ഭൂമിയൊളിപ്പിച്ച കൗതുകങ്ങളുടെ നാടാണ് ലഡാക്ക്. ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും റൈഡ് ചെയ്തെത്തണം എന്നാഗ്രഹിക്കുന്ന ഇടം. എത്ര കണ്ടാലും മതിവരാത്ത ഇവിടേക്ക് വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങുകൾ സാധ്യമാക്കുന്ന ഇവിടം ഏതുതരത്തിൽ നോക്കിയാലും വ്യത്യസ്തമായ പ്രദേശമാണ്. അതിർത്തിയോട് സമീപം സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ തന്നെ ഇവിടുത്തെ, പല പ്രദേശങ്ങളും സംരക്ഷിത ഇടങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലഡാക്കിലെ സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

നുബ്രാ വാലി
ലഡാക്കിലെ ഏറ്റവും മനോഹരവും സാഹസികവുമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് നുബ്രാ വാലി. ഭൂമിശാസ്ത്രം മുതൽ കാലാവസ്ഥയും ജീവിതരീതികളും എന്തിനധികം ഇവിടെ വളർന്നു വരുന്ന സസ്യങ്ങൾ വരെ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യയുടെ തലക്കെട്ട് എന്നാണ് നുബ്രാ വാലി അറിയപ്പെടുന്നത്. മഞ്ഞിന്റെ മരുഭൂമിയാണിത്. നിറയെ മഞ്ഞും ചുറ്റോടുചുറ്റും മലകളും ആണെങ്കിലും നുബ്രാ എന്ന പേരു ലഭിച്ചത് ഇവിടുത്തെ പച്ചപ്പുമായി ബന്ധപ്പെട്ടാണത്രെ! അതെങ്ങനെയെന്നല്ലേ.. ശൈത്യകാലത്ത് മഞ്ഞുവീണു പൂർണ്ണമായു മൂടിക്കിടക്കുന്ന ഇവിടെ വേനലാകുമ്പോഴേയ്ക്കും മരങ്ങളുടെയ പച്ചപ്പ് ഒക്കെ മെല്ലെ മഞ്ഞിന്‍റെ മുകളിൽ കാണാം. അങ്ങനെയാണ് പച്ചപ്പിന്റെ താഴ്വര എന്നർത്ഥം വരുന്ന നുബ്രാ വാലി എന്ന പേരു കിട്ടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലണ് ഈ മഞ്ഞുമരുഭൂമി സ്ഥിതി ചെയ്യുന്നത്. നുബ്രാ വാലിയുടെ അടയാളം എന്നത് ഇവിടെ സ്ഥിതി ചെയ്യുന്ന മൈത്രേയ ബുദ്ധ പ്രതിമയാണ്.
PC: SOURAV BHADRA/ Unsplash

കർദുങ് ലാ പാസ്
ലഡാക്ക് പ്രദേശത്തെ മറ്റൊരു സംരക്ഷിത പ്രദേശമാണ് കർദുങ് ലാ പാസ്. കർദോങ് ലാ, കർസോങ് ലാ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇത് ശ്യോക്, നുബ്ര എന്നിവിടങ്ങളിലേക്കുള്ള കവാടം എന്ന നിലയിലാണ് സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിരിക്കുന്നത്. നയതന്ത്രപരമായി വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഈ പാതയ്ക്കുള്ളത്. സമുദ്രനിരപ്പിൽ നിന്നും 5359 മീറ്റർ അഥവാ 17,582 അടി ഉയരത്തിലാണ് ഈ മലമ്പാതയുള്ളത്. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, വാഹനങ്ങൾക്ക് കടന്നുപോകുവാൻ പറ്റിയ റോഡ് എന്ന ബഹുമതി കർദുങ് ലാ പാസിനുണ്ട്. . 1976 ൽ നിർമ്മിക്കപ്പെട്ട ഈ പാത 1988 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. സിയാച്ചിൻ ഗ്ലേസിയറിലേക്കുള്ല വഴിയും ഇതിലൂടെയാണ് പോകുന്നത്.

ടുർടുക്
ലഡാക്ക് റീജിയണിൽതന്നെയുള്ള മറ്റൊരു സംരക്ഷിത ഇടമാണ് ടുർടുക്. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലേ ജില്ലയുടെ ഭാഗമാണെങ്കിലും പ്രധാനപട്ടണത്തിൽ നിന്നും 250 കിലോമീറ്റർ ദൂരത്തിലാണുള്ളത്. ചരിത്രമെടുത്തു നോക്കിയാൽ 1971 വരെ ഇവിടം പാക്കിസ്ഥാന്റെ ഭാഗമായിരുന്നു എന്നു കാണാം. അതായത് 1947ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ പിടിച്ചെടുത്ത ഇവിടം പിന്നീട് 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു
നിയന്ത്രണ രേഖയ്ക്ക് അപ്പുറം സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ള അപൂർവ്വം സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്ത്യയുടെയും പാക്കിസ്ഥാൻറെയും അതിർത്തിയോട് ചേർന്നു കിടക്കുന്ന മലനിരകളിലുള്ള സ്ഥലങ്ങളുള്ള ബാൾട്ടിസ്ഥാൻ റീജിയണിൽ ഉൾപ്പെടുന്ന നാലു സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ടുർടുക്. സിയാച്ചിൻ ഗ്ലേസിയറിലേക്കുള്ള പാതയുടെ തുടക്കം കൂടിയാണ് തുർതുക്.
PC:Prashant Y

പാൻഗോങ് സോ
ലഡാക്കിൽ സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരിടമാണ് പാൻഗോങ് സോ തടാകം. ഇന്ത്യയുടെയും ചൈനയുടെയും ഭാഗമായി നിലകൊള്ളുന്ന ഈ തടാകം ലഡാക്കിലെ സംരക്ഷിത പ്രദേശം കൂടിയാണ്. അതിർത്തിയിലാണ് എന്നതിനാൽ പലതവണ ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ തർക്കവിഷയമായി ഉയർന്നിട്ടുമുണ്ട്. നീലത്തടാകമെന്ന പേരിൽ അറിയപ്പെടുന്ന ഈ തടാകം സമുദ്രനിരപ്പിൽ നിന്നും 13,900 അടി ഉയരത്തില്‍ ആണുള്ളത്. ഉപ്പുവെള്ളമാണ് തടാകത്തിലുള്ളത്. അതുകൊണ്ടുതന്നെ മീനുകളെയോ മറ്റു ജല ജീവികളെയോ സസ്യങ്ങളെയോ ഇവിടെ കാണുവാൻ സാധിക്കില്ല. ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണിത്. ആകെ 134 കിലോമീറ്റര്‍ നീളത്തിലാണ് തടാകമുള്ളത്. അതില്‍90 കിലോമീറ്റര്‍ ദൂരം ചൈനയിലും ബാക്കി ദൂരം ഇന്ത്യയുടെയും ഭാഗമാണ്,

മോറിറി ലേക്ക്
സോ മോറിറി അഥവാ ലേക്ക് മോറിറി, ലഡാക്കിലെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പീഠഭൂമിയിലെ തടാകമാണ്. പരിസരവും സോ മോറിരി വെറ്റ്ലാൻഡ് കൺസർവേഷൻ റിസർവ് ആയി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. പർവ്വതങ്ങളിലെ തടാകം എന്നാണ് മോറിറി ലേക്ക് എന്ന വാക്കിനർത്ഥം. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകവും ലഡാക്കിലെ ഏറ്റവും വലിയ തടാകവുമാണിത്. ലേയിൽ നിന്നും 240 കിലോമീറ്റർ ദൂരത്തിലാണ് ഇതുള്ളത്. പാംഗോങ് ത്സോയിൽ നിന്ന് ചാങ്താങ് പ്രദേശം വഴി ഈ തടാകത്തിലേക്ക് എത്തിച്ചേരാം. ഈ രണ്ടു തടാകങ്ങളും തമ്മിലുള്ള ദൂരം 235 കിലോമീറ്ററാണ്. ഇവിടെ ലഭിക്കാവുന്ന ഏറ്റവും മികച്ച ഡ്രൈവുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്,
PC:Tanay Kibe

ദാഹ്, ഹനു ഗ്രാമങ്ങൾ
ലഡാക്കിലെ ലേ ജില്ലയിലെ ബ്രോക്‌പയിലെ രണ്ട് ഗ്രാമങ്ങളാണ് ധാ, ഹനു എന്നിവ. എന്നാൽ ഈ പേരിൽ ഈ സ്ഥലങ്ങളെ തിരിച്ചറിയുന്നവർ കുറവാണെങ്കിലും ഇതിന്റെ മറ്റൊരു പേര് നിങ്ങൾക്ക് പരിചയമുണ്ടായിരിക്കും. ആര്യന്‍ താഴ്വരകൾ. പ്രദേശത്ത് പൊതുവെ കണ്ടുവരുന്ന രൂപമല്ല ഇവിടെയുള്ളവർക്ക്. ടിബറ്റോ-മംഗോളിയൻ നിവാസികളിൽ നിന്ന് വ്യത്യസ്തമായി ഇവർക്ക് ഒരു ഇന്തോ-യൂറോപ്യൻ രൂപമുണ്ട്. തങ്ങൾ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്‍റെ പിന്തുടർച്ചക്കാരാണ് എന്നാണ് ഇവർ കരുതുന്നത്. ധാഹനു വാലിയിലാണ് ഇരു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്നും 163 കിലോമീറ്റര് ദൂരമുണ്ട് ഇവിടേക്ക്. മുന്തിരി, ചെറി, ആപ്രിക്കോട്ട്, വാൽനട്ട് തുടങ്ങിയവ ഇവിടെ യഥേഷ്ടം വളരുന്നു,
പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

ന്യോമ
കടന്നുവരുന്നതിനു നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മറ്റൊരു ഗ്രാമമാണ് ന്യോമ. സിന്ധു നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം തഹസിൽ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കിന്റെ ആസ്ഥാനമാണ്. ചാങ്‌താങ് വന്യജീവി സങ്കേതത്തിനുള്ളിൽ ഇന്ത്യൻ മിലിട്ടറിക്ക് ന്യോമയിൽ ഒരു എയർബേസ് ഉണ്ട്.
PC:Malikbek
ക്വാഡ് ബൈക്കിങ് മുതല്‍ ക്യാംപിങ് വരെ...ലഡാക്കിലെ സാഹസിക വിനോദങ്ങള്‍
ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍