» »തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??

തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??

Written By: Elizabath

നല്ലൊരു യാത്ര പ്ലാന്‍ ചെയ്ത് പോയിട്ട് അവിടെ എത്തിപ്പോള്‍ തിരക്കുകൊണ്ട് നട്ടംതിരിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. എല്ലാവരും അവധിക്കാലവും ഒഴിവു ദിനങ്ങളും ചിലവഴിക്കാന്‍ പ്രശസ്തമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ?
മലയാളിയുടെ നൊസ്റ്റാള്‍ജിയ ഉറങ്ങുന്ന ഊട്ടിക്കു പകരം അതിനേക്കാള്‍ മികച്ച ഒരു സ്ഥലം സന്ദര്‍ശിക്കുന്നത് ആലോചിച്ചു നോക്കൂ. ഊട്ടിയെ കടത്തിവെട്ടുന്ന തരത്തില്‍ ഭംഗിയുള്ള, തിരക്കു കുറഞ്ഞ, ശാന്തമായ കൂനൂരിനെ അറിയാം..

ഊട്ടിക്കു പകരം കൂനൂര്‍
ഊട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കൂനൂര്‍ തേയിലത്തോട്ടങ്ങള്‍കൊണ്ടും ഹെറിറ്റേജ് ഹോട്ടലുകള്‍കൊണ്ടുമൊക്കെ പ്രശസ്തമാണ്. ഒട്ടേറെ വ്യൂ പോയന്റുകളും മനോഹരമായ സ്ഥലങ്ങളുമുള്ള കൂനൂര്‍ ഊട്ടിക്കു പരകം വയ്ക്കാന്‍ പറ്റിയ സ്ഥലം തന്നെയാണ്.

തമിഴ്‌നാട്ടില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലം

തമിഴ്‌നാട്ടില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലം

തമിഴ്‌നാട്ടിലെ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഇടമാണ് കൂനൂര്‍. സമുദ്ര നിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തിലുള്ള ഈ സ്ഥലം നീലഗിരി മലനിരകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കൂനൂറാണ്. ഇവിടുത്തെ ജൈവ വൈവിധ്യം പ്രകൃതി സ്‌നേഹികളെ പണ്ടുമുതലേ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

PC: Thangaraj Kumaravel

നീലഗിരി ചായയുടെ പിന്നിലെ സ്ഥലം

നീലഗിരി ചായയുടെ പിന്നിലെ സ്ഥലം

നീലഗിരി ചായയുടെ പേരില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ് കൂനൂര്‍. കടുത്ത നിറത്തില്‍ നല്ല ഗന്ധത്തോടു കൂടിയ ഈ ചായ വിദേശികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.


PC: Thangaraj Kumaravel

 ട്രക്കിങ്ങിന്റെ ബേസ് പോയിന്റ്

ട്രക്കിങ്ങിന്റെ ബേസ് പോയിന്റ്

നീലഗിരി കുന്നുകളെ കേന്ദ്രീകരിച്ച് ഇവിടെ ധാരാളം ട്രക്കിങ്ങുകള്‍ നടത്താറുണ്ട്. അനേകം ട്രക്കിങ് റൂട്ടുകളുള്ള ഇവിടം പ്രകൃതി ഭംഗികൊണ്ടും ഏറെ മുന്നില്‍ നില്‍ക്കുന്നു. ഈ ട്രക്കിങ്ങുകളുടെ തുടക്ക സ്ഥലമായി മിക്കവരും തിരഞ്ഞെടുക്കുന്നത് കൂനൂറിനെയാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ എത്താനുള്ള സൗകര്യവും കണക്ടിവിറ്റിയുമാണ് കാരണം.

PC: Aanya1mehta

കൂനൂരില്‍ എന്തുണ്ട് കാണാന്‍??

കൂനൂരില്‍ എന്തുണ്ട് കാണാന്‍??

ഊട്ടിയെ മാറ്റി കൂനൂര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് മെച്ചമെന്നറിയണ്ടെ? കൂനൂരിനെ ഊട്ടിയില്‍ നിന്നും മികച്ചതാക്കുന്നത് ഇവിടുത്തെ കാഴ്ചകളുടെ വൈവിധ്യം തന്നെയാണ്.
കൂനൂരില്‍ കാണാന്‍ ഒരുപാടുണ്ട് എന്ന് പറഞ്ഞത് വെറുതെയല്ല. ദിവസങ്ങളോളം നടന്ന് കാണാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.

PC: Robinder Uppal

സിംസ് പാര്‍ക്ക്

സിംസ് പാര്‍ക്ക്

കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യം പോകാനിഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് സിംസ് പാര്‍ക്ക്.
നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിക്കപ്പെട്ട ബൊട്ടാണിക്കല്‍ ഗാര്‍ഡനോടു കൂടിയ ഈ പാര്‍ക്കില്‍ ആയിരത്തോളം വ്യത്യസ്തമായതും അപൂര്‍വ്വമായതുമായ സസ്യങ്ങളുടെ ശേഖരമുണ്ട്. ജപ്പാനീസ് രീതിയില്‍ വികസിപ്പിച്ചെടുത്ത ഈ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം എല്ലാ വര്‍ഷവും മേയ് മാസത്തിലുള്ള ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ഷോയാണ്.

PC: PJeganathan

ഡോള്‍ഫിന്‍സ് നോസ്

ഡോള്‍ഫിന്‍സ് നോസ്

കൂനൂരില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ വ്യൂ പോയന്റാണ് ഡോള്‍ഫിന്‍സ് നോസ്.
മലയുടെ അറ്റത്തിന് ഒരു ഡോള്‍ഫിന്റെ മൂക്കുമായിട്ടുള്ള സാദൃശ്യമാണ് ഈ പേരു വരാന്‍ കാരണം. വ്യത്യസ്തമായ ഒരു രൂപമാണ് ഈ പാറയ്ക്കുള്ളത്.
നീലഗിരി കുന്നുകളുടെയും കാതറിന്‍ വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ അകലക്കാഴ്ചകളാണ ഇവിടെനിന്നും ലഭിക്കുന്നത്.
കൂടാതെ ലേഡി കാനിംങ്‌സ് സീറ്റ് എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് ട്രക്കിങ് നടത്താറുണ്ട്. കൂനൂരില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയുള്ള ലേഡി കാനിംങ്‌സ് സീറ്റ് ഇവിടുത്തെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.

PC:KARTY JazZ

കാതറിന്‍ വെള്ളച്ചാട്ടം

കാതറിന്‍ വെള്ളച്ചാട്ടം

കൂനൂരിനു സമീപമുള്ള കോത്താഗിരിയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് കാതറിന്‍ വെള്ളച്ചാട്ടം. നീലഗിരി മലനിരകളിലെ വെള്ളച്ചാട്ടങ്ങളില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനമാണ് കാതറിന്‍ വെള്ളച്ചാട്ടത്തിന്. ഡോല്‍ഫിന്‍ നോസില്‍ നിന്നും ഈ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ദൃശ്യം കാണാന്‍ സാധിക്കും.

PC: Sandip Bhattacharya

ലാംസ് റോക്ക്

ലാംസ് റോക്ക്

കൂനൂരില്‍ നിന്നും 8 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു വ്യൂ പോയന്റാണ് ലാംസ് റോക്ക്. ഇരുവശത്തും നിറഞ്ഞു നില്‍ക്കുന്ന പച്ചയണിഞ്ഞ ഭൂമിയും തേയിലത്തോട്ടങ്ങളും ഇവിടേക്കുള്ള യാത്ര അവിസ്മരണീയമാക്കുന്നു. ഇവിടെനിന്നും കോയമ്പത്തൂരിന്റെ സമതലങ്ങളുടെ കാഴ്ച മികച്ച ഒന്നാണ്.

PC:Abhiram k99

Please Wait while comments are loading...