Search
  • Follow NativePlanet
Share
» »കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ

കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ

കൊച്ചിയുടെ തിരക്കുകളില്‍ നിന്നും പെട്ടന്നൊരു ദിവസത്തേക്ക് ഓടിയൊളിക്കുവാന്‍ ഇത്രയടുത്ത് ഇതിലും മനോഹരമായ സ്ഥലങ്ങൾ ഉണ്ടോ....

പുല്ലാശാരിക്കുത്ത് , അയ്യപ്പൻ മുടി,തേൻ നോക്കിമല, കൊനി പാറ വ്യൂ പോയിന്റ്, മാമലക്കണ്ടം, - ആനക്കുളം ഓഫ് റോഡ് യാത്ര.... അങ്ങിനെ എത്ര എത്ര കാഴ്ചകൾ..... ഇതാ കൊച്ചിയിൽ നിന്നും പെട്ടന്ന് പോയി വരാൻ സാധിക്കുന്ന ട്രക്കിങ്ങ് ഇടങ്ങളെക്കുറിച്ച് ലിജാ സുനിൽ എഴുതിയിരിക്കുന്നത് വായിക്കാം...

തേൻനോക്കിമല

തേൻനോക്കിമല

എറണാകുളം ജില്ലയിൽ ട്രെക്കിങ്ങിന് ഇടം നോക്കുന്നവർക്കുള്ള ഇടമാണ് തേൻനോക്കിമല.

നേര്യമംഗലം ഫോസ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർ കുടിയിലാണ് തേൻ നോക്കി മല സ്ഥിതി ചെയ്യുന്നത്. ആനകൾ മേയുന്ന ഇറ്റക്കാടും പാറക്കെട്ടും ചതുപ്പും ഒകെ നിറഞ്ഞ കാടായത്കൊണ്ട് ഒരു ഗൈഡ് നിർബന്ധം. ഫോറെസ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും അനുവാദവും വാങ്ങേണ്ടതുണ്ട്. ഏകദേശം 15 കിമീ ട്രെക്ക് ചെയേണ്ടതുണ്ട്.

ഭൂതത്താൻ കെട്ട് പുരാതന ഗുഹ

ഭൂതത്താൻ കെട്ട് പുരാതന ഗുഹ

ഭൂതത്താന്‍കെട്ടില്‍ വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്ന പഴയ ഭൂതത്താന്‍കെട്ടിലേയ്ക്കുള്ള വനപാതയില്‍ നിന്നുനോക്കിയാല്‍ ഈ ഗുഹയുടെ കവാടം കാണാം.

ഭൂതത്താന്‍കെട്ട് -ഇടമലയാര്‍ റോഡില്‍ നിന്നും കഷ്ടി 300 മീറ്ററോളം അകലെ വനത്തിനുള്ളിലായാണ് ഈ ഗുഹ. കവാടത്തില്‍ ഒരാള്‍ക്ക് കഷ്ടി ഇരുന്ന് പ്രവേശിക്കാവുന്നത്ര ഉയരമേ ഉള്ളു. ഉള്ളിലേയ്ക്ക് കടക്കും തോറും വിസ്താരം കൂടികൂടി വരും. മധ്യഭാഗത്തെത്തുമ്പോൾ ഒരാള്‍ക്ക് കഷ്ടി ഉയര്‍ന്ന് നില്‍ക്കാം. 15 മീറ്ററോളം ദൂരം ചെല്ലുമ്പോള്‍ ഗുഹ ഇടത്തേയ്ക്കും വലത്തേയ്ക്കുമായി തിരിയുന്നുമുണ്ട്. ഗുഹയില്‍ക്കടന്നാല്‍ രണ്ടായി തിരിയുന്ന ഭാഗത്തേയ്ക്ക് വരെ മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉള്ളു. മുകളിലേയ്ക്ക് കയറിയാല്‍ മുള്ളന്‍ പന്നി, ചെന്നായ് ഉള്‍പ്പെടെയുള്ള ജീവികള്‍ ഉണ്ടാവാമെന്നുള്ള സംശയത്തെത്തുടര്‍ന്നും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് ഈ ക്രമീകരണം. ഇത് ലംഘിച്ച്‌ ഒരിക്കല്‍ മുന്നോട്ടുപോയ വിനേദസഞ്ചാരികളില്‍ ഒരാള്‍ക്ക് പ്രസവിച്ച്‌ കിടന്നിരുന്ന മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ഏ ഡി 800 കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഗുഹയെന്നും ചേര രാജാക്കന്മാരുടെ കാലത്ത് ഈ ഗുഹ ആയുധപ്പുരയായി ഉപയോഗിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അധികരികമായിട്ടുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല.

PC:Vinayaraj

പുല്ലാശാരിക്കുത്ത്‌ വെള്ളച്ചാട്ടം

പുല്ലാശാരിക്കുത്ത്‌ വെള്ളച്ചാട്ടം

തട്ടേക്കാടുനിന്ന്‌ പതിനാലു കിലോമീറ്റർ കൂടി പോയാൽ പിണവർകുടിയായി. പിണവർകുടിക്കും തട്ടേക്കാടിനും ഇടയ്‌ക്കാണ്‌ ഉരുളൻ തണ്ണി. ഉരുളൻ തണ്ണിയിൽനിന്ന്‌ 2 കിലോമീറ്റർ നടന്നാൽ മനോഹരമായ പുല്ലാശാരിക്കുത്ത്‌ വെള്ളച്ചാട്ടം കാണാം. തട്ടേക്കാടുനിന്ന്‌ മുൻകൂർ അനുവാദം വാങ്ങി പുല്ലാശാരിക്കുത്തിലേക്കു പോകാം. അവിടെയും ഫോറസ്‌റ്റ്‌ ക്യാമ്പുണ്ട്‌. അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രദേശമാണ്‌ പുല്ലാശാരിക്കുത്ത്‌ വെള്ളച്ചാട്ടം. പുല്ലാശ്ശേരിക്കുത്ത് ഉരുളൻതണ്ണി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നുണ്ട്.

മാമലക്കണ്ടം ഓഫ്റോഡ് ഡ്രൈവ്

മാമലക്കണ്ടം ഓഫ്റോഡ് ഡ്രൈവ്

കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ വിഹരിക്കുന്ന ഒരു പ്രദേശമാണിത്. ഏകദേശം 20 കിലോമീറ്റർ ഓഫ് റോഡാണ് മാമല കണ്ടം ആനകുളം റോഡ്. മാമലകണ്ടത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റർ പോയാൽ കുറത്തി കുടി ആദിവാസി ഊര് എത്തും.

ഇവിടെ നിന്ന് ഏകദേശം 10 കിലോമീറ്റർ പോയാൽ പെരുമ്പൻ കുത്ത് ജനവാസ മേഖല. ഇവിടെ നിന്നും ആനകുളതെക്കും പോകാൻ സാധിക്കും. വഴിയറിയുന്ന ഒരാൾ കൂട്ടിനുണ്ടാകണം.

PC:Shijan Kaakkara

അയ്യപ്പൻമുടി

അയ്യപ്പൻമുടി

കോതമംഗലം മുനിസിപ്പാലിറ്റിയിലെ ചെര്‍ലാടുനിന്നാരംഭിച്ച് കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടുവരെ 250 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അയ്യപ്പന്‍മുടി, പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണ്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പുലിയള്ള് എന്ന വലിയ പൊത്ത് ആകര്‍ഷകംതന്നെ. 10 പേര്‍ക്ക് ഇരിക്കാന്‍കഴിയുന്ന പാറകൊണ്ടുള്ള ഇരിപ്പിടമുണ്ടിവിടെ. കാറ്റുകൊള്ളാനും വിശ്രമിക്കാനുമായി ധാരാളം പേര്‍ ഇവിടെയെത്തുന്നു. മഞ്ഞണിഞ്ഞ ഹൈറേഞ്ച് മലനിരകള്‍ അയ്യപ്പന്‍മുടിയുടെ മുകളിലെത്തിയാലുള്ള മനോഹരകാഴ്ചയാണ്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയാണിത്. ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, ഇടമലയാര്‍ പാതയില്‍നിന്നും 250 മീറ്റര്‍ ഉള്ളിലായിട്ടാണ് മുടിയുടെ ഉത്ഭവകേന്ദ്രം. അയ്യപ്പൻമുടിയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കോതമംഗലം തട്ടേക്കാട്‌ റൂട്ടിൽ ഊഞ്ഞാപ്പാറ എത്തി വലത്തോട്ട് തിരിഞ്ഞു കാഞ്ഞിരക്കുന്നിൽ വന്നു വലതു തിരിഞ്ഞാൽ അയ്യപ്പന്മുടിയിൽ എത്താം. ഇവിടെനിന്നും പാറപ്പുറത്ത് കൂടെ 15 മിനിട്ട് നടക്കണം ക്ഷേത്രത്തിൽ എത്തുവാൻ.

ഇഞ്ചത്തൊട്ടി തൂക്ക് പാലം

ഇഞ്ചത്തൊട്ടി തൂക്ക് പാലം

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ഈ പാലം

കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ഭൂതത്താൻ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളം.

ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുൽത്തകിടികളിൽ ഒഴിവുസമയം ചിലവിടാനും പുഴയിൽ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാൽ വെഡിങ് ഫോട്ടോഗ്രഫിക്കായും ആളുകൾ ഇവിടെയെത്തുന്നുണ്ട്.

തട്ടേക്കാട് പക്ഷിസങ്കേതം കണ്ടു മടങ്ങുന്ന സഞ്ചാരികൾക്കു പുന്നേക്കാട്-നേര്യമംഗലം വഴി ഇവിടെ എത്താം. ഭൂതത്താൻകെട്ട് അണക്കെട്ടിന് മുൻപാണ് തൂക്കുപാലം. വൈകുന്നേമാണ് സന്ദർശനത്തിനു പറ്റിയ സമയം.

PC:കാക്കര

ഭൂതത്താൻകെട്ട്

ഭൂതത്താൻകെട്ട്

പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് . രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. നദിക്കു കുറുകെ ഭൂതത്താൻമാർ കെട്ടിയുണ്ടാക്കാൻ

ശ്രമിച്ച അണക്കെട്ടിന്റെ ബാക്കിയാണ് ഇവിടം

എന്ന് ഒരു മിത്ത് നിലനിൽക്കുന്നു. അക്കാരണത്താൽ ആവണം അങ്ങിനെയൊരു പേരു കിട്ടിയത്.

ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു. കോതമംഗലത്തുനിന്നും 11 KM അകലെ തട്ടേക്കാടിനുപോകുന്ന വഴിയിൽ കീരമ്പാറ കവലയിൽനിന്ന് ഇടത്തോട്ട‌് തിരിഞ്ഞ‌് 3 കി.മീ. അകലെയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കൊടും വേനൽക്കാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാമാണ് ഭൂതത്താൻകെട്ട്. ഭൂതത്താൻ കെട്ട് അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് തടാകമായി കാണുന്നത‌്. ഡാമിലെ വെള്ളം 12 കിലോമീറ്റർ അകലെ കുട്ടമ്പുഴവരെ കയറികിടക്കുന്നു. ജലാശയത്തോട് ചേർന്നു കാണുന്നത് കുട്ടമ്പുഴ വനമേഖലയാണ്. ദൂരെ കാണുന്ന മലനിരകൾക്കപ്പുറമാണ് മാങ്കുളം, മൂന്നാർ പ്രദേശങ്ങൾ. പുലിമുരുകൻ, ശിക്കാർ തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചത് കുട്ടമ്പുഴ വനമേഖലയിലാരുന്നു. മദ്ധ്യകേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഭൂതത്താന്‍ കെട്ട് അണയും സമീപത്തെ നിബിഡവനങ്ങളും. അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. മലയാറ്റൂർ വനമേഖലയിലേക്കുംമലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.

PC:കാക്കര

ഇടമലയാർ ഡാം

ഇടമലയാർ ഡാം

എറണാകുളം ജില്ലയിൽ ഇടമലയാർ നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഭൂതത്താൻ കെട്ടിന് സമീപത്തായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. 1957ൽ ആണ് ഈ ഡാം കമ്മീഷൻ ചെയ്തത്. സന്ദർശിക്കണം എങ്കിൽ Kseb ആസ്ഥാനത്തു നിന്നും മുൻകൂർ അനുവാദം ആവശ്യമാണ്. ഒരു തരത്തിലുള്ള ക്യാമും അനുവദിക്കില്ല.

PC:Captain

തട്ടേക്കാട് (ഡോ. സാലിം അലി പക്ഷിസങ്കേതം)

തട്ടേക്കാട് (ഡോ. സാലിം അലി പക്ഷിസങ്കേതം)

കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷി സങ്കേതമാണ് എറണാകുളത്തിനും ഇടുക്കിക്കും ഇടയിലായി തട്ടേക്കാട് സ്ഥിതി ചെയ്യുന്ന ഡോ. സാലിം അലി പക്ഷിസങ്കേതം. തട്ടേക്കാട് പക്ഷി സങ്കേതം എന്നും ഇതറിയപ്പെടുന്നു. 1983 ൽ നിലവിൽ വന്ന ഇത് ആഗോള തലത്തിൽ പ്രശസ്തനായ സാലിം അലി നടത്തിയ വിവിധ പഠനങ്ങള്‍ക്കും സർവ്വേകൾക്കും ശേഷമാണ് പക്ഷി സങ്കേതമായി മാറുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് പക്ഷി സങ്കേതത്തിന് അദ്ദേഹത്തിന്റെ പേരു നല്കുന്നത്.

നവംബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളിലാണ് ഇവിടെ കൂടുതലും ദേശാടന പക്ഷികൾ എത്തുന്നത്. പക്ഷികളെ നിരീക്ഷിക്കുവാൻ താല്പര്യമുള്ളവർക്ക് രാവിലെ ആറു മണി മുതൽ വൈകിട്ട് നാലുമണി വരെ ഇവിടെ പഠനം നടത്താൻ അനുമതിയുണ്ട്.

മുന്നറിയിപ്പ്: വനമേഖലകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടു വരികയോ വലിച്ചെറിയുകയോ ചെയ്യരുത് . മദ്യപാനം അനുവദനീയമല്ല. കാട്ടുതീ ഉണ്ടാകുന്നതിന് കാരണമായ രീതിയിൽ പുകവലി വസ്തുക്കൾ വലിച്ചെറിയരുത്. സ്വഭാവിക ആവാസവ്യവസ്ഥയിലെ ജീവജാലങ്ങൾക്ക് ഹാനികരമായ ഒരു പ്രവർത്തിയും അരുത്. ചെടികൾക്കും മരങ്ങൾക്കും കേടുപാടുകൾ വരുത്തുക, ചില്ലകൾ ഒടിക്കുക, മരത്തിലും കല്ലിലും അക്ഷരങ്ങൾ/പേരുകൾ കോറിയിടുക ഇവയൊന്നും ചെയ്യരുത്. മൃഗങ്ങളെ ഉപദ്രവിക്കുകയോ, അവയെ അടുത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. നമ്മുടെ പ്രകൃതി, അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌, ഉത്തരവാദിത്വമാണ്‌.

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

അറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more