ഡെൽഹി പോലുള്ള മഹാനഗരങ്ങളിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കുഴയ്ക്കുന്ന കാര്യമാണ് ഇവിടുത്തെ സ്ഥലങ്ങൾ കണ്ടു തീർക്കുക എന്നത്. രണ്ട് ദിവസമല്ല, രണ്ടു മാസമെടുത്താലും കണ്ടു തീർക്കുവാൻ സാധിക്കാത്തത്രയും സ്ഥലങ്ങളും കാഴ്ചകളും തലസ്ഥാന നഗരിയിലുണ്ട്. അപ്പോൾ പിന്നെ ഒരൊറ്റ കാര്യമേ ചെയ്യുവാനുള്ളൂ... തിരഞ്ഞടുത്ത, അല്ലെങ്കിൽ തീർച്ചായായും കണ്ടിരിക്കേണ്ട ഇടങ്ങൾ കണ്ട് അടുത്ത വണ്ടിപിടിക്കുക. പാർലമെന്റും ചെങ്കോട്ടയും കുത്തബ് മിനാറും രാഷ്ട്രപതി ഭവനും മ്യൂസിയങ്ങളും ഒക്കെയായി ആഘോഷമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരൊറ്റ പകലിൽ ഡെൽഹിയുടെ ഈ കാഴ്ചകൾ കണ്ടു തീര്‍ക്കുവാൻ ഒരു വഴിയുണ്ട്...ഇതാ...

മെട്രോയിലൂടെ കറങ്ങാം
ഡെൽഹിയുടെ തിരക്കും ബഹളങ്ങളും ഒക്കെ നേരിട്ട് കണ്ടറിയുവാൻ മെട്രോ തന്നെ തിരഞ്ഞെടുക്കാം. വേഗത്തിൽ സ്ഥലങ്ങളിലെത്തുവാനും നഗരത്തെ മുഴുവനായി മനസ്സിലാക്കുവാനും മെട്രോ തന്നെയായിരിക്കും ബെസ്റ്റ്. ഇവിടുത്തെ കാഴ്ചകളേക്കാൾ മുന്‍പേ അറിയേണ്ടത് നഗരത്തിന്റെ തിരക്ക് തന്നെയാണ്. അതിനായി യൂർ വിഹാർ ഫെയ്സ് വൺ മെട്രോസ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങാം. അവിടെ നിന്നും രാജീവ ചൗക് മെട്രോയിലെത്തി കുത്തബ് മിനാറിന് പോകാം.
PC: Pratik Gupta

കുത്തബ് മിനാര്‍
ഡെൽഹിയിലെത്തുന്ന സഞ്ചാരികൾ ഏറ്റവും അധികം തിരയുന്ന കാഴ്ചകളിലൊന്നാണ് കുത്തബ് മിനാർ.
കുത്തബ് മിനാർ എന്ന യുനസ്കോ പൈതൃക സ്മാരകം ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റലും വലിയ മിനാരം കൂടിയാണ്. 72.5 മീറ്റർ ആണ് ഈ ഗോപുരത്തിന്റെ നീളം. മുകളിലേക്ക് പോകുംതോറും ഉയരം വിസ്തീർണം കുറഞ്ഞ് വരുന്ന രീതിയിലാണിത് നിർമ്മിച്ചിരിക്കുന്നത്. ഡൽഹി സുൽത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് ഈ മിനാരത്തിന്റെ ആദ്യനില പണിതത്. 1199ല്‍ ആയിരുന്നു അത്. പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി.
വെറുമൊരു മിനാരമല്ല കുത്തബ് മിനാർ എന്ന് അടുത്തു ചെന്നാൽ മനസ്സിലാകും. അതി സൂക്ഷ്മമായ കൊത്തുപണികളും ഖുറാനിൽ നിന്നുള്ള വചനങ്ങൾ കൊത്തിയതും ഇവിടെ കാണാം,
ഖുത്തബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാം

റെഡ് ഫോർട്ട്
ഡെൽഹിയുടെ ചരിത്രം ഉറങ്ങുന്ന ഇടമാണ് റെഡ് ഫോർട്ട് എന്ന് ചെങ്കോട്ട. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട കാലമിത്ര കഴിഞ്ഞിട്ടും ഡെൽഹിയുടെ അടയാളം തന്നെയായി നില്‍ക്കുന്നു. കാലങ്ങളോളം മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നിലനിന്നിരുന്ന ഇവിടം ഇന്ദ്രപ്രസ്ഥയുടെ ചരിത്രം തേടുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഇടം കൂടിയാണ്.
പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. ഛത്ത ചൗക്ക് എന്ന ചന്ത, നോബത്ഖാന എന്ന വാദ്യസംഘക്കാരുടെ മന്ദിരം, ചക്രവർത്തി സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ-ആം, ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, ദിവാൻ ഇ ഖാസ്, ഖാസ് മഹൽ തുടങ്ങിയവയാണ് കോട്ടക്കുള്ളിലെ കാഴ്ചകൾ.

രാജ്ഘട്ട്
ചെങ്കോട്ട കണ്ടിറങ്ങിയാൽ പിന്നെ അടുത്ത ഇടം തേടി അധികം അലയേണ്ട. മഹാത്മാ ഗാന്ധിയുടെ സ്മരണകളുറങ്ങുന്ന രാജ്ഘട്ടാണ് ഇനി സന്ദർശിക്കുവാനുള്ളത്. യമുനയുടെ തീരത്തുള്ല രാജ്ഘട്ടിലാണ് രാഷ്ടപിതാവായ മഹാത്മാ ഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്നത്. മാർബിൾ കൊണ്ട് നിർമ്മിച്ച സ്മാരകവും തൊട്ടടുത്ത കെടാവിളക്കുമാണ് ഇവിടെ കാണുവാനുള്ളത്.
PC:Humayunn Niaz Ahmed Peerzaada

ഇന്ത്യാ ഗേറ്റ്
ഡെൽഹിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റാണ് ഇവിടുത്തെ അടുത്ത കാഴ്ച. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിലൊന്നാണിത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇതിനുള്ളിലാണ് ഇന്ത്യൻ സേനയുടെ യുദ്ധ സ്മാരകമായ അമർ ജവാൻ ജ്യോതിയുള്ളത്. രാജ്പഥിലാണ് ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത്.
PC:AravindGP

അല്പം ഷോപ്പിങ്ങ്
ഡെൽഹിയിലെത്തിയാൽ ഉറപ്പായും ചെയ്യേണ്ട കാര്യമാണ് ഷോപ്പിങ്ങ്. കാഴ്ചയിൽ ചെറിയ കടകളാണെന്നു തോന്നിയാലും ഇവിടുത്തെ ഷോപ്പിങ്ങ് അനുഭവം വിസ്മയിപ്പിക്കുന്നതായിരിക്കും. ഡെൽഹിയിൽ ഇഷ്ടം പോലെ മാർക്കറ്റുകൾ ഉണ്ടെങ്കിലും ചാന്ദ്നി ചൗക്കായിരിക്കും വ്യത്യസ്തമായ അനുഭവങ്ങൾ നല്കുക. തുണികൾ, ബാഗുകൾ, ആഭരണങ്ങൾ,ചെരുപ്പുകൾ, എന്നിങ്ങനെ എല്ലാം ഇവിടെ ലഭിക്കും.

ഒരൊറ്റ ദിവസം പോരാ
കണ്ടു തീർക്കുവാന്‍ ഒരായിരം കാഴ്ചകളുള്ളപ്പോൾ ഒരൊറ്റ ദിവസം ഡെൽഹിയിൽ ഒന്നുമല്ല എന്നു മനസ്സിലായില്ലേ... ഇനിയും കാഴ്ചകൾ ഒരുപാട് ഇവിടെ ബാക്കിയുണ്ട്. ഹുമയൂണിന്റെ ശവകുടീരം, ജമാ മസ്ജിദ്. അക്ഷർധാം, ലോട്ടസ് ടെംപിൾ, ലക്ഷ്മി നാരായണ ക്ഷേത്രം, രാഷ്ട്രപതി ഭവൻ, പുരാന ക്വിലാ, ജന്ധർ മന്ദർ, ലോധി ഗാർഡൻ, നാഷണൽ മ്യൂസിയം, അഗ്രസേൻ കി ബവോലി, പാർലമെന്റ്, നാഷണൽ സൂവോളജിക്കൽ പാർക്ക്, രജ്പഥ് , നാഷണൽ റെയിൽ മ്യൂസിയം, തുടങ്ങി ഇവിടുത്തെ കാഴ്ചകളുടെ പട്ടിക ഒരിക്കലും അവസാനിക്കുന്നില്ല.
എന്തിനു വിദേശത്തു പോകണം... അതിലും മികച്ച സ്ഥലങ്ങൾ ഇവിടെയുണ്ട്!
ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക്
ക്ഷമയും ധൈര്യവുമുണ്ടെങ്കിൽ വണ്ടിയെടുത്തോ...പോകാം റോഘിയിലേക്ക്
PC:Aman Tyagi