» »ബോളിവുഡിലെ അത്ഭുത കെട്ടിടങ്ങള്‍ ഇവിടെ കാണാം...

ബോളിവുഡിലെ അത്ഭുത കെട്ടിടങ്ങള്‍ ഇവിടെ കാണാം...

Written By: Elizabath Joseph

ത്രി ഇഡിയറ്റ്‌സ്...അമീര്‍ ഖാനും കരീന കപൂറും ഒക്കെ തകര്‍ത്തഭിനയിച്ച ബോളിവുഡ് സിനിമ. അതിലെ അവസാന രംഗങ്ങള്‍ കണ്ടവര്‍ ഒരിക്കലും ആ സ്ഥലം മറക്കാനിടയില്ല. മനോഹരമായ ആ തടാകവും മേഘങ്ങളെ കയ്യെത്തി പിടിക്കാന്‍ പറ്റുന്ന തീരങ്ങളും ഒക്കെ കണ്ടപ്പോള്‍ ഒരിക്കലെങ്കിലും അവിടെ പോകണമെന്ന് കൊതിച്ചിട്ടില്ലേ...തീര്‍ന്നില്ല, ഇത്തരത്തില്‍ കാഴ്ചക്കാരുടെ മനസ്സില്‍ സിനിമകളിലൂടെ പതിഞ്ഞ ഒട്ടേറെ ഇടങ്ങളുണ്ട്, പ്രത്യേകിച്ച് ബോളിവുഡ് സിനിമകളില്‍. ചരിത്രത്തെ അതിജീവിച്ച് സിനിമകളിലും നിറഞ്ഞ് നില്‍ക്കുന്ന കുറച്ച് ഇടങ്ങളുണ്ട് ഇവിടെ. ഒട്ടേറെ സിനിമകളില്‍ മുഖം കാണിച്ച് പ്രേഷകരുടെ ഇഷ്ട സ്ഥലങ്ങളായി മാറിയ കുറച്ച് ഇടങ്ങളെ പരിചയപ്പെടാം...

ബാഗോര്‍ കി ഹവേലി

ബാഗോര്‍ കി ഹവേലി

ഒട്ടേറെ ഹിന്ദി സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഏറെ പ്രസിദ്ധമായ ഒരു ചരിത്ര നിര്‍മ്മിതിയാണ് ബാഗോര്‍ കി ഹവേലി. ഉദയ്പൂരിലെ പ്രശസ്ത കൃത്രിമ തടാകമായ പിച്ചോല തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ബാഗോര്‍ കി ഹവേലി മേവാര്‍ രാജവംശത്തിലെ പ്രധാന മന്ത്രിയായിരുന്ന അമീര്‍ ചന്ദ് ബഡ്വ 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് ചരിത്രം പറയുന്നത്.
പിന്നീട് 1986 ല്‍ ഇത് വെസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്ററിനു കൊടുക്കുകയും അവര്‍ ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ വ്യത്യസ്തമായ വാസ്തു വിദ്യയെക്കുറിച്ച് അറിയാനും മനസ്സിലാക്കാനുമാണ് ഇവിടെ സഞ്ചാരികള്‍ അധികവും എത്തിച്ചേരുന്നത്. കീടാതെ മേവാര്‍ രാജവംശത്തിന്റെ പ്രൗഢിയും പ്രതാപവും കാണിക്കുന്ന ഒട്ടേറെ കാഴ്ചവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

PC: flicker

വിക്ടോറിയ മഹല്‍

വിക്ടോറിയ മഹല്‍

ഏറ്റവും അധികം ബോളിവുഡ് സിനിമകള്‍ ചിത്രീകരിച്ചിരിക്കുന്ന സ്ഥലം ഏതാണ് എന്നു ചോദിച്ചാല്‍ അത് കൊല്‍ക്കത്തയാണ്. കൊല്‍ക്കത്തയിലെ ഏല്ലാ സ്ഥലങ്ങളും ഏതെങ്കിലും സിനിമകളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ മിക്ക ബോളിവുഡ് സിനിമകളിലും കാണാന്‍ സാധിക്കുന്ന ഇടമാണ് കൊല്‍ത്തയിലെ വിക്ടോറിയ മഹല്‍.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മാരകമായ ഈ മന്ദിരം താജ്മഹലിന്റെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1906 ല്‍ വെയില്‍സ് രാജകുമാരനാ് ഇതിന്റെ നിര്‍മ്മാണത്തിനുള്ള തറക്കല്ല് ഇടുന്നത്. ബ്രിട്ടീഷ്-മുഗള്‍ വാസ്തുവിദ്യകളുടെ സമന്വയം ഇതിന്റെ നിര്‍മ്മാണ രീതിയില്‍ കാണാന്‍ സാധിക്കും.
ഗാലറി, അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍, പ്രതിമകള്‍, മ്യൂസിയം തുടങ്ങിയവ ഇവിടെ കാണാം. ഇത് ആസ്വദിക്കുവാനാണ് കൂടുതലും സന്ദര്‍ശകര്‍ എത്തുന്നത്.

PC:Tapas Biswas

അമേര്‍ കോട്ട

അമേര്‍ കോട്ട

രാജസ്ഥാനിലെ ജയ്പൂരിന്റെ പ്രത്യേകതകളില്‍ ഒന്നാണ് അമേര്‍ കോട്ട. ബോളിവുഡിന്റെ പ്രിയപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നായ ഇവിടെ ഒരു സീനെങ്കിലും ചിത്രീകരിക്കാത്ത ഹിന്ദി സിനിമകള്‍ കുറവാണെന്നു തന്നെ പറയാം. ചരിത്രത്തിലെ മായാത്ത കഥകള്‍ കൊണ്ടും കൊത്തുപണികളും വാസ്തുവിദ്യകൊണ്ടും എന്നും തിളങ്ങി നില്‍ക്കുന്ന ഒരു ലൊക്കേഷനാണിത്. നിര്‍മ്മാണ ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നായ ഇതിന്റെ ഒപ്പം നില്‍ക്കുന്ന മറ്റൊന്നും രാജസ്ഥാനില്‍ ഇല്ല. ചുവന്ന കല്ലുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ചുവരുകളും വെളുത്ത മാര്‍ബിളില്‍ നിര്‍മ്മിച്ചിട്ടുള്ള വരാന്തകളും ഇതിന്റെ സൗന്ദര്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

PC:Kuldeepsingh Mahawar

ജല്‍ മഹല്‍

ജല്‍ മഹല്‍

പ്രണയരംഗങ്ങള്‍ ചിത്രീകരിക്കുമ്പോല്‍ ബോളിവുഡ് സിനിമകളില്‍ സ്ഥിരം വരുന്ന ഇടമാണ് രാജസ്ഥാനിലെ തന്നെ ജല്‍മഹല്‍. ചുറ്റിലും നിറഞ്ഞു കിടക്കുന്ന വെള്ളത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരവും വെള്ളത്തില്‍ കാണുന്ന അതിന്റെ പ്രതിഫലനവും എങ്ങനെയാണ് വേണ്ടന്നു വയ്ക്കുക.
ഒരു കാലത്ത് ജയ്പൂരിലെ രാജാക്കന്‍മാര്‍ പക്ഷികളെ വേട്ടയാടുന്ന സ്ഥലമായിരുന്നുവത്രെ ഇത്.250 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ് ഉള്ളത്. അക്കാലത്തെ വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണ് ഇത്. ഇവിടെ ബോട്ട് വഴി മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

PC: flicker

 നാഹര്‍ഗഡ് കോട്ട

നാഹര്‍ഗഡ് കോട്ട

അമീര്‍ ഖാന്റെ പ്രശസ്തമായ രംഗ് ദേ ബലന്തി സിനിമ ചിത്രീകരിച്ച സ്ഥലം ഓര്‍മ്മയുണ്ടോ? അത് രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള നാഹര്‍ഗഡ് കോട്ടയാണ്. ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യയുടെ മിശ്രണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട ആരവല്ലി പര്‍വ്വത നിരകള്‍ക്ക് സമാന്തരമായാണ് സ്ഥിതി ചെയ്യു്‌നനത്. കടുവകളുടെ വാസസ്ഥലം എന്നാണ് നാഗര്‍ഗഡ് എന്ന വാക്കിന്റെ അര്‍ഥം. 1734 ലാണ് ഈ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. പിന്നീട് 1880 ല്‍ മഹാരാജാ സവായ് സിങ് മാധോ ഇതിന്റെ പുറം ചുവരുകളും മറ്റും പുനര്‍ നിര്‍മ്മിച്ചിരുന്നു.

PC:Tharakan

ബഡാ ബാഗ്

ബഡാ ബാഗ്

ജയ്‌സാല്‍മീരില്‍ നിന്നും ആറു കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര സ്ഥലമാണ് ബഡാ ബാഗ്. രാജകീയമായ നിര്‍മ്മിതികള്‍ക്കു പേരു കേട്ടിരിക്കുന്ന സ്ഥലമാണ് ബഡാ ബാഗ്. ഇവിടുത്തെ പാര്‍ക്കില്‍ ധാരാളം സ്മാരകങ്ങള്‍ കാണാന്‍ സാധിക്കും. ശവകുടീരങ്ങളും തൂണുകളും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഒട്ടേറം ബിഗ് ബജറ്റ് ബോളിവുഡ് സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.

Pc:Ankit khare

ഗോല്‍കോണ്ട കോട്ട

ഗോല്‍കോണ്ട കോട്ട

ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഈ ആസ്ഥാനം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1512 മുതല്‍ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ നിര്‍മിച്ചത്. ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ എട്ടുഗേറ്റുകളും 87 കൊത്തളങ്ങളും പ്രൗഡിയേറ്റുന്ന ഈ കൂറ്റന്‍ കോട്ടയുടെ നിര്‍മാണത്തില്‍ ഏറിയ പങ്കും നടന്നത് ഇബ്രാഹീം ക്വിലി ഖുത്തുബ്ഷായുടെ ഭരണകാലത്താണ്. അത്ഭുതകരമായ ശബ്ദ സംവിധാനമാണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. പ്രധാന കവാടത്തില്‍ നിന്ന് കൈകൊട്ടിയാല്‍ 91 മീറ്റര്‍ ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗം വരെ കേള്‍ക്കുമത്രേ.

PC:Haseeb1608

താജ് മഹല്‍

താജ് മഹല്‍

പ്രണയത്തിന്റെ പ്രതീകമായണ് താജ്മഹലിനെ വിശേഷിപ്പിക്കുന്നത്. താജ്മഹലിനെക്കുറിച്ച് പറയുമ്പോള്‍, ചില നാടോടിക്കഥയിലെന്ന പോലെ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകഥയാണ് പറയപ്പെടുന്നത്. മുംതാസിന്റെ ഓര്‍മ്മയ്ക്ക് ഷാജഹാന്‍ നിര്‍മ്മിച്ച പ്രണയ സ്മാരകം. ഇത് ഒരു പക്ഷെ ചരിത്രം ആയിരിക്കാം കെട്ടുകഥ ആയിരിക്കാം. പക്ഷെ, യമുനാ നദിയുടെ കരയില്‍ തീര്‍ത്ത ആ മാര്‍ബിള്‍ സൗധം ശരിക്കും ഒരു വിസ്മയം തന്നെയാണ്.
ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിര്‍മ്മാണം 1631ല്‍ ആരംഭിച്ച് 1653ല്‍ പൂര്‍ത്തിയാക്കിയെന്നാണ് ചരിത്രം പറയുന്നത്.


PC:wikimedia.org

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...