» »സംഗീതം പൊഴിക്കുന്ന തൂണുകളുള്ള ക്ഷേത്രം

സംഗീതം പൊഴിക്കുന്ന തൂണുകളുള്ള ക്ഷേത്രം

Written By: Elizabath

കല്ലുകള്‍ കഥപറയുന്ന ഹംപി ശില്പഭംഗിയുടെ വിസ്മയ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. അത്തരം വിസ്മയക്കാഴ്ചകളില്‍ എടുത്തു പറയേണ്ട നിര്‍മ്മിതികളാണ് ഇവിടുത്തെ വിറ്റാല ക്ഷേത്രവും സംഗീതം പൊഴിക്കുന്ന തൂണുകളും.
ഹംപിയിലെ നൂറുകണക്കിന് സ്മാരകങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിയെത്തുന്ന സ്മാരകമാണ വിറ്റാല ക്ഷേത്രം.
തുംഗഭദ്രാ നദിക്കരയിലെ ഈ ക്ഷേത്രത്തിലാണ് സംഗീതം പുറപ്പെടുവിക്കുന്ന ആയിരംകാല്‍ മണ്ഡപമുള്ളത്.

വിറ്റാല ക്ഷേത്രം

PC: Ajayreddykalavalli


കല്ലില്‍ തീര്‍ത്ത നിരവധി മനോഹരമായ നിര്‍മ്മിതികളാണ് ക്ഷേത്രത്തിലും അതിനു ചുറ്റുമായി ഉള്ളത്. കല്ലില്‍ നിര്‍മ്മിച്ച രഥമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇതിന്റെ ഭംഗി വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. വിജയനഗര സാമ്രാജ്യത്തിന്റെ ഇത്തരം കലാവിരുതുകള്‍ ആസ്വദിക്കാന്‍ ലോകത്തെമ്പാടുനിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടെയെത്തുന്നത്.

വിറ്റാല ക്ഷേത്രം

PC: Harish Aluru


വിറ്റാലക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെ
15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട വിറ്റാല ക്ഷേത്രം ദേവരായ രണ്ടാമന്റെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ വിജയനഗര സാമ്രാജ്യത്തിലെ ശക്തനായ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രം കുറച്ചുകൂടെ മനോഹരമാക്കിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.
വിജയ വിറ്റാല ക്ഷേത്രം എന്നും പേരുള്ള ഈ ക്ഷേത്രം വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വിറ്റാലയ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. വിറ്റാല ഭാവത്തിലുള്ള വിഷ്ണുവിനെ ആരാധിക്കാന്‍ പണിതതാണിതെന്ന് കരുതപ്പെടുന്നു.

വാസ്തുവിദ്യയുടെ അത്ഭുതം
ഹംപിയിലെ ക്ഷേത്രങ്ങളിലും സ്മാരകങ്ങളിലും ഏറ്റവും മനോഹരമായതും ആളുകളെ ആകര്‍ഷിക്കുന്നതും വിറ്റാല ക്ഷേത്രമാണ്. അതിനു കാരണം ക്ഷേത്രത്തിന്റെ വാസ്തുവിദ്യയാണെന്ന് നിസംശയം പറയാം. വാസ്തുവിദ്യയുടെ സാധ്യതകളെ ഇത്രയധികം ഉപയോഗിച്ച മറ്റൊരു സൃഷ്ടിയും ഹംപിയില്‍ കാണാന്‍ കഴിയില്ല. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ദക്ഷിണേന്ത്യന്‍ ക്ഷേത്ര നിര്‍മ്മണ കലയുടെ ഗാംഭീര്യമാണ് വിളിച്ചു പറയുന്നത്.

വിറ്റാല ക്ഷേത്രം

PC:Avinashkunigal

പ്രധാന ശ്രീകോവിലിനോട് ചേര്‍ന്ന് രണ്ടു മണ്ഡപങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ തുറന്ന മണ്ഡപം ക്രിസ്തുവര്‍ഷം 1554 ല്‍ ക്ഷേത്രത്തോട് കൂട്ടിപണിതതാണെന്ന് കരുതപ്പെടുന്നു. ഇതിനോടു ചേര്‍ന്ന് ധാരാളം നടപ്പുരകളും കോവിലുകളും പ്രദര്‍ശന മണ്ഡപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
ഇവിടുത്തെ നിര്‍മ്മിതികളില്‍ ദേവിയുടെ കോവില്‍, മഹാ മണ്ഡപം, രാഗ മണ്ഡപം, കല്യാണ മണ്ഡപം, ഉത്സവ മണ്ഡപം, കല്ലില്‍ നിര്‍മ്മിച്ച രഥം തുടങ്ങിയവയാണ് പ്രധാനം.
കല്ലില്‍ തീര്‍ത്തിരിക്കുന്ന ഈ രഥം അതിന്റെ നിര്‍മ്മാണ രീതി കൊണ്ടും കാഴ്ചയിലെ ഭംഗി കൊണ്ടും മികച്ചു നില്‍ക്കുന്നു. കൂടാതെ രാജ്യത്തെ പ്രശസ്തമായ മൂന്നു കല്‍രഥങ്ങളില്‍ ഒന്നുകൂടിയാണിത്. മറ്റുരണ്ടു കല്‍രഥങ്ങള്‍ കൊണാക്കിലും മഹാബലിപുരത്തുമാണുള്ളത്.

വിറ്റാല ക്ഷേത്രം

PC: Trollpande
കല്‍രഥം യഥാര്‍ത്ഥത്തില്‍ ഒരു കോവിലിനു സമാനമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ രഥം വിഷ്ണുവിന്റെ വാഹനമായ ഗരുഡനാണ് സമര്‍പ്പിച്ചിരിക്കുന്നത്.


സംഗീതം പൊഴിക്കുന്ന തൂണുകള്‍ അഥവാ സരിഗമ തൂണുകള്‍

ഇവിടുത്തെ രാഗമണ്ഡപ എന്നറിയപ്പെടുന്ന പ്രധാന ഹാളുകളിലൊന്ന് സംഗീതം പൊഴിക്കുന്ന തൂണുകള്‍ കൊണ്ട് പ്രശസ്തമാണ്. സരിഗമ തൂണുകള്‍ എന്നു പേരുളള ഇവയില്‍ കൈകൊണ്ട് ചെറുതായി തട്ടിയാല്‍ സംഗീതം കേള്‍ക്കാം.

വിറ്റാല ക്ഷേത്രം

PC: Balraj D

ആകെയുള്ള 56 തൂണുകളും മേല്‍ക്കൂരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട ഓരോ തൂണും ചെറിയ ഏഴു തൂണുകളാള്‍ ചുറ്റപ്പെട്ടിരിക്കുകയാണ്.

എത്തിച്ചേരാന്‍

വിറ്റാല ക്ഷേത്രം

PC: Trollpande

ഹംപിയില്‍ എത്താന്‍ ഏറ്റവും മികച്ചത് ട്രെയിനാണ്.ഹംപിയില്‍ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹോസ്‌പെട്ട് ജങ്ഷന്‍ എന്ന റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. ഇവിടെ നിന്നും ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലേക്കും സര്‍വ്വീസുണ്ട്.
ഹംപിയ്ക്ക സമീപമുള്ള എയര്‍പോര്‍ട്ട് ബെല്ലാരിയാണ്. ബെംഗളുരുവില്‍ നിന്നും ഇവിടേക്ക് സ്ഥിരം സര്‍വ്വീസുകളുണ്ട്. ഹംപിയില്‍ നിന്നും 64 കിലോമീറ്ററാണ് ദൂരം.