Search
  • Follow NativePlanet
Share
» »കോട്ടയത്തിന്‍റെ ഈ രുചികൾ ഒന്നുവേറെ തന്നെയാണ്!

കോട്ടയത്തിന്‍റെ ഈ രുചികൾ ഒന്നുവേറെ തന്നെയാണ്!

രുചികളുടെ കാര്യത്തില്‍ കോട്ടയത്തെ വെല്ലണമെങ്കിൽ അതിത്തിരി പാടാണ്. അങ്ങ് മുണ്ടക്കയം തൊട്ട് ഇങ്ങ് കുമരകം വരെ നീണ്ടു കിടക്കുന്ന കോട്ടയത്തിന്റെ രുചിവഴികൾ സമ്മാനിക്കുക ഒന്നിനൊന്ന് വ്യത്യസ്തമായ സൂപ്പർ വിഭവങ്ങളാണ്. മലയോര മേഖലകളിലെ രുചികൾ മലയിറങ്ങി താഴേക്കു വരുമെങ്കിലും ഓരോ നാടിനും സ്വന്തമായി, ഇന്നും മാറാത്ത ഒരു രുചിയുണ്ടെന്നതാണ് കോട്ടയത്തെ ഭക്ഷണ പ്രേമികളുടെ ഇടയിൽ പ്രസിദ്ധമാക്കുന്നത്.
രാവിലെ കപ്പയും മീനും കട്ടൻ കാപ്പിയും കുടിച്ച് ഉച്ചയ്ക്ക് കുടമ്പുളിയിട്ട് വറ്റിച്ച മീനും മോരു കാച്ചിയതും പയറു തോരനും ഒരു കഷ്ണം നാരങ്ങാ അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയും ഒക്കെ അന്നും ഇന്നും മാറാത്ത തനി കോട്ടയം ശീലങ്ങൾ തന്നെയാണ്. ആഘോഷാവസരങ്ങളിൽ തയ്യാറാക്കുന്ന എല്ലും കപ്പയും പിന്നെ കോട്ടയംകാരുടെ സ്വന്തമായ ചുരുട്ടും ഒക്കെ രുചിച്ചു നോക്കിയില്ലെങ്കിൽ നഷ്ടം എന്നതിൽ കൂടുതലൊന്നുമില്ല. ഇതാ കോട്ടയത്തെ പ്രധാനപ്പെട്ട രുചികളും രുചിക്കൂട്ടുകളും അറിയാം...

പാലായിലെ കപ്പയും കുടമ്പുളിയിട്ടു വറ്റിച്ച മീൻ കറിയും

പാലായിലെ കപ്പയും കുടമ്പുളിയിട്ടു വറ്റിച്ച മീൻ കറിയും

കപ്പയും മീനും കോട്ടയംകാരുടെ ദേശീയാഹാരമാണെങ്കിലും പാലാക്കാർക്ക് ഇത് കുറച്ച് സ്പെഷ്യലാണ്. തേങ്ങയും പച്ചമുളകും മഞ്ഞളും കറിവേപ്പിലും ചേർത്തരച്ച അരപ്പിൽ വേവിച്ചുവാങ്ങിയ കപ്പയും കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന മീൻകറിയും പാലാക്കാര്‍ക്ക് ഒരു നേരമങ്കിലും കഴിക്കണമെന്നാണ്.
മീനില്ലെങ്കിൽ കപ്പ വെറുതേ പുഴുങ്ങി (ചെണ്ടക്കപ്പ) മുളകുപൊട്ടിച്ചതാണെങ്കിലും പാലാക്കാർ ഡബിൾ ഹാപ്പി.

കാഞ്ഞിരപ്പള്ളിയിലെ ബീഫ് ഉലർത്തും കപ്പയും

കാഞ്ഞിരപ്പള്ളിയിലെ ബീഫ് ഉലർത്തും കപ്പയും

പാലായിൽ നിന്നും പാലം കയറി പൊൻകുന്നും വഴി കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ മീനിന്‍റെ സ്ഥാനത്ത് ബീഫെത്തും. കുരുമുളകും ഗരംമസാലയും ഒക്കെ ചേർത്തിളക്കി തേങ്ങാക്കൊത്തിൽ കിടക്കുന്ന ബീഫ് ഉലർത്തിയത്. ഈ ബീഫ് ഉലർത്തിയതും കപ്പയും കൂട്ടി ഒരുപിടിപിടിച്ചാൽ പിന്നെ....!!! ഹോ! ഒന്നും പറയാനില്ല.

കുമരകംകാരുടെ കരിമീൻ പൊള്ളിച്ചത്

കുമരകംകാരുടെ കരിമീൻ പൊള്ളിച്ചത്

കപ്പയിലെ കോംബോകൾ മാറിമാറിവന്നാലും രുചിയുടെ കാര്യത്തിൽ കോട്ടയംകാർ ഒരു കോംപ്രമൈസിനും തയ്യാറല്ല. എന്നാൽ കുമരകമെത്തുമ്പോൾ താരം കരിമീന്‍ തന്നെയാണ്. വാഴയിലയിൽ മസാലക്കൂട്ടുകൾ ചേർത്ത് പൊള്ളിച്ചെടുക്കുന്ന കരിമീനിന് ഇവിടെ മാത്രമല്ല, വിദേശത്തും ആരാധകർ ഏറെയുണ്ട്. കോട്ടയത്തിന്റെ നഗരക്കാഴ്ചകൾ കഴിഞ്ഞ് വേമ്പനാട് കടന്നെത്തുന്നവർക്കു മുന്നിൽ മത്സ്യവിഭവങ്ങളുടെ ഒരു സമ്മേളനം തന്നെ കുമരകംകാർ ഒരുക്കിയിരിക്കും. എന്തൊക്കെ വിഭവങ്ങൾ മുന്നിലെത്തിയാലും കപ്പയോടൊപ്പമായിരിക്കും ഇതിന്‍റെയെല്ലാം ടേസ്റ്റ് പുറത്തെത്തുക. ഫിഷ് മോളി, ഫിഷ് മപ്പാസ്, ഞണ്ട് കറി, ഞണ്ട് റോസ്റ്റ്, ചെമ്മീൻ വിഭവങ്ങള്‍ തുടങ്ങിയവ ഇവിടെ പരീക്ഷിക്കാം.

പൂഞ്ഞാറുകാരുടെ ചക്കപ്പുഴുക്ക്

പൂഞ്ഞാറുകാരുടെ ചക്കപ്പുഴുക്ക്

നോൺവെജ് വിഭവങ്ങൾ തന്നെയാണ് എന്നും കോട്ടയംകാരുടെ ഹൈലൈറ്റ്. എന്നാൽ അതിനൊപ്പം പിടിച്ചു നിൽക്കുന്ന ഒന്നാണ് പൂഞ്ഞാറുകാരുടെ ചക്കപ്പുഴുക്ക്. വിഭവം സീസണിൽ, അവിടുത്തെ വീടുകളിൽ മാത്രം തയ്യാറാക്കുന്ന ഒന്നാണ്. ചെറുതായി അരിഞ്ഞ ചക്ക അല്പം വെള്ളമൊഴിച്ച് തേങ്ങാ അരപ്പിനൊപ്പം തട്ടുകളായി ഇട്ട് വേകുമ്പോൾ ഒരുമിച്ച് കുഴച്ചെടുക്കുന്ന ഇതിന്‍റെ രുചിക്ക് പകരം വയ്ക്കുവാൻ വേറെയൊന്നുമില്ല.

കോട്ടയത്തെ ബീഫ് കട്ലെറ്റ്

കോട്ടയത്തെ ബീഫ് കട്ലെറ്റ്

കോട്ടയംകാരുടെ ഭക്ഷണത്തോടുള്ള സ്നേഹം ഏറ്റവും ചെറിയ രൂപത്തിൽ അവതരിച്ചിരിക്കുന്നത് ഇവിടുത്തെ മീറ്റ് കട്ലെറ്റിന്‍റെയും ബീഫ് കട്ലെറ്റിന്‍റെയും ഒക്കെ രൂപത്തിലാണെന്നു പറയാം. ഒറ്റക്കടിയിൽ തന്നെ നാവിലെ സകല രസമുകുളങ്ങളെയും ഉണർത്തുന്ന ഈ കട്ലെറ്റ് കോട്ടയത്തെ മിക്ക ഇടങ്ങളിലും ലഭിക്കും. വലിയ കടയെന്നോ ചെറിയ കടയെന്നോ ഭേദമില്ലാതെ ബേക്കറികളിലെ സ്ഥിരം ഐറ്റം കൂടിയാണിത്.

കപ്പ ബിരിയാണി

കപ്പ ബിരിയാണി

എല്ലും കപ്പയുമെന്നും എന്നും ഏഷ്യാഡ് എന്നുമൊക്കെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കപ്പ ബിരിയാണി കോട്ടയത്തെ മലയോരങ്ങളിലെ പ്രധാന വിഭവമാണ്. ആഘോഷങ്ങളുടെയും കല്യാണങ്ങളുടെയും തലേ ദിവസത്തെ പ്രധാന മെനു കൂടിയാണ് കപ്പ ബിരിയാണി. ഇന്ന് വൈകിട്ട് ഒന്നു നഗരത്തിലേക്ക് ഇറങ്ങിയാൽ ഇത് കിട്ടാത്ത ഹോട്ടലുകൾ കോട്ടയം ജില്ലയിൽ കാണില്ല. പോത്തിറച്ചി എല്ലടക്കം കപ്പയോടൊപ്പം ചേർത്ത് വേവിച്ചെടുക്കുന്ന ഇതിന് പ്രത്യേക രുചിയും മണവുമാണ്.

പിടിയും കോഴിയും

പിടിയും കോഴിയും

കോട്ടയം രുചികളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് പിടിയും കോഴിയും. സിറിയൻ നസ്രാണി വിഭവമാണെങ്കിലും ഇന്ന് ഇവിടുത്തെ ഹോട്ടലുകളിലെ പ്രധാന രുചി വൈവിധ്യമായി മാറുവാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്. അരിപ്പൊടി പ്രത്യേക രീതിയില്‍ കുഴച്ച് തയ്യാറാക്കുന്ന പിടിയോടൊപ്പം ചേർത്താണ് കോഴിക്കറിയുണ്ടാവുക.
Jisstom123

അപ്പവും മുട്ടക്കറിയും

അപ്പവും മുട്ടക്കറിയും

കോട്ടയം ജില്ലയിലെ ഏതു ഭാഗത്തും ഏറ്റവും സുലഭമായി ലഭിക്കുന്ന പ്രഭാത ഭക്ഷണമാണ് അപ്പവും മുട്ടക്കറിയും. അരിക് നന്നായി മൊരിഞ്ഞ പാലപ്പവും അതിന്റെ കൂടെ ഒഴിച്ചു കഴിക്കുന്ന ഉള്ളിയിട്ടു വഴറ്റിയ അടിപൊളി മുട്ടക്കറിയും പരീക്ഷിക്കേണ്ട ഐറ്റം തന്നെയാണ്.

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

PC:Hshaji07

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X