» »ശിവനോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രം അറിയുമോ..!!

ശിവനോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രം അറിയുമോ..!!

Written By: Elizabath

വാസ്തുവിദ്യയെയാണോ ഇവിടെ ആരാധിക്കുന്നതെന്ന് തോന്നിപ്പോകും ഈ ക്ഷേത്രത്തിലെത്തിയാല്‍. അത്ര മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള ഒരു ക്ഷേത്രം. വാസ്തുവിദ്യയെ ഉപാസിച്ച ആരുടെയോ കൈകള്‍ ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. അത്രയും ഭംഗിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ മാത്രമല്ല വാസ്തുവിദ്യയിലും നിര്‍മ്മാണത്തിലും താല്പര്യമുള്ളവരെക്കൂടി ആകര്‍ഷിക്കും.
കോലാപ്പൂരിനു സമീപം കിദ്രാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന കോപേശ്വര്‍ ക്ഷേത്രം പറയുന്നത് കല്ലില്‍ എഴുതിയ കഥകളാണ്.

കോപത്തിന്റെ ഫലമായുണ്ടായ കോപേശ്വര്‍ ക്ഷേത്രം

കോപത്തിന്റെ ഫലമായുണ്ടായ കോപേശ്വര്‍ ക്ഷേത്രം

ശിവ-പാര്‍വ്വതിമാരുടെ കഥയുമായി ബന്ധപ്പെട്ടാണ് കോപേശ്വര്‍ ക്ഷേത്രത്തിന്റെ ഐതിഹ്യം നിലകൊള്ളുന്നത്. തന്റെ മകളെ ശിവന് വിവാഹം കഴിപ്പിച്ചു നല്കുന്നതിന് താല്പര്യമില്ലാതിരുന്ന ദക്ഷന്‍ ഒരു യാഗം നടത്തി. എന്നാല്‍ യാഗത്തിന് ശിവനെയും പാര്‍വ്വതിയെയും അദ്ദേഹം ക്ഷണിച്ചില്ല.യാഗത്തിനു പോകാന്‍ തയ്യാറായ പാര്‍വ്വതിയെ ശിവന്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശിവന്‍ നന്ദിനിയെ പാര്‍വ്വതിയുടെ കൂടെ അയച്ചു.
അങ്ങനെ യാഗത്തിനെത്തിയ മകളെ കണ്ട് കോപം വന്ന ദക്ഷന്‍ അതിഥികളുടെ മുന്നില്‍വെച്ച് പാര്‍വ്വതിയെ അപമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് യാഗാഗ്നിയില്‍ ചാടി പാര്‍വ്വതി സ്വയം ബലി നല്കി. ഇതറിഞ്ഞ ശിവന്‍ ദേഷ്യത്തില്‍ ദക്ഷന്റെ ശിരസ് അറുത്തു. പിന്നീട് വിഷ്ണു അദ്ദേഹത്തെ അനുനയിപ്പിക്കുകയും ദക്ഷന്റെ ശിരസ്സിനു പകരം ആടിന്റെ തല പിടിപ്പിക്കുകയും ചെയ്തു. കോപമടങ്ങാത്ത ശിവനെയും കൂട്ടി വിഷ്ണു ഇവിടെയെത്തിയെന്നും ആശ്വസിപ്പിച്ചുവെന്നുമാണ് വിശ്വാസം. അങ്ങനെ ഇവിടെ ശിവന്‍ കോപേശ്വരന്‍ എന്നറിയപ്പെടുന്നു.

PC: Shailesh.patil

ശിവനോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രം

ശിവനോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രം

മറ്റു ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ആരാധന. ശിവനെ ആശ്വസിപ്പിക്കാനായി വിഷ്ണുവാണ് അദ്ദേഹത്തെ ഇവിടെ കൂട്ടിക്കൊണ്ടു വന്നത്. അതിനാല്‍ ഇവിടെ ശിവനോടൊപ്പം വിഷ്ണുവിനെയും ഇവിടെ ആരാധിക്കുന്നു. നന്ദിയെ ഇവിടെ കാണാനില്ല എന്നതും എടുത്തു പറയേണ്ടതാണ്. തന്റെ മാതാപിതാക്കളുടെ സമീപത്തേക്ക് യാഗത്തിന് പോയപ്പോള്‍ ശിവന്‍ നന്ദിയെയാണ് പാര്‍വ്വതിയുടെ കൂടെ അയച്ചത്. അതിനാല്‍ നന്ദിയുടെ പ്രതിഷ്ഠ ഇവിടെയില്ല. ശിവലിംഗത്തില്‍ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണിത്.

PC: Abhijit Rajadhyaksha

വാസ്തുവിദ്യാ അത്ഭുതം

വാസ്തുവിദ്യാ അത്ഭുതം

നിര്‍മ്മാണ കലയുടെ മഹനീയമായ മാതൃകയാണ് കോപേശ്യര്‍ ക്ഷേത്രം പറയുന്നത്. സില്ലാര നിര്‍മ്മാണ ശൈലിയില്‍ പണിത ഈ ക്ഷേത്രം കൃഷ്ണ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ മുകളിലായ കൊത്തിയിരിക്കുന്ന ആനകളുടെ രൂപവും 108 തൂണുകളും കൊത്തുപണികള്‍ നിറഞ്ഞ അകത്തളങ്ങളും ചുവരുകളുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.
മഹാഭാരതം, രാമായണം, നക്ഷത്രങ്ങള്‍, പൂക്കള്‍, ചെടികള്‍, പക്ഷികള്‍ തുടങ്ങിയയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കൊത്തിയ രൂപങ്ങള്‍ ഇവിടുത്തെ ചുവരുകളെ അലങ്കരിക്കുന്നു.

PC: Sneha Jog

മനോഹരമായ നിര്‍മ്മാണം

മനോഹരമായ നിര്‍മ്മാണം

പരസ്പര ബന്ധിതമായ നാലു ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. സ്വര്‍ഗ്ഗമണ്ഡപ് എന്നറിയപ്പെടുന്ന ആദ്യഭാഗത്തില്‍ വിശിഷ്ടമായ കൊത്തുപണികളാണുള്ളത്. വൃത്താകൃതിയിലുള്ള മണ്ഡപത്തെ താങ്ങി നിര്‍ത്തുന്ന 48 തൂണുകള്‍ അതിമനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഓരോ തൂണിനും ഓരോ തരത്തിലുള്ള പണികളാണ്. കൂടാതെ വ്യത്യസ്തമായ ആകൃതിയിലാണ് ഓരോന്നിലെയും കൊത്തുപണികളും. ആകാശം കാണുന്ന തരത്തിലുള്ള മണ്ഡപത്തിന്റെ അര്‍ധവ്യാസം 13 അടിയാണ്.
സഭാമണ്ഡപവും ഗര്‍ഭഗൃഹവുമൊക്കെ വിവിധ തരത്തിലുള്ള അലങ്കാരങ്ങളാല്‍ സമൃദ്ധമാണ്.

PC: Shailesh.patil

മതേതരത്വത്തിന്റെ ഉദാഹരണം

മതേതരത്വത്തിന്റെ ഉദാഹരണം

ഹിന്ദു വിശ്വാസത്തിനു മാത്രമേ ഈ ക്ഷേത്രത്തില്‍ സ്ഥനമുള്ളൂ എന്നു കരുതിയാല്‍ തെറ്റി. ബുദ്ധമതം ഉള്‍പ്പെടെയുള്ള മറ്റു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട രൂപങ്ങള്‍ ഇവിടുത്തെ ചുവരുകളില്‍ കാണാം. മതേതരമായി വിശ്വസിക്കുകയും മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു സംസ്‌കാരത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

PC: Sneha Jog

തകര്‍ക്കപ്പെട്ട ശില്പങ്ങള്‍

തകര്‍ക്കപ്പെട്ട ശില്പങ്ങള്‍

ക്ഷേത്രത്തിലെ ഭൂരിഭാഗം ശില്പങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണുള്ളത്. ചരിത്രം പറയുന്നതനുസരിച്ച് ഒരിക്കല്‍ ഇവിടെയെത്തിയ ഔറംഗസേബിന്റെ മകള്‍ ക്ഷേത്രത്തിന്റെ ഭംഗിയില്‍ മതിമറന്ന് ഇവിടെനിന്ന് വരാന്‍ കൂട്ടാക്കിയില്ലത്രെ. പിന്നീട് ക്ഷേത്രം നശിപ്പിക്കില്ല എന്നു ഉറപ്പു ലഭിച്ചതിനു ശേഷം മാത്രമാണ് മകള്‍ അവിടെനിന്ന് ഇറങ്ങിയതത്രെ. എന്തായാലും കുദര്‍ഖാന്‍ ഒരിക്കല്‍ ഈ ക്ഷേത്രം കീഴടക്കുകയും ഇവിടുത്തെ ശില്പങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

PC: Abhijit Rajadhyaksha

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. കാലാവസ്ഥ ഈ സമയത്ത് നല്ല രീതിയിലാണ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്.

PC: Deepak Patil

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്ര-കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കോലാപ്പൂരിനടുത്താണ് കോപേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോലാപ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കിദ്രാപ്പൂരിലാണ് ക്ഷേത്രമുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...