റാണിപുരം.. കാസർകോഡ് ജില്ല സഞ്ചാരികൾക്കായി കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങളിലൊന്ന്.. പുൽമേടും മലകയറ്റവും ഒക്കെയായി പ്രകൃതി സൗന്ദര്യത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണിച്ചുതരുന്നിടം. ഇത്രയൊക്കെ ആയാലും ഇവിടേക്ക് എത്തിപ്പെടുക എന്നത് അല്പം ബുദ്ധിമുട്ടാണ്. പരിമിതമായ പൊതുഗതാഗതസൗകര്യമാണ് ഇവിടേക്ക് എത്തുന്നതിൽ നിന്നും സഞ്ചാരികളെ തടയുന്നത്. എന്നാൽ ഇത്തവണ റാണിപുരത്തിന് ഒരു കിടിലൻ യാത്ര പോകാം... ബസ് ഉണ്ടോ, സമയത്തിനു കിട്ടുവോ, എപ്പോ കുന്നുകയറുവാൻ പറ്റും തുടങ്ങിയ സംശയങ്ങളൊക്കെ മാറ്റിവെച്ച്, ആശങ്കകൾ ഒന്നുമില്ലാതെ ഒരു യാത്ര...
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം അവതരിപ്പിക്കുന്ന റാണിപുരം-ബേക്കൽകോട്ട യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

റാണിപുരം
കാസർകോഡ് ജില്ലയില്‍ പനത്തടി പഞ്ചായത്തിന്‍റെ ഭാഗമാണ് റാണിപുരം. പനത്തടിയിൽ നിന്നുംഏകദേശം 9 കിലോമീറ്റർ ദൂരം മുകളിലേക്ക് കയറി വേണം റാണിപുരം ട്രക്കിങ്ങിന്റെ തുടക്ക സ്ഥാനത്തെത്തുവാൻ. കുടിയേറ്റാവശ്യങ്ങൾക്കായി കോട്ടയം രൂപത ഇവിടുത്തെ പ്രാദേശിക കോടോത്തുകുടുംബത്തിൽ നിന്നും വിലക്കു വാങ്ങിയ പ്രദേശമാണ് റാണിപുരമായി മാറിയത്. ആദ്യകാലത്ത് ഇതിന്റെ പേര് മാടത്തുമല എന്നായിരുന്നു. ഇവിടേക്കു കുടിയേറി വന്നർ പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരു നല്കുകയായിരുന്നു.

കേരളത്തിന്‍റെ ഊട്ടി
സമുദ്രനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന റാണിപുരം മലബാറുകാരുടെ ഊട്ടിയെന്നും കാസർകോഡിന്‍റെ ഊട്ടിയെന്നും കേരളത്തിന്‍റെ ഊട്ടിയെന്നുമെല്ലാം അറിയപ്പെടുന്നു. ഊട്ടിയിലേതു പോലെ തണുപ്പു നിറഞ്ഞ കാലാവസ്ഥയും കോടമഞ്ഞും എല്ലാം ചേരുന്നതാണ് റാണിപുരത്തിന്റെയും കാഴ്ച. പനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോകുന്നതാണ് സാധാരണ സഞ്ചാരികൾ സ്വീകരിക്കുന്ന വഴി.

കയറിച്ചെല്ലാം
മലമുകളിലേക്ക് പുൽമേടുകളും കാടും കയറിയുള്ള നടത്തമാണ് റാണിപുരത്തേത്. കുത്തനെയുള്ള കയറ്റമല്ലെങ്കിൽക്കൂടിയും ചില സ്ഥലങ്ങളിൽ ഈ നടത്തം ക്ഷീണിപ്പിക്കും. റാണിപുരം കുന്നു കയറി താഴെയിറങ്ങളെങ്കില്‍ അഞ്ച് കിലോമീറ്റർ നടക്കണം. എന്നാൽ ഇടയ്ക്കിടെ കോടമഞ്ഞു വന്നു പൊതിയുന്നതും നനുത്ത മഴയും കുളിർകാറ്റുമെല്ലാം മുന്നോട്ടുപോകുവാനുള്ള ഊർജം നല്കും. കാടുകളിലൂടെയാണ് ഇടയ്ക്കു പോകുന്നതെങ്കിൽ അത് പെട്ടന്ന് പുല്‍മേടിയും മൊട്ടക്കുന്നിനുമെല്ലാം വഴിമാറും. അവസാനം കയറിച്ചെല്ലുന്ന മുകളിലത്തെ പാറയും അവിടുത്തെ കാഴ്ചകളും പകരം വയ്ക്കുവാനില്ലാത്താണ്.

ബേക്കൽ കോട്ട
കാസർകോഡ് ടൂറിസത്തിന്റെ മറ്റൊരു അടയാളമാണ് ചരിത്രമുറങ്ങുന്ന ബേക്കൽ കോട്ട. കേരളത്തിലെ ഏറ്റവും വലുതും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്നതുമായ കോട്ടയാണ് ബേക്കൽ കോട്ട. ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ പണികഴിപ്പിച്ചതാണ് ഈ കോട്ടയെന്നാണ് ചരിത്രം പറയുന്നത്. ചെങ്കല്ലുകൊണ്ടാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. , ഭൂമിക്കടിയിലെ തുരങ്കം, നിരീക്ഷണ ഗോപുരം ഒക്കെയുള്ള തന്ത്രപ്രധാനമായ കോട്ടകളിലൊന്നായാണ് ഇത് നിർമ്മിച്ചത്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും പുറത്ത് ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. ഇത് ടിപ്പു സുൽത്താനാണ് നിർമ്മിച്ചത്.
PC:S.pratheesh
കാസർകോഡിനാണ് യാത്രയെങ്കിൽ ഇക്കാര്യങ്ങൾ മനസ്സില്‍ സൂക്ഷിക്കാം

കണ്ണൂരിൽ നിന്നു പോകാം
കാസർകോഡ് ജില്ലയുടെ ഏറ്റവും മനോഹരമായ റാണിപുരത്തേയ്ക്കും ഒരു ബജറ്റ് യാത്ര സംഘടിപ്പിക്കുകയാണ്. നവംബർ 13-ാം തിയതി കണ്ണൂരിൽ നിന്നുമാണ് യാത്ര. ഒരാൾക്ക് എൻട്രിഫീസ് ഉൾപ്പെടെ യാത്രാ നിരക്കായി 680 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണത്തിനുള്ള ചിലവ് അവരവർ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
കണ്ണൂർ ഡിപ്പോയുമായി ബന്ധപ്പെടാം
ഫോൺ: 9496131288, 8089463675 .
പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്
വീതിയിൽ വളരുന്ന ഗണപതി മുതൽ ആമകളെ ആരാധിക്കുന്ന ക്ഷേത്രം വരെ..