കുഞ്ഞുങ്ങളെ കാക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവരെ സംരക്ഷിക്കുന്ന ദൈവങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ കൃഷ്ണനായി സങ്കല്പിക്കുന്ന ഒരു ക്ഷേത്രമുണ്ട്. മാരംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കുഞ്ഞുങ്ങൾക്ക് പ്രത്യേക സംരക്ഷണം നല്കുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്. അപൂർവ്വം എന്നു വിശേഷിപ്പിക്കാവുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള മാരംകുളങ്ങര ക്ഷേത്രത്തെക്കുറിച്ച് വായിക്കാം.

മാരംകുളങ്ങര ക്ഷേത്രം
കുഞ്ഞുങ്ങളെ കൃഷ്ണ സങ്കല്പത്തിൽ കരുതുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് മാരംകുളങ്ങര ക്ഷേത്രം. ഏകദേശം 700 വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. ബാലകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായ ചില പിന്തുടർച്ചകൾ ഉണ്ട്. കുഞ്ഞുങ്ങൾക്കായുള്ള ക്ഷേത്രം എന്നാണ് വിശ്വാസികൾക്കിടയിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ജനിച്ച് 16-ാം ദിവസം മുതൽ വരാം
സാധാരണ ക്ഷേത്രങ്ങളിൽ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുന്നത് അഞ്ചാം മാസത്തിലെ അവരുടെ ചോറൂണ് ചടങ്ങുമായി ബന്ധപ്പെട്ടാണ് അതിനു മുൻപായി കുഞ്ഞുങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറില്ല. എന്നാൽ മാരംകുളങ്ങര ക്ഷേത്രത്തിൽ കുഞ്ഞുങ്ങൾ ജനിച്ച് 16-ം ദിവസം മുതൽ പ്രവേശനം നല്കുന്നു. കേരളത്തിൽ ഇത്തരത്തിൽ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുന്ന ക്ഷേത്രങ്ങൾ അധികമില്ല എന്നാണ് കരുതുന്നത്.

വിശേഷങ്ങൾ ചോദിക്കുന്ന കൃഷ്ണൻ
തന്‍റെ സന്നിധിയിലെത്തുന്ന കുരുന്നുകളോട് പ്രതിഷ്ഠയായ ബാലകൃഷ്ണൻ സംസാരിക്കാറുണ്ട് എന്നാണിവിടുത്തെ വിശ്വാസം. അവരോട് കൃഷ്ണൻ വിശേഷങ്ങൾ ആരായുകയും ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമത്രെ. കിഴക്ക് ദിശയിലേക്ക് ദർശനമായാണ് ഇവിടുത്തെ ഉണ്ണിക്കണ്ണനുള്ളത്. ഇവിടെ വന്നു പ്രാർത്ഥിച്ചാൽ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുമെന്നാണ് വിശ്വാസം. ഇവിടുത്തെ പ്രതിഷ്ഠയ്ക്കും പ്രത്യേകതകളുണ്ട്, കൃഷ്ണന്റെ ചൈതന്യം മാത്രമല്ല, വിഷ്ണുവിന്‍റെ സാന്നിധ്യവും ഇതിനുണ്ടെന്നാണ് കരുതുന്നത്.

ഉണ്ണിക്കുളിയും മാരംകുളങ്ങര ക്ഷേത്രവും
മാരംകുളങ്ങര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണ് ഉണ്ണിക്കുളി. ക്ഷേത്രത്തിൽ നിന്നും നല്കുന്ന പ്രത്യേക തീർത്ഥം ഉപയോഗിച്ച് കുഞ്ഞുങ്ങളെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ആൽച്ചുവട്ടിലുള്ള കല്ലിൽ നിർത്തി കുളിപ്പിക്കുന്ന ചടങ്ങാണിത്. ക്ഷേത്രക്കിണറ്റിലെ ഈ വെള്ളത്തിൽ കുളിപ്പിച്ച ശേഷം അതേ നനവോടെ ക്ഷേത്രത്തിനുള്ളിൽ കയറി ദർശനം നടത്തുകയും മേൽശാന്തി ചരടും പൂജിച്ചു കൊടുക്കുകയും ചെയ്യുന്നു. എല്ലാ വിധ ബാലാരിഷ്ടതകളിൽ നിന്നും പ്രത്യേകിച്ച് കരപ്പൻ, പക്ഷിപീഠ, ഗ്രഹണി തുടങ്ങിയവയിൽ നിന്നും ഈ കുളി കുഞ്ഞുങ്ങൾക്ക് മോചനം നല്കുന്നു എന്നാണ് വിശ്വാസം. ഏതേ രോഗവും ഈ കുളിയിൽ മാറുമെന്നാണ് വിശ്വാസം. തുടർച്ചയായി അഞ്ച് ആഴ്ചകളിൽ ഈ കുളി നടത്തണമെന്നാണ് വിശ്വാസം. അങ്ങനെ വരുവാൻ സാധിക്കാത്തവര്‍ ഒരു തവണ വന്നും ഈ കുളി നടത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ കുണ്ണിക്കുളി നടത്തുവാനായി വിശ്വാസികൾ ഇവിടെ എത്താറുണ്ട്. കുട്ടികളെ അമൃതിൽ അഭിഷേകം ചെയ്യുന്നു എന്നാണ് ഈ കുളികൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്.

അമൃത് വർഷിച്ച കിണർ
എങ്ങനെയാണ് ക്ഷേത്രക്കിണറിലെ വെള്ളത്തിലെ കുളി ഇത്രയും പ്രത്യേകതയുള്ളത് ആയത് എന്നറിയുമോ? അതിനു പിന്നിലൊരു പുരാണ കഥയുണ്ട്. ശ്രീകൃഷ്ണനെ അപായപ്പെടുത്തുവാനായി കംസൻ പൂതനയെ അയച്ച കഥ നമുക്ക് പരിചയമുണ്ട്. തന്‍റെ സ്തനങ്ങളിൽ വിഷം പുരട്ടി, പാൽ കുടിക്കുന്ന കൃഷ്ണനെ കൊല്ലുകയായിരുന്നു പൂതനയുടെ ഉദ്ദേശമെങ്കിലും അതു മനസ്സിലാക്കിയ കൃഷ്ണൻ പാലിനൊപ്പം വലിച്ചെടുത്തത് പൂതനയുടെ ജിവൻ കൂടിയായിരുന്നു. വിഷം ഉള്ളിൽ പോയെങ്കിലും കൃഷ്ണന് ഒന്നും സംഭവിച്ചില്ല. എന്നിരുന്നാലും മകന്‍റെ ഉള്ളിൽ വിഷം പോയെന്ന വിഷമത്തിൽ അമ്മ യശോദ പ്രാർത്ഥനകൾ നടത്തുകയും ഒടുവിൽ മനസ്സലിഞ്ഞ് വിഷ്ണു കിണറ്റിൽ അമൃത് പകരുകയും ചെയ്തുവത്രെ. അങ്ങനെ ആ വെള്ളത്തിൽ കുളിപ്പിച്ചപ്പോൾ കൃഷ്ണന്റെ ശരീരത്തിലെ വിഷാംശമെല്ലാം നീങ്ങിയെന്നാണ് വിശ്വാസം. അന്നു വിഷ്ണു അമൃത് വർഷിച്ച ആ കിണർ ഈ ക്ഷേത്രത്തിലെ ആണെന്നാണ് വിശ്വാസം.
PC: Facebook

പ്രസാദവും വഴിപാടികളും
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും മിടുക്കിനും വിവിധ വഴിപാടുകളും പ്രസാദങ്ങളും ക്ഷേത്രത്തിൽ നടത്താറുണ്ട്. അതിൽ പ്രധാനം ബാലഊട്ടും തൃക്കൈവെണ്ണയും ആണ്. കുഞ്ഞുങ്ങൾക്ക് പ്രസാദമായി വെണ്ണ നല്കാറുണ്ട്. കുഞ്ഞുങ്ങളെക്കൊണ്ട് മഞ്ചാടിക്കുരു വാരിക്കുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്.

എങ്ങനെ വരാം
എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്ക് സമീപം വെണ്ണല- എരൂർ റൂട്ടിൽ എരൂർ മെയിന്‍ റോഡിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ക്ഷേത്രത്തിലെത്തിച്ചേരാം. തൃപ്പൂണിത്തുറയിൽ നിന്നും വെറും മൂന്നര കിലോമീറ്റർ ദൂരമേ ഈ ക്ഷേത്രത്തിലേക്കുള്ളൂ.