മാതാപിതാക്കള്‍ ആകുന്നതോടെ അത്രയും നാള്‍ ചെയ്ചിരുന്ന യാത്രകളില്‍ നിന്നും വിനോദങ്ങളില്‍ നിന്നുമെല്ലാം 'വോളണ്ടറി റിട്ടയര്‍മെന്‍റ് ചെയ്യുന്ന നിരവധി പേരെ നമ്മുടെ ചുറ്റിലും കാണാം. ചെറിയ കുട്ടികളുമായി പോകുന്ന യാത്രകളുടെ ബുദ്ധിമുട്ട് കരുതിയോ അല്ലെങ്കില്‍ നാട്ടുകാരെന്തു വിചാരിക്കുമെന്നോര്‍ത്തോ ഒക്കെയാവും പലരും യാത്രകള്‍ താത്കാലികമായി കുറച്ചുകാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നത്. കുട്ടികള്‍ വലുതായിട്ട് യാത്ര പോകാമെന്നു കരുതുന്നവരും കുറവില്ല.
ഈ രീതികള്‍ക്കിടയിലും മറ്റൊരു കൂട്ടരെയും നമുക്ക് കാണാന്‍ കഴിയും. തങ്ങളുടെ കുട്ടികളെയും കൂട്ടി ലോകമെമ്പാടും യാത്ര ചെയ്യുന്ന മാതാപിതാക്കള്‍. തങ്ങള്‍ കാണുന്ന ലോകം തങ്ങളുടെ കുഞ്ഞുങ്ങളെയും കാണിക്കണമെന്നോര്‍ത്തു പോകുന്നവര്‍, തങ്ങളേറെ പോകണമെന്നാഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് കുഞ്ഞുങ്ങളെ കൂട്ടുമ്പോള്‍ അവര്‍ തുറക്കുന്നത് നിരവധി വാതിലുകളാണ്. കുടുംബബന്ധങ്ങള്‍ക്ക് ശക്തി പകരുവാനും കുട്ടികളെ ലോകം കാണിച്ചു വളര്‍ത്തുവാനുമൊക്കെ അവരേയും കൂട്ടിയുള്ള സഞ്ചാരങ്ങള്‍ സഹായിക്കും. കുഞ്ഞുങ്ങളെ കൂട്ടിയുള്ള യാത്രയിലെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം...

ശക്തമാകുന്ന കുടുംബബന്ധങ്ങള്‍
ഇന്നത്തെ തിരക്കേറിയ ലോകത്ത് എല്ലാവരും ഓട്ടത്തിലാണ്. ജോലിയും അത് കഴിഞ്ഞെത്തുമ്പോഴുള്ള വീട്ടിലെ തിരക്കുകളെല്ലാം കൂടുമ്പോള്‍ പരസ്പരം ആഗ്രഹിക്കുന്നത്ര രീതിയില്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്നു വരില്ല. അപ്പോള്‍ മറ്റൊന്നിന്റെയും ശല്യമില്ലാതെ,ഓഫീസ് കാര്യങ്ങള്‍ അലട്ടാതെ, നിങ്ങള്‍ക്കും കുട്ടികള്‍ക്കും മാത്രമായി സമയം ചിലവഴിക്കണെമങ്കില്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് യാത്രകളാണ്. യാത്രകളില്‍ സ്വന്തമായൊരു ലോകം സൃഷ്ടിക്കാമെന്നതും രണ്ടുകൂട്ടര്‍ക്കും ആഗ്രഹിക്കുന്നത്രയും സമയം ഒരുമിച്ചിരിക്കാമെന്നതും ഏറ്റവും വലിയ ഗുണങ്ങളാണ്. യാത്രകൾ പോലുള്ള ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കും.
സാധാരണ ദിവസങ്ങളില്‍ സ്കൂളും പഠനും ആഴ്ചാവസാനങ്ങളിലെ എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികളും ഒക്കെ ചേര്‍ന്ന് മടുപ്പിക്കുന്ന ജീവിതത്തില്‍ നിന്നും കുട്ടികള്‍ക്ക് ഒരു മോചനം ലഭിക്കുകയും ചെയ്യും.
PC:Jakob Owens

സാഹചര്യങ്ങളോടിണങ്ങുന്നവരാക്കും
നിത്യജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് യാത്രയുടെ ലോകം. എന്നും ഒരേ തരത്തില്‍ ജീവിക്കുന്ന ദിവസങ്ങളില്‍ നിന്നും മാറി സാഹസികതയുടെയും പുത്തന്‍ സാഹചര്യങ്ങളുടെയും പുതിയ ആളുകളുടെ കടന്നുവരവിനെയുമെല്ലാം യാത്രകള്‍ സ്വാഗതം ചെയ്യുന്നു. ഓരോ സ്ഥലങ്ങള്‍ നല്കുന്ന ഓരോ തരത്തിലുള്ള അനുഭവങ്ങളും കുട്ടികളെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കാണ് കൊണ്ടുപോകുന്നത്.
യാത്രയിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളാണല്ലോ ഉള്ളത്. വാഹനങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നത്, ഭക്ഷണത്തിനായി വരി നില്‍ക്കുന്നത്, കാലാവസ്ഥയിലെ മാറ്റങ്ങള്‍, യാത്രയിലെ പെട്ടന്നുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിങ്ങനെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ പെട്ടന്നു ഉള്‍ക്കൊള്ളുവാന്‍ യാത്രാനുഭവങ്ങള്‍ സഹായിക്കും. ഓരോ കാര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നും എങ്ങനെ ഇടപെടണമെന്നും കാണിച്ചുതരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ യാത്രയില്‍ കാണുകയും ചെയ്യാം.

കൗതുകം വളര്‍ത്തും
ഇന്നത്തെ ഈ കാലത്ത് മിക്കപ്പോഴും ടെക്നോളജിയുടെ പിന്നിലണിനിരക്കുന്ന കുട്ടികളാണ് നമുക്കു ചുറ്റുമുള്ളത്. ആവശ്യപ്പെടുന്ന എന്തു വിവരങ്ങളും വിരല്‍ത്തുമ്പിലിന്നെത്തും. മാത്രമല്ല പ്രകൃതിയിലേക്കിറങ്ങിയുള്ള യാത്രകളും ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇതിനൊരു പരിഹാരമെന്നോണം കുട്ടികളെയും യാത്രകളില്‍ കൂട്ടാം. പ്രകൃതിയിലെ കാഴ്ചകള്‍ കുട്ടികളില്‍ കൗതുകം വളര്‍ത്തും. ഈ കൗതുകം ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തുവാനും പഠിക്കുവാനും സഹായിക്കും. കുട്ടികൾ തങ്ങളുടെ സമപ്രായക്കാരുമായും ചുറ്റുമുള്ള ലോകവുമായും ഇടപഴകുന്നത് അവരുടെ മൊത്തത്തിലുള്ള വളര്‍ച്ചയെ സഹായിക്കും.
PC:Artem Kniaz

ലോകം ഒരു ക്ലാസ് മുറിയാകുന്നു
പുറത്തെ ലോകം കുട്ടികള്‍ക്ക് എന്നുമൊരു പാഠശാലയാണ്. അവിടെ കാണുന്ന ഓരോ കാഴ്ചകളും പോകുന്ന ഓരോ സ്ഥലങ്ങളും പരിചയപ്പെടുന്ന പുതിയ ആളുകളുമെല്ലാം കുട്ടികളിലേക്ക് പുതിയ അറിവുകളാണ് എത്തിക്കുന്നത്. കണ്‍മുന്നില്‍ കാണുന്നതെല്ലാം അവര്‍ക്ക് ജിജ്ഞാസ ഉളവാക്കും. സ്ഥിരം കാഴ്ചകളും അനുഭവങ്ങളും അല്ലാ യാത്രയിലുള്ളത് എന്നതിനാല്‍ അവര്‍ക്ക് മടുപ്പില്ലാതെ സ്വീകരിക്കുവാനും സാധിക്കും.
PC:David Marcu

അറിഞ്ഞ് പഠിക്കാം
സ്കൂളില്‍ പുസ്തകങ്ങളില്‍ കണ്ട പലതും നേരിട്ടു കാണുവാന്‍ യാത്രകള്‍ സഹായിക്കുമെന്നതിനാല്‍ പഠനത്തെയും ഇത് നല്ല രീതിയില്‍ സഹായിക്കും. കിഴക്കിന്‍റെ വെനീസ് എന്നു ആലപ്പുഴയെ വിളിക്കുന്നത് എന്തെന്ന് പാഠഭാഗത്തിലൂടെ മാത്രം അറിഞ്ഞ കുട്ടിെ അവിടെ കൊണ്ടുപോയി അവിടുത്തെ കനാലുകളും ജലഗതാഗത മാര്‍ഗ്ഗങ്ങളും പരിചയപ്പെടുത്തുന്നത് നിങ്ങള് വിചാരിക്കുന്നതിലും സ്വാധീനത്തിന് കാരണമാകും.
പുറത്തേയ്ക്കു പോയി വിവിധ ഭാഷാ സംസ്കാരങ്ങളില്‍ ഉള്ളവരുമായി ഇടപഴകുന്നത്. പുതിയ ഭക്ഷണരീതികള്‍ പഠിക്കുന്നത്. ഭൂപ്രകൃതികള്‍ പരിചയപ്പെടുന്നത്, ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍, ഗൂഗിള്‍ മാപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ എന്തെന്നും അതിന്റെ ഉപയോഗങ്ങള്‍ മനസ്സിലാക്കുന്നത് എന്നിങ്ങനെ വ്യത്യസ്തമായ രീതികളില്‍ യാത്രകള്‍ക്ക് കുട്ടികളെ പഠിക്കുവാന്‍ സഹായിക്കും.
PC:Annie Spratt
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ടിക്കറ്റ് ഇളവുകള്‍

ഉത്തരവാദിത്വങ്ങള്‍ പഠിപ്പിക്കുന്നു
യാത്രകള്‍ കുട്ടികളെ ഉത്തരവാദിത്വങ്ങള്‍ എന്തെന്നും അത് ഏറ്റെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും എങ്ങനെയെന്ന് പഠിപ്പിക്കുന്നു. യാത്ര പ്ലാന്‍ ചെയ്യുന്നതു മുതല്‍ കുട്ടികളെയും ഒപ്പം കൂട്ടാം. പോകുന്ന ഓരോ ഇടവും അവരോടുകൂടി ചര്‍ച്ച ചെയ്യാം. അത് ആ യാത്ര തങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുവാന്‍ അവരെ സഹായിക്കും, പാക്ക് ചെയ്യുമ്പോള്‍ അവരുടെ പ്രായത്തിനനുസരിച്ചുള്ള ചില ടാസ്കുകള്‍ ഏല്‍പ്പിക്കുന്നത് അവരെ കൂടുതല്‍ സന്തോഷമുള്ളവരാക്കും. യാത്രയില്‍ കുട്ടികൾക്ക് സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോൾ വൃത്തിയാക്കാനും സ്വന്തം ബാഗുകൾ വീണ്ടും പാക്ക് ചെയ്യാനും അഴര്‍ക്ക് സാധിക്കുകയും ചെയ്യും. അവരെക്കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും അവരെ തന്നെ ഏല്‍പ്പിക്കാം,.
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

നമ്മളെയും കണ്ടെത്താം!!
കുട്ടികളെ ചേര്‍ത്തുള്ള യാത്രകള്‍ അവരെ മാത്രമല്ല, മാതാപിതാക്കള്‍ എന്ന രീതിയില്‍ നമ്മളെക്കൂടി വളര്‍ത്തുവാന്‍ ഉപകരിക്കുന്നവയാണ്. കുഞ്ഞുങ്ങള്‍ ഉള്ള യാത്രകള്‍ ഒരിക്കലും പ്രതീക്ഷച്ചതുപോലെ നടക്കില്ലെന്നും ടൈം ടേബിള്‍ മുഴുവന്‍ തെറ്റിക്കുവാന്‍ പോന്നതാണെന്നും യാത്ര തുടങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ മനസ്സിലാകും. അതിനാല്‍ അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്, അവരുടെ ഭക്ഷണസമയം നോക്കി മെല്ലെ നമ്മളും അവരിലൊരാളായി മാറും.
PC:Mael BALLAND
ഫോണും ക്യാമറയും ഏതായാലും ഈ ചെറിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം! യാത്രകളിലെ ഫോട്ടോകള്‍ മികച്ചതാക്കാം