Search
  • Follow NativePlanet
Share
» »തീവണ്ടിയാത്രയ്ക്കു പോകാം...ആരും കൊതിക്കുന്ന ഈ പാതയിലൂടെ!!

തീവണ്ടിയാത്രയ്ക്കു പോകാം...ആരും കൊതിക്കുന്ന ഈ പാതയിലൂടെ!!

തീവണ്ടിയില്‍ സാഹസികത തിരയുന്നവര്‍ക്ക് തീര്‍ച്ചയായും പോയിരിക്കേണ്ട ചില കിടുക്കന്‍ റൂട്ടുകള്‍ പരിചയപ്പെടാം....

By Elizabath Joseph

തീവണ്ടിയാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കൂകിപ്പാഞ്ഞ് പാളത്തിലൂടെ കുതിക്കുന്ന തീവണ്ടിയാത്ര എങ്ങനെയാണ് പ്രിയപ്പെട്ടതാകാതിരിക്കുന്നത്? തീവണ്ടിയെ പ്രണയിക്കുന്നവര്‍ക്കു മാത്രമേ അതിലെ യാത്രയെയും പ്രണയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ട്രെയിന്‍ യാത്രയെ ഇഷ്ടപ്പെടുന്ന ആളുകള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട കുറച്ച് ഇടങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞതാണ് ഇവിടുത്തെ മലഞ്ചെരുവിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും മഞ്ഞുപുതച്ച പര്‍വ്വതങ്ങളുടെ ചരിവിലൂടെയും കടന്നു പോകുന്ന തീവണ്ടിയാത്രകള്‍. തീവണ്ടിയില്‍ സാഹസികത തിരയുന്നവര്‍ക്ക് തീര്‍ച്ചയായും പോയിരിക്കേണ്ട ചില കിടുക്കന്‍ റൂട്ടുകള്‍ പരിചയപ്പെടാം....

കൊങ്കണ്‍ റെയില്‍വേ പാത

കൊങ്കണ്‍ റെയില്‍വേ പാത

മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാതയാണ് കൊങ്കണ്‍ പാത എന്നപേരില്‍ അറിയപ്പെടുന്നത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും ഉള്‍പ്പെടുന്ന കൊങ്കണ്‍ പാതയുടെ സൗന്ദര്യം വാക്കുകളാല്‍ വിശദീകരിക്കുവാന്‍ കഴിയുന്നതല്ല. പശ്ചിമഘട്ടത്തിന്റെ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത ഭംഗിയാണ് കൊങ്കണ്‍ പാതയിലുള്ളത്.
മഹാരാഷ്ട്രയിലെ റോഹയെയും കര്‍ണ്ണാടകയിലെ മംഗളുരുവിനെയുമാണ് കൊങ്കണ്‍പാത ബന്ധിപ്പിക്കുന്നത്.
ദൂത്സാഗര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്തമായ വെള്ളച്ചാട്ടങ്ങള്‍ക്കു സമീപത്തുകൂടി കടന്നുപോകുന്ന കൊങ്കണ്‍പാത തീവണ്ടി യാത്രകളില്‍ സുഖം കണ്ടെത്തുന്നവരുടെ ഇഷ്ടയാത്രകളില്‍ ഒന്നുകൂടിയാണ്.

PC:Amey Hegde

പാമ്പന്‍ പാലം ധനുഷ്‌കോടി

പാമ്പന്‍ പാലം ധനുഷ്‌കോടി

ഇന്ത്യന്‍ റെയില്‍വേയുടെയും എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെയും എക്കാലത്തെയും മികവായി നിലനില്‍ക്കുന്ന ഒരു നിര്‍മ്മിതിയാണ് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിക്കു സമീപം സ്ഥിതി ചെയ്യുന്ന പാമ്പന്‍ പാലം. നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ റെയില്‍വേ പാലം 1914 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്.
രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ആദ്യരൂപം ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്. വ്യാപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. 145 തൂണുകളിലാണ് ഈ പാലം നിലനില്‍ക്കുന്നത്.
ധനുഷ്‌കോടിയെ പിടിച്ചുകുലുക്കിയ 1964 ലെ ചുഴലിക്കാറ്റില്‍ പട്ടണം ഒലിച്ചുപോയെങ്കിലും പാലം കരുത്തോടെ തന്നെ നിലകൊണ്ടു. പാലത്തിന്റെ ചുരുക്കം ചിലഭാഗങ്ങള്‍ക്കു മാത്രമാണ് അന്ന് കേടുപാട് സംഭവിച്ചത്. പിന്നീട് പുതുക്കിപ്പണിത പാലമാണ് ഇന്നു കാണുന്ന പാമ്പന്‍ പാലം.

PC:ShakthiSritharan

കല്‍ക്ക ഷിംല റെയില്‍പാത

കല്‍ക്ക ഷിംല റെയില്‍പാത

ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍ പാതകളിലൊന്നാണ് കല്‍ക്ക-ഷിംല റെയില്‍വേ റൂട്ട്. നിലയില്ലാക്കയത്തിനു സമീപത്തെ പാളത്തിലൂടെ കിതച്ചുകൊണ്ടോടുന്ന തീവണ്ടിയും അതിനു തൊട്ടടുത്തുകൂടി ഒന്നിനെയും കൂസാതെ നടന്നുപോകുന്ന ഗ്രാമീണരും മലകളും കാടുകളും എല്ലാം ചേര്‍ന്ന കല്‍ക്ക-ഷില റെയില്‍പാത മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലൊന്നാണ്.
മലമ്പ്രദേശങ്ങളായ ഹരിയാനയിലെ കല്‍ക്കയെയും ഹിമാചലിലെ ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പാത നാരോ ഗേജ് കൂടിയാണ്. 107 ടണലുകളും 864 പാലങ്ങളുമാണ് 96 കിലോമീറ്റര്‍ നീളമുള്ള ഈ പാതയിലുള്ളത്.
കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങി വളരെ മനോഹരങ്ങളായ പ്രദേശങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിലും ഇവിടം ഇടംനേടിയിട്ടുണ്ട്.

PC:Divya Thakur

ഡാര്‍ജലീങ് ഹിമാലയന്‍ റെയില്‍വേ

ഡാര്‍ജലീങ് ഹിമാലയന്‍ റെയില്‍വേ

യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഡാര്‍ജലീങ് ഹിമാലയന്‍ റെയില്‍വേ തേയിലത്തോട്ടങ്ങളും മലനിരകളും കാടുകളും ഒക്കെ കടന്നു പോകുന്ന മനോഹരമായ റെയില്‍വോ പാതകളിലൊന്നാണ്. പശ്ചിമബംഗാളിലെ സില്‍ഗുഡി-ഡാര്‍ജലിങ് എന്നീ മലയോര നഗരങ്ങളെയാണ് ആ പാത ബ്‌നധിപ്പിക്കുന്നത്. 1879 നും 1881 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ റെയില്‍വേ പാതയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അതിന്റെ വളവുകളും തിരിവുകളുമാണ്.

PC: Wikipedia

ജയ്പൂര്‍-ജെയ്‌സാല്‍മീര്‍ പാത

ജയ്പൂര്‍-ജെയ്‌സാല്‍മീര്‍ പാത

മഞ്ഞും മലമ്പ്രദേശങ്ങളും മാത്രമല്ല മരുഭൂമിയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണല്ലോ... എങ്കില്‍ രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ ഒരു വഴിയുണ്ട്. ജയ്പൂരില്‍ നിന്നും ജയ്‌സാല്‍മീറിലേക്കുള്ള യാത്രയാണ് ഇന്ത്യയുടെ മറ്റൊരു മുഖം കാണിച്ചുതരുന്നത്. പച്ചപ്പു നിറഞ്ഞ രാജസ്ഥാനില്‍ നിന്നും തുടങ്ങി മെല്ലെ മരുഭൂമിയുടെ ഊഷ്ണതയിലേക്ക് നയിക്കുന്ന ഈ യാത്ര തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിതത്തെ അറിയാനായി ഈ യാത്ര ഉപകാരപ്പെടും.. മരുഭൂമിയുടെ പച്ചയായ ജീവിതങ്ങളെ അടുത്തറിയാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ആ യാത്ര ചെയ്തിരിക്കേണ്ടതാണ്. ഒട്ടകങ്ങളും കുടിലുകളും ഒക്കെ ഈ യാത്രയിലുടനീളം കാണാം.

PC:Jubair1985

മതേരാന്‍ റെയില്‍വേ പാത

മതേരാന്‍ റെയില്‍വേ പാത

മോട്ടോര്‍വാഹനങ്ങള്‍ക്കു വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്‌റ്റേഷനാണ് മഹാരാഷ്ട്രയിലെ മഥേരാന്‍. സഹ്യാദ്രിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഇവിടം റായ്ഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും
800 മീറ്റര്‍ അഥവാ 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം
ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷന്‍ കൂടിയാണ്. ഇവിടേക്ക് എത്തിച്ചേരുവാന്‍ മനോഹരമായ ഒരു തീവണ്ടിപ്പാതയുണ്ട്. നാഥേരാനില്‍ നിന്നും മാഥേരന്‍ വരെയുള്ള തീവണ്ടിപ്പാത.
മഹാരാഷ്ട്രയിലെ പൈതൃക റെയില്‍വേകളില്‍ ഒന്നാണ് മഥേരാന്‍ ഹില്‍ റെയില്‍വേ അഥവാ എം.എച്ച്.ആര്‍. സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത് നേരാല്‍ എന്ന സ്ഥലത്തെ മാതേരനുമായി ബന്ധിപ്പിക്കുന്ന റൂട്ടാണ്. 21 കിലോമീറ്റര്‍ നീളമുള്ള റൂട്ടാണിത്. നെരാല്‍ മഥേരന്‍ ലൈറ്റ് റെയില്‍വേ 1901 നും 1907 നും ഇടയിലാണ് നിര്‍മ്മിക്കുന്നത്. പിന്നീട് 2005 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇത് അടച്ചുപൂട്ടി. പിന്നീട് 2007 ലാണ് ഇത് തുറന്നുകൊടുത്തത്. 2015 വരെ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും 2016-17 വര്‍ഷങ്ങളില്‍ ഇത് വളരെക്കുറച്ച് സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇപ്പോള്‍ 2018 ജനുവരി 26 മുതല്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചു.

PC:Udaykumar PR

ഗോവ-മുംബൈ റെയില്‍പാത

ഗോവ-മുംബൈ റെയില്‍പാത

വനങ്ങളും താഴ്വരകളും കടല്‍ത്തീരവും പട്ടണങ്ങളും പിന്നീട്ടുള്ള ഒരു തീവണ്ടിയാത്ര. ഏതൊരു തീവണ്ടി പ്രേമിയും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഈ പാതയാണ് ഗോവയില്‍ നിന്നും മുംബൈ വരെയുള്ള റെയില്‍വേ പാത. ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍വേ റൂട്ടുകളില്‍ ഒന്നുകൂടിയാണിത്. പശ്ചിമഘട്ടമലനിരകളുടെ സൗന്ദര്യവും വെള്ളച്ചാട്ടങ്ങളും ഒക്കെ ഈ യാത്രയുടെ പ്രത്യേകതയാണ്.

Read more about: travel hill station pune shimla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X