» »എടക്കൽ ഗുഹ കണ്ടിട്ടുണ്ടോ?

എടക്കൽ ഗുഹ കണ്ടിട്ടുണ്ടോ?

Written By:

കൽപ്പറ്റ കഴിഞ്ഞാൽ വയനാട്ടിലെ പ്രധാന ടൗൺ ആണ് സുൽത്താൻ ബത്തേരി. ആളുകൾ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ.

ബത്തേരിയിൽ നിന്ന് കോഴിക്കോട് മൈസൂർ റോഡിലൂടെ കല്പറ്റ ഭാഗത്തേക്ക് സഞ്ചരിച്ച് കൊളകപ്പാറയിൽ നിന്ന് അമ്പലവയൽ റോഡിലൂടെ യാത്ര ചെയ്താൽ എടക്കൽ ഗുഹയിലേക്കുള്ള റോഡ് കാണാം. കൽപ്പറ്റയിൽ നിന്നാണ് യാത്രയെങ്കിൽ 31 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. സുൽത്താൻ‌ ബത്തേരിയിൽ നിന്ന് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് പാതയുണ്ട്. ഏകദേശം മുക്കാൽ മണിക്കൂറോളം മലകയറണം ഇവിടെയെത്താൻ.

കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. എടക്കൽ ഗുഹയിലേക്ക് പ്രവേശിക്കാൻ സഞ്ചാരികൾ പ്രവേശന പാസ് എടുക്കണം. കല്ലിൽ തീർത്തപടവുകൾ കയറി വേണം ഗുഹയുടെ സമീപത്ത് എത്താൻ. അതിനാൽ തന്നെ ഗുഹയിലേക്കുള്ള യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.

എടക്കൽ ഗുഹ കണ്ടിട്ടുണ്ടോ?

Photo Courtesy: Shareef Taliparamba

ലക്ഷ്യം എടക്കൽ ഗുഹ

പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മലകയറി മുകളിലേക്ക് പോകണം ഈ ഗുഹയിൽ എത്തിപ്പെടാ‌ൻ

മനുഷ്യ നിർമ്മിതമല്ല ഈ ഗുഹകൾ. ഉയർന്ന് നിൽക്കുന്ന രണ്ട് കൂറ്റൻ പാറകൾ, ഈ പാറകൾക്ക് ഇടയിലായി മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയാണ് ഇതിന് ഗുഹയുടെ രൂപം നൽകുന്നത്. രണ്ട് പാറകൾക്ക് ഇടയിലായി മറ്റൊരു കല്ല് ഇരിക്കുന്നതിനാലാണ് ഈ ഗുഹയ്ക്ക് ഇടക്കൽ എന്ന് പേര് വന്നത്. മുപ്പതടി ഉയരമുള്ള ഈ ഗുഹയ്ക്ക് 98 അടി നീളവും 22 അടി വീതിയുമുണ്ട്.

എടക്കൽ ഗുഹ കണ്ടിട്ടുണ്ടോ?

Photo Courtesy: Rahul Ramdas

ശിലാ ലിഖിതങ്ങൾ

ഗുഹയ്ക്കുള്ളിൽ ചില ശിലാ ലിഖിതങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ശിലാലിഖിതം ഇതാണ്. പ്രാചീന കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാജവംശത്തെക്കുറിച്ചാണ് ഈ ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിൽക്കാലത്ത് രേഖപ്പെടുത്തിയ ചില ലിഖിതങ്ങളും ഇക്കൂട്ടത്തിൽ കാണാം.

ബ്രിട്ടീഷുകാരുടെ കാലത്ത് 1894ൽ ആണ് എടക്കൽ ഗുഹയെക്കുറിച്ച് പഠനം നടന്നത്. അക്കാലത്തെ ഒരു പോലീസ് ഓഫീസറായിരുന്ന എഫ് ഫോസറ്റായിരുന്നു ഇതിന് മുൻകൈ എടുത്തത്. പിന്നീട് നിരവധിപ്പേർ ഗുഹയേക്കുറിച്ചും ശിലാ ലിഖിതങ്ങളെക്കുറിച്ചും പഠനം നടത്തി.

എടക്കൽ ഗുഹ കണ്ടിട്ടുണ്ടോ?

Photo Courtesy: Vinayaraj

അമ്പുകുത്തി മല

എടക്കൽ ഗുഹയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ശ്രീരാമന്റെ അമ്പേറ്റാണ് ഈ പാറയിൽ വിടവുണ്ടായതെന്നാണ് ഒരു വിശ്വാസം അങ്ങനെയാണ് ഈ മലയ്ക്ക് അമ്പുകുത്തി മല എന്ന പേര് ലഭിച്ചത്. നിരവധി വിഗ്രഹങ്ങളും ഈ മലയിൽ കാണാം.

കാലപ്പഴക്കം

ഈ ഗുഹരൂപപ്പെട്ട കാലത്തെക്കുറിച്ച് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ബി സി ആറായിരത്തിലാണ് ഈ ഇവിടെ ശിലാലിഖിതം കൊത്തിവച്ചതെന്നാണ് കരുതുന്നത്. പ്രാചീന ശിലായുഗത്തിന്റെ അന്ത്യ കാലഘട്ടത്തിലാണ് ഇത്.

 

Please Wait while comments are loading...