» »ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സത്പുരയിലെ റാണി!!

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സത്പുരയിലെ റാണി!!

Written By: Elizabath

മുക്കിലും മൂലയിലും ആരുമറിയാത്ത അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നാടാണ് നമ്മുടേത്. ഇന്നും പുറംലോകത്തിന് അന്യമായ സ്ഥലങ്ങള്‍ ഒട്ടനവധിയുണ്ട് ഇവിടെ. പ്രാദേശികമായി മാത്രം ആളുകള്‍ക്ക് അറിയുന്ന, എന്നാല്‍ ടൂറിസം രംഗത്ത് മികച്ച സംഭാവനകള്‍ നല്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഒട്ടേറെയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ബ്രിട്ടീഷുകാര്‍ ഭരണസമയത്ത് സമതലങ്ങളിലെ കടുത്ത ചൂടില്‍ നിന്നും രക്ഷപെടാനായി ധാരാളം സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. വേനല്‍ക്കാല വസതികള്‍ എന്ന പേരില്‍ കുറേയധികം കുന്നിന്‍പ്രദേശങ്ങള്‍ അവര്‍ മികച്ച സ്ഥലങ്ങളാക്കി മാറ്റിയെടുത്തു. ഇന്ന് സഞ്ചാരികളുടെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന മസിനഗുഡിയും ഊട്ടിയും കൂനൂരും എന്തിനധികം നമ്മുടെ മൂന്നാറും ആന്ധ്രയിലെ ഹോഴ്സ്ലി ഹില്‍സുമൊക്കെ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലങ്ങളാണ് എന്നതാണ് സത്യം.
അത്തരത്തിലുള്ള മറ്റൊരു സ്ഥലമാണ് മധ്യപ്രദേശിലെ ഏക ഹില്‍സ്റ്റേഷനായ പഞ്ചമര്‍ഹി. സത്പുരയുടെ റാണി എന്നാണിവിടം അറിയപ്പെടുന്നത്. പഞ്ചമര്‍ഹിയുടെ വിശേഷങ്ങള്‍!

സത്പുരയുടെ റാണി

സത്പുരയുടെ റാണി

വിദ്ധ്യ പര്‍വ്വത നിരകള്‍ക്ക് സമാന്തരമായി നിലകൊള്ളുന്ന സത്പുര പര്‍വ്വത നിരകളിലാണ് പഞ്ചമര്‍ഹി സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ ഹോഷങ്കാബാദ് ദില്ലയിലാണ് ഇതുള്ളത്. മധ്യപ്രദേശിലെ ഏക ഹില്‍സ്റ്റേഷന്‍ കൂടിയാണ് പഞ്ചമര്‍ഹി. വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിദത്തമായ അരുവികള്‍, ഗുഹകള്‍, ക്ഷേത്രങ്ങള്‍, കാടുകള്‍ തുടങ്ങിയവ കൊണ്ടെല്ലാം അനുഗ്രഹീതമായ ഇവിടം സത്പുരയുടെ റാണി എന്നും അറിയപ്പെടുന്നു.

PC:Abhayashok

പേരുവന്ന വഴി

പേരുവന്ന വഴി

പഞ്ചമര്‍ഹി എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാം ഈ സ്ഥലം മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ടതാണ് എന്ന്. ശരിയാണ്. പാഞ്ച് എന്നാല്‍ അഞ്ച് എന്നും മര്‍ഹി എന്നാല്‍ ഗുഹകള്‍ എന്നുമാണ് അര്‍ഥം. തങ്ങളുടെ 13 വര്‍ഷത്തെ വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ എത്തിയെന്നും ഇവിടെ ഗുഹകള്‍ നിര്‍മ്മിച്ച് കുറച്ച് കാലം താമസിച്ചു എന്നുമാണ് വിശ്വാസം.

PC:Sid Bhatnagar

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലം

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലം

ബ്രിട്ടീഷുകാരുടെ സമയത്ത് തീരെ അറിയപ്പെടാതെ കിടക്കുന്ന ഒരിടമായിരുന്നു പഞ്ചമര്‍ഹി. ഗോണ്ട് രാജാവായിരുന്ന ബൗത് സിംഗിന്റെ കീഴിലായിരുന്നു ഈ സ്ഥലം ഉണ്ടായിരുന്നത്. തീരെ ജനവാസം കുറഞ്ഞ ഒരിടമായിരുന്നുവത്രെ അന്ന് പഞ്ചമര്‍ഹി. അന്നത്തെ ബ്രിട്ടീഷ് ആര്‍മിയുടെ ക്യാപ്റ്റനായിരുന്ന ജെയിംസ് ഫോര്‍സിത് എന്നയാള്‍ 1857 ലാണ് ഇവിടം കണ്ടെത്തുന്നത്. തന്റെ കീഴിലുള്ള സൈന്യവുമായി ഝാന്‍സിയിലേക്ക് പോകുമ്പോളാണ് വളരെ അപ്രതീക്ഷിതമായി അദ്ദേഹം ഇവിടെ എത്തുന്നത്. പിന്നീട് പെട്ടന്നുതന്നെ ഇവിടം ഒരു ഹില്‍ സ്റ്റേഷനായി രൂപപ്പെട്ടു.

PC:Captain J Forsyth

വേനല്‍ക്കാല തലസ്ഥാനം

വേനല്‍ക്കാല തലസ്ഥാനം

ബ്രിട്ടീഷുകാരുടെ കാലത്ത് സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെട്ട ഇടമായിരുന്നു മധ്യപ്രദേശ്. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ വേനല്‍ക്കാല തലസ്ഥാനം എന്നും ഇത് അറിയപ്പെട്ടിരുന്നു. കൂടാതെ രോഗാവസ്ഥയില്‍ കഴിയുന്ന, പ്രത്യേകിച്ച് ക്ഷയരോഗം ബാധിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കുള്ള സാനിറ്റോറിയവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു.

PC: Wikimedia.

സമുദ്രനിരപ്പില്‍ നിന്നും ആയിരം മീറ്റര്‍

സമുദ്രനിരപ്പില്‍ നിന്നും ആയിരം മീറ്റര്‍

മധ്യപ്രദേശിലെ ഏക ഹില്‍ സ്റ്റേഷനായ പാഞ്ചമര്‍ഹി സമുദ്രനിരപ്പില്‍ നിന്നും 1067 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സത്പുരയുടെ റാണി കൂടിയാണ് പഞ്ചമര്‍ഹി.

PC:Wikimedia.

ആയിരം വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങള്‍

ആയിരം വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങള്‍

ചുറ്റോടുചുറ്റും കാടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് പഞ്ചമര്‍ഹി. കാടിനുള്ളില്‍ ധാരാളം ഗുഹകളും അവയ്ക്കുള്ളില്‍ഗുഹാ ചിത്രങ്ങളും കാണുവാന്‍ കഴിയും. അവയില്‍ ചില ഗുഹകള്‍ക്കും ചിത്രങ്ങള്‍ക്കും ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Wikimedia.

പാണ്ഡവ് ഗുഹകള്‍

പാണ്ഡവ് ഗുഹകള്‍

പഞ്ചമര്‍ഹിയ്ക്ക് ഈ പേരുവരാന്‍ തന്നെ കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന പാണ്ഡവ് ഗുഹകള്‍ ആണെന്നു പറയാം. വനവാസക്കാലത്ത് പാണ്ഡവര്‍ ഉവിടെ വസിച്ചിരുന്നു എന്നും ഗുഹകള്‍ നിര്‍മ്മിച്ചിരുന്നു എന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് പഞ്ചമര്‍ഹിയ്ക്ക് പേരുലഭിക്കുന്നത്. താരതമ്യേന ഉയരം കുറഞ്ഞ ഒരു മലയിലായാണ് ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. സംരക്ഷിത സ്മാരകങ്ങളാണ് ഇപ്പോള്‍ ഈ ഗുഹകള്‍. മനോഹരമായി നിര്‍മ്മിച്ചു സംരക്ഷിക്കുന്ന ഒരു പുന്തോട്ടവും ഇതിനുമുന്നില്‍ കാണുവാന്‍ സാധിക്കും.

PC:LRBurdak

ബീ ഫാള്‍സ്

ബീ ഫാള്‍സ്

ഞ്ച്മര്‍ഹിയിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടമാണ് ബീ ഫാള്‍സ് എന്ന വെള്ളച്ചാട്ടം. പേരു സൂചിപ്പിക്കുന്നതുപോലെ തന്ന തേനീച്ചകളുടെ സ്വരംമാണ് ഇതിന്. അകലെ നിന്നും ഈ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിന് തേനീച്ചകളുടെ ഇരമ്പലുമായി വലിയ സാമ്യമാണുള്ളത്. അങ്ങനെയാണ് ഈ വെള്ളച്ചാട്ടം ബീ ഫാള്‍സ് എന്ന് അറിയപ്പെടുന്നത്.
സത്പുര ടൈഗര്‍ റിസര്‍വ്വ്

PC:Manishwiki15

ജൈവസംരക്ഷിത മേഖല

ജൈവസംരക്ഷിത മേഖല

അപൂര്‍വ്വങ്ങളായ ജൈവസമ്പത്തുള്ള പാഞ്ച്മര്‍ഹി യുനസ്‌കോയുടെ ജൈവസംരക്ഷിത മേഖല കൂടിയാണ്. 2009 മേയ് മാസത്തിലാണ് യുനസ്‌കോ ഇവിടം ജൈവസംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത്.

സൂര്യാസ്തമയവും സൂര്യോദയവും

സൂര്യാസ്തമയവും സൂര്യോദയവും

സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഏറെ പേരുകേട്ട സ്ഥലമാണ് ഇവിടം. ഇവിടെ എത്തുന്ന സഞ്ചാരികളില്‍ മിക്കവരും സൂര്യാസ്തമയം കണ്ടിട്ടേ ഇവിടെ നിന്നും ഇറങ്ങാറുള്ളൂ.
1365 പടികള്‍ക്കു മുകളിലായുള്ള ചൗരാഗഡ് എന്ന സ്ഥലമാണ് ഇവിടുത്തെ സൂര്യോദയത്തിനു പേരു കേട്ടത്. ഈ സൂര്യോദയം കാണാന്‍ വേണ്ടി മാത്രം ഇവിടെ എത്തുന്നവരും ഉണ്ട്.

PC:Manishwiki15

മറ്റ് ആകര്‍ഷണങ്ങള്‍

മറ്റ് ആകര്‍ഷണങ്ങള്‍

കാഴ്ചകള്‍ കൊണ്ട് വിരുന്നൊരുക്കുന്ന ഇടമാണ് പാഞ്ച്മര്‍ഹി. കാരണം അത്രയധികം കാഴ്ചകളും സ്ഥലങ്ങളും ഇവിടെയുണ്ട്. ഒട്ടനവധി വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍, വ്യൂ പോയന്റുകള്‍, ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, കാട്, കുന്നുകള്‍ ഒക്കെയും ഇവിടുത്തെ വലിയ ആകര്‍ഷണങ്ങളാണ്. കാലങ്ങളോളം ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നതിനാല്‍ ഇവിടെ കെട്ടടങ്ങള്‍ക്ക് ഒരു കൊളോണിയല്‍ സൗന്ദര്യം കാണാം. മാത്രമല്ല, ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയുടെ കീഴിലാണ് ഈ സ്ഥലമുള്ളത്.

PC:Manishwiki15

മികച്ച സമയം

മികച്ച സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണിത്. എല്ലായ്‌പ്പോഴുമുള്ള മികച്ച കാലാവസ്ഥയാണിവിടെ. വേനല്‍ക്കാലത്താണ് സഞ്ചാരികള്‍ കൂടുതലായും ഇവിടെ എത്തുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC:Wikimedia.

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയിലാണ് പ#്ചമര്‍ഹി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1067 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലമാണിത്. ഭോപ്പാലില്‍ നിന്നും 210 കിലോമീറ്റര്‍ അകലെയാണ് പഞ്ചമര്‍ഹിയുള്ളത്. ജബല്‍പൂരില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരമുണ്ട്

ട്രെയിന്‍

ട്രെയിന്‍

ജബല്‍പൂര്‍ റെയില്‍ ലൈനിലെ പിപാരിയ ആണ് സമീപത്തെ റെയില്‍വേ സ്‌റെഷന്‍. 47 കിലോമീറ്റര്‍ ദൂരത്താണിത്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വ്വീസുകളുള്ള ഭോപ്പാലാണ് സമിപത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍.

വിമാനമാര്‍ഗ്ഗം

വിമാനമാര്‍ഗ്ഗം

ഭോപ്പാലിലെ രാജാ ഭോജാണ് സമീപത്തുള്ള വിമാനത്താവളം. 195 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും.