ഒറ്റയ്ക്ക് കൊച്ചിയിലെത്തുന്ന സ്ത്രീകളുടെ പ്രധാന ആശങ്കകളിലൊന്ന് രാത്രി എവിടെ സുരക്ഷിതമായി താമസിക്കും എന്നതാണ്. യാത്രകളിലോ മറ്റ് ആവശ്യങ്ങൾക്കായോ കൊച്ചിയിൽ ഒരു ദിവസം തങ്ങേണ്ടി വന്നാൽ ഇനി എവിടെ താമസിക്കും എന്നോർത്ത് വിഷമിക്കേണ്ട.
കൊച്ചിയിലെത്തുന്ന സ്ത്രീകൾക്ക് രാത്രി താമസം ഇനി ഒരു പ്രശ്നമല്ല. കുറഞ്ഞ ചിലവിൽ സുരക്ഷിതമായ താമസസൗകര്യം ഷീ ലോഡ്ജ് കൊച്ചിയിൽ ഒരുക്കിയിരിക്കുകയാണ് നഗരസഭ. പദ്ധതി മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

ഷീ ലോഡ്ജ് @ കൊച്ചി
കൊച്ചി കോർപ്പറേഷൻറെ എറണാകുളം നോർത്തിലെ പരമാര റോഡിൽ, സമൃദ്ധി ഹോട്ടലിന് സമീപമാണ് ഷീ ലോഡ്ജ് പ്രവർത്തിക്കുന്നത്. കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഷീ ലോഡ്ജ് ആയി നവീകരിച്ചെടുത്തത്.
PC:Dan Gold

മുറികളും ഡോർമെറ്ററി
കൊച്ചി നഗരത്തില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കായുമെത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം നല്കുന്ന ഷി ലോഡ്ജിൽ 96 മുറികളും രണ്ട് ഡോർമെട്രിയുമുണ്ട്. 10, 15 ബെഡ് സൗകര്യം ഉള്ളതാണ് ഡോർമെറ്റിറികൾ. ഇവിടുത്തെ 97 മുറികളും ബാത്ത് അറ്റാച്ച്ഡ് ആണ്. ഇവയിൽ പകുതിയോളം ഹോസ്റ്റൽ ആക്കി മാറ്റുവാനും ഉദ്ദേശമുണ്ട്. 162 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാം.
പഠനാവശ്യങ്ങൾക്കും യാത്രകൾക്കും തൊഴിൽ തുടങ്ങിയ മറ്റാവശ്യങ്ങൾക്കുമായി കൊച്ചിയിലെത്തുന്ന സ്ത്രീകൾക്ക് വളരെ കുറഞ്ഞ ചിലവിലാണ് ഇവിടെ താമസസൗകര്യം നല്കുന്നത്.

കുറഞ്ഞ വാടക
മാസവാടകയ്ക്കും ദിവസവാടകയ്ക്കും ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും. ഏത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും താങ്ങാവുന്ന വിധത്തിലുള്ള നിരക്കുകളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോര്‍മെറ്ററിയില്‍ നൂറ് രൂപ മാത്രമാണ് വാടക. മുറികൾക്ക് 300 രൂപയായേക്കും. തത്കാലത്തേക്ക് ഒന്ന് ഫ്രഷ് അപ്പ് ആകുവാനായി മാത്രമെത്തുന്നവർക്കും അതിനു സൗകര്യമുള്ള മുറികളും ഇവിടെ ലഭ്യമാണ്. സാമ്പത്തികമായി പിന്നോക്കമായവർക്ക് വാടകയിലെ നിരക്കിളവും പരിഗണനയിലുണ്ട് . ഒരാഴ്ചയ്ക്കുള്ളിൽ മാത്രമേ നിരക്കുകൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയുള്ളൂ. തുടക്കത്തിൽ കോർപ്പറേഷൻ നേരിട്ടുനടത്തി പിന്നീട് ആറുമാസങ്ങൾക്കു ശേഷം കുടുംബശ്രീക്ക് കൈമാറുവാനാണ് ഉദ്ദേശിക്കുന്നത്.

മികച്ച സൗകര്യങ്ങൾ
വളരെ മികച്ച രീതിയിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഷീ ലോഡ്ജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി മുടങ്ങാതിരിക്കുവാൻ ഇൻവേർട്ടർ സംവിധാനം, നാപ്കിൻ സംസ്കരണത്തിനായി ഇൻസിനറേറ്റർ, ഡൈനിങ് റൂം, ലൈബ്രറി, ഭക്ഷണം, ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാവും. താമസക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. വാര്‍ഡന്‍റെയും സെക്യൂരിറ്റിയുടെയും സേവനവും ലഭ്യമാകും. വീട്ടുകാർക്ക് ഒപ്പമെത്തുന്ന 14 വയസുവരെയുള്ള ആൺകുട്ടികൾക്കും ലോഡ്ജിൽ താമസിക്കാം. ഓരോ മുറിയിലും ഒരു മേശയും കസേരയും അലമാരയും ഉണ്ട്. വിശാലമായ പൊതുഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാം

കുറഞ്ഞ ചിലവിൽ ഭക്ഷണവും
ഷീ ലോഡ്ജിൽ താമസിക്കുവാനെത്തുന്നവർക്ക് ഭക്ഷണത്തിന്‍റെ കാര്യത്തിലും ആശങ്കപ്പെടേണ്ടി വരില്ല. ഷീ ലോഡ്ജ് പ്രവർത്തിക്കുന്ന ഇതേ കെട്ടിടത്തിൽ തന്നെയാണ് പത്തുരൂപയ്ക്ക് ഊണുകൊടുക്കുന്ന കോർപ്പറേഷന്റെ, കുടുംബശ്രീ നടത്തുന്ന സമൃദ്ധി ഹോട്ടലും-സമൃദ്ധി@കൊച്ചി - പ്രവര്‍ത്തിക്കുന്നത്. പത്ത് രൂപയ്ക്ക് ഊണും കുറഞ്ഞ തുകയിൽ മറ്റ് ഭക്ഷണങ്ങളും ഇവിടെ ലഭിക്കും.
കൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെ
കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും