കോഴിക്കോട് പാരഗണിലെ ബിരിയാണിയെന്നു കേട്ടാൽ വീഴാത്ത മലയാളികൾ കാണില്ല. ആ രുചിയും മണവും ആലോചിക്കുമ്പോൾ തന്നെ ഒരു പ്ലേറ്റ് കോഴിബിരിയാണി അകത്താക്കിയ സുഖമാണ്. ചൂടോടെ വിളമ്പുന്ന ബിരിയാണിയും ഒപ്പം കിട്ടുന്ന ഈന്തപ്പഴം ചേർത്ത മധുരമുള്ല അച്ചാറും ചമ്മന്തിയും പപ്പടവും കൂടി ഒന്നിച്ചകത്താക്കുന്നത് മലയാളികൾക്ക് ഒരു വികാരം തന്നെയാണ്! ഇപ്പോഴിതാ, ലോകത്തിലെ തന്നെ ഐതിഹാസിക ഭക്ഷണ ശാലകളിലൊന്നായി മാറിയിരിക്കുകയാണ് നമ്മുടെ കോഴിക്കോട് പാരഗൺ.
ടേസ്റ്റ് അറ്റ്ലസ് എന്ന ട്രാവൽ ഓൺലൈന്‍ ഗൈഡ് വെബ്സൈറ്റ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ഐതിഹാസിക റസ്റ്റോറന്‍റുകളുടെ പട്ടികയിൽ 11-ാം സ്ഥാനമാണ് കോഴിക്കോട് പാരഗൺ റസ്റ്റോറന്റ് സ്വന്തമാക്കിയത്. പാരഗണിലെ ഐക്കോണിക് വിഭവമായി തിരഞ്ഞെടുത്തിരിക്കുന്നത് ലോകമെമ്പാടും ആരാധകരുള്ള, ഇവിടുത്തെ ബിരിയാണി തന്നെയാണ്. പാരഗൺ കൂടാതെ ഇന്ത്യയിലെ മറ്റ് ഭക്ഷണശാലകളും പട്ടികയിൽ ഇടംപിടിച്ചു.

കോഴിക്കോട് പാരഗൺ ഹോട്ടൽ
1939 ൽ പ്രവർത്തനമാരംഭിച്ച കോഴിക്കോട് പാരഗൺ റസ്റ്റോറന്‍റ് പരമ്പരാഗത മലബാർ പാചകരീതിയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള കൂട്ടുകൾ ഇന്നും പിന്തുടരുകയും ചെയ്യുന്ന റസ്റ്റോറന്‍റ് ആണെന്നാണ് ട്രാവൽ അറ്റ്ലസ് കുറിച്ചിരിക്കുന്നത്.
ചോറ്, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഏറ്റവും മികച്ച മിശ്രിതമായ ബിരിയാണിയാണ് ഇവിടുത്തെ പരമോന്നത വിഭവം എന്നും വെബ്സൈറ്റ് പറയുന്നു. വിഭവങ്ങളുടെ സൂക്ഷ്മമായ ഒരുക്കങ്ങൾക്കൊപ്പം, ആരെയും സ്വാഗതം ചെയ്യുന്ന അന്തരീക്ഷമാണ് അതിന്റെ മറ്റൊരാകർഷണമെന്നും പറയുന്നു.
ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ സ്ഥിതി ചെയ്യുന്ന ഫീഗൽമുള്ളർ ആണ് ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയിൽ ഒന്നാമതെത്തിയത്. 1905 ൽ ആണിത് പ്രവർത്തനം ആരംഭിച്ചത്. അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയിൽ 1888 മുതല്‍ പ്രവർത്തിക്കുന്ന കാറ്റ്‌സിന്റെ ഡെലിക്കേറ്റസെൻ രണ്ടാം സ്ഥാനത്തും ഇന്തോനേഷ്യയിലെ സനൂറിൽ പ്രവർത്തിക്കുന്ന വാറുങ് മാക് ബെംഗ് റസ്റ്റോറന്റ് മൂന്നാം സ്ഥാനവും നേടി. 1941 ലാണ് ഇത് സ്ഥാപിതമായത്. മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിലെ ലാ പോളാർ നാലാം സ്ഥാനം നേടി. 1934 ലാണിത് പ്രവർത്തനമാരംഭിച്ചത്.

ലക്നൗവിലെ തുണ്ടേ കബാബി 12-ാം സ്ഥാനത്തെത്തി. മുഗൾ രുചികൾക്ക് പ്രസിദ്ധമായ തുണ്ടേ കബാബി 1905 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഗലൂട്ടി കബാബ് ആണ് ഇവിടുത്തെ പ്രസിദ്ധമായ വിഭവം. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് റസ്റ്റോറന്‍റ് 17-ാം സ്ഥാനത്തെത്തി. ചേലോ കബാബ് ആണ് ഇവിടുത്തെ ഐക്കോണിക് വിഭവം. 1975 ൽ ആണിത് പീറ്റർ ക്യാറ്റ് പ്രവർത്തനമാരംഭിച്ചത്.
മുര്‍ത്താലിലെ അമൃക് സുഖ്ദേവ് ധാബ 23-ാം സ്ഥാനവും നേടിയിട്ടുണ്ട്. 1956 ൽ തുടങ്ങിയ ഇവിടുത്തെ ഐക്കോണിക് വിഭവം ആലൂ പറാത്തയാണ്. ബാംഗ്ലൂരിലെ മാവലി ടിഫിൻ റൂംസ് 39-ാം സ്ഥാനം നേടി. എംടിആർ എന്ന പേരിലായിരിക്കും ആളുകൾക്ക് ഇത് പരിചയം. 1924 ൽ സ്ഥാപിതമായ മാവലി ടിഫിൻ റൂംസിലെ പ്രധാന വിഭവം റവ ഇഡ്ലി ആണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











