ക്ഷേത്രങ്ങളുടെ കാര്യത്തിൽ വിചിത്രമായ പല ആചാരങ്ങളും ഇന്നും പിന്തുടരുന്ന നാടാണ് കാസർകോഡ്. തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പ്രധാന പ്രതിഷ്ഠയ്ക്ക് കാവലിരിക്കുന്ന സസ്യാഹായായ മുതലയും ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന ശിവക്ഷേത്രവും ഒക്കെ കാസർകോഡു മാത്രം കാണാൻ കഴിയുന്ന കാഴ്ചകളാണ്. കാസർകോഡിന്റെ ചരിത്രം ശരിക്കും മനസ്സിലാക്കാതെ വരുന്ന സന്ദർശകർ ഇവിടെ എത്തുമ്പോൾ നഷ്ടപ്പെടുത്തുന്നത് അപൂർവ്വതകളിലേക്കും അതിശയങ്ങളിലേക്കും ഉള്ള യാത്രയാണ്. ബേക്കൽ കോട്ടയും വലിയ പറമ്പ കായലിലെ ബോട്ട് യാത്രയും റാണിപുരം ട്രക്കിങ്ങും ഒക്കെയായി കാസർകോഡ് കറങ്ങുമ്പോൾ അതിൽ ഉൾപ്പെടുത്തുവാൻ പറ്റിയതാണ് ഇവിടുത്തെ ക്ഷേത്രങ്ങളും. കാസർകോഡ് ജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളെ പരിചയപ്പെടാം....

അനന്തേശ്വര വിനായക ക്ഷേത്രം
ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് കാസർകോഡ് പട്ടണത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന അനന്തേശ്വര വിനായക ക്ഷേത്രം. മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം എന്നാണ് ഇതിന്റെ യഥാർഥ നാമം. ആദ്യ കാലങ്ങളിൽ ഇവിടെ ശിവനെയാണ് പൂജിച്ചിരുന്നതെങ്കിലും പിന്നീട് അത് ഗണപതിപൂജയ്ക്ക് വഴിമാറുകയായിരുന്നു. ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന മൂടപ്പ സേവയാണ് ഇവിടുത്തെ പ്രധാന ഉത്സവം. എന്നാൽ ഇതിന്‍റെ ഭീമമായ ചിലവുകൾ കണക്കിലെടുത്ത് ഇപ്പോൾ നടത്താറില്ല.

വീതിയിൽ വളരുന്ന ഗണപതി
സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വലുപ്പമുള്ള ഗണപതിയാണ് ഇവിടുത്തേത്. ആദ്യ കാലങ്ങളിൽ ഈ രൂപം കൂടുതൽ ഉയരത്തിൽ വലുതാകുമായിരുന്നുവത്രെ. എന്നാൽ ഒരിക്കൽ ഇവിടെ ദർശനത്തിനെത്തിയ കന്നഡ സ്ത്രീ ഗണപതിയോട് ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ എന്നു പറഞ്ഞുവത്രെ. അന്നു മുതൽ ഗണപതി വീതിയിൽ വലുതാകുവാൻ തുടങ്ങുകയായിരുന്നു. ഇന്നും ഗണപതി വീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു എന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
PC:Sreethottam

സന്ദർശിക്കുവാൻ പറ്റിയ സമയം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണിത്. മഴക്കാലം ഒഴികെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ യോജിച്ചത്.
PC:Vinayaraj

അനന്തപുര തടാകക്ഷേത്രം
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർകോഡ് കുംബളെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുര തടാക ക്ഷേത്രം. തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് അനന്തപത്മനാഭൻ ഇവിടെയായിരുന്നുവത്രെ വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിനെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കണക്കാക്കുന്നത്.തടാകത്തിന്റെ നടുവിലാണ് ഇവിടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സസ്യാഹാരിയായ മുതല അനന്തപത്മനാഭന് കാവൽ നിൽക്കുന്നു ൺഎന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെ നിവേദ്യം മാത്രം കഴിച്ചാണ് ഈ മുതല ജീവൻ നിലനിർത്തുന്നത്.
PC:Soorajna

പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹ
അനന്തപത്നാഭൻ ഈ ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരത്തെ ക്ഷേത്രം വരെ സഞ്ചരിച്ച ഗുഹയുടെ അടയാളമാണ് ഇതിൽ പ്രധാനം. ക്ഷേത്രത്തിലെ തടാകത്തിന്റെ വലതുഭാഗത്താണ് ഈ ഗുഹയുടെ അടയാളമുള്ളത്. ഇവിടുത്തെ മൊഗ്രാൽ എന്ന സ്ഥലത്തിനു സമീപത്തുള്ള നാങ്കുഴി എന്ന സ്ഥലത്ത് ഇതിന്റെ അടയാളങ്ങളായി കറുത്ത കല്ലിൽ കൊത്തിയിരിക്കുന്ന രണ്ടു പാദങ്ങളുടെ ആകൃതി കാണാൻ സാധിക്കും.
PC:Vinayaraj

കോടോത്ത് ഭഗവതി ക്ഷേത്രം
കാസർകോഡ് ജില്ലയിലെ അധികമൊന്നും അറിയപ്പെടാത്ത ക്ഷേത്രങ്ങളിലൊന്നാണ് കോടോത്ത് ഭഗവതി ക്ഷേത്രം. അട്ടേങ്ങാനം എന്ന സ്ഥത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ മച്ചിൽ കൊത്തിയിരിക്കുന്ന ശില്പങ്ങൾ പ്രസിദ്ധമാണ്. സീതാജനനം, അനന്തശയനം, കൃഷ്ണലീല, കിരാതം, ദശാവതാരം, പാർവതി കല്യാണം, പാലാഴിമഥനം, ഗജേന്ദ്രമോക്ഷം തുടങ്ങിയ പുരാണകഥകളിലെ രംഗങ്ങൾ ഇവിടെ കൊത്തിയിരിക്കുന്നത് കാണുവാൻ സാധിക്കും
PC:Vssun

തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം
അറബിക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ്. മലബാർ ഭാഗത്തെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം കൂടിയാണിത്. ബേക്കൽ കോട്ടയ്ക്ക് അടുത്തായാണ് ഈ ക്ഷേത്രമുള്ളത്.

മന്നംപുറത്തു കാവ്
കേരളത്തിൽ ഇന്നും നിലനിൽക്കുന്ന അപൂർവ്വം കാവുകളിലൊന്നാണ് നീലേശരത്തിനു സമീപമുള്ള മന്നംപുറത്തു കാവ്. പൂരവും കലശവും പ്രധാനമായും ആഘോഷിക്കുന്ന ഈ കാവ് പഴയ കാലത്തിന്റെ ആചാരങ്ങൾ ഇന്നും പിന്തുടരുന്ന ഒരിടമാണ്.

വടയന്തൂർ കഴകം പാലോട്ട് കാവ്
മുന്നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് വടയന്തൂർ കഴകം പാലോട്ട് കാവ്. വടയന്തൂർഭഗവതി (തിരുവർക്കോട്ട് ഭഗവതി) പടക്കത്തി ഭഗവതി, മടിയൻ ക്ഷേത്രപാലകൻ തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. മത്സ്യാവതാര മൂർത്തിയെയാണ് ഇവിടെ പ്രധാന ദൈവമായി ആരാധിക്കുന്നത്.
PC:Jayan.thanal

വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം
കണ്ണകിയുടെ അവതാരമെന്ന് വിശ്വസിക്കുന്ന വെള്ളൂട ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം. കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറയിൽ മടിക്കൈയ്യിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കുന്ന അതേ ദിവസം തന്നെ ഇവിടെയും പൊങ്കാല ആചരിക്കാറുണ്ട്.അതുകൊണ്ടുതന്നെ ഇവിടുത്തെ ക്ഷേത്രങ്ങളിൽ പ്രസിദ്ധമാണിതും.
PC:Otrajesh

അടുക്കത്ത് ഭഗവതി ക്ഷേത്രം
കാസർകോഡ് ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം. വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്. ആമകൾക്ക് അന്ന നിവേദ്യം നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ബേഡഡുക്ക മോലോതുംകാവ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുരനെ വധിച്ച ദേവിയായാണ് ഇവിടെ അടുക്കത്ത് ഭഗവതിയെ ആരാധിക്കുന്നത്.
അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!!
ഹനുമാൻ ജനിച്ച് ഇന്നും ജീവിക്കുന്ന ഇടം!! തെളിവുകൾ പറയും ഇതാണ് സത്യമെന്ന്!!
വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ