യുഎഇയിൽ ആളുകൾ ഏറ്റവും ഉത്സാഹപൂർവ്വം കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നാണ് യുഎഇ ദേശീയ ദിനം.51-ാമത് യുഎഇ ദേശീയ ദിനം ഏറെ പ്രതീക്ഷകളോടു കൂടിയാണ് കടന്നുവരുന്നത്. മാത്രമല്ല, 2022 ലെ അവസാനത്തെ നീണ്ട വാരാന്ത്യമായതിനാൽ യാത്രകൾ ചെയ്തും സന്ദര്‍ശനങ്ങൾ നടത്തിയുമെല്ലാം പരമാവധി ആഘോഷമാക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതാ ഈ വാരാന്ത്യത്തിൽ യുഎഇയില്‍ നിന്നും പോകുവാൻ ഏറ്റവും യോജിച്ച ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

യുഎഇ ദേശീയ ദിനം നീണ്ട വാരാന്ത്യം
ഡിസംബർ 2 വെള്ളിയാഴ്ചയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ദേശീയ ദിനം. അവധികൾ ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ഞായർ വരെ നാല് ദിവസമുണ്ട്,. അതുകൊണ്ടു തന്നെ ഈ ദിവസങ്ങൾ യാത്രകൾക്കായി ചിലവഴിക്കുവാനാണ് മിക്കവരും പ്ലാൻ ചെയ്യുന്നത്. യുഎഇ, മാലിദ്വീപ്, മൗറഷ്യസ്, തായ്‌ലൻഡ്, യുകെ, സൗദി അറേബ്യ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് മിക്കവരും യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ബീച്ച് സ്റ്റേക്കേഷനുകളും തിരഞ്ഞെടുത്തിരിക്കുന്നവരും കുറവില്ല. ഈ നീണ്ട വാരാന്ത്യത്തിൽ യുഎഇയില്‍ നിന്നും പോകുവാൻ ഏറ്റവും യോജിച്ച ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.
PC:David Rodrigo/Unsplash

മാലദ്വീപ്
യുഎഇയിൽ നിന്നുള്ള ആളുകൾ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് മാലദ്വീപ്. സമുദ്രത്തിന്‍റെ സ്വർഗ്ഗീയമായ കാഴ്ചകൾ നല്കുന്ന ഇവിടം ഒരു മാലയിൽ കോർത്തുവെച്ചിരിക്കുന്ന മുത്തുകൾ പോലെ ഭംഗിയുള്ള സ്ഥലങ്ങളാണ്. നീലനിറത്തിൽ അടിത്തട്ടുപോലും കാണുന്ന വിധത്തിൽ തെളിഞ്ഞുകിടക്കുന്ന കടലിന്റെ കാഴ്ചയാണ് മാലദ്വീപിന്‍റെ പ്രധാന ആകർഷണം. ഇവിടുത്തെ താമസവും റിസോർട്ടുകളും അതിനപ്പുറം ഭംഗി നല്കുന്നു. കൗതുകം നിറയ്ക്കുന്ന കടൽക്കാഴ്ചകളും കടലിലെ വിനോദങ്ങളുമെല്ലാം മികച്ച ഒരു അവധിക്കാലം ഉറപ്പുവരുത്തുന്നു. സമുദ്രനിരപ്പിൽ നിന്നും ശരാശരി വെറും ഏഴ് അടി ഉയരം മാത്രമാണ് ഇവിടുത്തെ ദ്വീപുകൾക്കുള്ളത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായതിനാൽ ധൈര്യമായി ഇവിടേക്ക് വരാം.
PC:Mike Swigunski/Unsplash

മൗറീഷ്യസ്
മാലദ്വീപ് പോലെ തന്നെ സഞ്ചാരികൾക്കിടയിൽ പേരുകേട്ടിരിക്കുന്ന ബീച്ച് ഡെസ്റ്റിനേഷനാണ് മൗറീഷ്യസ്. എവിടെ നോക്കിയാലും കടലിന്റെ കാഴ്ചകളാണ് ഇവിടെയുള്ളത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വെളുത്ത മണലുള്ള ബീച്ചുകളിലെ മറക്കാനാവാത്ത അവധിക്കാലമാണ് മൗറീഷ്യസ് വാഗ്ദാനം ചെയ്യുന്നത്. കടൽക്കാഴ്ചകൾ മാത്രമേ ഇവിടെയുള്ളൂ എന്നു വിചാരിച്ചാൽ തെറ്റി. നിങ്ങൾക്ക് വേണ്ട സാഹസികത ഇവിടെ ആസ്വദിക്കാം. പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ, സീ പ്ലെയിൻ യാത്രകൾ, സിപ് ലൈനിങ്, ട്രെക്കിങ്, എന്നിങ്ങനെ നിരവധി സാധ്യതകൾ ഇവിടെയുണ്ട്.
PC: Xavier Coiffic/Unsplash

തായ്ലൻഡ്
യുഎഇയിൽ നിന്നു പോകുവാൻ പറ്റിയ മറ്റൊരു മനോഹര ലക്ഷ്യസ്ഥാനമാണ് തായ്ലൻഡ്. ലോകം കൊതിക്കുന്ന ബീച്ചുകളാണ് തായ്ലൻഡിന്‍റെ പ്രത്യേകത. മറ്റു പല വിദേശ യാത്രാ ലക്ഷ്യസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ ചിലവിലുള്ള യാത്ര തന്നെയാണ് തായ്ലൻഡിനെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. ബീച്ചുകളേക്കാളും ഇവിടുത്തെ രാത്രി ജീവിതവും രുചികളുമാണ് കൂടുതലും സഞ്ചാരികളെ ഇവിടെ എത്തിക്കുന്നത്. യുവാക്കളാണ് തായ്ലൻഡിന്‍റെ ആരാധകരെങ്കിലും കുടുംബവുമായി എത്തിച്ചേരുവാന് സാധിക്കുന്ന സുരക്ഷിത ലക്ഷ്യസ്ഥാനവും കൂടിയാണിത്. യാത്രയ്ക്കു മുടക്കുന്ന പണത്തിന്റെ മൂല്യം തരുന്ന രാജ്യമാണ് തായ്ലൻഡ്.
PC:M o e/Unsplash

സൗദി അറേബ്യ
കഴിഞ്ഞ കുറച്ചു നാളുകളായുള്ള ട്രാവൽ ട്രെൻഡ് പരിശോധിച്ചാൽ യുഎഇ യാത്രകളിൽ കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനമായി മാറുവാൻ സൗദി അറേബ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പെട്ടന്നുണ്ടായ ഈ മാറ്റത്തിനു കാരണം യുഎഇ നിവാസികൾക്കുള്ള വിസ നടപടികൾ സൗദി അറേബ്യ ലഘൂകരിച്ചതാണ്. ഇതുവഴി ജിദ്ദയും റിയാദുമെല്ലാം മികച്ച ടൂറിസം ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കൊണ്ടിരിക്കുന്നു. ഹെഗ്ര, റിജല്‍ അല്‍മായി,നജ്റാന്‍, ഫറാസന്‍ ദ്വീപുകള്‍,അല്‍ ഹസ്സ ഒയാസിസ് തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്.
PC:Kemo Sahab/Unsplash
സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

സെർബിയ
യുഎഇയിൽ നിന്നും ഒരു യൂറോപ്പ് യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ എല്ലാ കാരണങ്ങളാലും തിരഞ്ഞടുക്കുവാൻ പറ്റിയ രാജ്യം സെർബിയ ആണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുടക്കുന്ന തുകയേക്കാൾ വളരെ കുറച്ചുമതി സെർബിയ യാത്രയ്ക്ക്. തെക്കുപടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും തമ്മില്‍ ചേരുന്ന ഇടമാണ് സെര്‍ബിയ. റോമൻ ചക്രവർത്തിമാരുടെ നാടായാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ അതിഥികളെ സൽക്കരിക്കുന്നവരാണ് സെര്‍ബിയക്കാര്‍.
PC:Nikola Cirkovic/Unsplash
ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പത്ത് നഗരങ്ങള്‍...

അൽബേനിയ
യുഎഇയിൽ നിന്നും ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് അൽബേനിയ. ഏറ്റവും മികച്ച യൂറോപ്യൻ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ രാജ്യം യൂറോപ്പിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതികളും ഒക്കെ മനസ്സിലാക്കുവാൻ സഹായിക്കുകയും ചെയ്യും താരതമ്യേന മിതമായ കാലാവസ്ഥയാണ് ഇവിടുത്തേത്.
താരതമ്യേന സുരക്ഷിതമായ രാജ്യമാണിത്. യൂറോപ്പിൽ നിങ്ങൾക്ക് ധൈര്യമായി പോകുവാന്‍ സാധിക്കുന്ന ലക്ഷ്യസ്ഥാനമായ അൽബേനിയ ചിലവ് കുറഞ്ഞു കണ്ടുതീർക്കുവാൻ കഴിയുന്ന രാജ്യം കൂടിയാണ്.
PC:Renaldo Kodra/Unsplash
മരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെ
പാട്ടിന്‍റെ നഗരവും ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റിയും... അബുദാബിയുടെ വിശേഷങ്ങള്‍