
ബ്രോസ്....ഗോവയെന്നു കേട്ടാൽ എന്താണ് ആദ്യം ഓർമ്മവരിക... അതൊക്കെയെന്തു ചോദ്യമാ ഭായ്! പബ്ബും ബീച്ചും ചേർന്ന് രാവും പകലുമില്ലാതെ അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലമല്ലേ ഗോവ.. എന്നാൽ അതുമാത്രമാണോ ഈ ഗോവ? അടിച്ചുപൊളിക്കുവാൻ വേണ്ടി മാത്രമാണോ ആളുകൾ എല്ലാ സീസണിലും ഗോവയിലേക്ക് ഒഴുകുന്നത്? ഇതിനു പിന്നിലെ രഹസ്യം എന്താണ് എന്നറിയുമോ? ആഘോഷങ്ങൽ മാത്രം തേടിയുള്ള ഗോവൻ യാത്രയിൽ ഇവിടെ എത്തുന്നവർ മറക്കുന്നത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ പറ്റാത്ത ഒരു സംസ്കാരമാണ്. 450 വർഷത്തിലധികം പോർച്ചുഗീസിന്റെ ആധിപത്യത്തിനു കീഴിലായിരുന്ന ഗോവ വാസ്തുവിദ്യകൾ മുതൽ കിടിലൻ രുചികൾ വരെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

പഴമയെ അറിയാൻ പോർച്ചുഗീസ് സൗധങ്ങൾ
ഗോവയുടെ പഴമയിലേക്ക് ഒന്നു കടന്നു ചെല്ലണമെങ്കിൽ അതിനു ഏറ്റവും പറ്റിയ മാർഗ്ഗം ഇവിടുത്തെ പുരാതന സൗധങ്ങള്‍ തന്നെയാണ്. സൗത്ത് ഗോവയിലാണ് ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഭവനങ്ങളിൽ അന്നത്തെ ഉടമസ്ഥരുടെ ഇന്നത്തെ പിന്തുടർച്ചക്കാർ തന്നെയാണ് ജീവിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. ചരിത്രത്തിലേക്ക് നടന്നു കയറുവാൻ പറ്റിയ താവളങ്ങളായ ഇവിടെ പലയിടത്തും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
PC:Ramnath Bhat

ലാറ്റിൻ ക്വാർട്ടറിനെ അറിയാം
ഫോൻടെയ്ൻഹാസ് എന്നറിയപ്പെടുന്ന ഇവിടുത്തെ ലാറ്റിൻ ക്വാർട്ടർ ഗോവയിലെ മറ്റൊരു ചരിത്രത്തിലേക്കുള്ള വാതിലാണ്. പ്ലേഗ് അടക്കമുള്ള പകർച്ച വ്യാധികൾ ഗോവയെ കടന്നാക്രമിച്ചപ്പോൾ ഓൾഡ് ഗോവ ഉപേക്ഷിട്ട് പനാജിയിലേക്ക് പോകുവാൻ പോർച്ചുഗീസുകാർ നിർബന്ധിതരായി. അന്ന് ഇവിടെയെത്തിയ പോർച്ചുഗീസുകാർ നിർമ്മിച്ച കെട്ടിടങ്ങളും ബംഗ്ലാവുകളുമാണ് ലാറ്റിൻ ക്വാർട്ടറിന്റെ പ്രത്യേകതകൾ. യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ ഇടുങ്ങിയ ഒരു നടപ്പാതയുടെ രണ്ടു വശത്തുമായാണ് ഇവിടെ ഒരു നഗരത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ നിറങ്ങളിൽ പോലും ആ ഒരു വ്യത്യാസം ഇവിടെ കാണാം,
PC:Intrepid one

ഓൾഡ് ഗോവയിലൂടെ അലയാം
ഗോവയുടെ പ്രത്യേകതകൾ ഒറ്റ ഫ്രെയിമിൽ കാണണമെങ്കിൽ അതിനു പറ്റിയ ഒരിടം മാത്രമേയുള്ളു, അത് ഓള്‍ഡ് ഗോവയാണ്. പേരിൽ മാത്രമല്ല, ഇവിടുത്തെ കാഴ്ചകളിലും ഗോവയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യാസങ്ങൾ കാണാം. ഇത്രയധികം ചരിത്രമുറങ്ങുന്ന മറ്റൊരു നഗരം ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന കാര്യം സംശയമാണ്. ഓൾഡ് ഗോവയിൽ പോയിട്ടുള്ളവർ ലിസ്ബണിൽ പോകേണ്ട കാര്യമില്ലെന്ന ഒരു ചൊല്ലുപോലും ഇവിടെ പ്രചാരത്തിലുണ്ട്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായ ഇവിടെ കാണാനുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളും മഠങ്ങളും ഒക്കെയാണ്.
ആർക്കിയോളജിക്കൽ മ്യൂസിയം, ഫ്രാൻസീസ് അസ്സീസ്സിയുടെ ദേവാലയം, കോൺവെന്റ് ഓഫ് സാന്‍റാ മോണിക്ക തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ
PC:wikipedia

കലകളിലുറങ്ങുന്ന ചരിത്രം
കാഴ്ചകളിലൂടെ മാത്രമല്ല ഗോവയുടെ ചരിത്രം അറിയുന്നത്. കലകളും ഇതിനു പറ്റിയ കൂട്ടാണ്. ഗോവയുടെ ചരിത്രം സമകാലീക കലയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് 2015 ൽ പ്രവർത്തനമാരംഭിച്ച മ്യൂസിയം ഓഫ് ഗോവ. ജീവൻ തോന്നിപ്പിക്കുന്ന പോലെ നിർമ്മിച്ചിരിക്കുന്ന രൂപങ്ങളിലൂടെയാണ് ഇവിടെ ചരിത്രം കാഴ്ചക്കാരോട് സംവദിക്കുന്നത്.

ഗോവയിലെ ഹിന്ദു ക്ഷേത്രങ്ങൾ
പോർച്ചുഗീസ് പാരമ്പര്യം ഒരുകാലത്ത് നിലനിന്നിരുന്ന ഇടം എന്ന നിലയിൽ ക്രിസ്തീയ വിശ്വസങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യം എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ ഗോവയുടെ ചരിത്രത്തിനൊപ്പം തന്നെ പഴക്കമുള്ള ധാരാളം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മൊല്ലം ദേശീയോദ്യാനത്തിനു സമീപത്തായി തംടി സുരുള എന്ന കാടിനോട് ചേർന്നാണ് ഗോവയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച്, ശിവന് സമർപ്പിച്ചിരിക്കുന്ന മഹാദേവ ക്ഷേത്രമാണിത്. ഗോവയിലെ പോർച്ചുഗീസ്, മുസ്ലീം ആധിപത്യങ്ങളെയുെ കടന്നു കയറ്റത്തിനെയും ഇത് നേരിട്ടത് ക്ഷതേര്ത്തിന്റെ സ്ഥാനം കാടിനുള്ളിലായതുകൊണ്ട് മാത്രമാണ്.
PC:Swaminathan

ഗോവയുടെ ലഹരിയായ ഫെനി
ഗോവയിലെത്തിയാൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട രുചികളിലൊന്നാണ് ഇവിടെ മാത്രം ലഭ്യമാകുന്ന ഫെനിയുടേത്. കശുമാങ്ങയിൽ നിന്നും നിർമ്മിക്കുന്ന ഒരു ചെറിയ ലഹരിയാണ് ഇത്. ഗോവയുടെ പ്രദേശിക രുചിയായ ഇത് അന്വേഷിച്ചാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.

ഗോവൻ രുചികൾ
ഗോവൻ രുചി എന്നാൽ കടൽ മത്സ്യവും ചോറും മാത്രമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ പ്രഭാതഭക്ഷണത്തോടൊപ്പം ബിയർകൂടി നല്കുന്ന സംസ്കാരമുള്ള ഒരിടമായാണ് ഗോവ പൊതുവെ അറിയപ്പെടുന്നത്. പോർച്ചുഗീസുകാരുടെയും മുസ്ലീം ഭരണാധികാരികളുടെയും ഹിന്ദി രൂചികളുടെയും ഒക്കെ ഒരു മിശ്രിതമാണ് ഗോവയിലെ രുചിയും. തേങ്ങയരച്ചത്, ഗ്രിൽ ചെയ്തത്, സ്റ്റ്യൂ, സ്റ്റഫ് ചെയ്തത്. തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ്.

ഗോവയുടെ താളമായ സംഗീതം
ഗോവയുടെ താളം എന്നു പറയുന്നതുതന്നെ ഇവിടുത്തെ സംഗാതമാണ്. തലമുറകളിലൂടെ കൈമാറിവന്ന ഇവിടുത്തെ സംഗീത ചരിത്രം എത്തി നിൽക്കുന്ന ജാസ് മ്യൂസിക്കിലാണ്. പോർച്ചുഗീസുകാരുടെ ഭരണത്തോടു കൂടിയാണ് ഇവിടെ പാശ്ചാത്യ സംഗീതത്തിന് ഇത്രയധികം വേരോട്ടമുണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ പല കഫേകളിലും മിക്ക ദിവസങ്ങളിലും ലൈവ് മ്യൂസിക് പെർഫോമൻസ് ഉണ്ടാകാറുണ്ട്.

ഗോവൻ ആഘോഷങ്ങൾ
പറഞ്ഞു തീർക്കുവാൻ പറ്റുന്ന വിശേഷങ്ങൾ അല്ല ഗോവയിലുള്ളത്, പ്രത്യേകിച്ചും ഇവിടുത്തെ ആഘോഷങ്ങൾ. ക്രിസ്തീയ വിശ്വാസങ്ങൾക്കനുസരിച്ചുള്ള ആഘോഷങ്ങളാണ് ഇവിടെ കൂടുതലും കാണുവാൻ സാധിക്കുക. മൺസൂൺ സമയത്തെ സാൻജാവോ ഫെസ്റ്റിവലാണ് ഇതിൽ മുഖ്യം. നിറഞ്ഞു കവിഞ്ഞു കിടക്കുന്ന കിണറുകളിൽ ചാടി അതിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ഫെനി ബോട്ടിലുകൾ തപ്പിയെടുക്കുന്ന ആഘോഷം പോലും ഇവിടെയുണ്ട്. ഗോവൻ കാർണിവലും വിളവെടുപ്പ് ആഘോഷവും ഹോളിയും ദീപാവലിയും ഗണേഷ് ചതുർഥിയും ഒക്കെ ഇവിടുത്തെ പ്രശസ്തമായ ആഘോഷങ്ങൾ തന്നെയാണ്.
ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!!
466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഗോവയിലെ പൈതൃക കേന്ദ്രം