» »കോടമഞ്ഞ് തിരശ്ശീലയിട്ട മീന്‍മുട്ടി വെള്ളച്ചാട്ടം

കോടമഞ്ഞ് തിരശ്ശീലയിട്ട മീന്‍മുട്ടി വെള്ളച്ചാട്ടം

Written By: Elizabath

കോടമഞ്ഞ് തിരശ്ശീലയിട്ട മീന്‍മുട്ടി വെള്ളച്ചാട്ടം
ചുറ്റും നിറഞ്ഞ പച്ചക്കാടുകള്‍, ഇടയ്ക്കിടെ എവിടുന്നോ പറന്നിറങ്ങി വരുന്ന കോടമഞ്ഞ്... ഇതിനെയെല്ലാം മാറ്റി നിര്‍ത്തി ഉയര്‍ന്നു കേള്‍ക്കുന്ന താളത്തിലുള്ള വെള്ളച്ചാട്ടം. വയനാട്ടിലെത്തുന്ന സഞ്ചാരികളെ സാഹസികരാക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം.

കാനനനടുവിലെ വെള്ളച്ചാട്ടം

കാനനനടുവിലെ വെള്ളച്ചാട്ടം

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം എന്ന വിശേഷണമുള്ള വയനാട്ടിലെ മീന്‍മുട്ടി വെള്ളച്ചാട്ടം വനങ്ങള്‍ക്കു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.
വിശാലമായ കാപ്പിത്തോട്ടങ്ങളും ഇഞ്ചിത്തോട്ടങ്ങളും കടന്നുള്ള വഴിയാണ് മീന്‍മുട്ടിയിലേക്കുള്ളത്.
കാപ്പിത്തോട്ടങ്ങള്‍ കടന്ന് മുന്നോട്ട് പോകുമ്പോള്‍ പെട്ടന്നാണ് വഴിയുടെ സ്വഭാവം മാറുന്നത്. ഒരുവശത്ത് ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ കാഴ്ചയെ മറക്കുമ്പോള്‍ മറുഭാഗത്ത് ദൃശ്യമാകുന്നത് പച്ചപുതച്ച് മേഘത്തെ തൊട്ടു നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളാണ്.
കുറച്ചുകൂടി മുന്നോട്ടു പോയാല്‍ തൊട്ടടുത്തു നിന്നെന്നോണം കേള്‍ക്കാന്‍ കഴിയുന്ന വെള്ളച്ചാട്ടത്തിന്റെ പതനസ്വരം യാത്രികരെ വേറൊരു ലോകത്തെത്തിക്കും.
ഒറ്റയടിപ്പാതക്കു സമാനമായ നടപ്പാതയിലൂടെ, പായല്‍ നിറഞ്ഞ പാറക്കെട്ടുകള്‍ പിന്നിട്ട് എത്തിച്ചേരുന്നത് മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ്.

PC: Nagesh Jayaraman

കോടമഞ്ഞില്‍ മറയുന്ന മീന്‍മുട്ടി

കോടമഞ്ഞില്‍ മറയുന്ന മീന്‍മുട്ടി

വെള്ളച്ചാട്ടത്തിനു മുന്നിലെത്തിയാലും കാഴ്ചക്കാര്‍ക്കു മുന്നില്‍ ഇത് തെളിയണമെങ്കില്‍ ക്ഷമ കുറച്ചൊന്നും പോര. അപ്രതീക്ഷിതമായെത്തുന്ന മൂടല്‍മഞ്ഞും കാറ്റും കാഴ്ചകളെ മറക്കുമെങ്കിലും മഞ്ഞു പോയിക്കഴിഞ്ഞുള്ള വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഗംഭീരമാണെന്ന് പറയാതെ തരമില്ല.

PC: Anil R.V

മൂന്നു തട്ടുള്ള വെള്ളച്ചാട്ടം

മൂന്നു തട്ടുള്ള വെള്ളച്ചാട്ടം

മീന്‍മുട്ടി വെള്ളച്ചാട്ടം ഒറ്റശക്തിയില്‍ താഴേക്ക് പതിക്കുന്ന ഒന്നല്ല. അതില്‍ നിന്നും വ്യത്യസ്തമായി മൂന്നു തട്ടുകളിലായി മുന്നൂറ് മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. എന്നാല്‍ ഇവിടേക്കുള്ള പാതകള്‍ വ്യത്യസ്തമാണ്.

PC:keralatourism

മീന്‍മുട്ടിയിലെത്താന്‍

മീന്‍മുട്ടിയിലെത്താന്‍

കല്‍പ്പറ്റ-ഊട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടിയിലെത്താന്‍ വളരെ എളുപ്പമാണ്. വടുവന്‍ചാലില്‍ നിന്ന് ഈട്ടി റോഡില്‍ നാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്‍മുട്ടിയിലെത്താം. ഇവിടെ നിന്നും കാടിനുള്ളിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍.
മേപ്പാടിയിലെ മൂന്നു വെള്ളച്ചാട്ടങ്ങള്‍
മേപ്പാടിയിലെ പ്രധാനപ്പെട്ട മൂന്നു വെള്ളച്ചാട്ടങ്ങളില്‍ ഒന്നു മാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തന്‍പാറ വെള്ളച്ചാട്ടം എന്നിവയാണ് മറ്റുരണ്ടു വെള്ളച്ചാട്ടങ്ങള്‍.

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട്ടില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഒരിടമാണ് മേപ്പാടിക്കു സമീപം സ്ഥിതി ചെയ്യുന്ന സൂചിപ്പാറ വെള്ളച്ചാട്ടം. സെന്റിനല്‍ പാറ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് പലസ്ഥലങ്ങളിലും 100 മുതല്‍ 300 വരെ അടി ഉയരത്തില്‍ നിന്നുമാണ് പതിക്കുന്നത്. സാഹസികരുടെ പ്രിയകേന്ദ്രമായ ഇവിടെ മലകയറ്റത്തില്‍ താല്പര്യമുള്ളവര്‍ക്ക് 200 മീറ്ററില്‍ അധികം ഉയരമുള്ള സൂചിപ്പാറ പരീക്ഷിക്കാവുന്നതാണ്.

PC:Sankara Subramanian

കാന്തന്‍പാറ വെള്ളച്ചാട്ടം

കാന്തന്‍പാറ വെള്ളച്ചാട്ടം

അധികമൊന്നും സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത കാന്തന്‍പാറ വെള്ളച്ചാട്ടം വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരിടമാണ്.
കുട്ടികള്‍ക്കൊപ്പം ഭയമില്ലാതെ സന്ദര്‍ശിക്കാന്‍ പറ്റിയ വയനാട്ടിലെ ഒരു സ്ഥലം കൂടിയാണിത്. മേപ്പാടിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാന്തന്‍പാറ മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ഇത്തിരി ചെറുതാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ ഗംഭീരമാണ്. കല്പറ്റയില്‍ നിന്നും 22 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Aneesh Jose

 നീലിമല വ്യൂ പോയിന്റ്

നീലിമല വ്യൂ പോയിന്റ്

വയനാടിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചെടുത്ത ഒരിടമാണ നീലിമല വ്യൂ പോയിന്റ്. കാപ്പിത്തോട്ടങ്ങളും പുല്‍ച്ചെടികളും വകഞ്ഞുമാറ്റി വടുവഞ്ചാലില്‍ നിന്നും നീലിമലയിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത മനോഹര ദൃശ്യങ്ങളായിരിക്കും.
PC: keralatourism

 നീലിമലയിലെത്താന്‍

നീലിമലയിലെത്താന്‍

കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി വഴി വടുവഞ്ചാലില്‍ എത്തുക. അവിടെ നിന്നുമാണ് നിലിമലയിലേക്കുള്ള വഴി ആരംഭിക്കുന്നത്. ഇവിടെനിന്നും മൂന്ിര കിലോമീറ്ററോളം ദൂരം പാറക്കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ നീലിമലയിലെത്താന്‍ കഴിയൂ.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...