ഇന്ത്യയിലുറങ്ങി പുലർച്ചെ മ്യാൻമാറിൽ ഉണരുന്ന നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രാമത്തലവന്റെ വീടിനെ രണ്ടായി ഭാഗിച്ചുപോകുന്ന അതിർത്തികൾ.... അതിർത്തികളും അതിരുകളും ഇല്ലാതെ, കൊടികളോ മുദ്രാവാക്യങ്ങളോ ഇല്ലാതെ ഹൃദയത്തിന്റെ ശക്തിയിൽ ഒരുനാടുണ്ടെങ്കിൽ അത് ഇവിടമാണ്. രേഖകൾ കൊണ്ടു വിഭജിക്കപ്പെടാത്ത ലോങ് വാ...ഇന്ത്യയുടെയും മ്യാൻമാറിന്‍റെയും അതിർത്തികൾ കടന്നു പോകുന്ന ലോങ് വായെന്ന തലകൊയ്യുന്നവരുടെ നാടിന്‍റെ വിശേഷങ്ങള്‍!!

തലകൊയ്യുന്നവരുടെ നാട്
തല കൊയ്യുന്നവരുടെ നാട് എന്നാണ് ലോങ് വാ അറിയപ്പെടുന്നത്. യുദ്ധത്തിൽ ശത്രുക്കളെ കീഴടക്കി അവരുടെ ശിരസ്സ് കൊണ്ടുവന്നാൽ വീരന്മാരായി അവരോധിക്കപ്പെടുന്നവരുടെ നാടാണ് ലോങ് വാ. ശത്രുക്കളുടെയും തങ്ങളുടെ ഗ്രാമത്തിലേക്ക് നുഴഞ്ഞ് കയറുന്നവരുടെയും ശിരസ്സ് അറുത്ത് വീടിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കൊന്യാക് വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാരിൽ അധികവും.
PC: Offical Site

അടുക്കള ഇന്ത്യയിലും ഉറക്കം മ്യാൻമാറിലും
ഇന്ത്യയുടെയും മ്യാൻമാറിന്‍റെയും അതിർത്തികൾ കടന്നു പോകുന്ന നാട് കൂടിയാണ് ലോങ് വാ. കുറച്ചുകൂടി വ്യക്താമായി പറഞ്ഞാൽ ഗ്രാമമുഖ്യന്റെ വീടിനെ രണ്ടായി പകുത്താണ് ഈ അദൃശ്യ രേഖയുള്ളത്. അങ്ങനെ നോക്കുമ്പോൾ വീടിന്റെ ഒരു ഭാഗം ഇന്ത്യയിലും അടുത്ത ഭാഗം മ്യാൻമാറിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുറേ ആളുകളുടെ വീടുകൾ ഇങ്ങനെ രണ്ടു രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്നു.

വിസ വേണ്ട
ഇവിടുത്തുകാർക്ക് രണ്ടു രാജ്യങ്ങളിലുമായി ഇഷ്ടംപോലെ കറങ്ങി നടക്കാം. അതിർത്തികൾ കടക്കുവാൻ ഇവർക്ക് പ്രത്യേക നിയമങ്ങളുടേയോ വിസയുടേയോ ആവശ്യമില്ല. മ്യാൻമാർ ഭാഗത്തായി ഇവിടുത്തെ കൊന്യാക് വിഭാഗക്കാരുടെ 27 കുടുംബങ്ങൾ താമസിക്കുന്നു. ഇന്ത്യയിലേക്കും മ്യാൻമാറിലേക്കും ഇഷ്ടംപോലെ സഞ്ചാരം നടത്തുവാൻ ഇവർക്ക് അനുമതിയുണ്ട്. ഇവിടുത്തെ ചിലരിൽ മ്യാൻമാർ ആർമിയിൽ വരെ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നു പറയുമ്പോളാണ് ഇവരുടെ സ്വാതന്ത്ര്യം എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയുക. മറ്റുള്ള നാഗാ വിഭാഗക്കാർക്ക് മ്യാൻമാറിൽ വെറും 16 കിലോമീറ്റർ മാത്രമേ സഞ്ചരിക്കുവാൻ അനുമതിയുള്ളു. എന്നാൽ കൊന്യാക് വംശജർക്ക് മ്യാൻമാറിൽ എവിടേയും എപ്പോൾ വേണമെങ്കിലും പോകാം.

ലോങ് വായിലെ ആളുകൾ
ആതിഥ്യ മര്യാദയിൽ കണ്ടു പഠിക്കേണ്ട ആളുകളാണ് ലോങ് വാലയിലുള്ളവർ. കൊന്യാക് വിഭാഗത്തിൽ പെടുന്ന ധീരവംശജരാണ് ഇവിടെ താമസിക്കുന്നത്. തലകൊയ്യുന്ന വിഭാഗം എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ആ രീതികളൊക്കെ വർഷങ്ങൾക്കു മുന്‍പേ മാറിയെങ്കിലും തങ്ങളുടെ പാരമ്പര്യത്തിൽ ഇവർ അഭിമാനിക്കുന്നു. തലയോട്ടികൾ കൊണ്ടും അസ്ഥികൂടങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ഭവനങ്ങൾ ഇന്നും ഇവിടെ കാണാം. 1960 കളിൽ ഇവിടെ എത്തിയ ക്രിസ്തമതത്തിന്റെ വരവോടെയാണ് ഇത്തരം കാര്യങ്ങൾക്ക് ക്രമേണ കുറവുണ്ടായത് എന്നാണ് പറയപ്പെടുന്നത്.
PC:Yves Picq

ലോങ്വായിൽ കാണാൻ
വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലോങ് വാ. പ്രകൃതി തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഡോയാങ് റിവർ, നാഗാലാൻഡ് സയൻസ് സെന്‍റർ, ഹോങ് കോങ് മാർക്കറ്റ്, ഷില്ലോയ് തടാകം തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

എത്തിച്ചേരാൻ
ബോർഡർ റോഡ് ഓർഗനൈസേഷൻ നാഗാലാൻഡിൽ റോഡുകൾ നിർമ്മിച്ചിട്ടുള്ളതിനാൽ ഇവിടേക്ക് എത്തിപ്പെടുവാൻ വലയി ബുദ്ധിമുട്ടുകളില്ല. മോൺ ജില്ലയിലാണ് ലോങ് വാ സ്ഥിതി ചെയ്യുന്നത്. നാഗാ പർവ്വതങ്ങൾ കയറിയിറങ്ങി മാത്രമേ ഇവിടേക്ക് എത്തുവാൻ സാധിക്കു. അസ്സാമിലെ ശിവ്‌സാഗറില്‍ നിന്ന് വടക്കന്‍ നാഗാലന്റിനെ ആസ്സാമുമായി ബന്ധിപ്പിക്കുന്ന സോനാരിയില്‍ എത്തിയാൽ ഇവിടെ നിന്നും മോൺ ജില്ലയിലെത്താം. സോനാരിയിൽ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് മോണിലേക്ക്. അവിടെ നിന്നും പിന്നെയും 20 കിലോമീറ്റർ പോകണം ലോങ് വായിലെത്താൻ.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര
സ്വർഗ്ഗം പോലെ മനോഹരം... വടക്കു കിഴക്കൻ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാം