» »പൂന്തോട്ട നഗരത്തിലെ പുഷ്പമേള

പൂന്തോട്ട നഗരത്തിലെ പുഷ്പമേള

Written By: Elizabath

പൂന്തോട്ടനഗരമെന്ന് ബെംഗളുരു അറിയപ്പെടാനുള്ള കാരണം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കല്‍ ഊട്ടിയുടെ അത്രയും മനോഹരിയായിരുന്നു ബെംഗളുരു എന്നു പറഞ്ഞാല്‍ വിശ്വസിക്കാനും അല്പം പ്രയാസമായിരിക്കും. ഇന്ന് നഗരത്തില്‍ പച്ചപ്പ് അവശേഷിക്കുന്ന സ്ഥലങ്ങള്‍ കുറവാണെങ്കിലും അതിനെ സംരക്ഷിച്ചിരിക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്.
എന്തൊക്കെയാണെങ്കിലും ബെംഗളുരുവിന് പൂന്തോട്ടങ്ങളുടെ നഗരമെന്ന പേരു വരാന്‍ കാരണം ഇവിടുത്തെ പ്രശസ്തമായ രണ്ടു പൂന്തോട്ടങ്ങളുടെ സാന്നിധ്യം തന്നെയാണ്. ലാല്‍ ബാഗും കബ്ബണ്‍ പാര്‍ക്കും. ലാല്‍ബാഗ്; ബാംഗ്ലൂർ മലയാളികളുടെ വിശ്രമ സ്ഥലം

പൂന്തോട്ട നഗരത്തിലെ പുഷ്പമേള

PC:PROrajesh_dangi

ബെംഗളുരു നഗരത്തിന്റെ ഏറ്റവും പ്രശസ്തവും സാധാരണക്കാരും വിദേശികളുമുള്‍പ്പെടെയുള്ളവര്‍ എത്തിച്ചേരുന്നതുമായ ലാല്‍ ബാഗ് എന്ന ചുവന്ന പൂന്തോട്ടത്തെക്കുറിച്ച് പറയാതെ ബെംഗളുരുവിന്റെ ചരിത്രം പൂര്‍ത്തിയാവില്ല. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി തുടക്കമിട്ട ലാല്‍ ബാഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ മകനായ ടിപ്പു സുല്‍ത്താനാണ്.

206-ാമത് ലാല്‍ബാഗ് പുഷ്പമേള

ഈ വര്‍ഷം 206-ാമത് ലാല്‍ബാഗ് പുഷ്പമേളയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇവിടെ നടക്കുന്നത്. ഓഗസ്റ്റ് നാലു മുതല്‍ 15 വരെ നടക്കുന്ന ഈ പുഷ്പമേളയില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളുരു മെട്രോ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതും കൂടുതല്‍ ആളുകള്‍ എത്തുന്നതിന് വഴിയൊരുക്കും.
മെട്രോ ട്രെയിനില്‍ ലാല്‍ ബാഗിലെ മെട്രോ സ്‌റ്റേഷനില്‍ എത്താന്‍ കഴിയുന്നതും കൂടുതല്‍ ആളുകളെത്തുന്നതിനു കാരണമാവും.

പൂന്തോട്ട നഗരത്തിലെ പുഷ്പമേള

PC:PROrajesh_dangi

പുഷ്പമേളയുടെ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് കര്‍ണ്ണാടകയിലെ പ്രശസ്ത എഴുത്തുകാരനും കവിയുമായ കുപ്പള്ളി വെങ്കട്ടപ്പ പുട്ടപ്പയെ ആദരിക്കുന്നതാണ്. ലാല്‍ ബാഗിലെ ഗ്ലാസ് ഹൗസില്‍ അദ്ദേഹത്തിന്റെ ഭവനത്തിന്റെ മാതൃക പൂക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. വീട് കൂടാതെ പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടവും പൂക്കളുപയോഗിച്ച് ഒരുക്കിയിട്ടുണ്ട്.

അല്പം ചരിത്രം

ബെംഗളുരു നഗരത്തിന്റെ ആരെയും ആകര്‍ഷിക്കുന്ന കാലാവസ്ഥയില്‍ ആകൃഷ്ടനായ ഹൈദരലിയാണ് ഇവിടെ പൂന്തോട്ടം സ്ഥാപിക്കുന്നത്. മുഗള്‍ രാജാക്കന്‍മാരുടെ പൂന്തോട്ടങ്ങളോട് സാമ്യമുള്ള ഒന്നാണ് ലാല്‍ ബാഗിലേത്. പൂന്തോട്ടങ്ങള്‍ പരിപാലിക്കുന്നതിനായി ഇതില്‍ വിദഗ്ദരായ തിഗല വിഭാഗത്തില്‍ നിന്നുള്ള ആളുകളെ അദ്ദേഹം ഇവിടെ നിയമിക്കുകയും ചെയ്തു. 1760 ല്‍ പ്രവര്‍ത്തനമാരംഭിച്ച ലാല്‍ ബാഗ് സിറയിലെ മുഗള്‍ പൂന്തോട്ടത്തിന്റെ മറ്റൊരു പതിപ്പു തന്നെയാണ്.

പൂന്തോട്ട നഗരത്തിലെ പുഷ്പമേള

PC: snapper san

ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ മാതൃകയില്‍ ആരംഭിച്ച ഇവിടെ പിന്നീട് ടിപ്പു സുല്‍ത്താനാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെടികളും മരങ്ങളും കൊണ്ടുവന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവുമധികം ചെടികളും പൂക്കളും കാണാന്‍ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നുവത്രെ. 

ലണ്ടന്‍ ക്രിസ്റ്റല്‍ പാലസിന്റെ മാതൃകയില്‍ ബ്രിട്ടീഷ് ഭരണകാലത്ത്, 1898ലാണ് ഇവിടെ ഗ്ലാസ് പാലസ് നിര്‍മ്മിക്കുന്നത്.

പൂന്തോട്ട നഗരത്തിലെ പുഷ്പമേള

PC: Planemad

ലാല്‍ ബാഗും ഫ്‌ളവര്‍ ഷോയും

240 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഇവിടെ ആയിര്തതിലധികം വ്യത്യസ്തമായ ചെടികളാണുള്ളത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള വൃക്ഷങ്ങളും ഇവിടെ കാണാന്‍ സാധിക്കും. വ്യത്യസ്തവും അപൂര്‍വ്വവുമായ നിരധി ചെടികള്‍ ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചിട്ടുണ്ട്. 

എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തിനും സ്വാതന്ത്ര്യദിനത്തിനുമാണ് ഇവിടെ പുഷ്പമേള നടക്കുന്നത്. ഈ വര്‍ഷത്തെ മേളയുടെ മറ്റൊരു ആകര്‍ഷണമാണ് 250 ഓളം സിബിഡിയന്‍ പുഷ്പങ്ങള്‍. ലാല്‍ ബാഗിന്റെ ചരിത്രത്തിലാദ്യമായാണ് ഈ പുഷ്പങ്ങള്‍ ഇവിടെ എത്തുന്നത്.
മൂവായിരത്തോളം വര്‍ഷം പഴക്കമുള്ള ലാല്‍ ബാഗ് റോക്ക് എന്നറിയപ്പെടുന്ന പാറക്കെട്ടാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

പൂന്തോട്ട നഗരത്തിലെ പുഷ്പമേള

PC: Ramesh NG

എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് ഇവിടെക്കുള്ള പ്രവേശനം. 20 രൂപയാണ് മുതിര്‍ന്നവര്‍ക്കുള്ള പ്രവേശനഫീസ്. അംഗപരിമിതര്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ് .
പുഷ്പമേളയ്ക്ക രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പ്രവേശനം. ആഗസ്റ്റ് 15ന് പ്രദര്‍ശനം അവസാനിക്കും.

Read more about: bangalore