ഷിമോഗ അഥവാ ശിവമൊഗ...മലയാളികൾക്ക് ഈ പേരു അത്ര അപരിചിതമായിരിക്കുവാൻ വഴിയില്ല. കണ്ണൂരിൽ നിന്നും കാസർകോഡു നിന്നും വയനാടു നിന്നുമൊക്കെ കുടിയേറിയ നൂറുകണക്കിനു മലയാളികളുടെ നാടാണിത്.
കർണ്ണാടകയുടെ അരിപ്പാത്രമെന്നും അപ്പക്കൊട്ടയെന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം വിനോദസഞ്ചാരികൾക്ക് സ്വർഗ്ഗമാണ്.
തീർഥാടന കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും മനോഹരമായ കൃഷിഭൂമികളും ഒക്കെയായി സഞ്ചാരികൾക്ക് എന്നും കൗതുകമൊരുക്കുന്ന ഈ നാട് ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
അഗുംബൈയു തവരക്കുപ്പെയും കുടജാദ്രിയും ശൃംഗേരിയും ഒക്കെ ഇവിടെ എത്തുന്നവർക്ക് നൽകുന്നത് പരിധിയില്ലാത്ത കാഴ്ചകളാണ്. ഷിമോഗയിലെത്തിയാൽ ഉറപ്പായും കണ്ടിരിക്കേണ്ട ചില ഇടങ്ങളുണ്ട്...പരിചയപ്പെട്ടാലോ...

ഷിമോഗയെന്നാൽ
പേരിൽതന്നെ അത്ഭുതം സൂക്ഷിക്കുന്ന ഷിമോഗയ്ക്ക് ആ പേരുവന്നതിനു പിന്നിൽ കഥകൾ പലതുണ്ട്. ശിവ-മുഖ, ശിവനെ-മൂഗു (മൂക്ക്), ശിവനെ- മൊഗേ (പൂക്കൾ) എന്നിങ്ങനെ പലപല വാക്കുകളിൽ നിന്നാണ് ഇന്നുകാണുന്ന ഷിമോഗയുണ്ടായിരിക്കുന്നത്. മറ്റൊരു കഥ കൂടി ഇവിടെ പ്രചാരത്തിലുണ്ട്. ദുർവ്വാസാവ് മുനിയുടെ ഒരു ആശ്രമം ഇവിടെയുണ്ടായിരുന്നുവത്രെ. മുനി ആശ്രമത്തിലെ മൺചട്ടികളില്‍ മധുരമുള്ള ചെടികൾ തിളപ്പിച്ചിരുന്നു. ഒരിക്കൽ ഇതുവഴിയെത്തിയ ഇടയൻമാർ ഇത് കാണുകയും സിഹി മൊഗേ എന്നു പറയുകയും ചെയ്തുവത്രെ. മധുരപാത്രം എന്നാണ് ഇതിനർഥം.

സഞ്ചാരികളുടെ ഇടത്താവളം
ബെംഗളുരു, ഗോവ, മംഗലാപുരം, ശൃംഗേരി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും പോകുവാൻ സാധിക്കും. അതിനാൽ ഇവിടം സഞ്ചാരികളുടെ ഒരു ഇടത്താവളമായാണ് അറിയപ്പെടുന്നത്.

ഷിമോഗ കാഴ്ചകൾ
ക്ഷേത്രങ്ങൾ, കൃഷിയിടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ദേവാലയങ്ങൾ ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.
PC:wikipedia

ജോഗ് ഫാൾസ്
ഷിമോഗ എന്ന പേരുകേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ വരിക ജോഗ് വെള്ളച്ചാട്ടമാണ്. ഇന്ത്യയിലെ തന്നെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇതിനു വന്യമായ സൗന്ദര്യമാണുള്ളത്. 800 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം എന്നത് നാലു ജലപാതങ്ങൾ കൂടിച്ചേർന്നതാണ്.
അല്പം സാഹസികത ആവാമെന്നുള്ളവർ ഇവിടുത്തെ വാട്കിൻസ് വ്യൂ പോയിന്റു കൂടി സന്ദർശിക്കണം. ആയിരത്തിയഞ്ഞൂറേളം പടികളിറങ്ങി വെള്ളച്ചാട്ടം തൊട്ടടുത്തു നിന്നുകാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ഡബ്ബെ വെള്ളച്ചാട്ടം
ഷിമോഗയിൽ നിന്നും കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന ഡബ്ബെ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരിടം. ഇതിന്റെ ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
PC:Vmjmalali

ലിംഗനമക്കി ഡാം
ജോഗ് വെള്ളച്ചാട്ടത്തിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലിംഗനമക്കി ഡാം ഇവിടെ കാണേണ്ട മറ്റൊരിടമാണ്. ശതാവരി നദിക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
PC:ikipedia

ശിവപ്പ നായക് കൊട്ടാരം
ഷിമോഗ പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ശിവപ്പ നായക് കൊട്ടാരം ഇന്ന് ഗവൺമെന്റ് മ്യൂസിയമാണ്. ഹൈദരലി നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ കൊട്ടാരം പിന്നീട് കേലടി നായക വംശത്തിലെ ശിവപ്പ നായക് കീഴടക്കുകയായിരുന്നു. ഇന്ന് കർണ്ണാടക ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിൽ ഒരു സംരക്ഷിത സ്മാരകമാണിത്.
PC: Dineshkannambadi

കൊടചാദ്രി
ഷിമോഗയിലെത്തുന്നവർ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഇടമാണ് കൊടചാന്ദ്രി. ഓഫ് റോഡ് ട്രക്കിങ്ങിന്റെ എല്ലാ രസങ്ങളും സാഹസികതയുമുള്ള ഇവിടം കർണ്ണാടക സർക്കാരിന്റെ നാച്ചുറൽ ഹെറിറ്റേജ് സൈറ്റ് കൂടിയാണ്.
കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഹൊന്നൈമരഡു
ഹൊന്നേമരഡു അഥവാ സുവർണ്ണ തടാകം ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരിടമാണ്. സഞ്ചാരികൾക്കിടയിൽ തീർത്തും അറിയപ്പെടാത്ത ഇവിടം ശതാവരിയുടെ റിസർവ്വോയറിന്റെ ഭാഗമാണ്. ഈ നദിയുടെ കരയിലിരുന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണുവാനാണ് ഇവിടെ കൂടുതലും ആളുകളെത്തുന്നത്.
ഹൈക്കിങ്ങ്, ബോട്ടിങ്ങ്, കയാക്കിങ്ങ്, വിൻഡ് റാഫ്റ്റിങ്, ട്രക്കിങ്ങ് ഒക്കെയാണ് ഇവിടുത്തെ പ്രധാന ആക്ടിവിറ്റികൾ.

കുണ്ടാദ്രി
കൊടുംകാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന കുണ്ടാദ്രി ഷിമോഗിലെ പ്രസിദ്ധമായ ഒരു കുന്നാണ്. പശ്ചിമ ഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ 17-ാം നൂറ്റാണ്ടിലെ ജൈനക്ഷേത്രം, കുളം, വ്യൂ പോയിന്റ് എന്നിവയാണ് പ്രധാന കാഴ്ചകൾ. ഇവിടെ നിന്നും സമീപത്തെ കാടുകളിലേക്ക് ട്രക്കിങ്ങ് നടത്താറുണ്ട്.
PC:Manjeshpv

സക്രൈബൈലു എലിഫന്റ് ക്യാംപ്
ഷിമോഗയില്‍ നിന്നും 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സക്രൈബൈലു എലിഫന്റ് ക്യാംപ് കുറേ സമയം വിനോദപ്രദമായി ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. തുംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്യാംപിൽ പിടിച്ചു കൊണ്ടുവന്ന് മെരുക്കുന്ന ആനകളാണുള്ളത്.
രാവിലെ 8.30 മുതൽ 11.30 വരെയാണ് ഇവിടെ പ്രവേശനം.

അഗുംബെ
സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഇടമാണ് അഗുംബെ. ലോകത്തിൽ ഏറ്റവുമധികം രാജവെമ്പാലകൾ അധിവസിക്കുന്ന ഇടവും ഇതുതന്നെയാണ്. മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്താനുള്ള ഒരിടവും ഇവിടെയുണ്ട്. രാജവെമ്പാലകളുടെ തലസ്ഥാനം എന്നും ഇതറിയപ്പെടുന്നു.