Search
  • Follow NativePlanet
Share
» »മലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻ

മലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻ

By Elizabath Joseph

പറശ്ശിനിക്കടവ്...മലബാറുകാർക്ക് കൂടുതൽ വിശേഷണങ്ങളും വിശദീകരണങ്ങളും ഈ സ്ഥലത്തിന് നല്കേണ്ട കാര്യമില്ല. ജാതിമതലിംഗ വർണ്ണ ഭേദമില്ലാതെ ഏവരെയും തന്റെ സന്നിധിയിലേക്ക് ക്ഷണിക്കുന്ന മുത്തപ്പൻ ഈ നാട്ടുകാർക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും ധൈര്യത്തിന്റെയും ഒക്കെ രൂപമാണ്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുത്തപ്പനു വെള്ളാട്ടവും തിരുവപ്പനയും നേരുന്നതും മുത്തപ്പനെ നേരിട്ട് വന്നു കണ്ട് സങ്കടങ്ങൾ പറയുന്നതും ഒക്കെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എപ്പോൾ വിശന്നെത്തിയാലും വയറു മാത്രമല്ല, മനസ്സും നിറച്ചു വിടുന്ന കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം..

എവിടെയാണ് പറശ്ശിനിക്കടവ്

എവിടെയാണ് പറശ്ശിനിക്കടവ്

കണ്ണൂരിൽ നിന്നും 16 കിലോമീറ്റർ അകലെ പരശ്ശിനിക്കടവ് എന്ന സ്ഥലത്താണ് പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപട്ടണം നദിയുടെ തീരത്തുള്ള ഈ ക്ഷേത്രം കണ്ണൂരിൽ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ഇടം കൂടിയാണ്. കണ്ണൂർ ആന്തൂർ നഗരസഭാ പരിധിയിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Sreelalpp

വയറും മനസ്സും നിറയ്ക്കുന്ന മുത്തപ്പ സന്നിധി

വയറും മനസ്സും നിറയ്ക്കുന്ന മുത്തപ്പ സന്നിധി

തന്നെ സന്ദര്‍ശിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറച്ച് വിടുന്നവനാണ് മുത്തപ്പൻ എന്നാണ് ഭക്തർ പറയുന്നത്. മുത്തപ്പന്റെ സന്നിധിയിൽ എപ്പോളെത്തിയാലും എത്ര നേരം വൈകിയാണെങ്കിലും ഇവിടെ ഭക്ഷണം ലഭിക്കും. അതിനും ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ല.

പ്രശ്നങ്ങളിൽ പെട്ടു ജീവിതം മടുത്തവരാണ് സമാധാനത്തിനും പരിഹാരങ്ങൾക്കുമായി മുത്തപ്പെടെ തേടി എത്തുന്നത്. മറ്റൊന്നിനും പരിഹാരം കാണാനാവാതെ വരുമ്പോള്‍ തന്നിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്നവരെ മുത്തപ്പ‍ന്‍ ഒരിക്കലും നിരാശരാക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. തെയ്യക്കോലം കെട്ടി നിൽക്കുന്ന മുത്തപ്പനോട് പ്രശ്നങ്ങൾ പറ‍ഞ്ഞ് പ്രാർഥിച്ച് പോകുന്നവർ മനസ്സു നിറഞ്ഞാണ് പോകുന്നത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

PC:Keralatourism

 മുത്തപ്പന്റെ ഐതിഹ്യം

മുത്തപ്പന്റെ ഐതിഹ്യം

പറശ്ശിനിക്കടവിൽ മുത്തപ്പൻ മടപ്പുര വന്നതിനെപ്പറ്റിയും മുത്തപ്പെന്റെ ഐതിഹ്യത്തെപ്പറ്റിയും നിരവധി കഥകൾ പ്രചാരത്തിലുണ്ട്.

കണ്ണൂരിലെ എരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്ത് വളർന്ന കുഞ്ഞിൽ നിന്നുമാണ് മുത്തപ്പന്റെ കഥ തുടങ്ങുന്നത്. മക്കളില്ലാത്ത ദുഖത്തിൽ പുജകളും വഴിപാടുകളും നടത്തി ജീവിച്ചിരുന്ന ഈ ഇല്ലത്തെ അന്തർജനത്തിനും നമ്പൂതിരിക്കും മഹാദേലവന്റെ അനുഗ്രഹത്താൽ കൊട്ടിയൂർ തിരുവഞ്ചിറയിൽ നിന്നും ലഭിച്ച കുട്ടിയാണ് മുത്തപ്പൻ. സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി വിചിത്രമായ രീതികൾ കാണിച്ചുകൊണ്ടിരുന്ന മുത്തപ്പൻ തറവാടിന് പല തവണയായി പേരു ദോഷം കേൾപ്പിക്കുന്നു എന്ന പരാതി അന്തർജനത്തിനുണ്ടായിരുന്നു. നാട്ടുകാർക്ക് മുത്തപ്പൻ സമ്മതനായിരുന്നുവെങ്കിലും വീട്ടുകാർക്ക് അങ്ങനെ അല്ലായിരുന്നു. എന്നാൽ തന്റെ പുത്രനോടുള്ള അളവില്ലാത്ത സ്നേഹം കാരണം അന്തർജനം മുത്തപ്പന്റെ തെറ്റുകൾ പൊറുക്കുകയും കണ്ടില്ല എന്നു നടിക്കുകയും ചെയ്തു പോന്നു. ഒടുവിൽ ഒരു ദിവസം ദേഷ്യം സഹിക്കവയ്യാതെ അന്ർജനം മുത്തപ്പനോട് ദേഷ്യപ്പെടുകയും അപ്പോൾ മുത്തപ്പൻ തന്റെ വിശ്വരൂപം കാണിക്കുയും ചെയ്തു എന്നാണ് വിശ്വാസം.

PC:Omnipotent

മുത്തപ്പനും കുന്നത്തൂർ പാടിയും

മുത്തപ്പനും കുന്നത്തൂർ പാടിയും

തന്റെ വിശ്വരൂപം കാട്ടി വീടു വിട്ടിറങ്ങിയ മുത്തപ്പൻ നേരെ പോയത് കുന്നത്തൂരിലേക്കായിരുന്നു. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനം അയ്യങ്കര ആയിരുന്നുവെങ്കിലും കുന്നത്തൂരിന്റ മനോഹാരിത കണ്ട് അവിടെ വസിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇവിടം മുത്തപ്പന്റെ ആരുഢസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രവും ശ്രീകോവിലുകളുമില്ലാതെ വെറും വനത്തിനുള്ളിലാണ് ഈ ആരുഢസ്ഥാനമുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി പയ്യാവൂരിനോട് ചേര്‍ന്നാണ് കുന്നത്തൂര്‍ പാടി സ്ഥിതി ചെയ്യുന്നത്. മുത്തപ്പന്റെ ആരൂഢസ്ഥാനമാണെങ്കിലും ഇവിടെ പ്രത്യേകിച്ച് ഒരു ക്ഷേത്രമൊന്നുമില്ല . ഉത്സവസമയത്ത് താത്കാലികമായ ഒരു മഠപ്പുര കെട്ടിയുണ്ടാക്കുകയാണ് ചെയ്യുന്നത്. ബാക്കിയുള്ള ക്ഷേത്രങ്ങളില്‍ തുലാമാസത്തില്‍ വെള്ളാട്ടം നടത്തുമ്പോള്‍ ഇവിടെ മാത്രം കന്നി മാസത്തിലാണ് നടക്കുക. കന്നി മാസത്തിലെ പുത്തരി വെള്ളാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ ഇവിടുത്തെ ഉത്സവം ധനു രണ്ടു മുതല്‍ മകരം രണ്ടു വരെയാണ് നടക്കുന്നത്.

പിന്നീട് തന്റെ അവതാര ലക്ഷ്യങ്ങൾക്കായി മറ്റൊരു സ്ഥലം വേണമെന്നു തോന്നിയ മുത്തപ്പൻ കുന്നത്തൂർ പാടിയിൽ നിന്നും ഒരു അമ്പ് എയ്യുകയും അത് പറശ്ശിനിക്കടവിൽ ചെന്ന് പതിക്കുകയും മുത്തപ്പന്‍ അവിടെ വസിക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

PC: Vijayakumarblathur

വർഷത്തിൽ എല്ലാ ദിവസവും

വർഷത്തിൽ എല്ലാ ദിവസവും

വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വെച്ച് ശിവനെയും മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് മഹാവിഷ്ണുവിനെയുമാണ് മുത്തപ്പൻ പ്രതിനധാനം ചെയ്യുന്നത്.

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടുമാണ് ഇവിടെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടുന്നത്.

ഈ ദിവസങ്ങളിൽ ഇവിടെ തിരുവപ്പന ഇല്ല

ചില പ്രത്യേക ദിവസങ്ങളിൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ തിരുവപ്പന നടക്കാറില്ല. എല്ലാ വർഷവും തുലാം ഒന്നു മുതൽ വൃശ്ചികം 15 വരെ, ക്ഷേത്രത്തിലെ നിറ ദിവസം, മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസം, കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങൽ എന്നീ ദിനങ്ങളിൽ ഇവിടെ തിരുവപ്പന നടക്കാറില്ല.

PC:Sreejithk2000

സ്വതന്ത്ര്യമായി വിഹരിക്കുന്ന നായകൾ

സ്വതന്ത്ര്യമായി വിഹരിക്കുന്ന നായകൾ

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത കാഴ്ചയാണ് ക്ഷേത്ര പരിസരത്ത് ചുറ്റിക്കറങ്ങുന്ന നായകൾ. നായ വാഹനമായിട്ടുള്ള ഭൈരവ മൂർത്തികൂടിയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. മുത്തപ്പനെ എല്ലായ്പ്പോഴും നായ അനുഗമിക്കുമത്രെ. അതുകൊണ്ടു തന്നെ ഇവിടെ നായകളെ ആരും വിലക്കാറില്ല.

PC:Vinayaraj

തനത് ദ്രാവിഡ രീതികൾ

തനത് ദ്രാവിഡ രീതികൾ

കേരളത്തിൽ തനത് ദ്രാവിഡ ആരാധനാ രീതികൾ പിന്തുടരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് പരശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രം. ശൈവ വൈഷ്ണവ സങ്കൽപങ്ങളാണ് ഇവിടെയുള്ളത്. കരിച്ച ഉണക്കമീനും കള്ളുമാണ് ഇവിടുത്തെ പ്രധാന നൈവേദ്യം.

PC:rajeshodayanchal

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കണ്ണൂരിൽ നിന്നും 19.5 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ-തളിപ്പറമ്പ് പാതയിൽ ധർമ്മശാല എന്ന സ്ഥലത്തു നിന്നും തിരിഞ്ഞാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. ഇവിടെ നിന്നും നാലു കിലോമീറ്റർ ദൂരം ക്ഷേത്രത്തിലേക്ക് സഞ്ചരിക്കണം. കാസർകോടു നിന്നും 86 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 31.4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കണ്ണൂരിൽ നിന്നും ക്ഷേത്രത്തിലേക്ക് രാവിലെ മുതലേ ബസുകൾ ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more