» »സഞ്ചാരികളുടെ പ്രിയകേന്ദ്രം തമിഴ്‌നാടോ?

സഞ്ചാരികളുടെ പ്രിയകേന്ദ്രം തമിഴ്‌നാടോ?

Written By: Elizabath

സഞ്ചാരികളുടെ ലിസ്റ്റിലെ പ്രിയകേന്ദ്രങ്ങളെന്ന് കരുതുന്ന ഗോവയെയും കേരളത്തെയും ഉത്തരാഖണ്ഡിനെുമൊക്കെ പിന്തള്ളാന്‍ വേറെ സ്ഥലങ്ങളോ എന്നു ചിന്തിക്കാന്‍ വരട്ടെ..
വിദേശത്തെയും സ്വദേശത്തെയും യാത്രാസ്‌നേഹികളും വിനോദസഞ്ചാരികളും സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം തമിഴ്‌നാട് ആണ്. 2016ല്‍ 341.83 ദശലക്ഷം സഞ്ചാരികള്‍ തമിഴ്‌നാട് സന്ദര്‍ശിച്ചു എന്നു കണക്കുകള്‍ സൂചിപ്പിക്കുമ്പോഴാണ് തമിഴ്‌നാടിനോട് സഞ്ചാരികള്‍ക്കുള്ള സ്‌നേഹം ശരിക്കും വ്യക്തമാവുക. കഴിഞ്ഞ മൂന്നു വര്‍ഷം ഏറ്റവുമധികം വിദേശികള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനവും തമിഴ്‌നാടിനു തന്നെയാണ്.
സഞ്ചാരികള്‍ തേടിയെത്തുന്ന തമിഴ്‌നാട്ടിലെ അധികം പ്രശസ്തമല്ലാത്ത, എന്നാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ചെട്ടിനാട്

ചെട്ടിനാട്

കാരൈക്കുടി പട്ടണവും 74 ഗ്രാമങ്ങളും ചേരുന്നതാണ് ചെട്ടിനാട് എന്ന പേരില്‍ ഏറെ ആകൃഷ്ടരായിക്കുന്നത് രുചിപ്രേമികളാണ്. വ്യത്യസ്ത തരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് തയ്യാര്‍ ചെയ്ത ഇവരുടെ പാചകരീതി ഭക്ഷണപ്രിയരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ചെട്ടിനാടന്‍ കോഴിക്കറി ഏറെ പ്രശസ്തമാണ്.
ഭക്ഷണം കൂടാതെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ചെട്ടിനാട് പേരുകേട്ടതാണ്. കലാ-വാസ്തുവിദ്യ രംഗങ്ങളില്‍ ഈ സ്ഥലം തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രനഗരമെന്നും ചെട്ടിനാട് അറിയപ്പെടുന്നു.

pc: Joelsuganth

കുറ്റാലം

കുറ്റാലം

തെക്കിന്റെ ആരോഗ്യസ്‌നാനഗൃഹം എന്നറിയപ്പെടുന്ന കുറ്റാലം വെള്ളച്ചാട്ടം ഒന്‍പതോളം വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേരുന്ന ഒന്നാണ്.
പശ്ചിമഘട്ടത്തില്‍ ഔഷധച്ചെടികള്‍ ധാരാളമായി കാണുന്ന പൊതിഗൈ മലകളില്‍ നിന്നുവരുന്ന വെള്ളച്ചാട്ടമായതിനാല്‍ ഇതിന് ഔഷധഗുണമുണ്ടെന്നാണ് കരുതുന്നത്.
തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും ഇടയിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

pc:Mdsuhail

വെല്ലൂര്‍

വെല്ലൂര്‍

കോട്ടനഗരമെന്ന് അറിയപ്പെടുന്ന വെല്ലൂര്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നാണ്. പാലാര്‍ നദിതീരത്ത് സ്ഥിതി ചെയ്യുന്ന വെല്ലൂരിലെ കോട്ടയിലാണ് ബ്രിട്ടീഷ് ഭരണകാലത്ത് ടിപ്പുസുല്‍ത്താന്റെ കുടുംബം താമസിച്ചിരുന്നത്.
കൊത്തുപണികളാല്‍ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളും ദേവാലയങ്ങളും ഇവിടെയുണ്ട്.

pc: Chandrachoodan Gopalakrishnan

കാഞ്ചീപുരം

കാഞ്ചീപുരം

പല്ലവരുടെ തലസ്ഥാന നഗരമായിരുന്ന കാഞ്ചീപുരം പ്രശസ്തിയാര്‍ജിച്ചിരിക്കുന്നത് ലോകപ്രശസ്തമായ കാഞ്ചീപുരം പട്ടുസാരിയുടെ പേരിലാണ്. ആയിരം ക്ഷേത്രങ്ങളുടെ സുവര്‍ണ്ണ നഗരം എന്നറിയപ്പെടുന്ന കാഞ്ചീപുരത്താണ് ദിവ്യദേശങ്ങള്‍ എന്നറിയപ്പെടുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളില്‍ പതിനാലെണ്ണം സ്ഥിതി ചെയ്യുന്നത്. ജൈനിസത്തിന്റെയും ബുദ്ധിസത്തിന്റെയും ഒന്നാം നൂറ്റാണ്ടു മുതല്‍ അഞ്ചാം നൂറ്റാണ്ടു വരെയുള്ള പഠനകേന്ദ്രങ്ങളില്‍ പ്രശസ്തമാണ് കാഞ്ചീപുരം.
ഒരുപാട് ക്ഷേത്രങ്ങളുള്ള ഈ നഗരം വിദേശികളുടെയും സ്വദേശികളുടെയും പ്രിയപ്പെട്ടയിടമാണ്.
pc: Guruparama

യേലാഗിരി

യേലാഗിരി


വെല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായൊരു ഹില്‍ സ്റ്റേഷനാണ് യേലാഗിരി. തമിഴ്‌നാട്ടിലെ മറ്റു വിനോദകേന്ദ്രങ്ങളെപ്പോലെ പശസ്തമല്ലെങ്കിലും ഒരിക്കല്‍ ഇവിടെ വന്നാല്‍ വീണ്ടും വരാന്‍ തോന്നിപ്പിക്കുന്ന ഒരിടമാണ് യേലാഗിരി. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയകേന്ദ്രമായ ഇവിടം സമുദ്രനിരപ്പില്‍ നിന്നും 1410 മീറ്റര്‍ ഉയരത്തിലാണുള്ളത്. 4338 അടി ഉയരത്തിലുള്ള സ്വാമിമലയാണ് ട്രക്കേഴ്‌സിന്റെ ഇഷ്ടസ്ഥലം. തിങ്ങിയ വനത്തിലൂടെ ഇവിടെനിന്നും ധാരാളം ട്രക്കിങ് റൂട്ടുകളുണ്ട്. നൂറുകണക്കിന് പാമ്പുകളെ ഈ മലയില്‍ കാണാന്‍ കഴിയും.

pc :Ashwin Kumar

യേര്‍ക്കാട്

യേര്‍ക്കാട്

കാപ്പിത്തോട്ടങ്ങളുെ ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞ അതിമനോഹരമായ പ്രദേശമാണ് യേര്‍ക്കാട്. പ്രകൃതിസുന്ദരമായ ഇവിടെ കൂടുതലും ആളുകള്‍ ട്രക്കിങ്ങിനായാണ് എത്തുന്നത്.
ഇവിടുത്തെ ഏറ്റവും ഉയരംകൂടിയ സ്ഥലം സെര്‍വ്വരായന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടമാണ്.
ബോട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ഇവിടെ ഒരു ഓര്‍ക്കിഡ് തോട്ടം സ്ഥിതി ചെയ്യുന്നു.

pc: Vinamra Agrawal

മുതുമലൈ

മുതുമലൈ

തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളില്‍ ഒന്നായ മുതുമലൈ കുടുംബവുമായി യാത്ര പോകുന്നവരുടെ പ്രിയസങ്കേതം കൂടിയാണ്. അപൂര്‍വ്വങ്ങളായ പല സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രമായ ഇവിടം പക്ഷിനീരീക്ഷകരുടെ പറുദീസ കൂടിയാണ്.

pc: KARTY JazZ

തൂത്തുക്കുടി

തൂത്തുക്കുടി

വിനോദസഞ്ചാരികള്‍ക്കുവേണ്ട എല്ലാത്തരം ചേരുവകളുടെയും ഒരു മിശ്രിതമാണ് തൂത്തുക്കുടി. പ്രധാന തുറമുഖ നഗരമായ ഇവിടെ ബീച്ചും വന്യജീവി സങ്കേതവും നിരവധി ക്ഷേത്രങ്ങളും പള്ളികളും ചരിത്രസ്മാരകങ്ങളുമുണ്ട്.

pc: Ramkumar

കുംഭകോണം

കുംഭകോണം

തഞ്ചാവൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കുംഭകോണം മറ്റെല്ലാ തമിഴ് നഗരങ്ങളെയും പോലെ ക്ഷേത്രപാരമ്പര്യമാണ് നിലനിര്‍ത്തുന്നത്. ഇവിടുത്തെ എല്ലാ ക്ഷേത്രങ്ങളിലും കുംഭം അഥവാ കുടം കാണാന്‍ സാധിക്കും. കോണം എന്നാല്‍ വയല്‍ അല്ലെങ്കില്‍ താമസസ്ഥലം എന്നുമാണ് അര്‍ഥം. അങ്ങനെയാണ് കുംഭകോണത്തിന് ആ പേരു ലഭിച്ചത്. ക്ഷേത്രനഗരി എന്നും അറിയപ്പെടുന്ന ഇവിടെ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹം ഏറെ പ്രശസ്തമാണ്.


pc :Ssriram mt

ചിദംബരം

ചിദംബരം

പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നായ ചിദംബരക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടമാണ് ചിദംബരം. പുരാതനകാലം മുതല്‍ക്കേ വാസ്തുവിദ്യയുടെ പേരില്‍ പ്രശസ്തമാണ് ഇവിടം.
ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ വിവരിച്ചിട്ടുള്ള 108 ഭാവങ്ങളെയും അവതരിപ്പിക്കുന്ന കൊത്തിയ ശില്പങ്ങളാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത.

pc:Raghavendran