ഒരു യാത്രയ്ക്കിറങ്ങുമ്പോൾ അടിച്ചുപൊളിച്ചു പോകണമെന്നതിൽ കുറഞ്ഞ് ഒരാഗ്രഹവും ആർക്കും കാണില്ല. പോകുന്ന നാട്ടിലെ മാക്സിം കാഴ്ചകളും കണ്ട് കിട്ടാവുന്നതെല്ലാം ക്യാമറയിൽ പകർത്തി കൊണ്ടുവരുമ്പോൾ മാത്രമാണ് ആ യാത്ര പൂർത്തിയാവുക... അങ്ങനെ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ച് തിരിച്ചു വരുന്ന ഒരു യാത്രയൊരുക്കി കാത്തിരിക്കുന്ന നാടാണ് ഡണ്ടേലി. കാടിനുള്ളിലെ പച്ചപ്പിലലിഞ്ഞുള്ള സഫാരിയും സാഹസികതയുടെ അങ്ങേ തലയ്ക്കലുള്ള വൈറ്റ് വാട്ടർ റാഫ്റ്റിങ്ങും ഒക്കെയായി മനസ്സിൽ സൂക്ഷിച്ചു വയ്ക്കുവാൻ പറ്റിയ ഒരായിരം ഓർമ്മകൾ സമ്മാനിക്കുന്ന കർണ്ണാടകയിലെ ഡണ്ടേലിയെക്കുറിച്ചും അവിടുത്തെ വൈറ്റ് വാട്ടർ റാഫ്ടിങ്ങിനെക്കുറിച്ചും വായിക്കാം...

ഡണ്ടേലിയെന്നാൽ
കർണ്ണാടകയിലെ ഋഷികേശ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഡണ്ടേലി... യഥാർഥ ഋഷികേശിനെപ്പോലെ തന്നെ ജലകേളികൾക്കു പ്രസിദ്ധമാണ് കർണ്ണാടകയിലെ ഡണ്ടേലിയും. സാഹസികർക്കു വേണ്ടുന്നതെല്ലാം നല്കുന്ന ഇവിടുത്തെ പ്രധാന ആകർഷണം വൈറ്റ് വാട്ടർ റാഫ്ടിങ്ങാണ്.

ജീവൻ കയ്യിലെടുത്ത്
പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി കുതിക്കുന്ന നദിയിലെ വെള്ളത്തിനൊപ്പം പിടിവിട്ടു പോകുന്ന റാഫ്ടിൽ കയറിയാൽ തന്നെ ജീവൻ പകുതി പോയി എന്നു പറയാം. അങ്ങനെയുള്ള ഒരനുഭവം പ്രതീക്ഷിക്കുന്നവർക്ക് കൂടുതലൊന്നും ആലോചിക്കാതെ ഡണ്ടേലി തിരിഞ്ഞെടുക്കാം, പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും ഡണ്ടേലി നല്കുക എന്നതിൽ ഒരു സംശയവും വേണ്ട.

വൈറ്റ് വാട്ടർ റാഫ്ടിങ്ങ്
റാഫ്ടിങ്ങുകളിൽ ഏറ്റവും അപകടകാരിയാരാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. അത് വൈറ്റ് വാട്ടർ റാഫ്ടിങ്ങാണ്. കാറ്റു നിറച്ച റാഫ്ടിങ്ങ് എന്ന ഉപകരണത്തിലൂടെ പുഴയിലൂടെയോ അല്ലെങ്കിൽ നദിയിലൂടെയോ ഒക്കെ സാഹസികമായി തുഴഞ്ഞ് പോകുന്ന വിനോദമാണിത്. കല്ലിൽ ആടിയുലഞ്ഞ് പോകുന്നതിനാൽ ഇത് താരതമ്യേന സാഹസികമാണ്. ഋഷികേശ്, സന്‍സ്‌കാര്‍,ഇന്‍ഡസ് നദി,ഭാഗീരഥി നദി,ബ്രഹ്മപുത്ര നദി, കോലാഡ്, ബാരാപോള്‍, ഡണ്ഡേലി, ടോണ്‍സ് നദി, കാളി നദി തുടങ്ങിയ സ്ഥലങ്ങളിലാണ് വൈറ്റ് വാട്ടർ റാഫ്ടിങ്ങിന്റെ രസമറിയുവാനായി കൂടുതലും ആളുകളെത്തുന്നത്. ത്രില്ലും സാഹസികതയും പേടിയും ഒരുപോലെ ഒരൊറ്റ വൈറ്റ് വാട്ടർ റാഫ്ടിങ്ങിലൂടെ അനുഭവിക്കുവാൻ സാധിക്കും.

കാളി നദിയിൽ
ഡണ്ടേലിയിലെ കാളി നദിയിലാണ് വൈറ്റ് വാട്ടർ റാഫ്ടിങ്ങ് നടത്തുന്നത്. അവധിക്കാലം ആസ്വദിക്കുവാനെത്തുന്നവർക്കും റാഫ്ടിങ്ങിൽ പ്രൊഫഷണലുകളായവർക്കും വേണ്ടി വ്യത്യസ്ത ഡിഗ്രികളിലുള്ള റാഫ്ടിങ്ങ് ഇവിടെയുണ്ട്. തുടക്കക്കാർക്ക, അതായത് റാഫ്ടിങ്ങ് എന്താണ് എന്നു അറിയുവാന് താല്പര്യമുള്ളവർക്ക് ഗ്രേഡ് 2 ലെവലിലും പരിചയ സമ്പന്നരായവർക്ക് ഗ്രേഡ് 3 ലെവലിലുമാണ് റാഫ്ടിങ് നടത്തുക. തെക്കേ ഇന്ത്യയില്‍ ഗ്രേഡ് 3 റാഫ്ടിങ്ങ് നടത്തുന്ന അപൂർവ്വം ഇടങ്ങളിലൊന്നു കൂടിയാണ് ഡണ്ടേലി.

ഇവിടെ എത്തിയാൽ
കിടിലൻ കാഴ്ചകളും അനുഭവങ്ങളും ഒക്കെയാണ് ദണ്ടേലിയിലെത്തുന്നവരെ കാത്തിരിക്കുന്നത്. ജംഗിൾ സഫാരി, കയാക്കിങ്ങ്, പക്ഷി നിരീക്ഷണം, മൗണ്ടൻ ക്ലൈംബിങ്ങ്, ട്രക്കിങ്ങ്, നൈറ്റ് ക്യാംപിങ്ങ് ഒക്കെ ഇവിടെ ആസ്വദിക്കാം.

എത്തിച്ചേരുവാൻ
ബാംഗ്ലൂരിൽ നിന്നും 460 കിലോമീറ്ററവും ഹുബ്ലിയിൽ നിന്നും 75 കിലോമീറ്ററും അകലെയാണ് ഡണ്ടേലി സ്ഥിതി ചെയ്യുന്നത്. സാധാരണ ഗോവ വരെ വിമാനത്തിലെത്തി അവിടുന്ന് ഡ്രൈവ് ചെയ്ത് ഡണ്ടേലിയിലെത്തുകയാണ് സഞ്ചാരികൾ ചെയ്യുന്നത്. അല്ലെങ്കിൽ ഹുബ്ലി വഴിയും ഇവിടെ എത്താം.
മഴക്കാലം തീരുന്നതിനു മുൻപേ കറങ്ങാൻ പോകാം
മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..