» »മലമുകളില്‍ സാഹസികരാവാം...പറന്നുയരാന്‍ ജടായുപ്പാറ

മലമുകളില്‍ സാഹസികരാവാം...പറന്നുയരാന്‍ ജടായുപ്പാറ

Written By: Elizabath

തേത്രായുഗത്തിലെ ശേഷിപ്പുകള്‍ കലിയുഗത്തില്‍ പിന്തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊല്ലം ചടയമംഗലത്തുള്ള ജടായുപ്പാറ.
സീതയെ അപഹരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ നിന്ന് രാവണനെ തടഞ്ഞപ്പോള്‍ രാവണന്റെ ചന്ദ്രഹാസമേറ്റ് ചിറകുകള്‍ അരിയപ്പെട്ടു ജഡായു നിലം പതിച്ച സ്ഥലമാണ് ജടായുപ്പാറ എന്നാണ് വിശ്വാസം. തനിക്കുവേണ്ടി പൊരുതിയ പക്ഷിശ്രേഷ്ഠനു രാമ ദര്‍ശനവും മോക്ഷവും സീതാദേവി അനുഗ്രഹമായി നല്കി. രാമനെത്തുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ജടായു പാറയില്‍ ചുണ്ട് ഉരസി ജലപ്രവാഹമുണ്ടാക്കിയത്രെ. ജടായുപാറയ്ക്കു മുകളില്‍ കാണുന്ന തീര്‍ഥക്കുളത്തിനു പിന്നിലെ കഥയായി ആളുകള്‍ സങ്കല്‍പ്പിച്ചു പോരുന്ന ഐതിഹ്യമാണിത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേര്‍ന്ന് ഉറപ്പിച്ച ജടയുപ്പാറ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുകയാണ്.

 ജടായുപ്പാറ

PC: Kerala Tourism official site

 പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണ രീതിയിലുള്ള ഒരു ശില്പം പുനിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഇവിടെ അവസാന ഘട്ടത്തില്‍ മുന്നേറുകയാണ്. പണി പൂര്‍ത്തിയാകുന്നതോടെ ജടായുപ്പാറയെ ലോകം വാഴ്ത്തും എന്നതില്‍ തീരെ സംശയമില്ല. അത്രയധികം വിശേഷങ്ങളുണ്ട് ഇവിടെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ജടായുവിന്റെ ശില്പ്പത്തിന്.

     സമുദ്രനിരപ്പില്‍ നിന്നും 850 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജടായുപ്പാറയില്‍ ഉയരുന്ന ശില്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നതോടെ വലിയൊരു ബഹുമതിയാണ് കേരളത്തിന് കൈവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നയിടമായി ജടായുപ്പാറ മാറും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ വിനോദ സഞ്ചാര സംരഭവും കൂടിയാണിത്. കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

ജടായുപ്പാറ

PC: Kumar.kisalaya

ഭീമാകാരന്‍ ഈ ജടായു
250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ഈ ശില്പം നിര്‍മ്മാണ കലയിലെ ഒരു പ്രതിഭാസമായി വാഴ്ത്തപ്പെടും എന്നതില്‍ തര്‍ക്കമില്ല. പതിനയ്യായിരം ചതുരശ്ര അടി നിലത്താണ് ശില്പം സ്ഥിതി ചെയ്യുന്നത്.

പറന്നെത്താന്‍ റോപ്പ് വേ, നടന്നെത്താന്‍ വാക്ക് വേ

പക്ഷിഭീമന്റെ കൂറ്റന്‍ ശില്പത്തിനു മുന്നിലെത്താന്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ആകാശത്തിലൂടെ പറന്നു വരാനായി റോപ് വേ സിസ്റ്റവും ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന നടപ്പാതയുമാണത്. കാടും കല്‍പ്പടവുകളും മലയിടുക്കുകളുമെല്ലാം ഈ നടപ്പാതയില്‍ കടന്നു വരുന്നുണ്ട്.
ജടായുവിനു മുന്നിലെത്തിയാലും ശില്പി രാജീവ് അഞ്ചലൊരുക്കിയിരിക്കുന്ന അത്ഭുതങ്ങള്‍ തീരുന്നില്ല. ശില്പത്തിന്റെ ഉള്ളിലായി അത്യാധുനിക ഡിജിറ്റല്‍ ഓഡിയോ വിഷ്വല്‍ സംവിധാനവും തീയേറ്ററുമൊക്കെ അത്ഭുതങ്ങളുടെ പട്ടികയില്‍ പെടുത്താം.

പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നൊരുക്കിയിരിക്കുന്ന ഈ ശില്പവും അതിനോട് ചേര്‍ന്നുള്ള കേവ് ടൂറിസവും അഡ്വഞ്ചര്‍ പാര്‍ക്കും കേബിള്‍ കാര്‍ സഫാരിയുമെല്ലാം ജടായു ഇക്കോ ടൂറിസത്തിന്റെ മാത്രം മേന്‍മകളാണ്. ജടായു എര്‍ത്ത്‌സ് സെന്റര്‍ അല്ലെങ്കില്‍ ജടായു നേച്ചര്‍ പാര്‍ക്ക് എന്നാണ് ഈ സംരംഭം അറിയപ്പെടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാല്‍
ആഗസ്റ്റിനു ശേഷം മാത്രമേ സന്ദര്‍ശനാനുമതിയുള്ളു.
സാഹസികത തേടിയെത്തുന്നവരെ ഒട്ടുംതന്നെ നിരാശരാക്കില്ല ജടായുപ്പാറ.

ജടായുപ്പാറ

Google map

എത്തിച്ചേരാന്‍
കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു സമീപമാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലം- തിരുവനന്തപുരം റോഡില്‍ പാരിപ്പള്ളി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് തിരിയേണ്ടത്. ചടയമംഗലത്തു നിന്നും രണ്ടു കിലോമീറ്ററില്‍ താഴെ മാത്രമേ ജടായുപ്പാറയിലേക്ക് ദൂരമുള്ളു. തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്ററും കൊട്ടാരക്കരയില്‍ നിന്ന്‌ 20.5 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ചാല്‍ ഇവിടെയെത്താം.