പേരുകേട്ട, ആളുകൾ പോയിപ്പോയി മടുത്ത, സോഷ്യൽ മീഡിയകൾ ചേർന്ന് മടപ്പിച്ച ഇടങ്ങൾ ഒഴിവാക്കി അറിയപ്പെടാത്ത ഇടങ്ങളാണ് ഇന്നത്തെ ട്രെൻഡ്. അതുകൊണ്ടു തന്നെ എപ്പോൾ പോയാലും തിരക്കിൽപെട്ടു കിടക്കുന്ന ഊട്ടിയും മൂന്നാറും പോണ്ടിച്ചേരിയും ഹംപിയും ഒക്കെ ആദ്യം തന്നെ ലിസ്റ്റിൽ നിന്നും ഔട്ട്. എന്നാൽ ഇതിനോളം തന്നെ കാഴ്ചകളുള്ള വേറെയിടങ്ങൾ തൊട്ടടുത്തു കിടപ്പുണ്ട്. ഊട്ടി ഒഴിവാക്കിയാൽ കോത്താഗിരിയും മൂന്നാറിനെ മാറ്റിപ്പിടിച്ചാൽ പൊന്മുടിയും ഉള്ളപ്പോൾ അങ്ങനെയൊരു യാത്ര പ്ലാൻ ചെയ്താലോ...

മൂന്നാറിനെ മാറ്റി പൊന്മുടിക്ക്
ഊട്ടി, കൊടൈക്കനാൽ അല്ലെങ്കിൽ മൂന്നാർ...നാട്ടിലെന്തു യാത്ര പ്ലാൻ ചെയ്താലും ആദ്യം കയറിവരുന്ന മൂന്നിടങ്ങളാണിത്. ഹണിമൂണോ ആനിവേഴ്സറി ആഘോഷങ്ങളോ ആണെങ്കിൽ ഒന്നും പറയാനില്ല മൂന്നാര്‍ തന്നെയായിരിക്കും പ്ലാനിൽ. എന്നും പോയിപ്പോയി അവിടുത്തെ കാഴ്ചകൾ കാണാപാഠമായ സ്ഥിതിക്ക് മൂന്നാർ മാറ്റാം. പകരം തിരുവനന്തപുരത്തെ സ്വർഗ്ഗമായ പൊന്മുടി തിരഞ്ഞെടുക്കാം. ഹെയർപിൻ വളവ് റോഡുകളും വെള്ളച്ചാട്ടങ്ങളും കാട്ടിലൂടെയുള്ള പാതയും മലയിറങ്ങി വരുന്ന കോടമഞ്ഞുമാണ് പൊന്മുടിയെ മൂന്നാറിന് പകരം നിർത്തുന്ന കാരണങ്ങൾ. പശ്ചിമ ഘട്ടത്തിന്റെ മനോഹരമായ കാഴ്ചയും ആകാശത്തോളമെത്തുന്ന ഉയരവും പൊന്മുടിയെ കൂടുതൽ മനോഹരിയാക്കുന്നു. 22 ഹെയർപിന്‍ വളവുകളിലൂടെയുള്ള യാത്രയാണ് പ്രധാന ആകര്‍ഷണം.
തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പൊന്മുടി ടീ ഫാക്ടറി, ഗോൾഡൻ വാലി, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാർ എന്നിവയാണ് യാത്രയിലെ കാഴ്ചകൾ. മാർച്ച് മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.
PC: Sambath Raj 009

ഗോകർണ്ണയിലെ ബീച്ചല്ല ഉഡുപ്പിയിലെ ദോശ
ബീച്ചുകളും ബീച്ച് ട്രക്കിങ്ങുമുള്ള ഗോകർണ്ണയെ പ്ലാനിൽ നിന്നും മാറ്റി പകരം ഉഡുപ്പി തിരഞ്ഞെടുക്കാം. കന്നഡ രുചികളിൽ വ്യത്യസ്തത വിളമ്പുന്ന ഇവിടെ നാവിനെ കൊതിപ്പിക്കുന്ന വിഭവങ്ങൾ നൂറുകണക്കിനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികൾ ഗോകർണ്ണ തേടി എത്തുമ്പോൾ അതിനെ മാറ്റി ഉഡുപ്പി തിരഞ്ഞെടുക്കുവാൻ കാരണങ്ങൾ നിരവധിയുണ്ട്. അറബിക്കടലിനോട് ചേർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഉഡുപ്പി രുചിയിൽ മാത്രമല്ല, ബീച്ചുകളുടെയും ക്ഷേത്രങ്ങളുടെയും കാര്യത്തിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഉഡുപ്പി ശ്രീകൃഷ്ണ മഠം, കൗപ് ബീച്ച്, ഉഡുപ്പിയിലെ തനനത് രുചികൾ ലഭിക്കുന്ന ഭക്ഷണ ശാലകൾ തുടങ്ങിയവ ഇവിടെ യാത്രയിൽ പോകാം.
മംഗലാപുരത്തു നിന്നും 60 കിലോമീറ്ററോളം അകലെയാണ് ഉഡുപ്പിയുള്ളത്. ശ്രീകൃഷ്ണ മഠം, കൗപ് ബീച്ച്, മാൽപെ ബീച്ച്, സ്റ്റെല്ലാ മേരീസ് ചർച്ച്, സെന്റ് മേരീസ് ഐലൻഡ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.

ബേലം വേണ്ട, ബോറാ ഗുഹകളിലേക്ക് പോകാം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹയായ ബെലം ഗുഹയെക്കുറിട്ട് കേട്ടിട്ടില്ലാത്തവർ കാണില്ല. ഗണ്ടികോട്ടയിലേക്കുള്ള യാത്രയിൽ തീർച്ചയായും ഒന്നു കയറിയിറങ്ങി പോകുന്ന ബേലം ഗുഹകളും ഇത്തവണത്തെ യാത്രയിൽ വേണ്ട. അതിനു പകരും വിശാഖപട്ടണത്ത് അരാകു വാലിയോട് ചേർന്നു കിടക്കുന്ന ബോറാ ഗുഹയിലേക്കാവാം യാത്ര. ചുണ്ണാമ്പു കല്ലുകളാൽ നിർമ്മിക്കപ്പെട്ട, പ്രകൃതി ദത്തമായ ഈ ഗുഹ ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള ഗുഹ എന്നാണ് അറിയപ്പെടുന്നത്. സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെ കാണാന്‍ സാധിക്കുക. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്‌റ്റൈറ്റ്. ഗുഹയുടെ നില്ക്കുന്നന്നും മുകളിലേക്ക് വളരുന്നവയെ പറയുന്നത് സ്റ്റാലഗ്മൈറ്റ് എന്നാണ്. ഈ രണ്ടു തരത്തിലുള്ള പാറകളും ചേര്‍ന്ന് ഇതിനുള്ളില്‍ വിസ്മയിപ്പിക്കുന്ന രൂപങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിശാഖപട്ടണത്തു നിന്നും 90 കിലോമീറ്ററാണ് ബോറാ ഗുഹയിലേക്കുള്ളത്.
ശിവലിംഗത്തിന്‍റെയും കാമധേനുവിന്റെയും രൂപത്തിൽ രൂപം കൊണ്ടിരിക്കുന്ന കല്ലുകളാണ് ഗുഹയ്ക്കുള്ളിലെ എടുത്തു പറയേണ്ട കാഴ്ച. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
PC:Tarunsamanta

അരാകുവിന് പകരം ലംബസിംഗി
ആന്ധ്രാക്കാരുടെ സ്വർഗ്ഗമായ അരാകുവിൽ പോയിട്ടുണ്ടെങ്കിൽ ഇത്തവണ ലംബസിംഗിയിലേക്കാവാം യാത്ര. ആന്ധ്രയുടെ കാശ്മീർ എന്നറിയപ്പെടുന്ന ലംബസിംഗി മഞ്ഞു വീഴ്ചയ്ക്കും തണുപ്പിനും ഒക്കെ പ്രസിദ്ധമാണ്. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന രാത്രികളാണ് ഇവിടെയുള്ളത്. 2012 ജനുവരി 15നാണ് ഇവിടെ ആദ്യമായി മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുന്നത്.
വിസാഗിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ലംബസിംഗി സ്ഥിതി ചെയ്യുന്നത്. കൂതപ്പള്ളി വെള്ളച്ചാട്ടം, തജാംഗി റിസർവോയർ എന്നിവയാണ് സമീപത്തെ കാഴ്ചകൾ. നവംബർ മുതൽ ജനുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.
PC:Bdmshiva

കൊച്ചി മടുത്തെങ്കിൽ മുഴപ്പിലങ്ങാടേയ്ക്ക്
കൊച്ചിയിലെ ബീച്ചും കടലും കാഴ്ചകളും കണ്ട് മടുത്തെങ്കിൽ കുറച്ച് വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുവാൻ കണ്ണർ ജില്ലയിലെ മുഴപ്പിലങ്ങാടിന് വരാം. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാടുള്ളത്. ബീച്ചിലൂടെ വാഹനങ്ങൾ ഓടിച്ചു കൊണ്ടുപോകുവാൻ സാധിക്കുന്നതിനാൽ ഇവിടെ ചിലവഴിക്കുന്ന സമയം ഫലപ്രദമായിരിക്കും എന്നതിൽ തർക്കമില്ല. അഞ്ച് കിലോമീറ്റർ നീളത്തിൽ അർധ വൃത്താകൃതിയിലാണ് ബീച്ചുള്ളത്.
കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും എട്ട് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കണ്ണൂര്‍ കോട്ട, തലശ്ശേരി കോട്ട, പയ്യാമ്പലം ബീച്ച്, ധർമ്മടം തുരുത്ത്, മാഹി തുടങ്ങിയ ഇടങ്ങൾ ഇതിനടുത്താണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.

ഊട്ടി മാറ്റി കോത്താഗിരി
എപ്പോൾ പോയാലും നിറയെ തിരക്കും ബഹളങ്ങളുമാണ് ഊട്ടിയിൽ. ഈ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യണമെങ്കിൽ വണ്ടി നേരെ കോത്താഗിരിക്ക് വിടാം. ഊട്ടിയേക്കാൾ മനോഹരമായ കാഴ്ചകളാണ് കോത്താഗിരിയുടെ പ്രത്യേകത. നീലഗിരിയുടെ മനോഹരമായ കാഴ്ചകളും ട്രക്കിങ്ങും കോടമഞ്ഞിലെ പ്രഭാതങ്ങളും കോത്താഗിരിയിൽ ആസ്വദിക്കുവാനുണ്ട്. അല്പം സാഹസികതയും ധീരതയും തിരയുന്നവർക്കു പറ്റി ഇടം കൂടിയാണിത്.
ഊട്ടിയിൽ നിന്നും 30 കിലോമീറ്ററും കൂനൂരിൽ നിന്നും 17 കിലോമീറ്ററുമാണ് കോത്താഗിരിയിലേക്കുള്ള ദൂരം.
കോടനാട് വ്യൂ പോയിന്റ്, കാതറീൻ വെള്ളച്ചാട്ടം,രംഗസ്വാമി പീക്ക്, തേയിലത്തോട്ടങ്ങൾ തുടങ്ങിയവയാണ് പ്രധാന കാഴ്ച. മാർച്ച് മുതൽ ജൂൺ വരെയും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുമാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം

പോണ്ടിച്ചേരിക്ക് പകരം കാരയ്ക്കൽ
ഫ്രഞ്ച് കോളനികളുടെയും ഭരണത്തിന്‍റെയും കഥ പറയുന്ന പോണ്ടിച്ചേരി തമിഴിനാട് യാത്രയിലെ പ്രധാന ഇടമാണ്. പോണ്ടിച്ചേരിയെപ്പോലെ , പോണ്ടിച്ചേരിക്കൊപ്പം നിൽക്കുന്ന ഇടമാണ് കാരയ്ക്കൽ. പോണ്ടിച്ചേരിയിൽ നിന്നും വെറും മൂന്ന് മണിക്കൂർ സമയത്തെ അകലത്തിൽ സ്ഥിതി ചെയ്യുന്ന കാരയ്ക്കലും പോണ്ടിയെപ്പോലെ തന്നെ ഒരു ഫ്രഞ്ച് പട്ടണമാണ്. എല്ലാ സംസ്കാരങ്ങളും കൂടിച്ചേർന്ന ഇടമായ കാരയ്ക്കൽ ഒരു തുറമുഖ പട്ടണം കൂടിയാണ്. ചോളന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് മറ്റൊരു കാഴ്ച.
കാരയ്ക്കാർ അമ്മയാർ ക്ഷേത്രം, ദര്‍ഭദാരണേശ്വർ ക്ഷേത്രം, വേളാങ്കണ്ണി, നാഗൂർ തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന ഇടങ്ങള്‍. ഡിസംബർ മുതൽ ജനുവരി വരെയുള്ള സമയത്ത് ഇവിടം സന്ദര്‍ശിക്കാം.

ഹിപ്പികളുടെ ഹംപിയ്ക്ക് പകരം പട്ടടക്കൽ
യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ ഹംപി ഹിപ്പികളുടെയും യാത്രാ ഭ്രാന്തന്മാരുടെയും പ്രിയ ഇടമാണ്. എപ്പോൾ പോയാലും സഞ്ചാരികളാൽ നിറഞ്ഞു കിടക്കുന്ന ഹംപിയ്ക്ക് പകരം പട്ടടക്കൽ തിരഞ്ഞെടുക്കാം. കർണ്ണായകയിലെ ബാഗൽകോട്ടിൽ മാലപ്രഭ നദിയുടെ തീരത്തുള്ള ഈ സ്മാരകം ചരിത്രഇടങ്ങള്‍ സന്ദർശിക്കുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ്. വടക്കേ ഇന്ത്യയുടെയും തെക്കേ ഇന്ത്യയുടേയും നിർമ്മാണ രീതികളുടെ സമന്വയം ഇവിടെ കാണാം. കൂടാതെ ഹിന്ദു. ജൈന ക്ഷേത്രങ്ങൾ, ഗുഹാ ക്ഷേത്രങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. മൂന്നു ദിവസമുണ്ടെങ്കിൽ ഐഹോളയുപം ബദാമിയും ഈ യാത്രയിൽ ഉൾപ്പെടുത്താം.
വിരൂപാക്ഷ ക്ഷേത്രം, കാദസിദ്ധേശ്വര ക്ഷേത്രം, ജംബുലിംഗേശ്വര ക്ഷേത്രം,കാശി വിശ്വനാഥ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ. ഒക്ടോബർ മുതൽ മാർച്ച് വരെയും ജൂലൈ മുതൽ സെപ്റ്റംബർ വരെയുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
PC:dgoutam

കൂർഗിലെ കാഴ്ചകൾക്കു പകരം സകലേശ്പൂർ
ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗിന് പകരം പോകുവാൻ സാധിക്കുന്ന മറ്റൊരിടമാണ് കർണ്ണാടകയിൽ തന്നെയുള്ള സക്ലേശ്പൂർ. കൂർഗിന്‍റെയത്രയും തിരക്കോ ബഹളങ്ങളോ ഇല്ലാത്ത ഇവിടം ബാംല്ഗൂരുകാർക്ക് എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടം കൂടിയാണ്. മിക്ക കന്നഡ സിനിമകളുടെയും പ്രധാന ഷൂട്ടിങ് ലൊക്കേഷനായ സക്ലേശ്പൂർ ഒരു മികച്ച മണ്‍സൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്. ഇവിടേക്കുള്ള യാത്രയ്ക്കു പുറമേ വെള്ളച്ചാട്ടം,കോട്ട തുടങ്ങിയവയും കാണം.
ബാംഗ്ലൂരിൽ നിന്നും 240 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മഞ്ചാരബഡ് കോട്ട,റൊട്ടിക്കല്ല് വെള്ളച്ചാട്ടം, ജെവുകല്ലു ഗുഡ്ഡാ, മൂകനമനെ വെള്ളച്ചാട്ടം എന്നവ ഇവിടെ കാണാനുള്ള കാഴ്ചകളാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.
PC: Ashwin Kumar

മധുരയ്ക്ക് പകരം തഞ്ചാവൂർ
നിർമ്മാണ കലയിലെ വിസ്മയങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങളുള്ള മധുരയ്ക്ക് പകരം തഞ്ചാവൂർ ഇത്തവണ തിരഞ്ഞെടുക്കാം. മധുരയ്ക്കൊപ്പം തന്നെ ക്ഷേത്രങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ഇടമാണ് തഞ്ചാവൂർ. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന തഞ്ചാവൂർ ക്ഷേത്രമാണ് പൂർണ്ണമായും കരിങ്കല്ലിൽ നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. തമിഴ്നാടിൻറെ സാംസ്കാരിക കേന്ദ്രം കൂടിയാണ് തഞ്ചാവൂർ.
ബൃഹദീശ്വര ക്ഷേത്രം, പാലസ് ആൻഡ് സരസ്വതി മഹൽ ലൈബ്രറി,ആർട് ഗാലറി,ശിവഗംഗാ ഗാർഡൻ, സ്ക്വാർട്സ് ചർച്ച് എന്നിവയാണ് പ്രധാന കാഴ്ചകൾ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.
മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ
ചരിത്രസ്മാരകങ്ങളിലേക്ക് യാത്ര പോകും മുൻപ് ഇത് അറിഞ്ഞിരിക്കാം