ആരാണ് കുബേരൻ
വാസ്തുശാസ്ത്രമനുസരിച്ച് വടക്കിന്‍റെ അധിപനായ കുബേരനെന്നു പറയുമ്പോഴും ലങ്കാധിപതിയായ രാവണന്റെ സഹോദരൻ എന്ന നിലയിലാണ് പുരാണങ്ങളിൽ നമ്മൾ കുബേരനെ പരിചയപ്പെട്ടിരിക്കുന്നത്. വിശ്വാസങ്ങൾ പറയുന്നതനുസരിച്ച് പ്രസിദ്ധനായ പുലസ്ത്യമഹര്‍ഷിയുടെ പുത്രന്‍ വിശ്രവസ്സിനും ഭരദ്വാജമഹര്‍ഷിയുടെ മകള്‍ക്കും ജനിച്ച മകനാണ് കുബേരന്‍.വിശ്രവസ്സിന്‍റെ മകനായിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു. ലങ്കാനഗരം ഉൾപ്പെടെയുള്ള അനുഗ്രഹങ്ങൾ ബ്രഹ്മാവ് വഴിയാണ് കുബേരന് ലഭിച്ചതത്രെ. ലങ്കാനഗരവും പുഷ്പക വിമാനവും സ്വന്തമായുണ്ടായിരുന്ന കുബേരനോട് സഹോദരങ്ങളായ രാവണനും കുംഭകര്‍ണ്ണനും അസൂയതോന്നുകയും കലഹിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഒടുവിൽ പിതാവിന്‍റെ നിർദ്ദേശമനുസരിച്ച് തന്‍റെ സമ്പത്ത് മുഴുവനും സഹോദരങ്ങൾക്ക് നല്കി അദ്ദേഹം പോവുകയും ചെയ്തുവത്രെ.
കുബേരന്‍ ധനത്തിന്‍റെ ദേവനാകുന്നതെങ്ങനെ?
എല്ലാം സഹോദരങ്ങള്‍ക്ക് നല്കിയ ശേഷം കുബേരൻ നേരെ പോയത് സരസ്വതി നദി തീരത്തേയ്ക്കാണ്. അവിടെ പോയി തന്‍റെ നഷ്ടപ്പെട്ട സ്വത്തും പ്രതാപവും തിരികെ ലഭിക്കുന്നതിനായി അദ്ദേഹം സരസ്വതി നദിയുടെ തീരത്ത് ഒരു മഹായാഗം നടത്തി. അദ്ദേഹത്തിന്റെ യാഗത്തിൽ പ്രസാദിച്ച ശിവൻ കുബേരനു മുന്നിൽ പ്രത്യക്ഷപ്പെടുകയും കൈലാസത്തിനടുത്ത് അളകാപുരി എന്ന നഗരം കുബേരനായി നിർമ്മിച്ച് നല്കുകയും ചെയ്തു. ധനത്തിന്‍റെ അധിപനായി കുബേരനെ വാഴിച്ചതും യക്ഷരാജാവായി കുബേരനെ ഉയർത്തിയും ശിവനാണെന്നാണ് വിശ്വാസം.
കാലിയാകാത്ത കുടം
ത്രയംബകൻ എന്നും കുബേരൻ അറിയപ്പെടുന്നുണ്ട്. കുബേരന്‍റെ ഇടതു കയ്യിൽ ഒരു കുടം ഉണ്ടെന്നും അതിൽ സ്വര്‍ണ്ണം, രത്‌നം, ധനം എന്നിവ അദ്ദേഹം സൂക്ഷിക്കുന്നുണ്ടെന്നുമാണ് വിശ്വാസം. ഈ കുടം ഒരിക്കലും കാലിയാകില്ലത്രെ. ഭൂമിയിലെ മുഴുവന്‍ സ്വര്‍ണ്ണത്തിന്റെയും സംരക്ഷകൻ കൂടിയാണത്രെ കുബേരൻ. ഏറ്റവും സമ്പന്നനായ ദൈവമാണ് കുബേരനെന്നാണ് മറ്റൊരു വിശ്വാസം.
കുബേര ക്ഷേത്രങ്ങൾ
കുബേരനു മാത്രമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങൾ അത്യപൂര്‍വ്വമാണ്. സാധാരണയായി ഐശ്വര്യത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയോടൊപ്പമാണ് കുബേരനെ ആരാധിക്കുന്നത്. ചില ക്ഷേത്രങ്ങളിൽ ഉപദേവതാ പ്രതിഷ്ഠയായും കുബേരനെ കാണാം,
PC:commons.wikimedia.
പുഷ്കർ
കുബേരനെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രാജസ്ഥാനിലെ പുഷ്കറിലെ ബ്രഹ്മ ക്ഷേത്രം. ലോകത്ത് ബ്രഹ്മാവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന അപൂര്‍വ്വ ക്ഷേത്രമായ ഇവിടെ സ്രഷ്ടാവായ ബ്രഹ്മദേവന്റെ കാവൽക്കാരാനായാണ് കുബേരൻ അറിയപ്പെടുന്നത്. ദീപാവലിയുടെ തുടക്കമാണ് ധന്തേരസ് അഥവാ ധന്ത്രയോദശിയില്‍ ഇവിടെ കുബേരനായി പ്രത്യേക പൂജകളും ആരാധനകളും നടത്തുന്നു. കുബേരന്റെ വിഗ്രഹത്തിന് പുണ്യസ്നാനം നടത്തുകയും പ്രത്യേക പൂജകൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. കുബേരൻ തന്‍റെ ഭക്തർക്ക് ഐശ്വര്യവും സമൃദ്ധമായ ഭക്ഷണവും സമ്പത്തും നല്കുമെന്നാണ് വിശ്വാസം
PC:Alexander Schimmeck
ബദ്രിനാഥ്
കുബേരനെ ഒരു പ്രതിഷ്ഠയായി ആരാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് ബദ്രിനാഥ്. ചാർ ദാം ക്ഷേത്രങ്ങളിൽ ഒന്നായ ഇത് മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. വര്‍ഷത്തിൽ ആറുമാസക്കാലം മാത്രമാണ് ഇവിടെ വിശ്വാസികൾക്ക് പ്രവേശനവും ദര്‍ശനവും അനുവദിക്കുന്നത്. സാധാരണയായി അക്ഷയ ത്രിതീയ ദിനത്തിൽ അടച്ച് വിജയദശമിയിൽ തുറക്കുന്ന രീതിയിലാണ് ഇവിടുത്തെ ചടങ്ങുകള്‍ നടക്കുന്നത്. വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ബദ്രിനാഥ് അറിയപ്പെടുന്നു. ഇവിടുത്തെ ശ്രീകോവിലിൽ നാരദ മുനി, ഉദ്ധവൻ, നർ നാരായണൻ എന്നിവർക്കൊപ്പംസമ്പത്തിന്റെ ദേവനായ കുബേരൻറെ രൂപവും കാണാം.
വിദിഷ, മധ്യ പ്രദേശ്
കുബേര ക്ഷേത്രമല്ലെങ്കിൽക്കൂടിയും കുബേര രൂപം കാണുവാൻ ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇടമാണ് വിദിശ. കുബേരന്റെ ഏറ്റവും ഉയരം കൂടിയ 12 അടി ഉയരമുള്ള, വിഗ്രഹം ഇവിടെയാണുള്ളത്. ഇവിടുത്തെ ബിയാസ് നദിയുടെ തടം ഖനനം ചെയ്യുന്ന പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ആണിത് കണ്ടെത്തിയത്. വിദിഷയിലെ മ്യൂസിയത്തിലാണ് ബിസി രണ്ടാം നൂറ്റാണ്ടിലെ ഈ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്.
PC:shibainu
മന്ദ്‌സൂർ
ഖിൽചിപ്പൂർ മന്ദ്‌സൗറിലെ കുബേർ ക്ഷേത്രമാണ് കുബേര ആരാധനയ്ക്കായി പോകുവാന് പറ്റിയ മറ്റൊരു ക്ഷേത്രം. ഏഴാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തില്‍ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഒരു പുരാതന വിഗ്രഹം ഇവിടെ കാണാം. മറാത്താ ഭരണാധികാരികളാണ് ക്ഷേത്രത്തെ ഇന്നു കാണുന്ന രീതിയിലേക്ക് ഉയർത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.