» »അറിയാം പോണ്ടിച്ചേരിയിലെ ഈ ദേവാലയങ്ങള്‍

അറിയാം പോണ്ടിച്ചേരിയിലെ ഈ ദേവാലയങ്ങള്‍

Written By:

കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകൾ ഇന്നും നിലനിർത്തുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് പോണ്ടിച്ചേരി. ഇന്ത്യയിലെ ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നും പുതുച്ചേരിയുടെ തലസ്ഥാനവുമായ ഇവിടം നൂറ്റാണ്ടുകളോളം ഫ്രഞ്ച് ആധിപത്യത്തിന്റെ കീഴിലായിരുന്നു. ഇപ്പോഴും നിലനിർത്തുന്ന ഫ്രഞ്ച് മാതൃകകളും സംസ്കാരവും പാരമ്പര്യവും ഒക്കെ തന്നെയാണ് ഈ നഗരത്തെ ഇപ്പോഴും വ്യത്യസ്തവും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രവും ഒക്കെയാക്കി മാറ്റുന്നത്.
രാജ്യത്തെ മൂന്ന്‌ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്‌ തുറമുഖ പ്രവിശ്യകള്‍ ചേര്‍ന്നാണ്‌ പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശം രൂപം കൊണ്ടിരിക്കുന്നത്‌. ആന്ധ്രപ്രദേശിലുള്ള യാനം, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തായുള്ള പോണ്ടിച്ചേരി നഗരം, കാരൈക്കല്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തായുള്ള മാഹി എന്നിവ ചേര്‍ന്നാണ്‌ പോണ്ടിച്ചേരി രൂപം കൊണ്ടിരിക്കുന്നത്‌.
പോണ്ടിച്ചേരിയിലെ ബീച്ചുകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. വാസ്തു വിദ്യയിലും നിർമ്മാണ ശൈലിയിലും വ്യത്യസ്ത പുലർത്തുന്ന ക്രൈസ്തവ ദേവാലയങ്ങളാണവ. പോണ്ടിച്ചേരിയിലെ ദേവാലയങ്ങൾ പരിചയപ്പെടാം...

സേക്രട്ട്‌ ഹാര്‍ട്ട്‌ ഓഫ്‌ ജീസസ്‌ ചർച്ച്

സേക്രട്ട്‌ ഹാര്‍ട്ട്‌ ഓഫ്‌ ജീസസ്‌ ചർച്ച്

1700 കളിൽ നിർമ്മിക്കപ്പെട്ട പോണ്ടിച്ചേരിയിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയങ്ങളിലൊന്നാണ് സേക്രട്ട്‌ ഹാര്‍ട്ട്‌ ഓഫ്‌ ജീസസ്‌ ചർച്ച്. പോണ്ടിച്ചേരി രൂപതയുടെ കീഴിലാണ് ഈ ദേവാലയമുള്ളത്. പിന്നീട് 1895 ൽ പുതുക്കി പണിത ഈ ദേവാലയം1907 ലാണ് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നത്.
100 വർഷത്തിലധികം പഴക്കമുള്ള ഇപ്പോഴുള്ള ഈ ദേവാലയം ഗോഥിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്ലാസിൽ നിർമ്മിച്ചിരിക്കുന്ന ചിത്രപ്പണികളാണ് ഈ ദേവാലയത്തിന്റെ മറ്റൊരു ആകർഷണം. യേശുവിന്റെ തിരുഹൃദയവുമായി ബന്ധപ്പെട്ട 28 വിശുദ്ധരുടെ രൂപങ്ങളും ഗ്സാസിൽ നിർമ്മിച്ച് ഇവിടെ ദേവാലയത്തിന്റെ ഉള്ളിൽ കാണാൻ സാധിക്കും.
ക്രിസ്തുവിൻറെ ജീവചരിത്രം മുഴുവനും ഇവിടെ ഗ്ലാസ് പെയിന്റിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്.

PC:Vijayanandcelluloids

ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ, പോണ്ടിച്ചേരി

ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ, പോണ്ടിച്ചേരി

സാംബാ കോവിൽ എന്നറിയപ്പെടുന്ന പോണ്ടിച്ചേരിയിലെ മറ്റൊരു പ്രസിദ്ധ ദേവാലയമാണ് മ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ. സെന്റ് പോൾസ് കോവിൽ എന്നതിൽ നിന്നുമാണ് സാംബാ കോവിൽ എന്ന വാക്കുണ്ടായത്. റോമൻ കാത്തോലിക് ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള ഈ ക്ഷേത്രം ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. 1791 ൽ നിർമ്മിക്കപ്പെട്ട ഇപ്പോഴത്തെ ദേവാലയം നാലു പ്രാവശ്യം നടന്ന പുനർ നിർമ്മാണങ്ങൾക്കു ശേഷം നിർമ്മിക്കപ്പെട്ടതാണ്. ദേവാലയത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരാകർൽമം
പോണ്ടിച്ചേരിയിലെ ഏറ്റവും പഴയ ദേവാലയമായ ഇവിടെ എല്ലായ്പ്പോഴും ധാരാളം വിശ്വാസികൾ എത്തിച്ചേരാറുണ്ട്. ഇതിനു തൊട്ടടുത്തായാണ് ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നതും.
മദർ തെരേസ തന്റെ പോണ്ടിച്ചേരി സന്ദർശന സമയത്ത് ഈ ദേവാലയം സന്ദർശിച്ചിരുന്നു.

PC:BishkekRocks

ഔർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച്

ഔർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച്

പുനിത വിന്നേർപ്പു അണ്ണെ ആലയം എന്ന പേരിൽ പ്രദേശ വാസികൾക്കിടയിൽ അറിയപ്പെടുന്ന ദേവാലയമാണ് ഔർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച്. നൂറ്റിയറുപത് വർഷത്തോളം പഴക്കമുള്ള ഈ ദേവാലയത്തിൽ വിവിധ മതത്തിൽ പെട്ട ആളുകൾ തങ്ങളുടെ ദുഖങ്ങൾക്ക് ആശ്വാസം തേടി എത്താറുണ്ട്. ഇവിടെ എത്തി പ്രാർഥിച്ചാൽ വിഷമങ്ങൾ മാറും എന്ന വിശ്വാസമാണ് അനേകരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഫ്രഞ്ച് വാസ്തു വിദ്യയിൽ നിർമ്മിക്കപ്പെട്ട ഒട്ടേറെ ശില്പങ്ങളുടെ ശേഖവും ഇവിടെ കാണാം.

PC:Ram Sadeesh

ഔർ ലേഡി ഓഫ് ലൂർഡ്സ്

ഔർ ലേഡി ഓഫ് ലൂർഡ്സ്

മാതാവിന്റെ പേരിലുള്ള പ്രശസ്തമായ ആരാധനാ കേന്ദ്രമാണ് പോണ്ടിച്ചേരിയിലെ വില്ലനൂരിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് ലൂർഡ്സ്. തന്റെ മകൾക്കു ലഭിച്ച അത്ഭുതകരമായ രോഗശാന്തിക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി ഡോ. ലെഫിൻ എന്നയാൾ നിർമ്മിച്ചു നല്കിയതാണ് ഈ ആരാധനാലയം എന്നാണ് വിശ്വാസം. പത്ത് വർഷമാണ് ഈ ദേവാലയത്തിന്റെ നിർമ്മാണത്തിനായി എടുത്തത്.
ആറടി നീളമുള്ള ലൂർദ്ദിലെ മാതാവിന്റെ രൂപമാണ് ഇവിടെ ആരാധിക്കുന്നത്. ഇതിന് അത്ഭുതകരമായ ശക്തികൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ദേവാലയത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന കുളത്തിലെ വെള്ളത്തിനും അത്ഭുത ശക്തികൾ ഉണ്ടെന്നാണ് വിശ്വാസം. ഏഷ്യയിൽ തന്നെ വിശുദ്ധമായി കരുതുന്ന കുളം ഉള്ള ഒരേയൊരു ദേവാലയം കൂടിയാണിത്.

PC:Jayarathina

ബസലിക്ക ഓഫ് ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്

ബസലിക്ക ഓഫ് ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്

ഇന്ത്യയിലെ തന്നെ അന്താരാഷ്ട്ര തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് വേളാങ്കണ്ണിയിലെ ബസലിക്ക ഓഫ് ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്. തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആരോഗ്യ മാതാവ് എന്ന പേരിലാണ് ഇവിടെ മാതാവിനെ ആരാധിക്കുന്നത്.16-ാം നൂറ്റാണ്ടിലാണ് ഇവിടെ ദേവാലയം സ്ഥാപിക്കപ്പെടുന്നത്. സെപ്റ്റംബർ മാസത്തിലെ എട്ടു നോയമ്പിനാണ് ഇവിടെ ഏറ്റവും അധികം വിശ്വാസികൾ പങ്കെടുക്കുന്നത്. ഉണ്ണിയേശുവിനെ കൈകളിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം ഏറെ പ്രശസ്തമാണ്. കിഴക്കിന്റെ ലൂർദ്ദ് എന്നറിയപ്പെടുന്ന ഇവിടം 1962 ൽ ബസലിക്കയായി ഉയർത്തിയിരുന്നു.

PC:Sajanjs

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...