൾ അകലാനായി മീനൂട്ട് നടത്തുനന് വഴിപാടും ഇവിടെയുണ്ട്.
PC: Binupotti

വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം
കൊല്ലത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിലൊന്നാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. കൊടുങ്ങല്ലൂരമമ്യാണ് ഇവിടെ കൂമ്പായിക്കുളം അമ്മയായി വാഴുന്നതെന്നാണ് വിശ്വാസം. കൃഷ്ണ ശിലയിൽ മേൽക്കൂരയില്ലാതെ നിർമ്മിച്ച ശ്രീകോവിലാണ് ഇവിടെയുള്ളത്. കൊല്ലവർഷത്തിൻറെ ആരംഭം ഈ ക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയ അന്നു മുതലാണ് കണക്കാക്കുവാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഏതാഗ്രഹവും സാധിക്കുവാനുള്ള കാര്യസിദ്ധി പൂജയാണ് ഇവിടുത്തെ പ്രധാന വഴിപാട്.
PC:Vinodquilon

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം
മൂന്നുഭാഗവും ശാസ്താംകോട്ട കായലിനാൽ ചുറ്റി കിടക്കുന്ന ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം കേരളത്തിലെ തന്ന െപ്രശസ്തമായ ശാസ്താ ക്ഷേത്രമാണ്. ഭാര്യ പ്രഭാ ദേവി, മകൻ സത്യകൻ എന്നിവടോടൊപ്പമാണ് ശാസ്താവിനെ ഇവിടെ ആരാധിക്കുന്നത്. ശാസ്താവിൻറെ സേവകരായി കാണുന്ന വാനരൻമാർ ഇവിടുത്തെ പ്രത്യേകതയാണ്. ശ്രീരാമൻ രാവണനിഗ്രഹശേഷം സീതയോടും ലക്ഷ്മണനോടും കൂടി ഇതു വഴിവന്നുവെന്നും അപ്പോൾ ധർമ്മശാസ്താവിനെ കണ്ടു വണങ്ങിയെന്നും കഥയുണ്ട്.

പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം
ഉറുമ്പിൻപുറ്റിനുള്ളിൽ ദേവി വസിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് പരവൂരിലെ പുറ്റിങ്ങൽ ദേവീക്ഷേത്രം. കിളിമാനൂർ രാജാവ് നല്കിയ സ്ഥലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗക്കാർക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോരോ ആചാരങ്ങളുണ്ട്.