» »ഹിപ്പികളെ കാണാന്‍ ഒരു ഹിപ്പി മോഡല്‍ യാത്ര

ഹിപ്പികളെ കാണാന്‍ ഒരു ഹിപ്പി മോഡല്‍ യാത്ര

Written By: Elizabath Joseph

നീട്ടി വളര്‍ത്തിയ മുടി, അശ്രദ്ധമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, തോളില്‍ ഒരു തുണിസഞ്ചിയും ചുണ്ടില്‍ എരിയുന്ന ഒരു സിഗരറ്റും... ഹിപ്പി എന്നു കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന രൂപം ഇതാണ്. ആരെയും ഭയക്കാതെ, വിലക്കുകള്‍ ഒന്നും ഇല്ലാതെ സ്വാതന്ത്ര്യത്തോടെ ഉള്ള യാത്രകള്‍. അതാണ് ഇവരുടെ പ്രത്യേകത. എത്ര വലിയ യാത്രാ പ്രേമികള്‍ ആണെങ്കിലും എല്ലായിടത്തും ഇവരെ കാണാന്‍ പറ്റില്ല. ഹിപ്പികള്‍ സ്ഥിരമായി സഞ്ചരിക്കുന്ന, എത്തിച്ചേരുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഗോവ

ഗോവ

ഹിപ്പി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഗോവയിലെ ബീച്ചുകളാണ്. ഇന്ത്യയില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ ഏതു സമയത്തും സത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് ഭയമില്ലാതെ ഇറങ്ങി നടക്കാന്‍ പറ്റിയ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് ഗോവ. ഹിപ്പി ജീവിത രീതി പിന്തുടരുന്ന ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ആളുകള്‍ ഏറ്റവും അധികം എത്തിച്ചേരുന്ന ഇടം കൂടിയാണ് ഇന്ന് ഗോവ. മനോഹരമായ ബീച്ചുകളും രാത്രി മുഴുവന്‍ നീണ്ട നില്‍ക്കുന്ന പാര്‍ട്ടികളും മ്യൂസിക് നൈറ്റും ഒക്കെ ചേരുന്ന ഇവിടെ അതിരുകളില്ലാതെ ഇതൊക്കെ ആസ്വദിക്കുവാന്‍ കഴിയുന്ന സമാനമനസ്‌കര്‍ കൂടി എത്തുമ്പോള്‍ ഇവിടം ഇന്ത്യയിലെ ഹിപ്പികളുടെ തലസ്ഥാനം എന്ന പേരിനു അനുയോജ്യമാണ്.

robinn

കസോല്‍

കസോല്‍

മലകളും കുന്നുകളും കയറി ജീവിതം ഒരു യാത്ര മാത്രമായി കൊണ്ടുനടക്കുന്ന ഹിപ്പികള്‍ എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന സ്ഥലമാണ് കസോള്‍. ബാക്ക്പാക്കേവ്‌സ് പാരഡൈസ് എന്നറിയപ്പെടുന്ന കസോള്‍ ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പാര്‍വ്വതി വാലിയില്‍ പാര്‍വ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കസോളില്‍ ഹിപ്പികളാണ് അധികവും എത്തിച്ചേരുക. അന്താരാഷ്ട്ര പ്രാധാന്യമുള്ള മ്യൂസിക് ഫെസ്റ്റിവലുകളാണ് കസോലിന്റെ മറ്റൊരു പ്രത്യേകത. സ്വാദിഷ്ടമായ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങള്‍, ഹിമാലയത്തിന്റെ മനംമയക്കുന്ന കാഴ്ചകള്‍, കുളുവിലെ നദിയിലൂടെയുള്ള റാഫ്ടിങ് എന്നിവ മാത്രം മതി നിങ്ങളുടെ ഉള്ളിലെ ഹിപ്പിയെ ഉണര്‍ത്താന്‍

Devendra Makka

പുഷ്‌കര്‍

പുഷ്‌കര്‍

ആരവല്ലി പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പുഷ്‌കര്‍ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ന്യൂ ജെനറേഷന്‍ ഹിപ്പികള്‍ അല്ലാത്ത പാരമ്പര്യ വാദികളായ ഹിപ്പികളാണ് ഇവിടെ എത്തുന്നവരില്‍ കൂടുതലും. ഇവിടുത്തെ ഏറെ പ്രശസ്തമായ ക്യാമല്‍ ഫെസ്റ്റിവലിന്റെ സമയത്താണ് മറ്റു സഞ്ചാരികള്‍ക്കൊപ്പം ഹിപ്പി ട്രാവലേഴ്‌സും ഇവിടെ എത്തുന്നത്. സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത വിധത്തില്‍ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ലോകത്തെമ്പാടുനിന്നുമായി ആളുകള്‍ ഇതില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.

wikipedia

ഗോകര്‍ണ

ഗോകര്‍ണ

ഹിപ്പികള്‍ കൂടുതലായി എത്തിച്ചേരുന്ന മറ്റൊരു കടലോരമാണ് കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണ. മനോഹരമായി പരിപാലിക്കപ്പെടുന്ന ഒട്ടേറെ ബീച്ചുകളും അതിനോട് ചേര്‍ന്നുള്ള താമസ സൗകര്യങ്ങളും രാത്രിയിലും തീരാത്ത ആഘോഷങ്ങളും പ്രായവും ലിംഗവും ഭാഷയും ഒന്നും അതിരുതീര്‍ക്കാത്ത ഇവിടം ഹൈന്ദവ വിശ്വാസികളുടെ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്.
കുഡ്‌ലെ ബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍. ഗോകര്‍ണ ബീച്ചാണ് ഇതില്‍ ഏറ്റവും പ്രധാനം. അഞ്ചു ബീച്ചുകളില്‍ ഏറ്റവും വലുപ്പമേറിയത് കുഡ്‌ലെ ബീച്ചാണ്

Aleksriis

ഹംപി

ഹംപി

അലഞ്ഞു തിരിഞ്ഞു ആരെയും ഭയക്കാതെ ഇഷ്ടംപോലെ നടക്കാന്‍ തയ്യാറുള്ളവര്‍ക്ക് പറ്റിയ ഇടമാണ് കര്‍ണ്ണാടകയിലെ ഹംപി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വന്ന് മാസങ്ങളോളം ഇവിടെ തമ്പടിച്ചു താമസിച്ച് ആസ്വദിച്ച് പോകുന്ന ഒരുപാടു ആളുകളെ ഇവിടെ കാണാം.
സഞ്ചാരികളുടെയും ഇവിടെ എത്തുന്നവരുടെയും സ്വാതന്ത്ര്യത്തിന് അതിരു കല്പിക്കാത്ത ഹംപി ഹിപ്പികളായിട്ടുള്ള സഞ്ചാരികളുടെ സ്വര്‍ഗ്ഗം കൂടിയാണ്. ഇവിടുത്തെ ഏതൊരു ആള്‍ക്കൂട്ടത്തിലും ഹിപ്പികളുടെ തനത് ശരീരഭാഷയും മറ്റുമായി നടക്കുന്ന ഒരാളെ എങ്കിലും കാണാം എന്നത് ഉറപ്പാണ്.

Harshap3001

വര്‍ക്കല

വര്‍ക്കല

കേരളത്തില്‍ ഹിപ്പികളായ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞെത്തുന്ന സ്ഥലമാണ് വര്‍ക്കല ബീച്ച്.ഒന്ന് റിലാക്‌സ് ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ആളുകള്‍ ഇവിടെ എത്താറുള്ളത്.
കടലും മലമേടുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.

പാപനാശം ബീച്ച്, കാപ്പില്‍ തടാകം, അഞ്ച് തെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരുപാടുണ്ട് വര്‍ക്കലയില്‍. വിദേശികള്‍ കൂടുതലായി എത്തുന്ന സ്ഥലം കൂടിയാണിത്.

Shishirdasika

ഋഷികേശ്

ഋഷികേശ്

ആത്മീയതയില്‍ അല്പസ്വല്പം താല്പര്യം കാണിക്കുന്ന ഹിപ്പികള്‍ ധാരാളമായി എത്തിച്ചേരുന്ന സ്ഥലമാണ് ഋഷികേശ്. ഹൈന്ദ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണിത്. ദേവഭൂമി എന്നാണ് ഇവിടം പുരാണങ്ങളില്‍ അറിയപ്പെടുന്നത്.
യോഗയുടെ തലസ്ഥാനം എന്നാണ് ഇവിടം വിദേശികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സാഹസികര്‍ക്കിടില്‍ ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നും വിശ്വാസികള്‍ക്കിടയില്‍ ക്ഷേത്രങ്ങളുടെ നഗരം എന്നുമൊക്കെ ഋഷികേശിനു പേരുണ്ട്.
ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് കൂടുതലായി അറിയാനെത്തുന്ന വിദേശികളായ സഞ്ചാരികളും ഹിപ്പികളുമാണ് ഇവിടുത്തെ ആകര്‍ഷണം. ഒട്ടേറെ ആശ്രമങ്ങളും ഗുഹകളും ക്ഷേത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

Sumita Roy Dutta

Read more about: travel goa beaches gokarna

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...