» »നീലാകാശവും പച്ചഭൂമിയും കാണാന്‍

നീലാകാശവും പച്ചഭൂമിയും കാണാന്‍

Written By: Elizabath

നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊക്കെ വിട്ട് രണ്ടു ദിവസം അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണ്  കൂര്‍ഗിനടുത്ത് സ്ഥിതി ചെയ്യുന്ന മണ്ടല്‍പെട്ടി ഹില്‍ സ്റ്റേഷന്‍.                     ഓഫീസിലെ പതിവു തിരക്കുകളില്‍ നിന്നും മുഷിഞ്ഞ ദിനചര്യകളില്‍ നിന്നും ഒന്നു മാറി നീലാകാശവും പച്ചഭൂമിയും കാണാന്‍ പോകുന്നവര്‍ക്ക് ബെംഗളുരുവില്‍ നിന്നും 260 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മണ്ടല്‍പെട്ടി ഹില്‍ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം.
            റൈഡേഴ്‌സിന്റെ സ്ഥിരം ഡെസ്റ്റിനേഷനായ ഇവിടം സാഹസികരായ സഞ്ചാരികള്‍ക്കാണ് കുറച്ചുകൂടി യോജിക്കുക. കാരണം സാഹസികത ഉള്ളിലുള്ള ആര്‍ക്കും ഇവിടുത്തെ റോഡ് കണ്ടാല്‍ പിടിച്ച് നില്ക്കാനാവില്ല. എങ്ങനെയും വണ്ടി മുകളിലെത്തിച്ചേ അടങ്ങൂ എന്ന വാശിയായിരിക്കും.

നീലാകാശവും പച്ചഭൂമിയും കാണാന്‍

PC :Jaskirat Singh Bawa

ഹില്‍ സ്റ്റേഷനിലേക്കുള്ള യാത്ര അതീവ സാഹസികത നിറഞ്ഞതാണ്. ഈ യാത്രയുടെ യഥാര്‍ഥ ഹരമാണ് ഈ ഓഫ് റോഡിങ്ങ്.
മണ്ടല്‍പെട്ടിയിലേക്കുള്ള നിറുകയിലേക്കുള്ള യാത്ര 4*4 ജീപ്പുള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നായിരുന്നു കുറച്ചുനാള്‍ മുന്‍പു വരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ബൈക്ക് റൈഡേഴ്‌സിന്റെ സ്ഥിരം ഡെസ്റ്റിനേഷനായി മാറാന്‍ മണ്ടല്‍പെട്ടിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല.


ഹില്‍ സ്‌റ്റേഷന്റെ നാലു കിലോമീറ്റര്‍ മുന്നിലായി റോഡ് തീരും. തുടര്‍ന്നുള്ള ഓഫ് റോഡിങ് അല്പം ബുദ്ധിമുട്ടാണെങ്കിലും പോകുന്ന വഴിയില്‍ കുറച്ച് നേരം പോലും നില്‍ക്കാനാവില്ല. അത്ര ശക്തമായുള്ള മഞ്ഞു വീഴ്ചയുള്ള സ്ഥലമാണിത്. മഞ്ഞില്‍ കുളിച്ചു എന്ന പദത്തിന് യോജിച്ച മറ്റൊരു സ്ഥലം അടുത്തങ്ങും കാണില്ല. അത്രയ്ക്കുണ്ട് ഇവിടുത്തെ മഞ്ഞുവീഴ്ച. പുലര്‍ച്ചെ മലകയറാനെത്തുന്നവര്‍ക്ക് മാത്രമേ ഇത്രയും  ശക്തമായ മഞ്ഞു വീഴ്ച അനുഭവപ്പെടുകയുള്ളു.

നീലാകാശവും പച്ചഭൂമിയും കാണാന്‍

PC: Leelavathy B.M

കുറച്ച് ധൈര്യമുള്ളവര്‍ വണ്ടിയെടുക്കുമെങ്കിലും കൂടുതലും ആളുകള്‍ ട്രക്കിങ്ങിനായി ഈ സ്ഥലം പ്രയോജനപ്പെടുത്തും. മലയടിവാരത്തില്‍ നിന്ന് ഇങ്ങോട്ടേയ്ക്ക് ടാക്‌സികളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരു ജീപ്പിനു മാത്രം കഷ്ടിച്ച് കടന്നുപോകാവുന്നത്രയും ഇടുങ്ങിയ വഴിയാണ് മുകളിലേക്കുള്ളത്. ഉയരം കൂടുന്തോറും കാഴ്ചകള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു കാറ്റു വീശുന്ന നേരം വരെ മാത്രമേ കാഴ്ചകള്‍ക്ക് തെളിമയുണ്ടാവുകയുള്ളു. പിന്നീട് എന്തെങ്കിലും ഒന്ന് കാണണമെങ്കില്‍ മൂടല്‍ മഞ്ഞ് ഇറങ്ങുന്നതുവരെ കാത്തിരിക്കണം.

നീലാകാശവും പച്ചഭൂമിയും കാണാന്‍

PC:Ansuman1994

മുകളില്‍ നിന്നും അതിമനോഹരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കും, പച്ചയില്‍ പുതച്ച മലനിരകളാണ് പ്രധാന കാഴ്ച. മുന്‍പ് വാഗമണ്ണില്‍ പോയിട്ടുള്ളവരാണെങ്കില്‍ വാഗമണ്ണിന്റെ തനിപ്പകപ്പായി മാത്രമേ ഇവിടം അനുഭവപ്പെടുകയുള്ളൂ. മൊട്ടക്കുന്നുകളും പുല്‍മേടുകളും ഹതിതാഭവും പച്ചപ്പുമൊക്കെ വാഗമണ്ണിനെയാണ് ഓരോ നിമിഷവും ഓര്‍മ്മപ്പെടുത്തുന്നത്.
കൃത്യമായ പ്ലാനിങ്ങോടുകൂടി മാത്രം പോകേണ്ട ഒരു സ്ഥലമാണിത്. മടിക്കേരിയില്‍ നിന്നും തിരിഞ്ഞ് ഇവിടെയെത്തുന്നതു വരെയുള്ള നഴികള്‍ കുഴപ്പിക്കുന്നതാണ്. വഴി ചോദിക്കാന്‍ പോലും ആരെയും കാണാത്ത അവസ്ഥ മുന്‍കൂട്ടി പ്രതീക്ഷിച്ച് മാത്രമേ പോകാവു.

നീലാകാശവും പച്ചഭൂമിയും കാണാന്‍

PC: GOOGLE MAP

നാഗര്‍ഹോളെ നാഷണന്‍ പാര്‍ക്ക്, ബൈലക്കുപ്പേ, കുശാല്‍ നഗര്‍, ദുബാരെ എന്നിവയെല്ലാം സമീപത്ത് സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്.

Read more about: hill station madikeri coorg