റോഡ് ട്രിപ്പുകൾ സഞ്ചാരികൾക്ക് എന്നുമൊരു ഹരമാണ്... ഇതുവരെ കാണാത്ത കാഴ്ചകൾ കണ്ട്, പുതിയ ഒരു വഴിയിലൂടെ, മുന്നോട്ടു പോകുന്ന യാത്രകൾ. വിശ്രമിച്ചും ആസ്വദിച്ചും സമയമെടുത്തു കണ്ടുതീരുന്ന കാഴ്ചകൾ. ആരെയും കാത്തുനില്‍ക്കാതെ, സമയവും സാഹചര്യവും വരുന്നമുറയ്ക്ക് ഒരു റോഡ് ട്രിപ്പിനിറങ്ങണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ പിന്നെ അങ്ങനെയൊരു ട്രിപ്പ് പ്ലാൻ ചെയ്താലോ... ഈ വരുന്ന ക്രിസ്മസ്-ന്യൂ ഇയർ അവധിയിയോ പുതുവർഷത്തെ മനോഹരമാക്കുവാൻ, ഒരു കിടിലൻ യാത്ര! ഇത്രയുമായിട്ടും എങ്ങോട്ട് പോകണമെന്നല്ലേ?? ഈ യാത്രയിൽ നമ്മൾ പരിചയപ്പെടുന്നത് ഇന്ത്യയില്‍ നിന്നും റോഡ് മാർഗ്ഗം എത്തിച്ചേരുവാന്‍ സാധിക്കുന്ന രാജ്യങ്ങളെയാണ്... അതിർത്തികൾ കടന്ന് നമ്മുടെ വണ്ടിയിൽ ഒരു യാത്ര പോകുവാൻ പറ്റിയ വിദേശരാജ്യങ്ങൾ!

നേപ്പാൾ
ഇന്ത്യയിൽ നിന്നും റോഡ് മാർഗ്ഗമുള്ള യാത്രയിൽ മിക്ക യാത്രക്കാരുടെയും മനസ്സിൽ ആദ്യമെത്തുന്ന രാജ്യം നേപ്പാൾ തന്നെയായിരിക്കും. കാഴ്ചകളിലെ വൈവിധ്യവും ഭൂപ്രകൃതിയും മാത്രമല്ല, സഞ്ചാരികളെ റോഡ് ട്രിപ്പിന് നേപ്പാൾ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നത്, അത് നേപ്പാളിലേക്കു കടക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളിലെ സുതാര്യതയും എളുപ്പവും കൂടിയാണ്. മറ്റുപല രാജ്യങ്ങളും സന്ദർശിക്കുവാനായി എടുക്കുന്നതിന്റെ പകുതി ബുദ്ധിമുട്ടേ നേപ്പാളിലേക്ക് ഒരു റോഡ് ട്രിപ്പിനുണ്ടാവൂ.
ന്യൂ ഡൽഹിയിൽ നിന്നും കാഠ്മണ്ഡുവിലേക്കുള്ള ദൂരം 1,125 കിലോമീറ്ററാണ്. ഡൽഹിയിൽ നിന്നും ഉത്തർ പ്രദേശ് വഴി സുനൗലി ബോർഡർ (Sunauli Border)വഴി നേപ്പാളിലേക്ക് പ്രവേശിക്കാം . ഈ യാത്രയ്ക്ക് കുറഞ്ഞത് 21 മണിക്കൂർ സമയമെടുക്കും.
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. വിസ ആവശ്യമില്ല. സാധുവായ പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റേഷൻ കാർഡ് അല്ലെങ്കിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് യാത്ര ചെയ്യുവാൻ പറ്റിയ സമയം.
PC:Nick Dunlap/Unsplash

ഭൂട്ടാൻ
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ വസിക്കുന്ന രാജ്യമാണ് ഭൂട്ടാൻ. വളരെ രസകരമായ കുറേ കാഴ്ചകളിലേക്കു നമ്മെ കൊണ്ടുപോകുന്ന ഭൂട്ടാൻ സന്ദർശിക്കണമെന്നാഗ്രഹിക്കാത്തവര് കാണില്ല.
ന്യൂഡൽഹിയിൽ നിന്ന് തിമ്പുവിലേക്കു 1,546 കിലോമീറ്റർ ആണ് ദൂരം. ഡല്‍ഹി-ഉത്തർ പ്രദേശ്-അസം സംസ്ഥാനങ്ങൾ കടന്നു വേണം പോകുവാന്‍. ഗുവാഹത്തിയിൽ നിന്ന് ഭൂട്ടാനീസ് ഗ്രാമമായ ഫണ്ട്ഷോലിംഗിലേക്ക് പോകാനും തുടർന്ന് തിമ്പുവിലേക്ക് പോകാനും കഴിയും. ഈ യാത്രയ്ക്ക് ഏകദേശം 32 മണിക്കൂർ സമയമെടുക്കും.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഒരു യാത്രാ പാസും വാഹന പാസും ആവശ്യമാണ് മാർച്ച് മുതൽ മെയ് വരെയാണ് സന്ദർശിക്കുവാൻ പറ്റിയ സമയം.
PC: Aaron Santelices/Unsplash

ബംഗ്ലാദേശ്
ബംഗ്ലാദേശാണ് ഇന്ത്യയിൽ നിന്നും റോഡ് മാര്‍ഗ്ഗം പോകുവാൻ സാധിക്കുന്ന, അടുത്തുള്ള മറ്റൊരു രാജ്യം!നമ്മുടെ അതിർത്തിയോട് ചേര്‍ന്നു കിടക്കുന്ന സുന്ദർബന്‍സ് കണ്ടൽക്കാടുകളുടെ ബാക്കി ഭംഗിയത്രയും ബംഗ്ലാദേശിലാണ്. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും നീളമേറിയ കടൽത്തീരമായ ബംഗ്ലാദേശിലെ കോക്സ് ബസാറും ഇവിടെ കാണാം.
ന്യൂഡൽഹിയിൽ നിന്നും ധാക്കയിലേക്ക് 1,850 കിലോമീറ്റർ ദൂരമാണുള്ളത്. ന്യൂഡൽഹി, ഉത്തർപ്രദേശ്, ബീഹാർ വഴി സോനാമസ്ജിദ് സുൽക്ക ചെക്ക്‌പോസ്റ്റിലോ പെട്രാപോൾ-ബെനാപോൾ അതിർത്തിയിലോ വച്ച് ബംഗ്ലാദേശിലേക്ക് കടക്കാം. ഇവിടുന്ന് തലസ്ഥാന നഗരമായ ധാക്കയിൽ എത്തിച്ചേരാൻ ഏകദേശം 8 മണിക്കൂർ ഡ്രൈവ് വേണ്ടിവരും. 35 മണിക്കൂർ ആണ് യാത്രാ ദൈർഘ്യം.
അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ബംഗ്ലാദേശ് അംഗീകരിക്കുന്നുവെങ്കിലും, നിങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാഹനത്തിന് ഒരു കാർനെറ്റ് ആവശ്യമാണ്. നിങ്ങളുടെ വാഹനത്തിന്റെ മാർക്കറ്റ് മൂല്യത്തിന്റെ ഏകദേശം 200% റീഫണ്ട് ചെയ്യാവുന്ന ബാങ്ക് ഗ്യാരണ്ടി/ പണം/ ചെക്ക് എന്നിവ അടച്ചാൽ ഓട്ടോമൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നല്കുന്ന കാർനെറ്റ് ലഭിക്കും.
സാധുവായ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബംഗ്ലാദേശ് എംബസിയിൽ നിന്ന് വിസ ലഭിക്കും.
PC: Amjad rana/Unsplash

ചൈന
ഇന്ത്യയിൽ നിന്നു റോഡ് യാത്ര സാധ്യമായ മറ്റൊരു രാജ്യമാണ് ചൈന. ചൈനയിലെ വന്മതിൽ തന്നെയാണ് യാത്രയിലെ പ്രധാന ആകർഷണം. ഷാങ്ഹായ്, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളും ചൈന സന്ദർശിക്കുന്നവർ കാണേണ്ടതാണ്. ന്യൂ ഡൽഹിയിൽ നിന്ന് ടിബറ്റ് വഴി ചൈനയിലേക്ക് കടക്കാം. കോദാരി - ഷാങ്മു അതിർത്തി വഴി നേപ്പാളിലൂടെയും പോകാം. 40 മണിക്കൂർ ദൂരനം സഞ്ചരിക്കുവാനുണ്ട്.
ചൈനയുടെ പ്രദേശത്ത് വാഹനമോടിക്കുന്നതിന്, നിങ്ങൾക്ക് ഒരു പ്രത്യേക ഓവർലാൻഡ് പെർമിറ്റ്, ഒരു താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ്, വാഹന പ്ലേറ്റ് എന്നിവ ആവശ്യമാണ്. ഓവർലാൻഡ് പെർമിറ്റ് നേടുന്നതിനുള്ള പ്രക്രിയ 3 മാസത്തിലധികം എടുക്കും.
ചൈനീസ് എംബസിയിൽ നിന്നുള്ള ചൈനീസ് വിസയും ടിബറ്റൻ എൻട്രി പെർമിറ്റും മുൻകൂട്ടി നേടിയിരിക്കണം. നിങ്ങൾ നേപ്പാളിലൂടെയുള്ള റൂട്ട് എടുക്കുകയാണെങ്കിൽ, ചൈനീസ് വിസ കാഠ്മണ്ഡുവിലെ ചൈനയുടെ കോൺസുലേറ്റിൽ നിന്നുവേണം എടുക്കുവാന്‍.
PC:Jennifer Chen/Unsplash

തായ്ലൻഡ്
തായ്ലൻഡിലേക്കുള്ള വിമാനയാത്രയുടെ മികച്ച ഓഫറുകൾ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും. അതിലും മികച്ച ഒരു യാത്രാനുഭവം നല്കുന്നതാണ് തായ്ലൻഡിലേക്ക് റോഡ് മാർഗ്ഗമുള്ള യാത്ര. ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും പോകുവാൻ പറ്റിയ രാജ്യങ്ങളിലൊന്നാണിത്.
ന്യൂ ഡൽഹിയിൽ നിന്നും ബാംഗോഗിലേക്കുള്ള യാത്രാ ദൂരം 4,198 കിലോമീറ്ററാണ്. ഡൽഹിയിൽ നിന്ന് ഇംഫാലിലേക്ക് പോയി, മോറെ, കാലെ, ബഗാൻ, ഇൻലെ തടാകം, യാങ്കൂൺ, മേസോട്ട്, താക്കിൽ നിന്ന് ബാങ്കോക്കിൽ എത്തിച്ചേരുന്ന റൂട്ടാണ് മികച്ചതെന്നാണ് ഈ വഴി പോയവരുടെ അഭിപ്രായം.
മ്യാൻമാർ വഴി കടന്നു പോകുന്നതിനാൽ അവിടേക്കാവശ്യമായ യാത്രാ രേഖകളും നിങ്ങളുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഡ്രൈവ് ചെയ്യാം. സാധുവായ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യക്കാർക്ക് തായ്‌ലൻഡ് ഓൺ അറൈവൽ ഇ-വിസ അനുവദിക്കുന്നു.
PC: Caleb Whiting/Unsplash

മ്യാൻമാർ
വാക്കുകളിൽ ഒരിക്കലും വിവരിച്ചു തീര്‍ക്കുവാൻ കഴിയാത്തത്രയും ഭംഗി നിറഞ്ഞ രാജ്യമാണ് മ്യാൻമാർ. ബുദ്ധക്ഷേത്രങ്ങളും പ്രകൃതിഭംഗിയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.
ന്യൂഡൽഹിയിൽ നിന്ന് മണ്ഡലേ എന്ന സ്ഥലത്തേയ്ക്ക് 2,959 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.
ന്യൂഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, അസം, നാഗാലാൻഡ്, മണിപ്പൂർ വഴി മോറെ ബോർഡർ ചെക്ക്‌പോസ്റ്റിൽ നിന്ന് മ്യാൻമറിലേക്ക് പ്രവേശിക്കാം, അവിടുന്ന് മണ്ടലേയിലേക്ക് പോയി യാങ്കൂണിൽ എത്തിച്ചേരാം. ഈ യാത്രയ്ക്കായി 64 മണിക്കൂർ സമയമെടുക്കും.
നിങ്ങളുടെ വാഹനവുമായി മ്യാൻമറിലേക്ക് യാത്ര ചെയ്യുന്നതിന് ഒരു പ്രത്യേക ഓവർലാൻഡ് പെർമിറ്റ്, ഒരു താൽക്കാലിക കസ്റ്റംസ് ഇറക്കുമതി പെർമിറ്റ്, ഒരു MMT പെർമിറ്റ് എന്നിവ ആവശ്യമാണ്. നിങ്ങൾ മ്യാൻമറിൽ താമസിക്കുന്ന സമയത്ത് നിങ്ങളെ അനുഗമിക്കാൻ ഒരു ടൂറിസ്റ്റ് ഗൈഡും ഒരു ലെയ്‌സൺ ഓഫീസറും ഉള്ള ഒരു അംഗീകൃത എസ്‌കോർട്ട് വാഹനവും മ്യാൻമർ സർക്കാർ നൽകുന്നു. മ്യാൻമർ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് മ്യാൻമർ എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്ത വിസ ആവശ്യമാണ്. മ്യാൻമർ ഇന്ത്യക്കാർക്ക് ഇ-വിസയും നൽകുന്നു.
PC:Dinis Bazgutdinov/Unsplash

ശ്രീ ലങ്ക
മലയാളികൾക്ക് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത രാജ്യമാണ് ശ്രീലങ്ക. തൊട്ടടുത്തായി കിടക്കുന്ന ഈ രാജ്യം അതിന്റെ കാഴ്ചകളാലും സാംസ്കാരിക വൈവിധ്യത്താലും സഞ്ചാരികളെ ആകർഷിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടിണം ഫെറിയിൽ നിന്നും ശ്രീലങ്കയിലേക്ക് പോകാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് യാത്ര ചെയ്യുവാൻ പറ്റിയ സമയം.
യാത്രയിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്, കാർനെറ്റ്, മോട്ടോർ ഇൻഷുറൻസ് എന്നിവ കൈവശമുണ്ടായിരിക്കണം. 30 ദിവസത്തെ താമസത്തിനായി ശ്രീലങ്ക ഇന്ത്യക്കാർക്ക് ഇ-വിസ നൽകുന്നു.
PC:Tom Paisley/Unsplash

വിയറ്റ്നാം
സഞ്ചാരികളെ തങ്ങളുടെ പ്രകൃതിഭംഗിയാലും സംസ്കാരത്താലും ആകർഷിക്കുന്ന നാടാണ് വിയറ്റ്നാം. ന്യൂഡൽഹി മുതൽ ഹനോയിലേക്ക് 5,162 കിലോമീറ്റർ യാത്ര ചെയ്യണം. മ്യാൻമർ, തായ്‌ലൻഡ്, ലാവോസ് എന്നിവിടങ്ങൾ കടന്നു വേണം റോഡ്മാർഗ്ഗമുള്ള യാത്രയിൽ വിയറ്റ്നാമിലെത്തുവാന്‍. ഇതിനായി 101 മണിക്കൂർ സമയമെടുക്കും.
അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റും കാർനെറ്റും ഉപയോഗിച്ച് രാജ്യത്തിനുള്ളിൽ സ്വന്തം വാഹനങ്ങൾ ഓടിക്കാൻ വിയറ്റ്നാം ഇന്ത്യക്കാരെ അനുവദിക്കുന്നു. വാഹനത്തിനും വിയറ്റ്നാമിൽ ഒരു പ്രാദേശിക ഇൻഷുറൻസ് നേടേണ്ടതുണ്ട്. വിയറ്റ്നാം ഇന്ത്യക്കാർക്ക് 30 ദിവസത്തെ സാധുതയുള്ള ഇ-വിസ നല്കുന്നു.
PC:Arvydas Arnasius/Unsplash

തുർക്കി
ഏഷ്യയുടെയും യൂറോപ്പിന്‍റെയും സംഗമസ്ഥാനമായി അറിയപ്പെടുന്ന നാടാണ് തുർക്കി. പുരാതനമായ ഒരു നഗരത്തിലെത്തുന്ന പ്രതീതിയാണ് രാജ്യം നല്കുന്നത്. ന്യൂ ഡൽഹിയിൽ നിന്നു ഇസ്താംബൂളിലേക്ക് 4,546 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങൾ കടന്നുവേണം ഇവിടേക്കെത്തുവാൻ. ദൈർഘ്യം 59 മണിക്കൂർ ആണ്. രാജ്യത്തുടനീളമുള്ള നിങ്ങളുടെ ഡ്രൈവിന് ഇന്ത്യൻ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് മതിയാകും. എന്നാൽ തുർക്കി അധികാരികളിൽ നിന്ന് കാർനെറ്റിന് പുറമെ ഒരു പ്രത്യേക അനുമതി കൂടി വേണം.
യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അല്ലെങ്കിൽ ഏതെങ്കിലും ഷെങ്കൻ രാജ്യങ്ങളിൽ സാധുവായ വിസയോ റസിഡന്റ് പെർമിറ്റോ കൈവശമുള്ള ഇന്ത്യക്കാർക്ക് തുർക്കി ഇ-വിസ നൽകുന്നു.
PC:Adli Wahid
റോഡ് ട്രിപ്പ് നടത്തുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് രാജ്യങ്ങള്‍...ഒന്നാമത് അമേരിക്ക

ഉസ്ബെക്കിസ്ഥാൻ
ഇന്ത്യയിൽ നിന്നുള്ള റോഡ് ട്രിപ്പിന് പറ്റിയ മറ്റൊരു മനോഹര ലക്ഷ്യസ്ഥാനമാണ് ഉസ്ബെക്കിസ്ഥാൻ. ദേവാലയങ്ങളുടെയും ശവകുടീരങ്ങളുടെയും നാട് എന്നു ചരിത്രം രേഖപ്പെടുത്തിയ ഇവിടം മധ്യ ഏഷ്യയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നും കൂടിയാണ്.
ന്യൂഡൽഹിയിൽ നിന്ന് താഷ്കെന്റിലേക്ക് 2,280 കിലോമീറ്റർ ദൂരമുണ്ട്. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ വഴി പോകാമെങ്കിലും സുരക്ഷാ കാരണങ്ങളാലും മറ്റും ചൈന വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കാം. യാത്രാ ദൈർഘ്യം 30 മണിക്കൂർ ആണ്. ഇന്ത്യയുടെ അന്താരാഷ്‌ട്ര ഡ്രൈവിംഗ് പെർമിറ്റിന് ഇവിടെ അംഗീകാരമില്ല. ഉസ്ബെക്കിസ്ഥാനിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക ഇൻവിറ്റേഷനും ആവശ്യമാണ്. ഈ കാര്യങ്ങൾ മനസ്സിൽവെച്ചുവേണം യാത്ര പ്ലാൻ ചെയ്യുവാൻ.
PC: Casey Horner/Unsplash

സിംഗപ്പൂർ
ഇന്ത്യയിൽ നിന്നു റോഡ് മാർഗ്ഗം പോകുവാൻ സാധിക്കുന്ന മറ്റൊരു രാജ്യമാണ് സിംഗപ്പൂർ. ലോകഭൂപടത്തിൽ ചുവന്നപുള്ളി എന്നാണ് ഇവിടം അറിയപ്പെടുന്നത്. 275 ചതുരശ്ര മൈൽ വിസ്തീർണ്ണം മാത്രമാണ് ഈ രാജ്യത്തിനുള്ളത്
ന്യൂ ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേ ക്ക് 6,118 കിലോമീറ്റർ ദൂരമാണുള്ളത്. 105 മണിക്കൂർ ആണ് യാത്രാ ദൈര്‍ഘ്യം. മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ കടന്നുവേണം ഇവിടെയെത്തുവാൻ. ഈ ഓരോ രാജ്യത്തിനുമുള്ള വിസ/എൻട്രി ആവശ്യകതകളിൽ വ്യത്യാസമുള്ളതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സാധുവായ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യക്കാർക്ക് സിംഗപ്പൂർ ഇ-വിസ (30 ദിവസത്തേക്ക് സാധുതയുള്ളത്) നൽകുന്നു. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് സിംഗപ്പൂർ അംഗീകരിക്കുന്നു.
എങ്കിലൊന്നു പോയാലോ??
ഇത്രയും വായിച്ചപ്പോൾ ഇങ്ങനെയൊരു യാത്ര പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ?? ഇങ്ങനെയൊരു ഉദ്ദേശമുണ്ടെങ്കിൽ കുറച്ചധികം കാര്യങ്ങൾ അറിഞ്ഞിരിക്കണം.
നിങ്ങൾ പോകുന്ന വണ്ടി കൃത്യമായി സർവീസ് ചെയ്ത് സൂക്ഷിക്കുവാനും ആവശ്യമായി വരുന്ന സ്പെയർ പാട്സുകൾ, ടയർ, തുടങ്ങിയ കാര്യങ്ങൾ അ കരുതുവാനും ശ്രദ്ധിക്കുക.
ചില യാത്രകൾ രണ്ടും മൂന്നും രാജ്യങ്ങളിലൂടെ കടന്നു വേണം പോകുവാൻ. അങ്ങനെയുള്ളപ്പോള്‍ ഈ രാജ്യങ്ങളിൽക്കൂടിയെല്ലാം യാത്ര ചെയ്യുവാനുള്ള അനുമതി നിങ്ങൾക്കുണ്ടായിരിക്കണം. അത് ഏതൊക്കെയാണെന്നും എങ്ങനെ ലഭ്യമാക്കാം എന്നും മുൻകൂട്ടി തന്നെ കണ്ടെത്തുക. അതിനെങ്ങനെ അപേക്ഷിക്കണമെന്നും ഏതൊക്കെ തരത്തിലുള്ള രേഖകൾ ആവശ്യമായി വരുമെന്നും എംബസി വഴി അറിയാം. ചില രാജ്യങ്ങൾ ഇന്ത്യയുടെ ഇന്‍ര്‍നാഷണൽ ലൈസൻസ് അംഗീകരിക്കുന്നില്ല. അത്തരം രാജ്യങ്ങളിൽ എന്തുചെയ്യണമെന്നും നിങ്ങൾ കണ്ടെത്തിയിരിക്കണം. യാത്ര തുടങ്ങുന്നതിനു മുൻപായി ഇത്തരം കാര്യങ്ങളിൽ കൃത്യത ഉണ്ടായിരിക്കണം.
ചില രാജ്യങ്ങളിൽ പുറത്തുനിന്നുള്ള വണ്ടികൾ ഡ്രൈവ് ചെയ്യുന്നതിന് പ്രത്യേക അനുമതിയോടൊപ്പം വാഹന പാസ് ഉണ്ടായിരിക്കണം. ട്രാവൽ ഇൻഷുറൻസ്, പാസ്പോർട്ട്, വിസ, തിരിച്ചറിയൽ രേഖകൾ തുടങ്ങി വേണ്ടി വരുന്ന രേഖകൾ കൈവശമുണ്ടായിരിക്കണം.
ഉദാഹരണത്തിന് ചൈനയിലൂടെ നിങ്ങൾക്ക് പോകണമെന്നുണ്ടെങ്കിൽ ഇതിനുവേണ്ടിവരുന്ന പ്രക്രിയകൾക്ക് ഏറ്റവും കുറഞ്ഞത് 3 മാസമെങ്കിലും സമയമെടുക്കും. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യുക. നേരത്തെ യാത്ര പോയവരുമായി സംസാരിക്കുന്നതും എംബസിയുമായി ബന്ധപ്പെടുന്നതും കൂടുതൽ മികച്ച രീതിയിൽ യാത്ര പ്ലാൻ ചെയ്യുവാൻ സഹായിക്കും.
PC:Will Truettner/Unsplash
ഹോട്ടലുകളില്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍