Search
  • Follow NativePlanet
Share
» »ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

ഫേസ്ബുക്കിലെ പതിവ് സ്ക്രോളിങ്ങിനിടയിൽ വളരെ അവിചാരിതമായ ടൈം ലൈനിൽ കയറിയ ഒരു വീഡിയോ... ആരെയും വെറുതേയാണെങ്കിൽ പോലും ഒന്നു പോകുവാൻ തോന്നിപ്പിക്കുന്ന രീതിയിൽ കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന കൂർഗും കാപ്പിത്തോട്ടങ്ങളും.എങ്കിൽ പിന്നെ അടുത്ത യാത്ര കൂർഗിലേക്കായിക്കോട്ടെ എന്നു മനസ്സു പറയുവാൻ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ക്രിസ്തുമസിന് തലേദിവസം
മഹീന്ദ്ര ഥാറിൽ ട്രിപ്പ് തിരിച്ചു കൂര്‍ഗിലേക്ക്. ഒരൊറ്റ ദിവസം കൊണ്ട് പോയിവരാൻ കഴിയുന്ന രീതിയിലേക്ക് മടിക്കേരി-കൂർഗ് എന്ന് പ്ലാന്‍ ചെയ്തായിരുന്നു യാത്ര തുടങ്ങിയത്...

വല്ലാത്ത ഒരു പ്ലാനിങ്ങ്!!!

വല്ലാത്ത ഒരു പ്ലാനിങ്ങ്!!!

കയ്യിൽ ഒരൊറ്റ ദിവസം മാത്രമുള്ളതിനാൽ പ്രത്യേകിച്ച് ഒന്നും പ്ലാൻ ചെയ്യാതെയാണ് പോക്ക് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.. പോകുന്ന പോക്കിൽ പരമാവധി സ്ഥലങ്ങൾ കണ്ടു തീർത്ത് തിരിച്ചെത്തുക.അതുമാത്രമായിരുന്നു ലക്ഷ്യം. പിറ്റേന്ന് ക്രിസ്തുമസ് ആയതിനാൽ കരോളിനും മറ്റുമായി പോകാൻ വൈകിട്ട് അഞ്ച് മണിയോടെ എത്തും എന്ന വാക്കിലാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്.നിബന്ധനകൾ ഒക്കെ ഒരു മടിയും കൂടാതെ തലകുലുക്കി കേട്ടു. പറ്റിയാൽ നാലു മണിക്ക് തന്നെ വന്നേക്കും എന്നും പറഞ്ഞ് വീട്ടുകാരെ പറ്റിക്കുമ്പോഴും ഏഴുമണിയിൽ കുറഞ്ഞ മടങ്ങിവരവൊന്നില്ലെന്നു വീട്ടുകാര്‍ക്കും ഉറപ്പായിരുന്നു. അങ്ങനെ 24 ന് പുലര്‍ച്ചെ അഞ്ചോടെ യാത്ര ആരംഭിക്കുകയാണ് സുഹൃത്തുക്കളെ...ആരംഭിക്കുകയാണ്..

സമയം പുലർച്ചെ നാലര!!

സമയം പുലർച്ചെ നാലര!!

പുലര്‍ച്ചെ അഞ്ച് എന്നത് സ്വന്തം ഐഡിയ ആയിപ്പോയതിനാല്‍ ചങ്കിനേയും ബ്രോയെയും വിളിച്ചെഴുന്നേപ്പിച്ച് കൃത്യസമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങി. കാസർകോട്ടെ ഒടയംചാലിൽ നിന്നും പാണത്തൂർ-സുള്യ വഴി മടിക്കേരിയിലേക്കും അവിടുന്നു കൂർഗിലേക്കുമുള്ള യാത്രയ്ക്ക് തുടക്കമായി.തലക്കാവേരി വഴി റോഡ് മോശമാണെന്ന് പറഞ്ഞുകേട്ടതിനാല്‍ സുള്യവഴിയായിരുന്നു യാത്ര.തലക്കാവേരി മടങ്ങി വരുമ്പോൾ കാണാം എന്നും തിരുമാനിച്ചു.

പേരറിയാത്ത പാലം

പേരറിയാത്ത പാലം

അഞ്ചരയ്ക്കിറങ്ങിയിട്ടും നേരം ഒന്നു വെളുത്തുവരുവാൻ ഏഴാകേണ്ടി വന്നു. അടഞ്ഞു കിടക്കുന്ന കടകളും ഒരൊച്ച പോലുമില്ലാത്ത ചെറിയ കർണ്ണാടക ഗ്രാമങ്ങളും ഒക്കെ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ഒരിക്കലും തടുക്കാൻ കഴിയാത്ത തള്ളലും കത്തിയും ചളിയുമായി മൂന്നുപേരും നല്ല ഉഷാറിലായിരുന്നു. പാണത്തൂരിൽ നിന്നും സുള്യയിലേക്കുള്ള പാതയിലാണ് പേരറിയാത്ത ഒരു പാലം കാണുന്നത്. സൂര്യൻ ഉദിച്ചു വരുന്ന കാഴ്ചയും താഴത്തെ നദിയുടെ സൗന്ദര്യവും കണ്ടപ്പോൾ അവിടെ ഇറങ്ങാതിരിക്കാനായില്ല. ഗ്ലോബിൽ ഭൂഖണ്ഡങ്ങൾ കാണുന്നതുപോലെ തോന്നിക്കുന്ന നദിയും സൂര്യനും പാലവും ഒക്കെ ക്യാമറയില്‍ പകർത്തി വീണ്ടും മുന്നോട്ട്...

ഗൂഗിൾ മാപ്പ് തന്ന പണി!!

ഗൂഗിൾ മാപ്പ് തന്ന പണി!!

വഴി ആർക്കും ഒരു നിശ്ചയവുമില്ലാത്തതുകൊണ്ട് ഗൂഗിൾ തന്നെയായിരുന്നു ശരണം. പക്ഷേ, ഇടയ്ക്കൊന്നു അതിൽ നോക്കുവാൻ വിട്ടുപോയപ്പോളേയ്ക്കും ആശാൻ പണി തന്നു. ചെന്നെത്തിയത് ഒരു വലിയ മൺകൂനയുടെ മുന്നിൽ. റോഡ് പണി നടക്കുന്നതിനാൽ മുന്നോട്ട് പോകാൻ പറ്റില്ലത്രെ. ഗൂഗിള്‍ കൈവിട്ടെടുത്ത് നാട്ടുകാർ തുണയായി. എതിരെ ഒരു സൈക്കിൾ വന്നാൽ പോലും പണികിട്ടുന്ന റോഡിലൂടെ ഹൈവേ അന്വേഷിച്ചായി യാത്ര. അങ്ങനെ ബഡ്വാളയ മൈസൂർ-മടിക്കേരി വഴി ബെംഗളുരുവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 275 ലേക്ക് കയറി.

ചലോ മടിക്കേരി

ചലോ മടിക്കേരി

ഇനി യാത്ര നേരെ മടിക്കേരിയിലേക്കാണ്. കേരളത്തിന്റെ ഒരു ചെറിയ കഷ്ണം എടുത്ത് ഫിറ്റ് ചെയ്തതുപേോലെ തോന്നിപ്പിക്കുന്ന ഗ്രാമങ്ങളും വീടുകളും. ഒന്നും പോരാഞ്ഞ് മലയാളത്തിൽ പേരെഴുതിയ ഹോട്ടലുകളും. മലകളുടെയും മരങ്ങളുടെയും വ്യത്യസ്തമായ രൂപങ്ങളും കാഴ്ചകളും ഒക്കെ കണ്ട് മുന്നോട്ട് പോവുകയാണ്. മരങ്ങൾ തിങ്ങി നിറഞ്ഞു കിടക്കുന്ന മലയിൽ ഒരു പ്രദേശത്തു മാത്രം പുൽമേടുകളും പിന്നെ കാടുകളും ഒക്കെയുള്ള കാഴ്ചകൾ. ഇടയ്ക്ക് ചാർളിയിൽ ദുൽഖർ പറയുന്നതുപോലെ മൊത്തം മിനിറൽസുള്ള ഒരു വെള്ളച്ചാട്ടവും. ഒഴുക്കിന് അല്പം ശക്തി കുറവാണെങ്കിലും കല്ലുകൾക്കിടയിലെ വിടവിലൂടെ കുത്തിയൊലിച്ചെത്തുന്ന ഇതിന്റെ ഭംഗി വേറെതന്നെയാണ്.

പ്രളയം തകർത്ത വഴിയിലൂടെ

പ്രളയം തകർത്ത വഴിയിലൂടെ

പിന്നീട് മടിക്കേരിയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചകളിലൂടെയായിരുന്നു പോയത്. മലയുടെ ഒരു ഭാഗം അതുപോലെ അടർത്തിക്കൊണ്ടു പോയ ഉരുൾപൊട്ടലിന്റെ ബാക്കി കാഴ്ചകളും മുകളിൽ നിന്നും കുത്തിയൊലിച്ച മലവെള്ള പാച്ചിലിൽ ഇല്ലാതായ വീടുകളും പുഴകളും ഒക്കെ കുറേ ദൂരത്തോളം കാണാമായിരുന്നു. ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍. പ്രളയം എത്രമാത്രം ദുരന്തമാണ് ഉണ്ടാക്കിയതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. കുറേക്കൂടി ദൂരം പോയപ്പോൾ മടിക്കേരി എത്തിയതിന്‍റെ സൂചനയായി എതിരേറ്റത് ആ തണുപ്പാണ്.

രാജാ സീറ്റ്

രാജാ സീറ്റ്

മടിക്കേരി ടൗണിൽ എത്തിയപ്പോൾ എട്ടരയായി.ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഹോട്ടല്‍ അന്വേഷിച്ചെങ്കിലും നല്ല ഹോട്ടലുകളൊന്നും അവിടെ കണ്ടില്ല. അങ്ങനെ രാജാ സീറ്റ് വ്യൂ പോയിന്റ് കണ്ടതിനു ശേഷമാകാം ഭക്ഷണം എന്ന തീരുമാനത്തിൽ രാജാ സീറ്റിലേക്ക് തിരിച്ചു. കുടക് രാജാക്കന്മാർ പത്നിമാരെയും പരിചാരകരെയും ഒക്കെ കൂട്ടി സമയം കളയുവാൻ വന്നിരിക്കുന്ന സ്ഥലമായാണ് രാജാ സീറ്റ് അറിയപ്പെടുന്നത്. ഒരു വലിയ പാർക്കും അവിടെ നിന്നും താഴേക്ക് ഇറങ്ങിയാൽ കാണുന്ന താഴ്വാര കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. കുറേ ഫോട്ടോയെടുത്തും പാർക്കിലൂടെ കറങ്ങിയും ഒക്കെ പതുക്കെ പുറത്തേയ്ക്ക്. അതുകഴിഞ്ഞ് ഭക്ഷണം കഴിച്ച ശേഷം തൊട്ടടുത്തു തന്നെയുള്ള മടിക്കേരി കോട്ട കാണാനായി പോയി.

 മടിക്കേരി കോട്ട

മടിക്കേരി കോട്ട

ബ്രിട്ടീഷ് ശൈലിയിൽ നിർമ്മിക്കപ്പെട്ട മടിക്കേരി കോട്ട അഥവാ മെക്കാറ കോട്ടയാണ് മടിക്കേരിയിലെ മറ്റൊരു കാഴ്ച. ടിപ്പു സുൽത്താൻ പുനർനിർമ്മിച്ച ഈ കോട്ടയിലാണ് മടിക്കേരിയിലെ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. സോപ്പുപെട്ടികൾ പോലെ അടുക്കി വെച്ചിരിക്കുന്നതായി തോന്നിക്കുന്ന മടിക്കേരിയിലെ കെട്ടിടങ്ങളുടെ കാഴ്ചയും ഇവിടെ നിന്നും കാണാം.

ഇനി വെള്ളച്ചാട്ടത്തിലേക്ക്

ഇനി വെള്ളച്ചാട്ടത്തിലേക്ക്

ആബി ഫാൾസ് കാണാതെ എന്തു മടിക്കേരി യാത്ര. വഴിയിലെ ബോർഡിൽ എട്ടു കിലോമീറ്റർ എന്നൊക്കെ കണ്ടപ്പോൾ ഇപ്പോൾ പോയി വരാം എന്നോർത്താണ് വണ്ടി തിരിച്ചത്. ടൗണിൽ നിന്നും മുകളിലെ റോഡിലേക്ക് കയറിയപ്പോൾ തന്നെ മനസ്സിലായി വിചാരിച്ച പോലെ തിരിച്ചെത്തില്ലെന്ന്. റോഡിൽ നല്ല ബ്ലോക്കും കൂടാതെ ചെറിയ വഴിയും. അതൊന്നും പോരാഞ്ഞ് ഈ കണ്ട വാഹനങ്ങളെയൊന്നും മൈൻഡ് ചെയ്യാതെ വഴി ഒരു കളിസ്ഥലമാക്കിയ പയ്യന്മാരും. കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ റോഡിലൂടെ പോയിപോയി അവസാനം സ്ഥലത്തെത്തി. ഇനി നടന്നു മാത്രമേ വെള്ളച്ചാട്ടത്തിനടുത്തെത്താന്‌ പറ്റൂ. സ്വകാര്യ കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള വഴിയിലൂടെ നടന്ന് ഇവിടെ എത്താം. ഇവിടെക്കുള്ള സ്റ്റെപ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അതൊന്നും ശ്രദ്ധിക്കാതെ നൂറുകണക്കിനു സഞ്ചാരികളുടെ ഇടയിലൂടെ ഞങ്ങളും അതിനടുത്തെത്തി. ഡിസംബറായതിനാൽ വെള്ളം കുത്തിയൊലിക്കുന്നതിന്റെ ശക്തിയൊന്നു കുറഞ്ഞിട്ടുണ്ട്. എന്നാൽ എത്ര നേരം ഇവിടെ നിന്നാലും മടുപ്പ് തോന്നുകയേയില്ല. വെള്ളച്ചാട്ടത്തിന്റെ മറുവശത്ത് എത്താനായി ഒരു തൂക്കു പാലം ഇവിടെയുണ്ടായിരുന്നുവെങ്കിലും ഉരുൾപൊട്ടലിൽ ഭാഗികമായി നശിച്ചതിനാൽ ഇവിടേക്ക് പ്രവേശനം ഇല്ല.

കൊതിപ്പിച്ചു കടന്ന മണ്ഡൽപെട്ടി

കൊതിപ്പിച്ചു കടന്ന മണ്ഡൽപെട്ടി

ആബി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലാണ് മണ്ഡൽപെട്ടിയുടെ ബോർഡ് കാണുന്നത്. ത്രില്ലിങ്ങായ ഓഫ് റോഡ് യാത്രയുടെ ഒടുവിൽ ചെന്നെത്തുന്ന വ്യൂ പോയിന്റാണ് ഇവിടെയുള്ളത്. പക്ഷെ, അത്രയും സമയം കൈയ്യിലില്ലാത്തതുകൊണ്ടുമാത്രം പിന്നീട് ഒരിക്കലെത്താമെന്നു പറഞ്ഞ് വണ്ടിവിട്ടു. തിരഞ്ഞു നോക്കാതെ പോരേണ്ടി വന്നു എന്നതാണ് സത്യം.

ബെല്ലും ബ്രേക്കും ഇല്ലാത്ത സമയം

ബെല്ലും ബ്രേക്കും ഇല്ലാത്ത സമയം

സമയം ഇത്തവണ ഞങ്ങളെ തോൽപ്പിച്ചേ അടങ്ങു എന്ന രീതിയിൽ ബെല്ലും ബ്രേക്കും ഇല്ലാതെയാണ് പോകുന്നത്. അതിനൊപ്പിച്ച് ഓടിയെത്താൻ നോക്കിയെങ്കിലും ഇപ്പോൾ തന്നെ ഒരുമണി കഴിഞ്ഞു. ഇനി കൂർഗിലേക്ക് പോയാൽ അഞ്ച് മണി പോയിട്ട് ഏഴുമണിക്കു പോലും എത്തില്ല എന്നുറപ്പ്. പക്ഷേ കൂർഗിനെ വിട്ടൊരു കളിയും ഇല്ലാത്തതിനാൽ മൈൻഡ് ചെയ്തില്ല. താമസിച്ചാൽ അതിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാം എന്ന വാക്കിൽ നേരെ കൂർഗിലേക്ക്. ഇവിടം മുഴുവനും ചുറ്റി കറങ്ങുവാനുള്ള സമയം ഇല്ലാത്തതുകൊണ്ട് സുവർണ്ണ ക്ഷേത്രത്തിലേക്ക് മാത്രമായി യാത്ര ചുരുക്കേണ്ടി വന്നു...

എളുപ്പത്തിലെത്തിയ ടിബറ്റ്

എളുപ്പത്തിലെത്തിയ ടിബറ്റ്

സുവർണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ടൗണിലെത്തിയപ്പോള്‍ മുതൽ അത്ഭുതമായിരുന്നു. ടൗണിലൂടെ കറങ്ങി നടക്കുന്ന ലാമമാരായിരുന്നു കൗതുകം തോന്നിയ ഒരു കാഴ്ച. കൂട്ടമായി സഞ്ചരിക്കുന്നവരും ബൈക്കിൽ കറങ്ങുന്നവരുമൊക്കെയായ ഈ സന്യാസികളെ കണ്ടപ്പോൾ അത്ഭുതം പിന്നെയും ഇരട്ടിച്ചു എന്നുതന്നെ പറയേണ്ടി വരും.
വളരെ കുറഞ്ഞ ചിലവിൽ ടിബറ്റിലെത്തിയ പ്രതീതി നല്കുന്ന സ്ഥലമാണ് ഇവിടുത്തെ സുവർണ്ണ ക്ഷേത്രം. തായ് സിനിമകളിലും ചൈനീസ് സിനിമകളിലും ഒക്കെ കണ്ടിട്ടുള്ള രീതിയിലുള്ള കവാടം കടന്നാൽ മറ്റൊരു ലോകമാണ്. തിരക്കിട്ടു നീങ്ങുന്ന സന്യാസിമാരും ക്ഷേത്രം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളും ഒക്കെയായി ഒരു ചെറിയ പൂരത്തിനുള്ള ആളുകൾ ഇവിടെ കാണും.

ആകാശത്തെ തൊടുന്ന ക്ഷേത്രങ്ങള്‍

ആകാശത്തെ തൊടുന്ന ക്ഷേത്രങ്ങള്‍

ആകാശത്തോട് മുട്ടി നിൽക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ കണ്ടാൽ അറിയാതെ വായ പൊളിച്ചുപോകും. മനോഹരമായ നിർമ്മിതിയും വളരെ ചെറിയ കൊത്തുപണികളും കൂടാതെ നിറങ്ങൾ കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ തന്നെയാണ് കാഴ്ച. വലിയ കോംപൗണ്ടിലെ ഒരു പ്രാർഥനാലയത്തിൽ വാദ്യത്തിന്റെ അകമ്പടിയോടെ പ്രാർഥനകൾ ഉരുവിട്ടുകൊണ്ടിരുന്ന കുഞ്ഞു ലാമമാരുടെ കാഴ്ചയും ഉണ്ടായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഗീതോപകരണങ്ങളും അതിന്റെ ഈണത്തിനൊത്ത് ജപിക്കുന്ന പ്രാർഥനകളും ഇടയ്ക്കിടയ്ക്ക് ശബ്ദം മുഴക്കുന്ന ഡ്രം പോലെയുള്ള ഉപകരണവും ഒക്കെയായിരുന്നു ആ ക്ഷേത്രക്കാഴ്ചകൾ.

സുവർണ്ണ ക്ഷേത്രത്തിലേക്ക്

സുവർണ്ണ ക്ഷേത്രത്തിലേക്ക്

ഇനി കയറേണ്ടത് സുവർണ്ണ ക്ഷേത്രത്തിലേക്കാണ്. നോക്കിയപ്പോൾ ഒരു വലിയ ക്യൂ. അതുകടന്നാണോ പോകേണ്ടത് എന്ന് ആലോചിച്ച് നിന്നപ്പോളാണ് സംഭവം മനസ്സിലായത്. ചെരിപ്പുകൾ പുറത്തുവെച്ചു മാത്രമേ സുവർണ്ണ ക്ഷേത്രത്തിലേക്ക് കടക്കുവാനാവൂ. കളി നമ്മളോടാണോ... വേഗം ബാഗിൽ നിന്നും ഒരു കൂടെടുക്കുന്നു എല്ലാ ചെരുപ്പും അതിലേക്കിടുന്നു..തിരിച്ച് ബാഗിൽ വെക്കുന്നു.. നേരേ ക്ഷേത്രത്തിലേക്ക്... സുവർണ്ണ ക്ഷേത്രം എന്ന പേര് എങ്ങനെ വന്നു എന്നറിയില്ലെങ്കിൽ ഇതിനുള്ളിൽ കയറുമ്പോൾ ഉത്തരം കിട്ടും.

സുവർണ്ണ ക്ഷേത്രം

സുവർണ്ണ ക്ഷേത്രം

നാല്പതടിയിലധികം ഉയരത്തിൽ സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന മൂന്നു വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. ഗൗതമ ബുദ്ധൻ, പത്മ സംഭവ, അമിതായൂസ് എന്നിവരുടെ സ്വർണ്ണ വിഗ്രഹങ്ങളാണിത്. വലതു വശത്ത് ഗുരു പത്മസംഭവയും ഇടത് അമിതായൂസുമാണ്. നടുവിലുള്ളതാണ് ഗൗതമ ബുദ്ധൻ. ഇതുകൂടാതെ ചുവർചിത്രങ്ങളും ഇവിടുത്തെ ചുവരുകളെ അലങ്കരിക്കുന്നു. കുറേ നേരം അവിടെയിരുന്നു ഫോട്ടോയിൽ മാക്സിമം പരീക്ഷണങ്ങളൊക്കെ നടത്തി പുറത്തേക്കിറങ്ങി. ഇനി കയറാനുള്ളത് ഇവിടുത്തെ ഷോപ്പിങ്ങ് കോംപ്ലക്സിലാണ്. കുറേ നാളായി കൊതിച്ച പ്രെയർ ഫ്ലാഗായിരുന്നു ലക്ഷ്യം. കാഴ്ചകളൊക്കെ കണ്ട് കുറച്ച് ഫ്ലാഗും മറ്റും മേടിച്ച് ബാക്കി വിൻഡോ ഷോപ്പിങ്ങും നടത്തി മെല്ലെ പുറത്തേയ്ക്ക്.

പറക്കുന്ന സമയം

പറക്കുന്ന സമയം

ഇവിടെ നിന്നും പുറത്തിറങ്ങിയപ്പോളേക്കും മണി മൂന്നായി. വീട്ടിൽ നിന്നും വിളി വന്നു തുടങ്ങി. അഞ്ചു മണിക്കുള്ളിൽ എത്താം എന്നായിരുന്നല്ലോ കരാർ. പറന്നു പോയാലും എത്താൻ പറ്റില്ലാത്തതുകൊണ്ട് അഞ്ചാകുമ്പോ എത്തുമെന്ന് വിളിച്ച് പറഞ്ഞ് തിരികെ. ചളി പറഞ്ഞും കമന്റടിച്ചും ഒക്കെ മടക്ക യാത്രയും ആഘോഷമാക്കി. കൂട്ടിന് ചാറ്റൽമഴയും. വിശപ്പ് നന്നായി തളർത്തിയെങ്കിലും വഴിയിൽ നല്ല കടകൾ കാണാത്തതിനാൽ കൂർഗിൽ നിന്നും സുള്യ വരെ എത്തേണ്ടി വന്നു എന്തെങ്കിലും ഒന്നുള്ളിലെത്താൻ. വീട്ടിൽ നിന്നും വരുന്ന ഫോൺ കോളുകളുടെ ഫ്രീക്വൻസി കൂടി വന്നു. മടിക്കേരിയിൽ എത്തിയപ്പോൾ സുള്യയായി എന്നു പറഞ്ഞു പറ്റിച്ചതിന്റെ പണി അവിടെയാണ് കാത്തിരുന്നത്. സുള്യ കഴിഞ്ഞിട്ടും വീട്ടിൽ എന്താ എത്താത്തെ എന്ന ചോദ്യം. വണ്ടി പറപ്പിച്ചിട്ടും അതിന്റെ ഇരട്ടി വേഗത്തിൽ സമയം പോകുന്ന പ്രത്യേക ഒരനുഭവം. കുത്തിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ പറന്ന് അവസാനം വീട്ടിലെത്തിയപ്പോൾ മണി ഏഴ്.

കണ്ട കാഴ്ചകൾ മൊത്തത്തിൽ മനസ്സു നിറച്ചെങ്കിലും ഇനിയും അവിടെ പോകാൻ സ്ഥലങ്ങൾ ബാക്കിയാണ്. മണ്ഡൽപെട്ടി ഓഫ് റോഡിങ്ങും നിസർഗദമയും ദോബാര എലഫന്റ് ക്യാംപും ഒക്കെയുള്ള മറ്റൊരു യാത്രയും സ്വപ്നം കണ്ട് തത്കാലം നിർത്താം...

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഫോട്ടോ കടപ്പാട് : അഗസ്റ്റിൻ ജോസഫ്, രാഖി രവീന്ദ്രന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X