
അടിച്ചുപൊളിക്കാനും സെല്‍ഫി എടുക്കാനും ബഹളം വെക്കാനുമാണെങ്കില്‍ ഇവിടേക്ക് പോകേണ്ട. ഇത് നിങ്ങള്‍ക്കു പറ്റിയ ഒരു ഇടമേ അല്ല. അല്പം മുന്‍പ് പെയ്ത മഴയില്‍ നനഞ്ഞ്, ശാന്തതയോടെ തിരകളും തിരമാലകളും എണ്ണി, കടലിനെ നോക്കി ഇരിക്കാനാണ് താല്പര്യം എങ്കില്‍ സ്വാഗതം.
ആരാണ് ഇത്ര വലിയ പുള്ളി എന്നല്ലേ... പറഞ്ഞാല്‍ അത്ര പരിചയം ഉണ്ടാവണം എന്നില്ല..കാരണം ആളു നമ്മുടെ നാട്ടുകാരനേ അല്ല. മംഗലാപുരത്തു നിന്നും ഉഡുപ്പിയിലേക്ക് പോകുന്ന വഴിയിലുള്ള കൗപ്പ ബീച്ചാണ് ഇത്. അല്പസ്വല്പം ഗൗരവക്കാരനായ കൗപ്പ് ബീച്ചിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്?
സഞ്ചാരികള്‍ക്ക്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൗപ്പ് ബീച്ച് തീരെ അപരിചിതമായ ഇടമാണ്. ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് കൗപ്പ് ബീച്ച്. അല്പം ഉള്ളിലോട്ട് കയറി സ്ഥിതി ചെയ്യുന്ന ഇവിടം കര്‍ണ്ണാടകയിലെയും മംഗലാപുരത്തെയും മറ്റു ബീച്ചുകള്‍ പോലെ അത്രയൊന്നും പ്രശസ്തമല്ല. അതുകൊണ്ടുതന്നെ ഇവിടെ ഇപൂര്‍വ്വമായാണ് പുറത്തു നിന്നുള്ള സഞ്ചാരികള്‍ എത്തുന്നത്.

വിജനമായ തീരം
പ്രദേശവാസികള്‍ക്കിടയില്‍ ഇവിടം അല്പം ഗൗരവക്കാരനായ ബീച്ചാണ് ഇതെന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികളും അത്തരത്തിലുള്ളവര്‍ ആയിരിക്കുമത്രെ. ബഹളം വയ്ക്കാനും സെല്‍പി എടുത്ത് കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാനും താല്പര്യമുള്ളവര്‍ മറ്റു ബീച്ചുകളെ തേടി പോവുകയാണ് ചെയ്യുക. എന്നാല്‍ കടലിനെ കാണാനും അറിയാനുമായി എത്തുന്നവരാണ് കൗപ്പ് ബീച്ചിന്റെ പ്രിയപ്പെട്ടവര്‍.

1901 ലെ ലൈറ്റ് ഹൗസ്
ബീച്ചിനെപ്പോലെ തന്നെ ഇവിടെ ഒറ്റപ്പെട്ടു നില്‍ക്കുന്ന മറ്റൊന്നാണ് ഇവിടുത്തെ ലൈറ്റ് ഹൗസ്. 1901 ല്‍ ബ്രിട്ടീഷുകാരാണ് ഇത് നിര്‍മ്മിച്ചത്. ഇവിടുത്തെ ബീച്ചും ലൈറ്റ് ഹൗസും കന്നഡയിലെ ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി മുതല്‍ ആറുമണി വരെ മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുക.

രൗദ്രഭാവമുള്ള കടല്‍
കര്‍ണ്ണാടകയിലെ മാല്‍പെ ബീച്ചിനെയും ഉഡുപ്പി ബീച്ചിനെയും ഒക്കെ താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കടലിന് അല്പം രൗദ്രസ്വഭാവമാണ് ഉള്ളത്. അതുകൊണ്ട് ഇവിടെ എത്തുന്നവരെ കടലില്‍ ഇറങ്ങാന്‍ ആരും പ്രോത്സാഹിപ്പിക്കാറില്ല. ഇവിടെ എത്തുന്നവര്‍ ചെറിയ വിനോദങ്ങളില്‍ ഏര്‍പ്പെട്ട് ഇതിലൂടെ വെറുതെ നടക്കുകയാണ് സാഗാരണ ചെയ്യുന്നത്.

ആകര്‍ഷണങ്ങള്‍
ഒറ്റപ്പെട്ട പോലെ കാണപ്പെടുന്ന ലൈറ്റ് ഹൗസാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അതുകഴിഞ്ഞാല്‍ മൂന്നു മാരിയമ്മന്‍ കോവിലകളും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ഒരു കോട്ടയും ഇവിടെ കാണാനുണ്ട്.

എത്തിച്ചേരാന്‍
മംഗലാപുരത്തു നിന്നും ഉഡുപ്പിയിലേക്കുള്ള വഴിയിലാണ് കൗപ്പ് ബീച്ച് സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്തു നിന്നും 45 കിലോമീറ്ററും ഉഡുപ്പിയില്‍ നിന്നും 13 കിലോമീറ്ററുമാണ് ഇവിടേക്ക് ദൂരമുള്ളത്. 25 മിനിട്ട് ലവേണം ഉഡുപ്പിയില്‍ നിന്നും കൗപ്പ് ബീച്ചിലേക്ക്.
സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകള്‍. ഈ സമയങ്ങളിലാണ് ഇവിടെ കൂടുതല്‍ ആളുകള്‍ എത്തുന്നത്.