» »ആരാധനാലയങ്ങളാല്‍ നിറഞ്ഞ തെലുങ്കാനയിലേക്ക്...

ആരാധനാലയങ്ങളാല്‍ നിറഞ്ഞ തെലുങ്കാനയിലേക്ക്...

Written By: Elizabath Joseph

ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടകള്‍, മഹാന്‍മാരുടെ ശവകൂടിരങ്ങള്‍, എണ്ണിയാല്‍ തീരാത്ത ആരാധനാലയങ്ങള്‍, ദക്ഷിണേന്ത്യയിലെ ഒരു കുഞ്ഞു സംസ്ഥാനമായ തെലുങ്കാന വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നത് ഇതിനാലൊക്കെയാണ്. കൊത്തുപണികള്‍ കൊണ്ടും വാസ്തു ശില്‍പങ്ങള്‍കൊണ്ടും ആരാധനാ രീതികള്‍ കൊണ്ടും അമ്പരിപ്പിക്കുന്ന തെലുങ്കാനയുടെ ക്ഷേത്ര സന്നിധാനങ്ങളിലേക്ക് എണ്ണിയാലൊടുങ്ങാത്ത ദേവന്‍മാരുടേയും ദേവിമാരുടേയും ക്ഷേത്രാങ്കണങ്ങളിലേക്ക് എന്തുകൊണ്ട് ഒരു യാത്രയായിക്കൂട. അവധികാലത്ത് വെറുതേ അലഞ്ഞ് തിരിയാതെ മനസില്‍ ചേര്‍ത്ത് വെയ്ക്കാനുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാനുതകുന്ന തെലുങ്കാനയിലെ അഞ്ച് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം

ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം

രാമക്ഷേത്രമായ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം ഗോദാവരി നദിയുടെ തീരത്താണ് സ്ഥിചെയ്യുന്നത്. ഭദ്രാചല നഗരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഭദ്രാചലക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. വിഷ്ണു വിശ്വാസികളായ വൈഷ്ണവര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ അയോധ്യ എന്നും അറിയപ്പെടാറുണ്ട്. വിജയദശമി, വൈകുണ്ഡ ഏകാദശി, ബ്രഹ്മോത്സവം എന്നീ ചടങ്ങുകളാണ് ക്ഷേത്രത്തില്‍ പ്രധാനമായും ആചരിക്കുന്നത്.

PC: Bcmnet

ലക്ഷ്മി നരസിംഹ ക്ഷേത്രം

ലക്ഷ്മി നരസിംഹ ക്ഷേത്രം

നരസിംഹ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം. പ്രതിഷ്ഠ കൊണ്ട് മാത്രമല്ല ദ്രാവിഡ രീതിയിലുള്ള ഇവിടുത്തെ തച്ചുശാസ്ത്ര രീതികൊണ്ടും യദാദ്രി കുന്നിന് മുകളിലുള്ള ക്ഷേത്രത്തെ വേറിട്ട് നിര്‍ത്തുന്നു. ഗുഹയ്ക്കുള്ളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ജ്വാല, ഗണ്ഡഭേരുണ്ഡ, യോഗാനന്ദ എന്നീ മൂന്ന് ഭാവങ്ങളിലാണ് ഇവിടുത്തെ നരസിംഹ പ്രതിഷ്ഠകള്‍. ക്ഷേത്ര സമീപത്ത് തന്നെ ഹനുമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രവും നിലകൊള്ളുന്നുണ്ട്. തച്ചുശാസ്ത്ര ഭംഗി വിളിച്ചോതുന്ന ഈ ക്ഷേത്രം തെലുങ്കാനയില്‍ സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ഒരു ക്ഷേത്രം കൂടിയാണ്.

PC: Adityamadhav83

രാമലിംഗേശ്വര ക്ഷേത്രം

രാമലിംഗേശ്വര ക്ഷേത്രം

പാലംപെറ്റ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കകട്ടിയ രാജവംശത്തിന്‍റെ കീഴില്‍ 11ാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്. രാമപ്പയെന്ന് പ്രശസ്തനായ തച്ചുശാസ്ത്ര വിദഗ്ദനാണ് ക്ഷേത്രം പണി കഴിപ്പിച്ചത്. അതുകൊണ്ട് തന്നെ രാമപ്പ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹാശിവരാത്രി ദിനത്തില്‍ ശിവഭഗവാന്‍റെ അനുഗ്രഹം തേടി രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്താറുള്ളത്. ചെങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം തെലുങ്കാനയിലെ തച്ചുശാസ്ത വൈവിധ്യം വിളിച്ചോതുന്ന ഒരു നിര്‍മ്മിതികൂടിയാണ്. നൃത്തം ശില്‍പ്പങ്ങളും സംഗീതോപകരണങ്ങളുമെല്ലാം ക്ഷേത്രചുവരുകളിലും തൂണുകളിലും ധാരാളമായി കൊത്തിവെച്ചിട്ടുണ്ട്.

PC:Muralidhara Rao Patri

ആയിരം തുണുകളുള്ള ക്ഷേത്രം

ആയിരം തുണുകളുള്ള ക്ഷേത്രം

ഹനംകൊണ്ട നഗരത്തിലാണ് രുദ്രേശ്വര സ്വാമി ക്ഷേത്രം എന്ന് കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം കുടികൊള്ളുന്നത്. സൂര്യനെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ വിഷ്ണുവും ശിവനും പ്രധാന പ്രതിഷ്ഠകളാണ്. ആയിരം തൂണുകളാണ് ക്ഷേത്രത്തിന് ഉള്ളത് എന്നത് തന്നെ തച്ചുശാസ്ത വൈവിധ്യം തെളിയിക്കുന്നു. ക്ഷേത്രങ്ങളിലെ തൂണുകള്‍ കൊത്തുപണികളാല്‍ സമ്പന്നമാണ്. ദിവസവുമെന്നോണം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. ചരിത്രപരമായി പ്രാധാന്യമുള്ള ഈ ക്ഷേത്രം പുരാവസ്തു ഗവേഷകരുടെ സ്ഥിരം സന്ദര്‍ശന ഇടമാണ്.

PC: Shishirdasika

കുജാദ്രി വെങ്കടേശ്വര ക്ഷേത്രം

കുജാദ്രി വെങ്കടേശ്വര ക്ഷേത്രം

മേദക ജില്ലയിലെ കുജാദ്രിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. 11ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലാജിയാണ്. ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ വിശ്വാസികളെ പോലെ തന്നെ ചരിത്രകാരന്‍മാരും പുരാവസ്തു ഗവേഷകരും സ്ഥിരം സന്ദര്‍ശകരാണ്.

PC:J.M.Garg

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...