» »ശിവജിയുടെ പ്രതാപം വിളിച്ചു പറയുന്ന റായ്ഗഡ് കോട്ട

ശിവജിയുടെ പ്രതാപം വിളിച്ചു പറയുന്ന റായ്ഗഡ് കോട്ട

Written By: Elizabath

മറാഠാ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയെ പരിചയമില്ലാത്തവര്‍ കാണില്ല. മറാത്ത സിംഹമെന്ന് അറിയപ്പെടുന്ന ശിവജിയുടെ ജീവിതം ഒരു പോരാളിയുടോതിന് തുല്യമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. തന്റെ പതിനാറാം വയസ്സില്‍ ബിജാപ്പൂര്‍ സുല്‍ത്താനെ കീഴടക്കി ശിവജി പിടിച്ചെടുത്ത കോട്ടയാണ് മഹാരാഷ്ട്രിലെ പ്രശസ്തമായ റായ്ഗഡ് കോട്ട. ഒരു കാലത്ത് മറാത്ത രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഈ കോട്ട ഇന്നും ചരിത്രത്തില്‍ തലയുയര്‍ത്തിയാണ് നില്‍ക്കുന്നത്. സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റായ്ഗഡ് കോട്ടയുടെ വിശേഷങ്ങള്‍.

കോട്ടയുടെ ചരിത്രം

കോട്ടയുടെ ചരിത്രം

1030 കളില്‍ മൊറേ ഭരണാധികാരികള്‍ നിര്‍മ്മിച്ചതാണ് ഈ കോട്ട എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് കുറേക്കാലത്തോളം മൊറേ രാജാക്കന്‍മാരുടെ കൈകളില്‍ തന്നെ ആയിരുന്നു ഈ കോട്ട. പിന്നീട് പതിനേഴാം നൂറ്റാണ്ടില്‍ ഛത്രപതി ശിവജി അന്നത്തെ ഭരണാധികാരിയായിരുന്ന ചന്ദ്രറാവു മോറെയില്‍ നിന്നും നേടിയെടുത്തതാണ് ഈ കോട്ട. സമുദ്രനിരപ്പില്‍ നിന്നും 820 മീറ്റര്‍ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

PC:Sunilbhar

രാജാവിന്റെ കോട്ടയായ കഥ!

രാജാവിന്റെ കോട്ടയായ കഥ!

റെയ്രി ഫോര്‍ട്ട് എന്നായിരുന്നുവത്രെ ഈ കോട്ടയുടെ ആദ്യകാലത്തെ പേര്. ശിവജി കോട്ട കീഴടക്കിയതിനു ശേഷം അതില്‍ അതില്‍ ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. പുനര്‍നിര്‍മ്മാണം മാത്രമല്ല, ഇന്നു കാണുന്ന പലഭാഗങ്ങളും അദ്ദേഹം ആ കോട്ടയോട് കൂട്ടിച്ചേര്‍ത്തതാണ്. ഇതിനു ശേഷമാണ് രാജാവിന്റെ കോട്ട എന്നര്‍ഥമുള്ള റായ്ഗഡ് എന്ന പേര് കോട്ടയ്ക്കു നല്കുന്നത്. പിന്നീടിത് ശിവജിയുടെ തലസ്ഥാനമായ ചരിത്രമാണ്.

PC:Swapnaannjames

മാറി വന്ന ഭരണാധികാരികള്‍

മാറി വന്ന ഭരണാധികാരികള്‍

ശിവജിയുടെ പക്കല്‍ നിന്നും 1689 ല്‍ സുള്‍ഫിഖര്‍ ഖാന്‍ ഈ കോട്ട തട്ടിയെടുക്കുകയും മുഗള്‍ രാജാവായ ഔറംഗസേബ് ഇതിന് ഇസ്ലാംഗഡ് എന്ന പേരു നല്കുകയും ചെയ്തു എന്ന് പറയുന്നു. പിന്നീട് 1707ല്‍ സിദ്ധി ഫദ്ദേഖാന്‍ എന്നയാള്‍ ഈ കോട്ട പിടിച്ചടക്കുകയും 1733 വരെ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.

PC:Chetan Karkhanis

ബ്രിട്ടീഷുകാരിലേക്ക്

ബ്രിട്ടീഷുകാരിലേക്ക്

പതിനെട്ടാം നൂറ്റാണ്ട് പകുതിയ ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. പിന്നീട് 1818 ല്‍ പീരങ്കി ആക്രമണത്തില്‍ ബ്രിട്ടീഷുകാര്‍ കോട്ട കീഴടക്കുകയും ഉടമ്പടി അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇത് ഏറ്റെടുക്കുകയുമായിരുന്നു.

PC:Damodar Magdum

മഹാ ദര്‍വാസ

മഹാ ദര്‍വാസ

കോട്ടയുടെ പ്രധാന കവാടം മഹാദര്‍വാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. 65 മുതല്‍ 70 അടി വരെ ഉയരമുണ്ട് ഈ വാതിലിന്. കോട്ടയ്ക്കകത്തേക്ക് കടക്കുന്ന പ്രധാന പാത ചെന്നെത്തുന്നത് ഇതിനു മുന്‍പിലാണ്. കോട്ടയുടെ ഏറ്റവും ഉയരമുള്ള ഈ ഭാഗം ഈ വാതിലില്‍ നിന്നും 600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Nitin Darekar

ഹിരാക്കനി ബാസ്റ്റിന്‍

ഹിരാക്കനി ബാസ്റ്റിന്‍

കോട്ടയ്ക്കുള്ളിലെ ഏറ്റവും കുത്തനെയുള്ള ചെരിവാണ് ഹിരാക്കനി ബാസ്റ്റിന്‍ എന്നറിയപ്പെടുന്നത്. ഇതിനു ഈ പേരു വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. കോട്ടയ്ക്കകത്തുള്ളവര്‍ക്ക് പാല്‍ വില്‍ക്കാനായി താഴെയുള്ള ഗ്രാമത്തില്‍ നിന്നും വന്നിരുന്ന സ്ത്രീയായിരുന്നുവത്രെ ഹിരാക്കനി. സാധാരണയായി സൂര്യാസ്തമയത്തോടെ കോട്ടയുടെ വാതിലുകള്‍ അടയ്ക്കുകയാണ് പതിവ് ഒരിക്കല്‍ അവര്‍ പാല്‍ വിറ്റുതീരുന്നതിനു മുന്‍പേ കോട്ടയുടെ വാതിലുകള്‍ അടയ്ക്കുകയും ഹിരാക്കനി കോട്ടയ്ക്കുള്ളില്‍ ആയിപ്പോവുകയും ചെയ്തു. രാത്രിയില്‍ ഗ്രാമത്തില്‍ നിന്നും തന്റെ കുഞ്ഞ് കരയുന്നതുകേട്ട ഹിര്‍ക്കനി തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം കൊണ്ട് കുത്തനെയുള്ള ആ മലഞ്ചെരിവിലൂടെ അതിസാഹസികമായി ഗ്രാമത്തിലെത്തി. പിന്നീട് ഛത്രപതി ശിവജിയെ അവര്‍ ഇത് ചെയ്തുകാണിക്കുകയും ചെയ്തു. ശിവജി അവരുടെ ധീരതയെ അഭിനന്ദിക്കുകയും അദ്ദേഹം കോട്ടയില്‍ ഹിര്‍കനി ബാസ്റ്റിന്‍ സ്ഥാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.

PC:Sanket Suresh Rane

ശിവജിയുടെ പ്രതിമ

ശിവജിയുടെ പ്രതിമ

കോട്ടയ്ക്കുള്ളിലെ മാര്‍ക്കറ്റിന്റെ സമീപത്തായാണ് ശിവജിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അവിടെ നിന്നും കുറച്ച് മാറി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായയായ വാഗ്യയുടെ ശവകുടീരവും കാണാന്‍ സാധിക്കും. ശിവജിയുടെ സിംഹാസനവും ഒരു ക്ഷേത്രവും ഇവിടുത്തെ മറ്റു കാഴ്ചകളാണ്.

PC:Chinmaya Panda

1500 പടികള്‍

1500 പടികള്‍

മൂന്നുഭാഗവും മലകളാലും കുന്നുകളാലും ചുറ്റപ്പെട്ട സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവിടെ എത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല താഴ്‌വാരത്തു നിന്നും 1500 പടികളാണ് ഇവിടേക്ക് എത്താനായി ഉള്ളത്.

PC:Prasadfalke

അവശിഷ്ടങ്ങള്‍

അവശിഷ്ടങ്ങള്‍

കോട്ടയ്ക്കുള്ളിലെ കൊട്ടാരം തടി ഉപയോഗിച്ചായിരുന്നു നിര്‍മ്മിച്ചത്. ഇപ്പോള്‍ അവിടെ തൂണുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാജ്ഞിയുടെ ആര് മുറികള്‍, കാവല്‍ ഗോപുരങ്ങള്‍, വധശിക്ഷ നടപ്പാക്കിയിരുന്ന മുറി എന്നിവയാണ് മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ ഇന്നും സംരക്ഷിക്കുന്നത്.

PC:wikimedia

ഗംഗാ സാഗര്‍ തടാകം

ഗംഗാ സാഗര്‍ തടാകം

കോട്ടയിലേക്ക് ആവശ്യമായ വെള്ളത്തിനായി ഇവിടെ നിര്‍മ്മിച്ച കൃത്രിമ തടാകമാണ് ഗംഗാ സാഗര്‍ എന്നറിയപ്പെടുന്നത്. ഇന്നു ംവളരെ നല്ല രീതിയില്‍ ഇതിനെ ഇവിടെ സംരക്ഷിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

PC:Avinash.gaikwad

റായ്ഗഡ് റോപ് വേ

റായ്ഗഡ് റോപ് വേ

റായ്ഗഡില്‍ നിന്നും യാത്രക്കാര്‍ക്ക് നടന്നു വരാതെ എളുപ്പത്തില്‍ കോട്ടയിലെത്താനും കാഴ്ചകള്‍ കാണാനുമായി ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റായ്ഗഡ് റോപ് വേ. പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കം ഈ സംവിധാനം ഉപയോഗിക്കാം. പത്ത് മിനിട്ടുകൊണ്ട് ഇതുവഴി മുകളിലെത്താന്‍ സാധിക്കും.

PC:Joshi detroit

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില് മാഹദ് എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
മുംബൈയില്‍ നിന്നും 166 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പൂനെയില്‍ നിന്നും 131 കിലോമീറ്ററും മംഗലാപുരത്തു നിന്നും 800 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...