» »പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍

പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍

Written By: Elizabath


അറിയപ്പെടാതെ വിസ്മൃതിയിലാണ്ടുപോകുമോ എന്നു കരുതുന്ന അനേകം ഗുഹാചരിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. മാനവ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ കഥകള്‍ ഒളിപ്പിച്ച ഗുഹകളിലേക്കൊന്നു പോകാം. അത്തരത്തില്‍ മറഞ്ഞുകിടക്കുന്ന ഒരു ഗുഹയാണ് മഹാരാഷ്ട്രയിലെ മണ്ഡപേശ്വര്‍ ഗുഹകള്‍. ദഹിസാര്‍ ഗുഹകള്‍ എന്ന പേരിലും കല്ലില്‍ കൊത്തിയുണ്ടാക്കിയ ഈ ഗുഹകള്‍ അറിയപ്പെടുന്നു.

പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍

pc: Kartik Chandramouli


മുംബൈയുടെ നഗരപ്രാന്തത്തിലുള്ള ബോരിവല്ലിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കാലത്തിന്റെ ഓട്ടത്തിനും നഗരത്തിന്റെ വികസനത്തിനും ഇടയില്‍ എവിടെയോ ഒറ്റപ്പെട്ടുപോയ ചരിത്രവും ഈ ഗുഹകള്‍ക്കു പറയാനുണ്ട്.

പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍

pc: Grv rtd490


ഏകദേശം ആയിരത്തി അറുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നതാണ് മണ്ഡപേശ്വര്‍ ഗുഹകള്‍.
'ഭഗവാന്റെ ചിത്രങ്ങള്‍ നിറഞ്ഞ സ്ഥലം' എന്നാണ് മണ്ഡപേശ്വര്‍ എന്ന വാക്കിന്റെ അര്‍ഥം. പേരു സൂചിപ്പിക്കും പോലെ തന്നെ ശിവഭഗവാനു സമര്‍പ്പിക്കപ്പെട്ടിരുക്കുന്ന ചുരുക്കം ചില ഗുഹകളിലൊന്നാണിത്. അക്കാലത്തെ ദഹിസാര്‍ നദികള്‍ക്കു സമീപമായിരുന്നു ഗുഹസമുച്ചയം സ്ഥിതി ചെയ്തിരുന്നതെങ്കിലും കാലക്രമത്തില്‍ നദിയുടെ ഗതി മാറിയതായി ചരിത്രം പറയുന്നു.

പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍

pc: Grv rtd490


ഗുഹയ്ക്കുള്ളിലായുള്ള വേറെയും ഗുഹകള്‍ ഇവിടെ കാണേണ്ട കാഴ്ചയാണ്. ധാരാളം കൊത്തുപണികള്‍ ചെയ്ത തൂണുകളും കല്ലില്‍ കൊത്തിയ വിഗ്രഹങ്ങളുമൊക്കെയുണ്ട് ഇവിടെ കാണാന്‍. ഗുഹയ്ക്ക് നടുവിലായുള്ള ശിവലിഗം ഇരിക്കുന്ന സ്ഥലം ഇപ്പോള്‍ ചെറിയൊരു ക്ഷേത്രമായി സംരക്ഷിക്കുന്നു. നടരാജ, സദാശിവ, അര്‍ധനാരാരീശ്വര എന്നിവയുടെ വളരെ മനോഹരമായ ശില്പങ്ങളും ചിത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും.
കൂടാതെ ഗണേശ, വിഷ്ണു, ബ്രഹ്മാവ് എന്നിവരുടെ പ്രതിമകളും ഇവിടെയുണ്ട്. ഇവിടെ കൊത്തിയിരിക്കുന്നവ മിക്കതും ഹിന്ദു പുരാണങ്ങളെ അധികരിച്ചാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ശിവ- പാര്‍വ്വതി വിവാഹത്തിന്റെ വലിയൊരു ശില്പവും ഗുഹയിലുണ്ട്. ബുദ്ധമതത്തിന്റെ സ്വാധീനത്തിന്റെ ഭാഗമായി അക്കാലത്തു നിര്‍മ്മിക്കപ്പെട്ട മറ്റെല്ലാ ഗുഹകളിലും ബുദ്ധമതത്തിന്റെ ആശയങ്ങളും മറ്റുമാണ് കാണാന്‍ സാധിക്കുക.

പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍


pc: Grv rtd490


പതിനെട്ടാം നൂറ്റാണ്ടില്‍ മറാഠികളുടെ ആക്രമണത്തില്‍ ഗുഹകള്‍ കത്തി നശിച്ചുവത്രെ. പിന്നീട് അവശേഷിക്കുന്നതാണ് ഇപ്പോല്‍ കാണുന്നത്. ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴീലാണ് സംരക്ഷിക്കുന്നത്.

പൈതൃകത്തിന്റെ കഥപറയുന്ന മണ്ഡപേശ്വര്‍ ഗുഹകള്‍

pc: Grv rtd490

ചരിത്രത്തിലെ പല സംഭവങ്ങള്‍ക്കും നിശ്ബ്ദനായ ഒരു കാഴ്ചക്കാരനായി മണ്ഡപേശ്വര്‍ ഗുഹകള്‍ നോക്കി നിന്നിട്ടുണ്ട്.
യുദ്ധങ്ങളുടെ സമയത്തും അല്ലാത്ത അവസരങ്ങളിലും പട്ടാളക്കാര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള ഒരു ഒളി സങ്കേതമായിരുന്നു മണ്ഡപേശ്വര്‍ ഗുഹകള്‍.
പോര്‍ച്ചുഗീസുകാര്‍ പ്രാര്‍ഥനകള്‍ നടത്താനായുള്ള ഒരു സ്ഥലമായും ഇതിനെ ഉപയോഗിച്ചിരുന്നു.

Read more about: caves, temples, monuments